Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചായയിൽ ചായം! കണ്ടുപിടിക്കാം കൂളായി!

tea

ഭർത്താവിനു രാവിലെ പത്രം വായിക്കാൻ ഉഷാറു നൽകുന്ന ഇന്ധനം, കോളജിൽ കൂടെ പഠിച്ച സുഹൃത്ത് സ്വന്തം നാട്ടിൽ വരുമ്പോൾ സൗഹൃദം പുതുക്കാനുളള ഉപാധി, കല്യാണം വിളിക്കാൻ വരുന്ന ബന്ധുവിനോട് എത്രയും വേഗം നമ്മുടെ ആതിഥ്യ മര്യാദ കാണിക്കാനുളള വഴി, പണിയൊതുക്കി ഒന്നു സ്വസ്ഥമാകാൻ കൂട്ടുപിടിക്കുന്ന മിത്രം.... ദിവസവും ഒരു പാടു കാര്യങ്ങൾ ഭംഗിയായി ചെയ്തു തീർക്കുന്ന മലയാളി വീട്ടമ്മ യ്ക്കു ഒരു പാനീയം മാത്രമല്ല ചായ. നിത്യജീവിതത്തിലെ പല സന്ദർഭങ്ങളിലും വിശ്വസ്തനായ കൂട്ടാളി കൂടിയാണ്. അതു കൊണ്ടു തന്നെ ഓരോ സ്പൂൺ തേയിലയും ചൂടുവെളളത്തിലേക്ക് വീഴുന്നത് ശുഭപ്രതീക്ഷയുമായാണ്. പക്ഷേ കുറച്ചു ദിവസങ്ങളായി തേയിലയുടെ പാത്രമെടുക്കുമ്പോൾ ചിലരെങ്കിലും ഒന്നു കൂടി ആലോചിക്കുന്നു. ‘ടൺ കണക്കിനു മായം ചേർത്ത വ്യാജ ചായപ്പൊടി സംസ്ഥാനത്തൊട്ടാകെ പിടികൂടി യെന്ന വാർത്ത വായിക്കുമ്പോൾ ചായ വേണോ’ എന്നൊരു സംശയം ന്യായമാണ്.

സ്ഥലം തിരുവനന്തപുരത്തെ കഴക്കൂട്ടത്തിനടുത്തുളള ഗ്ലോബൽ മാർക്കറ്റ്. സമയം വൈകുന്നേരം മൂന്നു മണി കഴി ഞ്ഞിരിക്കുന്നു.. ഒരു കൂട്ടം മധ്യവയസ്കർ ചെറിയ ഒരു ചായ ക്കടയിലെത്തി. ആളുകളുടെ എണ്ണം കണ്ടു ചാക്കടക്കാരൻ സന്തോഷിച്ചു. എല്ലാവരും ചായ പറഞ്ഞു, കടുപ്പത്തിൽ തന്നെ. നറുപുഞ്ചിരിയുമായി ചായക്കടക്കാരൻ ചായ നൽകി. രണ്ടു കവിൾ ചായ കുടിച്ചശേഷം കൂട്ടത്തിലെ ഒരു മധ്യവയസ്കൻ കടക്കാരനോടു ചോദിച്ചു, ‘നിങ്ങൾ ഏതു ചായപ്പൊടിയാണ് ഉപയോഗിക്കുന്നത്?’ കടക്കാരൻ സംശയമേതും കൂടാതെ കെറ്റിലിനടുത്തിരുന്ന തേയില പായ്ക്കറ്റിലേക്കു വിരൽ ചൂണ്ടി. മധ്യവയസ്കൻ പായ്ക്കറ്റിനടുത്തേക്കു നീങ്ങി, അതു തലങ്ങും വിലങ്ങും പരിശോധിച്ചു. കാര്യം മനസ്സിലാകാതെ നിന്ന ചായ ക്കടക്കാരന്റെ തോളിൽ ഒരു കൈ വീണു, ഒപ്പം ഒരു ശബ്ദവും ‘ഞങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിന്നാണ്, നിങ്ങൾ ഉപയോഗിക്കുന്ന തേയിലയിൽ മായുണ്ടോ എന്നു സംശയ മുണ്ട്.’ രാജ്യാന്തര ബ്രാൻഡുകളെ വെല്ലുന്ന കവറാണെങ്കിലും അതിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേതടക്കം യാതൊരു ലൈസൻസുകളുടെയും വിവരങ്ങൾ ഉണ്ടായിരുന്നില്ല.

