Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷം കലരുന്ന സൗന്ദര്യം എന്തിന്?

beauty

പെർഫ്യൂമുകളും ഡിയോഡറന്റുകളും ലിപ്‌സ്‌റ്റിക്കും ക്രീമുകളും പൗഡറുമൊക്കെ പതിവായി പൂശുന്ന ഒരാളുടെ ശരീരത്തിലേക്ക് പ്രതിവർഷം ഏതാണ്ട് രണ്ടുകിലോയോളം രാസവസ്‌തുക്കളാണ് കടന്നു ചെല്ലുന്നതെന്ന് പഠനങ്ങൾ പറയുന്നു. അതുതന്നെ ഒന്നും രണ്ടും പത്തും രാസവസ്‌തുക്കളല്ല; ഏതാണ്ട് അഞ്ഞൂറോളം രാസവസ്‌തുക്കൾ. അവയിലൊക്കെ കൊടിയ വിഷവസ്‌തുക്കളും.

നെഞ്ചുവേദന പെട്ടെന്നു കുറയ്‌ക്കാൻ ഗുളികകളേക്കാളും വേഗത്തിൽ പ്രവർത്തിക്കുന്നത് ചർമ്മത്തിൽ ഒട്ടിക്കുന്ന ചില പാച്ചുകളാണ്. മരുന്നു നേരിട്ട് രക്‌തത്തിൽ കലരുന്നതോടെ വേദന കുറയും. അതാണ് അതിനു പിന്നിലെ സയൻസ്. ഇവിടെ പരാമർശിച്ച രണ്ടു കിലോയിലധികം വരുന്ന രാസവസ്‌തുക്കൾ നമ്മൾ നേരിട്ട് കഴിക്കുകയാണെങ്കിൽ ആമാശയത്തിൽ ദഹനരസങ്ങളും ഐൻസൈമുകളും പ്രവർത്തിച്ചശേഷം ശരീരം ആഗീരണം ചെയ്യുന്നത് ഒരു ചെറിയ ശതമാനമേ വരുകയുള്ളൂ. അതായത് ഇത്രയും രാസവസ്‌തുക്കൾ നമ്മൾ കഴിക്കുന്നതിനേക്കാൾ അപകടകരമാകുന്നത് ചർമ്മം ഭേദിച്ച് രക്‌തത്തിൽ കലരുന്നതാണ്.

അർബുദം മുതൽ വന്ധ്യത വരെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇത്തരം വിഷവസ്‌തുക്കൾ അടങ്ങിയ സൗന്ദര്യ വർധകവസ്‌തുക്കൾ കാരണമാകുന്നതായി പഠനങ്ങൾ വന്നുകഴിഞ്ഞു. അമേരിക്കയിലെ പ്രശസ്‌തമായ എൻവയോൺമെന്റൽ വർക്കിങ് ഗ്രൂപ്പ് മുതൽ ഇന്ത്യയിലെ ദൽഹി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ചു വരെയുള്ളവയുടെ പഠനങ്ങളും ഈ കണ്ടെത്തലിനെ നൂറുശതമാനം ശരിവയ്‌ക്കുന്നുണ്ട്.

lipstic-polish

പെർഫ്യൂമിൽ 250 ലിപ്‌സ്‌റ്റിക്കിൽ 30 ശരീരഗന്ധം മറച്ചുവെയ്‌ക്കാൻ ഉപയോഗിക്കുന്ന പെർഫ്യൂമുകളിലും ഡിയോഡറന്റുകളിലുമൊക്കെ 250 മുതൽ 400 വരെ രാസവസ്‌തുക്കൾ ഒളിച്ചിരിപ്പുണ്ട്. ഒരു ലിപ്‌സ്‌റ്റിക്കു പുരട്ടുമ്പോൾ നമ്മൾ ചുണ്ടോടു ചേർക്കുന്നത് 25 മുതൽ 33 വരെ രാസവസ്‌തുക്കളാണെന്ന് എത്ര പേർക്കറിയാം. കാഴ്‌ചയ്‌ക്കു കരുതലേകുന്ന കൺപോളകളിൽ പുരട്ടുന്ന ഐ ഷാഡോയിലും മസ്‌കാരയിലുമൊക്കെയായി 25ൽ കൂടുതൽ രാസവസ്‌തുക്കൾ നമ്മളിലേക്കെത്തുന്നു. നെയിൽ പോളീഷും ഫൗണ്ടേഷനും മോയിസ്‌ചറൈസുകളും ഷാംപുവും സോപ്പും ഒക്കെ ചേർന്ന് വലിയൊരു രാസമാലിന്യ ശേഖരമായി ശരീരം മാറുന്നു. അത് മാരകരോഗങ്ങളിലേക്കുള്ള ചുവടുവെപ്പായി മാറുകയും ചെയ്യാം.

