Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകനും കബാലിയും ഔട്ട്, ഇതാ സെൽഫി സ്റ്റാർ 2000!

Selfie 2000 രൂപ നോട്ടും പിടിച്ച് സെൽഫിയെടുക്കാനുള്ള ആരാധകരുടെ തിരക്ക് കണ്ടാൽ സമയമാം രഥത്തിൽ സ്വർഗയാത്ര തുടങ്ങിക്കഴിഞ്ഞ ആയിരം രൂപ നോട്ടു പോലും അറിയാതെ പറഞ്ഞു പോകും-രണ്ടായിരത്തിന്റെ ടൈം ബെസ്റ്റ് ടൈം..

ആദ്യഷോ കഴിഞ്ഞപ്പോഴേക്കും സൂപ്പർ ഹിറ്റായ സിനിമയിലെ പുതുമഖനായകനെപ്പോലെയാണിപ്പോൾ 2000 രൂപ നോട്ട്. അത്രയ്ക്കേറെയുണ്ട് ‘കക്ഷി’ക്ക് ആരാധകർ. കണ്ടാൽ അൽപം കളർ മാറിയെന്നേയുള്ളൂ. പഴയ 1000 രൂപ നോട്ടിന്റെയത്ര കനമോ നീളമോ വീതിയോ പോലുമില്ല. എന്നിട്ടും 2000 രൂപ നോട്ടും പിടിച്ച് സെൽഫിയെടുക്കാനുള്ള ആരാധകരുടെ തിരക്ക് കണ്ടാൽ സമയമാം രഥത്തിൽ സ്വർഗയാത്ര തുടങ്ങിക്കഴിഞ്ഞ ആയിരം രൂപ നോട്ടു പോലും അറിയാതെ പറഞ്ഞു പോകും-രണ്ടായിരത്തിന്റെ ടൈം ബെസ്റ്റ് ടൈം...

500, 1000 രൂപ നോട്ടുകൾ വേഷംമാറിയെത്തുന്നെന്ന വാർത്ത വന്നതിനു തൊട്ടുപുറകെത്തന്നെ പല സമൂഹമാധ്യമ ജ്യോതിഷികളും പ്രവചിച്ചിരുന്നു: ‘കണ്ടോ, വ്യാഴാഴ്ച നേരം വെളുക്കുമ്പോൾ മുതൽ ഫെയ്സ്ബുക്കിലും ട്വിറ്ററിലുമെല്ലാം പിങ്ക് വസന്തമായിരിക്കും...’ പറഞ്ഞതെന്തായാലും അച്ചട്ടായി. വ്യാഴാഴ്ച രാവിലെ മുതൽ ബാങ്കുകൾക്കെല്ലാം മുന്നിൽ വൻ ക്യൂ. കൈയ്യിലുള്ള 500, 1000 രൂപ നോട്ടുകൾ മാറ്റിവാങ്ങുകയാണ് എല്ലാവരുടെയും ലക്ഷ്യം. ‘ഡാ മോനേ ഈ കാശൊന്ന് ബാങ്കിലടച്ചേച്ചും വാടാ...’ എന്നു പറയുന്ന അമ്മയോട് ‘ഫൈവ് ഹണ്ട്രഡ് റുപീസ് തന്നാൽ അതിനെപ്പറ്റി വേണേൽ ആലോചിക്കാം..’ എന്നു വിരട്ടിയിരുന്ന ന്യൂജനറേഷൻ ഫ്രീക്ക്സ് ഉൾപ്പെടെയുണ്ടായിരുന്നു വരിയുടെ മുൻനിരയിൽ. ഇത്രയേറെ ഉത്തരവാദിത്തബോധമുള്ള ചെറുപ്പക്കാരോ ഈ നാട്ടിൽ എന്നാലോചിച്ച് കണ്ണുതള്ളും മുൻപേ ഈ കാത്തിരിപ്പിനു പിന്നിലെ സത്യം ഫെയ്സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമൊക്കെ പുറത്തെത്തി-സെൽഫികളുടെ രൂപത്തിൽ. എല്ലാവരുടെയും മുഖത്ത് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും രജനീകാന്തിന്റെയുമൊക്കെ ഒപ്പം നിന്ന് സെൽഫിയെടുക്കുമ്പോൾ അനുഭവിക്കുന്ന അതേ ആനന്ദം. പുലിമുരുകന്റെയും കബാലിയുടെയുമെല്ലാം ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ ടിക്കറ്റിനൊപ്പം സെൽഫിയെടുക്കുന്ന അതേ ആവേശം. 2000 രൂപ കിട്ടിയ ‘പ്രേക്ഷകർ’ മാത്രമല്ല ചലച്ചിത്രതാരങ്ങളും സംവിധായകരും വമ്പൻ കമ്പനി മുതലാളിമാരും വരെ ഒപ്പം നിന്ന് സെൽഫിയെടുത്തിരിക്കുന്ന കാഴ്ചയും കാണാം-ട്വിറ്ററിലും ഫെയ്സ്ബുക്കിലും #2000. #2000Rs, #Rs2000 തുടങ്ങിയ ഹാഷ്ടാഗുകളൊന്നു സേർച്ച് ചെയ്തു നോക്കിയാൽ മതി. ബാങ്കിലെ തിരക്ക് ബാക്ക്ഗ്രൗണ്ടാക്കിയെടുത്ത സെൽഫി മുതൽ വിമാനത്തിൽ നിന്നുവരെയെടുത്ത രൂപാസെൽഫിയുണ്ട് കൂട്ടത്തിൽ.