അതേസമയം തേയിലയ്ക്കു വ്യത്യാസമൊന്നും തോന്നിയതേ യില്ല. സീനിയർ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ എസ്. അജയകുമാർ, ഭൂസുധ എന്നിവർ ചായക്കടയിൽ തേയില എത്തിക്കുന്ന വിതരണക്കാരന്റെ മൊബൈൽ നമ്പർ വാങ്ങി. പക്ഷേ, വിളിച്ചിട്ടു പ്രയോജനമൊന്നും ഉണ്ടായില്ല. ഈ കാര്യം ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ടി. വി. അനുപമയുടെ ശ്രദ്ധയിൽ പ്പെടുത്തി നമ്പർ സൈബർ സെല്ലിലേക്കു കൈമാറി. ടവർ ലൊക്കേഷൻ തിരുവനന്തപുരത്തെ മംഗലാപുരമാണെന്നു തിരിച്ചറിഞ്ഞു. സമയം കളയാതെ അവിടെ എത്തിയ വകുപ്പ് ഉദ്യോഗസ്ഥർ വ്യാജ തേയില നിർമ്മിക്കാനുളള സംവിധാ നങ്ങൾ കണ്ട് ആദ്യമൊന്നു ഞെട്ടി. 850 കിലോ വ്യാജ തേയി ലയാണ് അവിടെ നിന്നു പിടിച്ചെടുത്തത്. തേയില നിർമിക്കുന്ന സംഘത്തിലെ പുതുമുഖമായ പ്രവീണ്‍കുമാറിനെ കസ്റ്റഡി യിലെടുത്തു.

തുടർ ദിവസങ്ങളിൽ പ്രവീണ്‍കുമാറിൽ നിന്നു ലഭിച്ച വിവര ത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ റെയ്ഡ് നടന്നു. പാലക്കാട് നൂറണിക്കടുത്ത് പട്ടാണിത്തെരുവിനു സമീപത്തെ പറത്തെരുവിലെ വാടക വീട്ടിൽ ഭക്ഷ്യ സുരക്ഷാ സംഘമെത്തി. ഇതേ സമയം തൃശൂർ ജില്ലയിലെ മണ്ണൂത്തി ഹൗസിങ് കോളനിയിലെ വീട്ടിലും റെയ്ഡ് തുടങ്ങി. പാല ക്കാട്ട് നിന്ന് വ്യാജ തേയില നിർമാണ സംഘത്തിലെ പ്രധാനിയായ മുഹമ്മദ് ഇഖ്ബാൽ പിടിയിലായി. ഒപ്പം അഞ്ച് ടൺ വ്യാജ തേയിലയും പിടിച്ചെടുത്തു, തൃശൂരിൽ നിന്നും അഞ്ചു ടൺ പിടിച്ചു.

മുഹമ്മദ് ഇഖ്ബാലിന്റെ ചില വെളിപ്പെടുത്തലുകൾ, ‘‘കഴിഞ്ഞ 17 വർഷമായി ഈ ബിസിനസ് ചെയ്യുന്നു. ആദ്യമായാണ് പിടിയിലാകുന്നത്. ഈ ബിസിനസ് ഒരു മറയെന്നോണം പാലക്കാട് ഒരു ചിപ്സ് കട നടത്തിയിരുന്നു. എന്നാൽ പിന്നീട് മുഴുവൻ സമയവും വ്യാജ തേയില ബിസിനസിൽ ശ്രദ്ധിച്ചു. തങ്ങൾ നിർമിക്കുന്ന വ്യാജ തേയില പായ്ക്കറ്റുകളിൽ 250 രൂപ വിലയിട്ട ശേഷം 150 രൂപയ്ക്കു വിൽക്കും. അമൃതം, മയൂരി എന്നീ പേരുകളിൽ പുറത്തിറക്കിയ പായ്ക്കറ്റുകളിൽ ഊട്ടി യിലെ വ്യാജ മേൽവിലാസവും ചേർത്താണ് വിൽപ്പന. പ്രാധാ നമായും ചെറിയ ചായക്കടകളും ഹോട്ടലുകളുമായിരുന്നു ഇര കൾ. പിന്നീട് വലിയ ഹോട്ടലുകളും വലയിൽ വീണു. ദിവസ വും 200 കിലോ തേയില വിൽക്കുന്നുണ്ട്. ‘കൂടുതൽ കടുപ്പം, കൂടുതൽ ചായ, കുറഞ്ഞ വിലയിൽ’ എന്നതാണ് വ്യാജ തേയിലയുടെ ആകർഷണം. വ്യാജ തേയില ഉണ്ടാക്കാൻ തങ്ങൾക്കുളള ചെലവ് 50 രൂപയിൽ താഴെ മാത്രമാണ്. കടക്കാരിൽ നിന്ന് പരാതികൾ വന്നാലും അതു വകവ യ്ക്കാറില്ല. സംശയമുണ്ടാകാതിരിക്കാൻ വ്യാജ മേൽവിലാ സത്തിൽ ബില്ലുണ്ടാക്കി കടക്കാർക്കു നല്‍കുകയാണ് ചെയ്യു ന്നത്. വ്യാജ തേയില നിർമിക്കാനും വിതരണം ചെയ്യാനും കൂ‍ടെ നിൽക്കുന്ന ജീവനക്കാർക്ക് മികച്ച പ്രതിഫലം ഉറപ്പു വരുത്തുമെന്നതിനാൽ അവർ ഒറ്റുമെന്നു ഭയമില്ല.’’