nail-polish

വെളുക്കാൻ തേച്ചത്... ഇത്തരം സൗന്ദര്യ വർധകവസ്‌തുക്കളുടെ ദൂഷ്യം രണ്ടു തരത്തിലാണ്. ഒന്ന് പെട്ടെന്നുണ്ടാകുന്ന അലർജി പ്രശ്‌നങ്ങൾ. തുടർച്ചയായ ഉപയോഗം മൂലം പത്തോ ഇരുപതോ വർഷം കഴിഞ്ഞ് ഉണ്ടാകുന്ന മാരക രോഗങ്ങളോ അതിശക്‌തമായ അലർജി പ്രശ്‌നങ്ങളോ ആണ് രണ്ടാമത്തേത്. കോസ്‌മെറ്റിക് ഉൽപ്പന്നങ്ങളുപയോഗിച്ച് ചർമ്മപ്രശ്‌നങ്ങളുമായി ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. വെളുക്കാനുള്ള ഫെയർനെസ് ക്രീമുകൾ തേച്ച് അക്ഷരാർഥത്തിൽ തന്നെ പാണ്ട് ആയി മാറിയ രോഗികളും അപൂർവ്വമല്ല. സൗന്ദര്യവർധക വസ്‌തുക്കളിൽ ഏറ്റവും അപകടകാരികളായി മാറുന്നത് അവയ്‌ക്കു നിറവും മണവും നൽകാനായി ചേർക്കുന്ന രാസവസ്‌തുക്കളാണ്.

ദുർബലമായ നിയമങ്ങൾ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ട നിരവധി രാസവസ്‌തുക്കൾ നമ്മുടെ നാട്ടിൽ ചൂടപ്പം പോലെ വിറ്റഴിയുന്ന കോസ്‌മെറ്റിക് ഉൽപ്പന്നങ്ങളിൽ സുലഭമാണെന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം മാത്രം. കുട്ടികൾക്കുവേണ്ടിയുള്ള ഉൽപ്പന്നങ്ങളിൽപോലും ഇത്തരം മാരകമായ രാസവസ്‌തുക്കളുണ്ട്. ഇന്ത്യൻ ഡ്രഗ് ആന്റ് കോസ്‌മെറ്റിക് നിയമത്തിൽ സൗന്ദര്യ വർധക വസ്‌തുക്കളുടെ ലേബലിങ്ങിന് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. അടങ്ങിയിരിക്കുന്ന മുഴുവൻ രാസവസ്‌തുക്കളുടെ പേരും അളവും നിർബന്ധമാണെന്നാണ് നിയമത്തിലെ നിബന്ധന. എന്നാൽ ഇന്നും ഏതാണ്ട് 99 ശതമാനം സൗന്ദര്യ വർധക ഉൽപ്പന്നങ്ങളുടെ ലേബലിലും താരതമ്യേന സുരക്ഷിതമായ ഏതാനും രാസവസ്‌തുക്കളുടെ പേരുകൾ മാത്രം പറഞ്ഞിരിക്കും. ശേഷിക്കുന്ന ഇരുപതോ മുപ്പതോ അതിലേറെയോ രാസവസ്‌തുക്കളും ഹാനികരമായ അവയുടെ യുഗ്മകങ്ങളും രോഗാണുവിനെപ്പോലെ ഒളിച്ചിരിക്കുന്നു.

