Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡരികിലെ ഭക്ഷണം കൊതിപ്പിക്കും, പക്ഷേ ശ്രദ്ധിക്കണം ഈ 6 കാര്യങ്ങൾ!

Food

പൊതുവിൽ യാത്രകൾ പോകുമ്പോഴും മറ്റൊരിടത്ത് താമസിയ്ക്കാൻ പെട്ടെന്ന് എത്തിപ്പെടുമ്പോഴും ഭക്ഷണം പലരുടെയും ഒരു വീക്നസ്സാണ്. ഇതു വാഹനത്തിലാണെങ്കിലും റോഡരികിലൂടെ പോകുമ്പോൾ നല്ല ഭക്ഷണത്തിന്റെ ഗന്ധമടിക്കുമ്പോഴോ വഴിയിൽ നിരത്തി വച്ചിരിക്കുന്ന ഭക്ഷണ കൂമ്പാരം കാണുമ്പോഴോ മനസ്സൊന്നു പാളുകയും ചെയ്യും. എങ്ങനെ വാങ്ങി കഴിക്കാതെയിരിക്കും? എങ്ങനെ വാങ്ങി കഴിക്കും? അന്യ നാട്ടിൽ പോകുമ്പോൾ അവിടുത്തെ ഭക്ഷണം കഴിക്കണം എന്നൊക്കെ പറയുമെങ്കിലും വഴിയരികിലെ കച്ചവടക്കാരെ എങ്ങനെ വിശ്വസിയ്ക്കും? ഈച്ചയും കൊതുകും മറ്റു യാത്രക്കാരുടെ കൊതികളും നമ്മുടെ ശരീരം ചീത്തയാക്കുമോ എന്ന് ഇപ്പോഴും ആധിയുമാകും. നമുക്കറിയാത്ത മറ്റൊരിടത്തെ ഭക്ഷണം ആകർഷിക്കുന്നുണ്ടെങ്കിൽ അത് കഴിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചോളൂ, അപകടം ഒരു പരിധി വരെ കുറയ്ക്കാം.

1. മറ്റൊരു സ്ഥലത്ത് പോയി താമസിയ്ക്കേണ്ടി വരുമ്പോൾ അവിടെയുള്ള അന്തരീക്ഷവുമായി ആദ്യം നന്നായി പൊരുത്തപ്പെടെണ്ടത് ആവശ്യമാണ്‌. പ്രത്യേകിച്ച് ഭക്ഷണം ശരീരത്ത് പിടിക്കണമെങ്കിൽ കുറച്ചു ദിവസം ആവശ്യമാണ്‌. ആക്രാന്തം കാണിക്കേണ്ട എന്നർത്ഥം.

2. ആദ്യം ആ നാട്ടിലെ ആളുകൾ ഏത് സ്ഥലമാണ്  ഭക്ഷണം കഴിക്കാൻ തിരഞ്ഞെടുക്കുന്നത് എന്ന് ശ്രദ്ധിക്കാം. ആരും കയറാത്ത കടകളിൽ കയറി ഭക്ഷണം എത്ര ആകർഷകമാണെങ്കിലും കഴിക്കുന്നത് ശരീരത്തിന് അത്ര നന്നായിരിക്കില്ല എന്നോർമ്മിക്കുക. നല്ല തിരക്കുള്ള കടകളിൽ നിന്നാകുമ്പോൾ നല്ല ഭക്ഷണവും ഗ്യാരന്റി ആയിരിക്കും 

3. കച്ചവടക്കാരൻ എവിടെ നിന്നാണ് ഭക്ഷണം പാചകം ചെയ്യുന്നത്, ഇതു രീതിയിലാണ് എന്ന് നോക്കുക. അടുത്ത് ചെന്ന് നോക്കുമ്പോൾ ഭക്ഷണ സാധനങ്ങൾ വറുക്കുന്ന എണ്ണ ശ്രദ്ധിക്കുക. എണ്ണ വൃത്തിയുള്ളതാണെങ്കിൽ തന്നെ പകുതി ആശ്വസിയ്ക്കാം. ചിലയിടങ്ങളിൽ എണ്ണ നല്ല എണ്ണകറുപ്പായിരിക്കും. അത്തരം എണ്ണയിൽ ഉണ്ടാക്കിയത് എവിടെ നിന്നായാലും വാങ്ങി കഴിക്കാതെയിരിക്കുക.

4. ഡീപ് ഫ്രൈ ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾ ആവശ്യപ്പെടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക, നിങ്ങൾ ആവശ്യപ്പെടുന്ന ഭക്ഷണം രണ്ടാമത് പാചകം ചെയ്യുന്നുണ്ടോ എന്ന്. പലപ്പോഴും ആദ്യം ഒന്ന് പകുതി വറത്തു കോരി വച്ച ഭക്ഷണമാകും ചൂടായി ലഭിയ്ക്കാനും ഡീപ് ഫ്രൈയ്ക്കും വേണ്ടി രണ്ടാമത് ഒന്ന് കൂടി എണ്ണയിലേയ്ക്ക് ഇടുന്നത്. ഇത്തരത്തിൽ രണ്ടു തവണ പാകം ചെയ്യുന്ന ഭക്ഷണം ശരീരത്തിന് ഏറെ അപകടകരമാണ്. 

5. നല്ല തിരക്കുള്ള കടകളിൽ നിന്നല്ലാതെ ഇറച്ചി പോലെയുള്ള ഭക്ഷണം കഴിക്കാതെ ഇരിക്കുക.

6. ജ്യൂസ് കഴിക്കാൻ കയറുമ്പോൾ ഫ്രഷ്‌ ആയി അപ്പോൾ മുറിച്ചെടുക്കുന്ന പഴങ്ങൾ കൊണ്ടാണോ നീരെടുക്കുന്നത് എന്ന് ശ്രദ്ധിക്കുക, മുറിച്ചു വച്ച തണ്ണിമത്തൻ, ഓറഞ്ച് , കൈതച്ചക്ക എന്നിവ വൃത്തിയായി നന്നായി മൂടിയിട്ടാണോ വച്ചിരിക്കുന്നത് എന്ന് ശ്രദ്ധിക്കണം. വൃത്തിയില്ലാതെ വച്ചിരിക്കുന്ന പഴങ്ങൾ ആണെങ്കിൽ വയറിനു അസുഖം ഉറപ്പിയ്ക്കാം.