ഇയാളെ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു. പിടിച്ചെടുത്ത വ്യാജ തേയിലയുടെ സാംപിളുകൾ കോഴി ക്കോട് റീജിയണൽ അനലറ്റിക് ലബോറട്ടറിയിലേക്ക് അയ ച്ചിരിക്കുകയാണെന്ന് പാലക്കാട് അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണർ ജോർജ് വര്‍ഗീസ് അറിയിച്ചു. അവിടെ നിന്നു വരുന്ന ഫലത്തിന്റെ അടിസ്ഥാനത്തിൽ ഇയാള്‍ക്കെതിരെ കൂടുതൽ കേസുകൾ ചാര്‍ജ് ചെയ്യും.

വ്യജ തേയില എന്നാൽ

തേയില ഫാക്ടറികളിൽ നിന്ന് ഉപേക്ഷിക്കുന്ന വിലകുറഞ്ഞ തേയിലയും ചായക്കടകളിൽ ഉപയോഗിച്ചു കളയുന്ന തേയില ചണ്ടിയും ചേർത്ത് ആദ്യം ഉണങ്ങിയെടുക്കും. പിന്നീട് സൺസെറ്റ് യെല്ലോ, ടട്രാസിൻ, കാർമോസിൻ, ബ്രില്ല്യന്റ് ബ്ലൂ, ഇൻഡിഗോ കാരമൈൻ എന്നീ രാസവസ്തുക്കൾ ചേർത്തു നിർമിക്കുന്ന ചോക്ലേറ്റ് ബ്രൗൺ എന്ന കൃത്രിമ നിറത്തിന്റെ ലായനിയിൽ തേയിലപ്പൊടി മുക്കും. ഒപ്പം മണവും രുചിയും വരാൻ കാരമൽ എന്ന രാസവസ്തുവും ചേർക്കും. ഈ മിശ്രിതം ഉണങ്ങിയെടുക്കുമ്പോൾ കടുപ്പമുളള ചായക്കുളള ചായപ്പൊടി റെഡി.

ആർക്കു വിൽക്കും?

സൂപ്പർമാർക്കറ്റുകൾ പോലെയുളള അംഗീകാരമുളള വ്യാപാര സ്ഥാപനങ്ങൾ ഇത്തരം വ്യാജ കവറിലുളള തേയില പായ്ക്ക റ്റുകൾ എടുക്കാൻ മടിക്കുന്നതിനാൽ നേരിട്ടാണു വിൽപന. മയൂരി തുടങ്ങി കേട്ടാൽ മോഹിക്കുന്ന പേരുകളിലാണു വിൽപന. പ്രധാനമായും ചെറിയ ഹോട്ടലുകളും ചായക്കട കളുമാണ് കടുപ്പം കൂടുതലും വിലക്കുറവുമുളള തേയില വാങ്ങുന്നത്. വ്യാപാരക്കണ്ണിൽ അമിതലാഭം നേടാമെന്നു മനസ്സിലാക്കിയ ചില വൻകിട ഹോട്ടലുകളും പിടി വീഴുന്നതിനു തൊട്ടു മുൻപുളള നാളുകളിൽ തങ്ങളുടെ പക്കൽ നിന്ന് വ്യാജ തേയില വാങ്ങി തുടങ്ങിയിരുന്നതായി മുഖ്യ പ്രതി ഇഖ്ബാൽ സമ്മതിച്ചിട്ടുണ്ട്.