സ്‌തനാർബുദ സാധ്യത കൂടും കേശസൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, ലിപ്‌സ്‌റ്റിക്കുകൾ, ഐ ഷാഡോകൾ മുതൽ ബേബി ലോഷനുകളും ക്രീമുകളും വരെ മിക്ക സൗന്ദര്യ വർധക ഉൽപ്പന്നങ്ങളിലും കേടു കൂടാതിരിക്കാനായി ചേർക്കുന്നത് (പ്രിസർവേറ്റീവ്‌സ്) മീതൈൽ പാരാബെൻ മുതൽ ഐസോബ്യൂട്ടൈൽ പാരബെൻ വരെയുള്ള പാരബെൻ രാസവസ്‌തുക്കളാണ്. ഇതിൽ നിന്നു ഹെർബൽ പ്രോഡക്‌ടുകൾ പോലും മുക്‌തമല്ല. താരതമ്യേന വിലകുറഞ്ഞ ഈ രാസവസ്‌തു ശരീരത്തിലെത്തിയാൽ സ്‌ത്രീ ഹോർമോണായ ഈസ്‌ട്രജനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഈ അസാധാരണ പ്രവർത്തനത്തിന്റെ ഉത്തേജനം മൂലം സ്‌തനാർബുദത്തിന്റെ സാധ്യത പല മടങ്ങായി ഉയരുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പാരബെൻ മറ്റ് അവയവങ്ങളിലും മറ്റ് രാസവസ്‌തുക്കളുമായി കൂട്ടുചേർന്നും എന്തൊക്കെ തകരാറുകളാണ് ഉണ്ടാകുന്നതെന്ന് ഇനിയും അജ്‌ഞാതമാണ്. പാരബെൻ വെറും ഒരു ഉദാഹരണം മാത്രം. മെർക്കുറി, കോൾടാർ, ഈയം, ഫോർമാൾഡിഹൈഡ്, ഫ്‌താലേറ്റുകൾ, പൊട്ടാസ്യം ഡൈക്രോമേറ്റുകൾ തുടങ്ങി അർബുദ സാധ്യത മുതൽ ലൈംഗികശേഷിക്കുറവ്, മാനസികമായ പ്രശ്‌നങ്ങൾ അതിരൂക്ഷമായ അലർജി പ്രശ്‌നങ്ങൾ തുടങ്ങി സ്‌ഥിരീകരിക്കപ്പെട്ടതും അല്ലാത്തതുമായ പാർശ്വഫലങ്ങൾ നിരവധിയാണ്.

lipstick

ലിപ്‌സ്‌റ്റിക് അമിതമായാൽ വികാരോത്തേജനവേളയിൽ അമിതരക്‌തപ്രവാഹം കൊണ്ട് ചുണ്ടും കവിളുമൊക്കെ ചുവന്ന് സ്‌ത്രീ കൂടുതൽ സുന്ദരിയാകാറുണ്ട് (ഒരു പരിധിവരെ പുരുഷനും). ഇണയെ തന്നിലേക്ക് ആകർഷിക്കുന്നതിനുവേണ്ടിയാണ് ഈ മാറ്റമെന്ന് നരവംശശാസ്‌ത്രജ്‌ഞർ കാലങ്ങൾക്കുമുമ്പേ രേഖപ്പെടുത്തി. അതിനെ അനുകരിച്ച് ചുണ്ടിനു ലിപ്‌സ്‌റ്റിക്കും കവിളിൽ റൂഷും പ്രയോഗിച്ച് സൗന്ദര്യം വർധിപ്പിക്കാമെന്ന ചിന്തയ്‌ക്കു പിന്നിലും അത്ഭുതമില്ല. പക്ഷേ അതിനുപയോഗിക്കുന്ന നിറങ്ങൾ; അതാണ് പ്രശ്‌നകാരി. ലിപ്‌സ്‌റ്റിക്കുകളിൽ ഏറ്റവും കൂടുതൽ പ്രിയം ചുവപ്പും പിങ്കും നിറങ്ങൾക്കും അവയുടെ ഷേഡുകൾക്കുമാണ്. അതിനു വേണ്ടി ഉപയോഗിക്കുന്ന രാസവസ്‌തുക്കളിൽ ഒന്ന്‘ഇയോസിൻ‘ ആണ്. ഇളം നിറങ്ങളിലുള്ള ലിപ്‌സ്‌റ്റിക്കുകൾ തിരഞ്ഞെടുത്താൽ പ്രശ്‌നം ഒരളവോളം പരിഹരിക്കാം. നീലയും ചുവപ്പും പച്ചയുമൊക്കെ നിറം നൽകാൻ ഉപയോഗിക്കുന്ന മറ്റു പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ട രാസവസ്‌തുക്കൾ നമ്മുടെ നാട്ടിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. മിക്കവാറും എല്ലാ ഹെയർ ഡൈകളിലും കടുത്ത അലർജി പ്രശ്‌നമുണ്ടാക്കുന്ന‘പിപിഡി‘എന്ന രാസവസ്‌തു അടങ്ങിയിട്ടുണ്ട്. മസ്‌കാരയിലും ഐ ഷാഡോകളിലുമുള്ള രാസവസ്‌തുക്കൾ കാഴ്‌ചയെ പോലും ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇതൊക്കെ ഉദാഹരണങ്ങൾ മാത്രം. അതുകൊണ്ട് ഏതു തരത്തിലുള്ള സൗന്ദര്യവർധക വസ്‌തുവും അത്യാവശ്യത്തിനുമാത്രമായി ഏറ്റവും കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

