Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണിനും പെണ്ണിനും ഒരുമിച്ചിരിക്കാൻ സ്ഥലമെവിടെ?

Friends

കേരളത്തിലെ ഒരു വഴിയിലൂടെയും ഇന്നും ഒരു പെൺകുട്ടിക്കും ആൺകുട്ടിക്കും പരസ്പരം കൈപിടിച്ച് പ്രാണഭീതിയില്ലാതെ നടക്കാൻ കഴിയില്ല. അങ്ങനെ കണ്ടാൽ, ത്രസിക്കുന്ന സദാചാരവികാരംകൊണ്ട് നാം പുളകിതരാകും. മലയാളികളെ സംബന്ധിക്കുന്ന അസുഖകരമായ ചില കാര്യങ്ങൾ.

കഴിഞ്ഞ ഓണദിനങ്ങളിൽ, കേരളത്തിൽ വിറ്റുതീരുന്ന മദ്യത്തെക്കുറിച്ച് നിരവധി കണക്കുകൾ കണ്ടു. മുൻ വർഷങ്ങളേക്കാൾ വൻ വർധന. സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിലൂടെ മാത്രം വിറ്റഴിഞ്ഞ ആയിരത്തിയഞ്ഞൂറു കോടിയുടെ മദ്യം കേരളീയർ കുടിച്ചുതീർത്തു. നാടൻ, കള്ള്, കള്ളക്കടത്ത് വിദേശമദ്യം എന്നിവ ഈ കണക്കിൽ ഉൾപ്പെടുന്നില്ല.

കുടിയുടെ പര്യായമോ മലയാളി ? സാമൂഹ്യശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ധരും മലയാളികളുടെ ഭാവിയെപ്പറ്റി ഉത്കണ്ഠപ്പെട്ടു. ഇങ്ങനെ കുടിച്ചു കുടിച്ചു ജീവിച്ചാൽ...? മറ്റു ചില കണക്കുകൾകൂടി ഓണക്കാലത്ത് കാണാനിടവന്നു. കേരളത്തിൽ, മണിക്കൂറിൽ മൂന്നുപേർ വീതം ആത്മഹത്യ ചെയ്യുന്നു. ഒരു ദിവസം ശരാശരി എഴുപത്തിരണ്ടുപേർ! മുപ്പത്തിയഞ്ചു ശതമാനം മലയാളികൾ വിഷാദരോഗികളാണെന്നും കടുത്ത മാനസികാസ്വാസ്ഥ്യമുള്ളവരുടെ സംഖ്യ വീണ്ടും വർധിക്കുകയാണെന്നും കണക്കുകൾ.

ഓണക്കാലത്തു പുറത്തുവന്ന കണക്കുകളെ, ഏതാണ്ട് ഇങ്ങനെ വിശകലനം ചെയ്യാം. മുപ്പത്തിയഞ്ചു ശതമാനം വിഷാദരോഗികൾ, ഇരുപത്തിയഞ്ചു ശതമാനംപേർ ആത്മഹത്യാപ്രവണതയുള്ളവർ. അതിൽ ദിവസം എഴുപത്തിരണ്ടു പേർ ആത്മഹത്യാശ്രമത്തിൽ വിജയിക്കുന്നു. നാൽപ്പതു ശതമാനത്തോളം പേർ അമിത മദ്യാസ്കതിയുള്ളവർ. സാധാരണ ജീവിതം നയിക്കുന്ന നേർബുദ്ധിയുള്ളവരുടെ എണ്ണം കുറഞ്ഞുവെന്നർഥം.

നാം നമ്മെ ഈവിധം വിശകലനം ചെയ്തു സുഖിക്കുമ്പോൾ, അസുഖകരമായ മറ്റുചില കാര്യങ്ങൾകൂടി ഓർമയിൽ വയ്ക്കണം. പ്രതിമാസം അയ്യായിരം രൂപമാത്രം ശമ്പളമുള്ള ഒരു സാധാരണക്കാരൻ, പ്രതിമാസവരുമാനം പതിനായിരമോ പന്ത്രണ്ടായിരമോ മാത്രമുള്ള ഒരു നാലംഗ കുടുംബം എങ്ങനെ കഴിഞ്ഞു കൂടുന്നു, അവർ ഏതുവിധം സുഖസൗകര്യങ്ങൾ ആസ്വദിക്കുന്നു എന്നും നോക്കണം.