സ്ഥിരമായി ഉപയോഗിച്ചാൽ

വ്യാജ തേയില സ്ഥിരമായി ഉപയോഗിച്ചാൽ കാൻസർ, ലൈംഗിക ശേഷിക്കുറവ്, ലിവർ സിറോസിസ് എന്നീ രോഗങ്ങൾ ഉണ്ടാകുമെന്നാണ് നിഗമനം....തേയിലയിൽ ഒരു തരത്തിലുളള രാസവസ്തുക്കളും ചേര്‍ക്കാൻ നിയമം അനുവദിക്കുന്നില്ല.

എങ്ങനെ തിരിച്ചറിയാം?

തേയിലപ്പൊടിയുടെ ഗുണമേന്മയിൽ സംശയം തോന്നിയാൽ ഉടൻ തന്നെ പരിശോധിക്കാം. കുപ്പി ഗ്ലാസിൽ വെളളം നിറച്ച ശേഷം അതിൽ തേയിൽ ചെറുതായി ഇടുക. നിറം ചേർത്തി ട്ടുണ്ടെങ്കിൽ നിറം വെളളത്തിനു മുകളിൽ നിൽക്കും, തുടർന്ന് തേയില ഗ്ലാസിന്റെ താഴെയെത്തും. അല്ലെങ്കിൽ വെളള പേപ്പ റിൽ ചായപ്പൊടി നിരത്തി വെളളം സ്പ്രേ ചെയ്യുക. വ്യാജനെ ങ്കിൽ നിറം പെട്ടെന്ന് പേപ്പറിൽ പരക്കും.

മായമുണ്ടെന്നു തിരിച്ചറിഞ്ഞാൽ‌....

ഉടൻ തന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചറിയിക്കുക. അല്ലെങ്കിൽ 0471 2322833 എന്ന നമ്പറിലും വിളിക്കാം. ഒരു കാരണവശാലും പരാതിപ്പെ ടാതിരിക്കരുതെന്നു ജോയിന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ അനിൽ കുമാർ പറഞ്ഞു.

വകുപ്പ് സ്വീകരിച്ച തുടർ നടപടികൾ

സംസ്ഥാനത്തെ ചായ വിൽപ്പന നടത്തുന്ന എല്ലാ കേന്ദ്രങ്ങ ളിലും പ്രത്യേകിച്ച് ചെറിയ ചായക്കടകളിൽ പരിശോധന നടത്തി അംഗീ‌കാരമില്ലാത്ത തേയില ഉപയോഗിക്കുന്നവർ ക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടു കഴിഞ്ഞു. പിടിച്ചെ ടുക്കുന്ന തേയില നശിപ്പിക്കും. തേയില വാങ്ങിയതിന്റെ രേഖകൾ ഹോട്ടൽ ഉടമ സൂക്ഷിക്കണം. ഭക്ഷണത്തിൽ മായം കലർത്തുന്നത് പിടികൂടാനായി സ്പെഷൽ സ്ക്വാഡുകൾ സംസ്ഥാന– ജില്ലാ തലങ്ങളിൽ രൂപീകരിച്ചിട്ടുണ്ടെന്ന് ജോയിന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ ഡി. ശിവകുമാർ പറഞ്ഞു.

ശ്രദ്ധിക്കുക

കഴിവതും ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ സ്വയം പാകം ചെയ്തു കഴിക്കുക. അങ്ങനെ ചെയ്യുമ്പോൾ ഗുണമേന്മയുളള തേയിലയാണ് വാങ്ങുന്നതെന്നും ശുചിത്വ പൂർണ്ണമായ അന്തരീക്ഷത്തിൽ അവ പാകം ചെയ്യുന്നുവെന്നും ഉറപ്പാക്കാം. പുറത്തു നിന്നു ചായ കുടിക്കുമ്പോൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അംഗീകാരമുളള കടകളിൽ മാത്രം കയറുക. സംശയമുണ്ടെങ്കിൽ അംഗീകാരത്തെപ്പറ്റിയും ഏതു ചായപ്പൊ ടിയാണ് ഉപയോഗിക്കുന്നതെന്നും ചോദിച്ചു മനസ്സിലാക്കാം. ഉപഭോക്താക്കൾ സംശയം പ്രകടിപ്പിച്ചാൽ അതു നിവാരണം ചെയ്യേണ് ഉത്തരവാദിത്തം കടയുടമയ്ക്കുണ്ട്.

Your Rating: