Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊയ്തീൻ- കാഞ്ചനമാല പ്രണയകഥയുടെ ഓർമയിൽ ...

priyamani

വസ്ത്രങ്ങളുടെ വർണലോകമാണു നഗരത്തിനു മുന്നിൽ ഇന്നലെ മിഴി തുറന്നത്. കിസ്മത്ത് എന്ന തീമിൽ അനു നോബിയൊരുക്കിയ ഷോയോടെയാണു കേരള ഫാഷൻ ലീഗ് ആരംഭിച്ചത്. മൊയ്തീൻ- കാഞ്ചനമാല പ്രണയകഥ ഓർമിപ്പിച്ച് എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയിലെ ഗാനത്തിനു ചുവടുവച്ചു മോഡലുകൾ റാംപിലെത്തി. ഒടുവിൽ തന്റെ പ്രിയനൊപ്പം നടി പ്രിയാമണി ഷോ സ്റ്റോപ്പറായി വേദിയിലേക്ക്. സ്വർണനിറവും പച്ചയുടെ വകഭേദവും നിറഞ്ഞ വെട്ടിത്തിളങ്ങുന്ന ഗൗണിൽ പ്രിയമണിയും ഷെർവാണിയിൽ സുഹൃത്ത് മുസ്തഫയും വേദിയിലെത്തിയപ്പോൾ നിറഞ്ഞ കയ്യടി. പിന്നാലെ സിനിമാ താരങ്ങളായ സഞ്ജന ഗൽറാണി, രാഗിണി നന്ദ്‌വാനി, ഇനിയ, നൃത്ത സംവിധായകൻ പ്രസന്ന തുടങ്ങിയവരും റാംപിലെത്തി.

പിന്നാലെ ശ്രാവൺകുമാർ രാമസ്വാമി, പാർവതി–സരസ്വതി തുടങ്ങിയ ഡിസൈനർമാരുടെ വസ്ത്രങ്ങളാണ് റാംപിലെത്തിയത്. സംവിധായകൻ ബാലു കിരിയത്തിന്റെ മകൾ പാർവതിയും ഭർതൃമാതാവ് സരസ്വതിയും ചേർന്നൊരുക്കിയ കേരള സാരിയിലെ വർണക്കാഴ്ചകൾ ഫാഷൻ ലീഗിലെ വേറിട്ട അനുഭവമായി. തിരുവിതാംകൂർ സഹോദരിമാരിലെ ലളിതയുടെ ഇളയ മകൾ സരസ്വതിയും മരുമകൾ പാർവതിയും ചേർന്നൊരുക്കിയ വസ്ത്രങ്ങൾ അണിഞ്ഞു ബന്ധുവും നടനുമായ കൃഷ്ണ, സംഗീത സംവിധായൻ ഷാൻ റഹ്മാൻ, നടിമാരായ രാഗിണി നന്ദ്‌വാനി, സംയുക്ത തുടങ്ങിയവരും റാംപിലെത്തി.

സുമിത് ദാസ് ഗുപ്ത, ജയന്തി ബലാൽ, അസ്‌ലം ഖാൻ, പാരിസ് ഡി ബൂട്ടിക്, ആസിഫ് മർച്ചന്റ് തുടങ്ങിയ ഡിസൈനർമാരുടെ വസ്ത്രങ്ങളും പിന്നാലെയെത്തി. രാത്രി ഏറെ വൈകിയവസാനിച്ച കേരള ഫാഷൻ ലീഗിന്റെ മാറ്റുയർത്തി റാംപിലെത്തിയതു ബോളിവുഡ് നടി സോഹ അലി ഖാൻ. കുണ്ടന്നൂരിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ രാവിലെ പത്തു മുതൽ അരങ്ങേറിയ കേരള ഫാഷൻ ലീഗിൽ ഇരുപതോളം ഡിസൈനർമാരുടെ വസ്ത്രങ്ങളാണു റാംപിലെത്തിയത്. തൃശൂർ സ്വദേശി പതിനൊന്നു വയസ്സുകാരി അപേക്ഷ ബിനോജ് ഉൾപ്പെടെയുള്ളവർ വസ്ത്രങ്ങളുമായി ഷോയിൽ തിളങ്ങി. അഭിൽദേവ് ഡോട്ട് കോം, എസ്പാനിയോ ഇവന്റ്സ്, പ്രിയങ്ക ക്ലിയർ സ്റ്റൈൽ എന്നിവരുടെ നേതൃത്വത്തിലാണു കേരള ഫാഷൻ ലീഗ് ഒരുക്കിയത്.  

Your Rating: