Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനനമാസം പറയും നിങ്ങളുടെ രോഗം

birth-month

ജനിക്കുന്ന മാസവും രോഗവും തമ്മിലെന്തു ബന്ധമെന്ന് തോന്നുന്നുണ്ടാവുമല്ലേ? എന്നാൽ സംശയം വേണ്ട, ജനനമാസവും രോഗവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പുതിയ പഠനം. കൊളംബിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിനു പിന്നിൽ. ജനിച്ച മാസം നോക്കി ഭാവിയിൽ ഏതെല്ലാം അസുഖങ്ങളാണ് ബാധിക്കുക എന്ന് കണ്ടെത്താൻ സാധിക്കുമെന്നാണ് പഠനം പറയുന്നത്. അൽഗോരിതം ആധാരമാക്കി ന്യൂയോർക്ക് സിറ്റി മെഡിക്കൽ ഡാറ്റയിൽ നടത്തിയ പഠനത്തിലാണ് അമ്പത്തിയഞ്ചോളം ആളുകളിൽ ജനനമാസവും രോഗവും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയത്. അതിൽത്തന്നെ മെയ്മാസങ്ങളിൽ ജനിച്ചവർക്ക് ഭാവിയിൽ രോഗസാധ്യതകൾ കുറവായിരിക്കുമെന്നും എന്നാൽ ഒക്ടോബർ മാസത്തിൽ ജനിച്ചവർക്ക് അടിക്കടി അസുഖങ്ങൾ വരുമെന്നും പഠനം പറയുന്നു. ജേർണൽ ഓഫ് അമേരിക്കൻ മെഡിക്കൽ ഇൻഫോർമാറ്റിക്സ് അസോസിയേഷനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജനുവരിയിൽ ജനിക്കുന്നവർക്ക് ഹൈപ്പർടെൻഷൻ, ഫെബ്രുവരി മുതൽ ഏപ്രിൽ പകുതി വരെയുള്ള കാലത്ത് ജനിക്കുന്നവർക്ക് ഹൃദ്രോഗങ്ങൾ, ജൂൺ മുതൽ സെപ്തംബർ വരെയുള്ള സമ്മർ കാലത്ത് ജനിക്കുന്നവർക്ക് ആസ്തമയും കുറഞ്ഞ രോഗപ്രതിരോധ ശേഷിയും, ഒക്ടോബർ മാസത്തിൽ ജനിക്കുന്നവർക്ക് മാനസികാരോഗ്യക്കുറവും നവംബറിൽ ജനിക്കുന്നവർക്ക് വൈറൽ ഇൻഫെക്ഷനും ഡിസംബറിൽ ജനിക്കുന്നവർ ശ്വാസസസംബന്ധമായ രോഗങ്ങൾ എന്നിങ്ങനെയാണ് പഠനം പറയുന്നതത്. മാത്രമല്ല മാസങ്ങളുമായി ബന്ധപ്പെട്ട് ഒമ്പതു വിധത്തിലുള്ള ഹൃദ്രോഗങ്ങളും വരാൻ സാധ്യതയുണ്ടെന്നും പഠനത്തിൽ കണ്ടെത്തി.

Birth Month

ഇത്തരമൊരു കണ്ടെത്തൽ പുതിയ രോഗങ്ങളെ കണ്ടെത്തുന്നതിന് ശാസ്ത്രജ്ഞർക്കു സഹായകമായേക്കും. യുഎസിനകത്തും പുറത്തുമുള്ള സ്ഥലങ്ങളിലെ ഡാറ്റകൾ പരിശോധിച്ച് കാലാവസ്ഥയുടെയും പ്രകൃതി ഘടകങ്ങളുടെയും മാറ്റങ്ങൾക്കനുസരിച്ച് എങ്ങനെ രോഗസാധ്യതകൾ മാറുന്നുവെന്നും പഠനം നടത്തുന്നുണ്ട്. നേരത്തെ എഡിഎച്ച്ഡിയും ആസ്ത്മയും ജനനമാസവുമായി ബന്ധപ്പെട്ടിരിക്കുമെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ആഴത്തിലുള്ള പഠനങ്ങൾ ലഭ്യമായിരുന്നില്ല. അതേസമയം ജനനമാസവുമായി ബന്ധപ്പെട്ട് രോഗങ്ങൾ വരാൻ സാധ്യതയുണ്ടെങ്കിലും ഇക്കാര്യത്തിൽ അമിതമായി ആശങ്കപ്പെടാൻ ഇല്ലെന്നും ഗവേഷകർ അറിയിച്ചിട്ടുണ്ട്.