അയ്യായിരം രൂപ മാത്രം വരുമാനമുള്ള ഒരാൾ, ഏതെങ്കിലും ഇരിക്കാൻ സൗകര്യമുള്ള ഒരു ഹോട്ടലിൽ, തൻറെ ഒരു സുഹൃത്തുമായി കയറി മാസത്തിൽ ഒന്നോ രണ്ടോ നേരം ഭക്ഷണം കഴിച്ചാൽ അയാളുടെ ഗതി എന്തായിരിക്കും ?

തട്ടുകടയിൽ ഒരു ചായയുടെ വില അഞ്ചു രൂപ. ഭേദപ്പെട്ട ഹോട്ടലിൽ, പത്തു രൂപ. സർക്കാരിൻറെ മസ്കറ്റ് ഹോട്ടലിൽ നൂറു രൂപ. പെട്രോൾ വില വർധനയെ തൃപ്തിയോടെ നോക്കിക്കാണുന്ന ഭരണകാലത്ത്, ചായയുടെ വില ഈ ലേഖനം അച്ചടിച്ചു വരുമ്പോഴേക്കും വീണ്ടും ഉയരാതിരിക്കില്ല.

ഇന്ത്യയിലെ വൻനഗരങ്ങളെ വെല്ലും വിധമുള്ള ഭക്ഷണവിലവർധന കേരളത്തിലാണുള്ളത്. പ്രതിമാസം പന്ത്രണ്ടായിരം രൂപ വരുമാനമുള്ള നാലംഗ കുടുംബം രാത്രിഭക്ഷണത്തിന് നഗരത്തിലെ ഏതു സാധാരണ ഹോട്ടലിൽ കയറിയാലും ചുരുങ്ങിയത് രണ്ടായിരം രൂപ മാറിക്കിട്ടും.

Friends

ഇങ്ങനെയുളള കാലത്ത് അയ്യായിരം രൂപ ശമ്പളക്കാരനും പന്ത്രണ്ടായിരം രൂപ വരുമാനമുള്ള കുടുംബനാഥനും ഭക്ഷണപ്രാരബ്ധത്തെ ചെറുത്തുതോൽപ്പിക്കാൻ, ആഹ്ലാദിക്കാൻ ബദൽ മാർഗം തേടും. അതിലൊന്ന് മദ്യമാകുന്നു. ചെറുകിട ഹോട്ടലിൽ, രണ്ടു സ്നേഹിതർ കയറി, ന്യായമായി ഭക്ഷണം കഴിച്ചാൽ, ചുരുങ്ങിയത് മുന്നൂറു രൂപ കൊടുക്കേണ്ടി വരും. രണ്ടു സ്നേഹിതർ ചേർന്ന് ഹാഫ് റം വാങ്ങിയാൽ ചെലവ് നൂറ്റമ്പതു രൂപ മാത്രം.

മാത്രവുമല്ല, കേരളത്തിൽ മധ്യവർഗത്തിൽപ്പെട്ടവർക്കും ശരാശരി വരുമാനക്കാർക്കും കയറിയിരിക്കാവുന്ന, സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കാവുന്ന, വൃത്തിയുള്ള ഹോട്ടലുകൾ ഇല്ലാതായിരിക്കുന്നു. ഒന്നുകിൽ തട്ടുകട, അതുമല്ലെങ്കിൽ സ്റ്റാർ ഹോട്ടൽ ഇതായിരിക്കുന്നു സ്ഥിതി.

മദ്യം ആവശ്യമില്ലാത്ത ഒരാൾക്ക് സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയി സമയം ചെലവഴിക്കണമെങ്കിൽ എവിടെപ്പോയി ഇരിക്കും എന്ന ചോദ്യം അവശേഷിക്കുന്നു. കേരളത്തിൽ, ഭേദപ്പെട്ട റസ്റ്ററൻറുകളിൽ ഇടം കിട്ടാൻ ക്യൂ നിൽക്കണം. ഇടം കിട്ടിയാൽത്തന്നെ തിരക്കുഭയന്ന് വേഗം രക്ഷപ്പെടാൻ തോന്നും.