കബളിപ്പിക്കലും കരുതിയിരിക്കാം അൾട്രാവയലറ്റ് രശ്‌മികളിൽ നിന്നും രക്ഷ നേടുന്നതിനുള്ള യു. വി പ്രൊട്ടക്ഷൻ ക്രീമുകളും ഇന്ന് വൻതോതിൽ വിറ്റഴിയുന്നുണ്ട്. അവയിൽ അടങ്ങിയിരിക്കുന്ന എസ്. പി. എഫ് ഘടകമാണ് സൂര്യപ്രകാശത്തിൽ നിന്നും രക്ഷിക്കുന്നത്. പക്ഷേ ശരിയായ സംരക്ഷണം കിട്ടണമെങ്കിൽ നിശ്‌ചിത അളവിൽ എസ്. പി. എഫ് ഉണ്ടായിരിക്കണം. അതിനായുള്ള മരുന്നുകളിലേ വേണ്ട അളവിൽ ആ ഘടകങ്ങൾ ഉണ്ടാവൂ. മറിച്ച് കോസ്‌മെറ്റിക്കിൽ കുറഞ്ഞ അളവിൽ (സബ് ഓപ്‌റ്റിമം ലെവലിൽ) മാത്രമേ യഥാർഥ ഘടകം ഉണ്ടാകൂ. അതിൽ നിറത്തിനും മണത്തിനും കൊഴുപ്പനുമൊക്കെ വേണ്ടിയുള്ള നിരവധി രാസവസ്‌തുക്കളായിരിക്കും കൂടുതൽ. സൺക്രീമുകളുടെ കാര്യം ഒരു ഉദാഹരണം മാത്രം. ഇതൊരു തരം കബളിപ്പിക്കലാണെന്ന് ഈ രംഗത്തെവിദഗ്‌ധർ പറയുന്നു. പല സൗന്ദര്യ വസ്‌തുക്കളും വേണ്ടവിധം പ്രവർത്തിക്കുന്നില്ലെന്നു മാത്രമല്ല മാരകമായ വിഷങ്ങൾ ഉള്ളിലെത്തുന്നതിന്റെ ദോഷങ്ങൾ ഏറെയുണ്ടുതാനും. കോസ്‌മെറ്റിക്കുകളിലെ മാരകവിഷം തടയാൻ ശക്‌തമായ നിയമവും നിയന്ത്രണവും ഉണ്ടാകുന്നതുവരെ കരുതലോടെ മതി അവയുടെ ഉപയോഗം. അല്ലെങ്കിൽ പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് വീട്ടിലുണ്ടാക്കുന്നവയുമാകാം. അല്ലാതെ രാസകോസ്‌മെറ്റിക്കുകളുടെ പിന്നാലെ പോയാൽ മാരകമായ രോഗങ്ങളെ ക്ഷണിച്ചു വരുത്തലാവും ഫലം.

