Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്യൂട്ടീഷ്യന് കൈവിറച്ചു, ചോരയൊലിപ്പിച്ച് പൊള്ളലേറ്റ് കാൽവിരൽ!!!

pedicure

പട്ടുപോലെ മനോഹരമായ കൈകാലുകൾ ഏതു പെണ്ണാണ് ആഗ്രഹിക്കാത്തത്? അതുകൊണ്ട് തന്നെ അവ അങ്ങേയറ്റം ഭംഗിയായി സൂക്ഷിക്കുന്നതിനായി ഏതറ്റം വരെ പോകാനും സ്ത്രീകൾ ഒരുക്കമാണ്. അങ്ങനെയാണ് ബ്യൂട്ടി പാർലറുകൾ സൗന്ദര്യത്തെ ആരാധിക്കുന്ന സ്ത്രീകളുടെ സ്ഥിരം സന്ദർശന കേന്ദ്രമായി മാറിയത്. ഇത്തരത്തിൽ അല്പം സൗന്ദര്യം വർദ്ധിപ്പിക്കാൻ ബ്യൂട്ടിപാർലറിൽ പോയി കാലിന് 'എട്ടിന്റെ പണി' കിട്ടിയിരിക്കുകയാണ്‌ വെസ്റ്റേൺ ആസ്‌ത്രേലിയയിലെ പെർത്ത് സ്വദേശിനിയായ യുവതിക്ക്. 

കാലുകൾ, പ്രത്യേകിച്ച് കാൽ വിരലുകൾ മനോഹരമാക്കുന്നതിന് ബ്യൂട്ടി പാർലറുകളിൽ പ്രധാനമായും ചെയ്യുന്ന പ്രകൃയയാണ് പെഡിക്യൂർ. ഇതൊന്ന് പരീക്ഷിക്കുക മാത്രമാണ് ഈ യുവതി ചെയ്തത്. എന്നാൽ അതിനു നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു. വെസ്റ്റേൺ ആസ്‌ത്രേലിയയിലെ സ്ഥിരമായി പോകുന്ന ഒരു നെയിൽ സലൂണിലാണ് യുവതി പോയത്. പെഡിക്യൂർ ചെയ്യുന്നതിനിടെ നഖം വൃത്തിയാക്കുന്ന ഉപകരണം കൊണ്ട് യുവതിയുടെ കാലിന്റെ തള്ളവിരൽ മുറിഞ്ഞു.

finger

മുറിവേറ്റ് ചോരവാർന്നു തുടങ്ങിയപ്പോൾ ബ്യൂട്ടീഷ്യൻ ആകെ വിരണ്ടു. എന്ത് ചെയ്യണം എന്നറിയാതെ അവർ മുറിവിലേക്ക് സ്റ്റെറിലൈസിങ് സൊല്യൂഷൻ ഒഴിച്ചു. മുറിവുണങ്ങാൻ ആന്റി സെപ്റ്റിക് സൊല്യൂഷൻ ഒഴിക്കേണ്ടതിന് പകരമായാണ് ബ്യൂട്ടീഷ്യൻ ഇങ്ങനെ ചെയ്തത്. തൊലിപ്പുറത്ത് ഉപയോഗിക്കാൻ പാടില്ലാത്ത ഒന്നായിരുന്നു  സ്റ്റെറിലൈസിങ് സൊല്യൂഷൻ. സംഭവം നടന്ന ഉടൻ പ്രശ്നമൊന്നും തോന്നിയില്ല. എന്നാൽ പിന്നീട് സംഗതി ആകെ കൈവിട്ടു പോകുകയായിരുന്നു. 

ആദ്യം കാലുകൾ ഡ്രസ്സ് ചെയ്തുവെങ്കിലും പിന്നീട് കെട്ടഴിച്ചപ്പോൾ കണ്ടത് ഗുരുതരമായി പൊള്ളലേറ്റ കാൽ വിരലാണ്. വിരലിനു ചുറ്റും തൊലി കുമിളയായി മാറിയിരുന്നു. വെള്ളയും മഞ്ഞയും നിറത്തിൽ ഝലം രൂപപ്പെട്ടിരുന്നു. മാംസളമായ ഭാഗം പൊള്ളലേറ്റ് തൊലി നഷ്ടപ്പെട്ടിരുന്നു. ചുരുക്കത്തിൽ സൗന്ദര്യ വർദ്ധനവിന് ബ്യൂട്ടിപാർലറിലേക്ക് പോയ ആ കാലുകളിലേക്ക് നോക്കാൻ പോലും കഴിയാത്ത അവസ്ഥ. 

finger1

വികൃതമായ കാൽ വിരലിന് പുറമെ അസ്വസ്ഥമാക്കുന്ന വേദനയും. യുവതിയുടെ പിന്നീടുള്ള നാളുകൾ ആശുപത്രിയും ചികിത്സയുമായി കഴിയേണ്ടതാണ് വന്നുവെന്ന് പറഞ്ഞാൽ മതിയല്ലോ. ബ്യൂട്ടീഷ്യന്റെ ചെറിയൊരു അശ്രദ്ധ മൂലം യുവതിക്കുണ്ടായത് വലിയ ശാരീരിക - മാനസീക ബുദ്ധിമുട്ടുകളാണ്. 

ഇടക്കിടക്ക് ആശുപത്രിയിൽ പോയി ത്വക് രോഗ വിദഗ്ധനെ കണ്ടും ചികിത്സിച്ചും തന്റെ കാൽ വിരലുകൾ പഴയപോലെ ആക്കാനുള്ള ശ്രമത്തിലാണ് യുവതിയിപ്പോൾ.  വെസ്റ്റേൺ ആസ്‌ത്രേലിയയിലെ ഇത്തരം നെയിൽ സലൂണുകളിൽ വിശ്വസിച്ച് കയറരുത് എന്നാണ് യുവതി തന്റെ സുഹൃത്തുക്കളോടും പരിചയക്കാരോടും ഇപ്പോൾ ആവശ്യപ്പെടുന്നത്. ഉള്ള സൗന്ദര്യം കൊണ്ട് തൃപ്തിപ്പെടുന്നതാണ് നല്ലതെന്ന് യുവതി ഈ ഒരൊറ്റ സംഭവം കൊണ്ട് മനസിലാക്കികഴിഞ്ഞു.