ഒരുകാലത്ത് ഇന്ത്യൻ കോഫി ഹൗസുകൾ യൗവനത്തിൻറെ സമാഗമവേദികൾ ആയിരുന്നു. മൊബൈൽഫോണുകൾക്കു മുൻപുള്ള കാലം. കൂടിച്ചേരലുകൾക്കും ബന്ധം സ്ഥാപിക്കലിനും കോഫിഹൗസ് ചർച്ചകളുടെ സൗഹൃദവേദികളായിരുന്നു. പുതിയ കാലത്ത് ഇന്ത്യൻ കോഫിഹൗസുകളും കഴുത്തറുപ്പൻ റസ്റ്ററൻറുകളുടെ നിലവാരത്തിലേക്ക് മാറാൻ തുടങ്ങി. മുൻപ് അത് ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം ഒരുക്കിയ ഒരിടമായിരുന്നില്ല. ഇന്ന് മിക്ക കോഫി ഹൗസുകളിലും ഭക്ഷണശേഷം അൽപ്പംകൂടി ഇരുന്നാൽ ജീവനക്കാർ അസ്വസ്ഥരാകും. സാധാരണക്കാർക്കും നിശ്ചിതവരുമാനക്കാർക്കും സൗഹൃദസായാഹ്നങ്ങൾ ആസ്വദിക്കാൻ വഴികളില്ല, ഇടങ്ങളില്ല. പുരുഷനും സ്ത്രീയും ഒരുമിച്ചുള്ള കൂടിച്ചേരലാണെങ്കിൽ, പിന്നെ പറയാനുമില്ല. റസ്റ്ററൻറിൽ പെണ്ണും ആണും ഒരുമിച്ച് നിശ്ചിത സമയത്തിനപ്പുറം ഇരുന്നാൽ തൂപ്പുകാരൻ മുതൽ മാനേജർവരെ പെണ്ണിനെ ഒന്നുഴിയും. ഭാര്യയോ പെങ്ങളോ എന്നവൻ മനസ്സുകൊണ്ട് നിശ്ചയിക്കും. ഇതു രണ്ടുമല്ലെങ്കിൽ കാര്യം പോക്കുതന്നെ.

ഭാര്യാഭർത്താക്കന്മാരാണെങ്കിൽ രക്ഷപ്പെടാം. ങ്ഹാ, ഏതായാലും കെട്ടിപ്പോയില്ലേ അനുഭവിക്കട്ടെ എന്ന മട്ട്. മറ്റ് സൗഹൃദങ്ങൾ, പൊതുസ്ഥലങ്ങളിലും ഭാഗിക പൊതുസ്ഥലങ്ങളിലും സ്വീകാര്യമല്ല.

പൊതുസ്ഥലങ്ങളിൽ, സുഹൃത്തുക്കളായ സ്ത്രീപുരുഷന്മാർക്ക് തലയിൽ മുണ്ടിട്ടു കൊണ്ടു പോകാവുന്നതാണ്. സുഹൃത്ത് എന്നൊരുപദം, ഇന്നും സദാചാരഭടന്മാരുടെ നിഘണ്ടുവിലില്ല. പാർക്കിലോ പൊതുസ്ഥലത്തോ റസ്റ്ററൻറിലോ കേവലമായ സ്ത്രീപുരുഷബന്ധം, സൗഹൃദം സദാചാര ഭടന്മാരുടെ വിധി തീർപ്പിന് വിധേയമായിരിക്കും.