ഇവയെ സൂക്ഷിക്കുക സൗന്ദര്യവർധക വസ്‌തുക്കളിലെ ഈ രാസഘടകങ്ങൾ രോഗങ്ങളുണ്ടാക്കാം. ഹെയർ ഡൈ: കോൾടാർ: അർബുദം, അലർജി പിപിഡി: ബ്ലാഡർ കാൻസർ, അലർജി ഫ്‌താലേറ്റ്: വന്ധ്യത, വൃഷണ വീക്കം, അർബുദം

പെർഫ്യൂം അസറ്റോൺ: ശ്വാസകോശ രോഗങ്ങൾ ഫ്‌താലേറ്റ്: വന്ധ്യത, അർബുദം ബെൻസാൾഡിഹൈഡ്: വൃക്കരോഗങ്ങൾ, അലർജി

shampoo

ഷാംപൂ ഫോർമാൾഡിഹൈഡ്: വന്ധ്യത, ആസ്‌മ സോഡിയം ലോറിൽ സൾഫേറ്റ്: കാഴ്‌ചത്തകരാർ, അർബുദം

ഐ ഷാഡോ മെർക്കുറി: വന്ധ്യത, നാഡീതകരാർ ഫോർമാൾഡിഹൈഡ്: വന്ധ്യത, ആസ്‌മ ലെഡ്: നാഡി തകരാറുകൾ, അർബുദം, സ്വഭാവ വൈകല്യം

nail

നെയിൽ പോളീഷ് ഫ്‌താലേറ്റ്: വന്ധ്യത, ആസ്‌മ ഫോർമാൾഡിഹൈഡ്: വന്ധ്യത, ആസ്‌മ ഗ്ലൈക്കോൾ ഈതേഴ്‌സ്: വന്ധ്യത, വിളർച്ച

ലിപ്‌സ്‌റ്റിക് ലെഡ്: നാഡീ തകരാറുകൾ, അർബുദം പോളി മീതേൽ മെതാക്രലേറ്റ്: അർബുദം, അലർജി ഐസോ പ്രൊപൈൽ ആൾക്കഹോൾ: നാഡി തകരാർ, അർബുദം

നഖത്തിൽ നിറം പുരട്ടിയാൽ നെയിൽ പോളിഷിന്റെയും അതിന്റെ റിമൂവറിന്റേയും തുടർച്ചയായ ഉപയോഗം നഖത്തിലും വിരലിലും മാത്രമല്ല മുഖത്തും പ്രശ്‌നകാരിയായി മാറാറുണ്ട്. ശക്‌തമായ രാസവസ്‌തുക്കളാണ് അവയിലുള്ളത്. വിരൽ മുഖത്തു സ്‌പർശിക്കുന്നതിലൂടെയാണ് കണ്ണ്, കവിൾ, ചുണ്ട് എന്നീ ഭാഗങ്ങളിൽ രൂക്ഷമായ അലർജി ഉണ്ടാകുന്നത്.

നാനോ പാർട്ടിക്കിൾ എന്ന അപകടം കോശഭിത്തിപോലും ഭേദിച്ച് കയറിപ്പറ്റാൻ ശേഷിയുള്ള നാനോ പാർട്ടിക്കിളുകളാണ് സൗന്ദര്യ വർധക ഉൽപ്പന്ന രംഗത്തെ പുത്തൻ പ്രവണത. അതിവേഗത്തിൽ ശരീരത്തിൽ ഈ അതിസൂക്ഷ്‌മ കണികൾ പ്രവേശിക്കുന്നതിനാൽ ആ ഉൽപ്പന്നങ്ങളുടെ പ്രവർത്തനവേഗം വളരെ കൂടും. അവ അടങ്ങിയ ഫെയർനെസ് ക്രീമുകൾ നമ്മെ കൂടുതൽ വേഗം വെളുപ്പിക്കും. പക്ഷേ അതുപോലെ മാരക രാസവസ്‌തുക്കളും നമ്മുടെ ശരീരത്തിലേക്ക് വേഗം കടന്നു കയറുന്നു.