രാജ്യത്ത് സ്ഫോടനം നടത്താൻ കോപ്പ് കൂട്ടുന്നവനോ കള്ളനോട്ടടിക്കാരനോ ക്രിമിനൽ കേസുകളിലെ പ്രതിക്കോ നിർഭയം നമ്മുടെ നാട്ടിലെ ഏതൊരു പാർക്കിലോ കടൽത്തീരത്തോ ആവും വിധം പോയിരിക്കാം. പക്ഷേ സൗഹൃദം മാത്രമുള്ള ഒരാണിനും പെണ്ണിനും ഈ അവകാശം പരിമിതമാണ്. സദാചാര ഭടന്മാർ അനുവദിക്കുന്ന സമയം വരെ കഷ്ടിച്ച് വേണമെങ്കിൽ ഇരിക്കാം. സദാചാര ഭടന്മാർ പല രൂപത്തിൽ അവതരിക്കും.

സദാചാരപൊലീസിൻറെ ദുർമുഖം കണ്ട് ദിവസം പാഴാക്കേണ്ട എന്നു കരുതി നഗരത്തിൽ ഒന്നു നടക്കാനിറങ്ങാൻ തുനിഞ്ഞാൽ തിരക്കും കൂട്ടിയിടിയും ഫലം. ഫുട്പാത്ത് കയ്യടക്കിയിരിക്കുന്ന തെരുവ് കച്ചവടക്കാർ, പൊതുനിരത്തിലേക്ക് സ്വന്തം കച്ചവടസ്ഥാപനങ്ങളുടെ പരസ്യബോർഡും സാധനങ്ങളും ഇറക്കിവച്ച് പൊതുനിരത്ത് അവകാശമാക്കിയവർ.

Friends

ബൈക്ക് പ്രളയം, കാർ പേമാരി.... നടക്കുക സമരമാണ്. സാഹസമാണ്. കിരാതപ്രവൃത്തിയാണ്. നടക്കുന്നവർ മൃതസമാനർ മനുഷ്യർ സ്വതന്ത്രരായി ജനിക്കുന്നു വാഹനങ്ങളാൽ തടവിലാക്കപ്പെടുന്നു.

പൊതുസ്ഥലം എന്ന അവകാശം നിഷേധിക്കപ്പെടുക, ഉള്ള സ്ഥലങ്ങൾ വ്യാപാരികളുടെയുംം കയ്യേറ്റക്കാരുടെയും കയ്യൂക്കിൽ അപഹരിക്കപ്പെടുക, യാത്ര ചെയ്യാനും സ്വസ്ഥമായി ഇരിക്കാനുമുള്ള അവസരം കേട്ടുകേഴ്വി മാത്രമാകുക....

സാധാരണ മനുഷ്യർ എന്തു ചെയ്യും ? ചിലർ ബാറുകളിൽ പോകും. വേണ്ടെങ്കിലും കുടിക്കും. മറ്റുചിലർ വഴക്കുണ്ടാക്കും. ചിലർ കിടന്നുറങ്ങും. സമയം പോകാത്തതിനെ ശപിക്കുന്നവരുമുണ്ടാകും. ഒരു സാധാരണക്കാരന് ഇത്രത്തോളം പ്രതികരണങ്ങളേ കൈവശം വയ്ക്കാനുള്ളൂ.

പൊതുസ്ഥലം സംബന്ധിച്ച സ്വകാര്യതയും അവകാശവും അനുഭവിക്കാൻ കഴിയാത്തവരാണ് മലയാളികൾ. പക്ഷേ, പൊതുസ്ഥലം സംബന്ധിച്ച് ഭരണഘടന, തുല്യാവകാശം വിവക്ഷിക്കുന്ന ഖണ്ഡികയിൽ ഇങ്ങനെ ഒരു ഉറപ്പുകൂടി നൽകുന്നുണ്ട്.

””””No citizen shall on grounds only of religion, race, caste, sex, places of birth, or any of them, be subjected to any disability, liability, restriction or condition with regards to access to shops, public restaurants, hotels and places of public entertainment, or the use of wells, tanks, bathing ghats, roads and places of public resort maintained wholly or partly out of state funds or dedicated to the use of the general public.”

ഏതൊക്കെ ഉറപ്പു വായിച്ച് മനസ്സുറപ്പിച്ചാലും സ്ത്രീകളും പുരുഷന്മാരും സുഹൃത്തുക്കളായുള്ള ഒരാൾക്ക്, തൻറെ സ്നേഹിതരോട് സംസാരിച്ചിരിക്കാൻ, എന്താണ് പോംവഴി എന്നത് ആധുനിക കാലത്തിനുശേഷമുള്ള കേരളത്തിലെ സുപ്രധാന അന്വേഷണവിഷയമാണ്.

പൊതുസ്ഥലം എന്ന സങ്കൽപ്പം തന്നെ കേരളത്തിൽ നഷ്ടമായിരിക്കുന്നു. മുൻപ് ഇതായിരുന്നില്ല സ്ഥിതി. റസ്റ്ററൻറുകളോ തിയറ്ററുകളോ നൈറ്റ്കഫേകളോ വികാസം പ്രാപിക്കും മുൻപ് മൈതാനങ്ങളും ക്ഷേത്രപരിസരങ്ങളും കുളക്കടവുകളും ഇടവഴികളും വൃക്ഷച്ഛായകളും യഥേഷ്ടമുണ്ടായിരുന്നു. സൗഹൃദങ്ങൾക്കും കൂട്ടായ ചർച്ചകൾക്കുമുള്ള അത്തരം സ്വാഭാവിക ഇടങ്ങൾ, ഇന്ന് തടസ്സപ്പെടുകയോ നഗരവത്കരണത്തിൽ അപായപ്പെടുകയോ ചെയ്തു. അതുകൊണ്ട് വീർപ്പു മുട്ടുന്ന മനുഷ്യർ അൽപ്പം കാറ്റുകൊള്ളാൻ, രഹസ്യം പറയാൻ, സൗഹൃദം ഉറപ്പിക്കാൻ ഇനി എവിടേക്കു പോകും? സ്വാഭാവികമായി നിലനിന്നിരുന്ന എല്ലാ പരസ്യയിടങ്ങളും വൻ കെട്ടിടങ്ങൾ പണിഞ്ഞ നാം അടച്ചുപൂട്ടി. അതേസമയം നഗരജീവിത്തിന് പറ്റിയവിധം രൂപം പ്രാപിച്ച കൃത്രിമ ഇടങ്ങളിൽ, വീർപ്പുമുട്ടലിൽനിന്നും കുതറിയോടാൻ ശ്രമിക്കുന്ന മനുഷ്യർക്ക് പ്രവേശനത്തിനു നിയന്ത്രണവും ഏർപ്പെടുത്തി. നഗരങ്ങളിലെ ചില തിയറ്ററുകളിൽ പുതിയൊരു രീതി ഇപ്പോൾ കാണാം. ആണും പെണ്ണും ഒരുമിച്ച് സിനിമ കാണാൻ ചെന്നാൽ, ഇന്നു കണ്ടിട്ടുതന്നെ എന്ന മട്ടിൽ നീണ്ടനിരയിൽ ഒത്ത നടുക്കു മാത്രമേ അവരെ ഇരിക്കാൻ അനുവദിക്കുകയുള്ളൂ. രണ്ടു പേരും ഇരിക്കുന്നതിനോടു ചേർന്ന് ചെറുപ്പക്കാരുടെ മറ്റു സംഘത്തെ നിർബന്ധിച്ച് ഇരുത്തിച്ച് അവരുടെ സ്വകാര്യതയും ആഹ്ലാദവും തകർക്കും. തിരുവനന്തപുരത്ത്, മികച്ച നിലവാരത്തിന് അവാർഡ് നേടിയ ഒരു തിയറ്ററിലെ സിനിമയ്ക്കപ്പുറത്തെ കഥയാണിത്.

മറ്റൊരുവൻ സ്വകാര്യത ആസ്വദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതിനോട് അടിസ്ഥാനപരമായി മലയാളിക്ക് അസഹ്യതയുണ്ട്. എനിക്കോ പറ്റുന്നില്ല, പിന്നെ നിനക്കെന്തിന് എന്ന കൊതിക്കെറുവ്. തിയറ്റർ ജീവനക്കാരൻ മുതൽ ബസ് കണ്ടക്ടറിൽ തുടങ്ങി ഹോട്ടൽ ബെയ്റർവഴി സദാചാര പൊലീസിൽ വരെ ഈ വിദ്വേഷവികാരം പൂത്തുലയുന്നു.

Friends

കേരളത്തിലെത്തുന്ന സായ്പിനും മദാമ്മയ്ക്കും നേരേ ഇത്തരം സദാചാരഭടന്മാരുടെ യാതൊരു അനിഷ്ടവും പടരുകയില്ല. ഏത് അൽപ്പവസ്ത്രവും പരസ്യ ചുംബനവും, ഹോ, ഈ സായ്പിൻറെ ഒരു കാര്യം എന്ന സ്വകാര്യ ശീർഷകത്തിൽ കൊതി തളച്ചിട്ട്, നാം കണ്ടില്ലെന്നു നടിക്കും. സ്വന്തം നാട്ടുകാരാണേൽ, തടഞ്ഞു നിർത്തി നാറ്റിച്ചതുതന്നെ.

കേരളത്തിലെത്തുന്ന ഒരു വഴിയിലൂടെയും ഇന്നു ഒരു പെൺകുട്ടിക്കും ആൺകുട്ടിക്കും പരസ്പരം കൈപിടിച്ച് പ്രാണഭീതിയില്ലാതെ നടക്കാൻ കഴിയില്ല. അങ്ങനെ കണ്ടാൽ, ത്രസിക്കുന്ന സദാചാരവികാരം കൊണ്ട് നാം പുളകിതരാകും. അതേസമയം, ഇതേ സദാചാരവികാരധാരികൾ കൈക്കുഞ്ഞുമുതൽ കൈവിറയ്ക്കുന്ന അപ്പൂപ്പൻവരെയുള്ളവരുമായി ഒരുമിച്ചിരുന്ന്, മലയാള സിനിമയിലെ ‘എ ഡയലോഗ് കേട്ട് വിമ്മി വിമ്മി ചിരിക്കും. ഹിന്ദി കിടപ്പറ സീൻ കണ്ട്, ഇത്രേ ഉള്ളോ എന്ന നിരാശയിൽ ഉരുകും. മക്കളില്ലാത്ത തക്കം നോക്കി ഫാഷൻ ടിവിക്കായി പരതും.

സ്വന്തം മകൾ മോഡേൺ ഡ്രസ്സിടുമ്പോൾ നെറ്റി ചുളിച്ചിട്ട്, ചാനൽ അവതാരകയുടെ മുറിഞ്ഞ മലയാളത്തിനും പിടയുന്ന വേഷത്തിനുംവേണ്ടി, ഉറക്കമിളച്ചിരിക്കും. ഇതേ മലയാളിയാണ് പൊതു സ്ഥലത്ത് ആണും പെണ്ണും ഒരുമിച്ചു നടക്കുമ്പോൾ സദാചാരഭടൻറെ വേഷം കെട്ടുന്നത്. ഇതേഭടൻറെ വംശപരമ്പരക്കാർ, പൊതുസ്ഥലം കെട്ടിയടയ്ക്കുന്നു. പൊതുനിരത്തിലും മൈതാനത്തിലും റസ്റ്ററൻറിലും തിയറ്ററിലും സദാചാരമുദ്രയുള്ള യൂണിഫോം ധരിച്ച ഭടന്മാർ കാവൽ നിൽക്കുന്നു.

എന്തിന്, ഈ ഏടാകൂടങ്ങളെ, എതിർത്ത് സമയം പോക്കണമെന്നു കരുതി, പാവം മലയാളി ബാറിലേക്കു പോകുന്നു. അല്ലെങ്കിൽ ബിവ്റിജസ് കോർപ്പറേഷൻറെ ഔട്ട്ലെറ്റിനു മുന്നിൽ അച്ചടക്കത്തോടെ ക്യൂവിൽ നിൽക്കുന്നു.

ഭാഗ്യം, അവിടെ ആരെയും നിയന്ത്രിക്കാൻ സദാചാരഭടന്മാരില്ല. ഭടന്മാരും വേഷം മാറി ഇതേ ക്യൂവിൽ നിൽപ്പുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.