Selfie പുതിയ രണ്ടായിരം രൂപയുടെ നോട്ടുമായി സെൽഫിയെടുക്കുന്ന സംവിധായകൻ എബ്രിഡ് ഷൈൻ

പിങ്ക് എഫക്ട്!

ഫാഷൻ ലോകത്താണെങ്കിൽ പിങ്കിനെ യൗവനത്തിന്റെ നിറമെന്നാണു വിളിക്കുന്നത്. വനിതകളുമായി ബന്ധപ്പെടുത്തിയാണ് ‘പിങ്ക്’ എന്ന നിറത്തെപ്പറ്റി നമ്മളേറെ കേട്ടിട്ടുള്ളതും. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ കണ്ടെത്തി തടയുന്നതിന് കേരള പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തിയപ്പോൾ അതിന് പിങ്ക് പട്രോളിങ് എന്നായിരുന്നു പേര്. ഇങ്ങനെ ആകെമൊത്തം പിങ്കിനെ വനിതാവത്കരിച്ചിരിക്കെയാണ് അമിതാഭ് ബച്ചന്റെ വരവ്. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് സിനിമയുടെ പേര് ‘പിങ്ക്’ എന്നായിരുന്നു. കാശും കള്ളത്തെളിവും ഉപയോഗിച്ച് മായ്ച്ചു കളയാൻ ശ്രമിക്കുന്ന ഒരു പീഡനക്കേസിൽ പ്രതികൾക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കുന്ന അഭിഭാഷകനായിട്ടായിരുന്നു ബച്ചന്റെ ചിത്രത്തിലെ പ്രകടനം. എന്തായാലും പുതിയ കറൻസിക്ക് പിങ്ക് നിറമായതിന്റെ സന്തോഷത്തിൽ അദ്ദേഹവുമിട്ടു ഒരു ട്വീറ്റ്- the new 2000 rs note is PINK in colour ... the PINK effect..!!... എന്നായിരുന്നു അത്. കവി എന്താണുദ്ദേശിച്ചതെന്നു വ്യക്തമല്ല, എന്നാലും ഇരിക്കട്ടെ പിങ്കിനൊരു ക്രെഡിറ്റെന്ന മട്ടിലിട്ട ട്വീറ്റ് കയറിയങ്ങു ഹിറ്റായി. പെൺകുട്ടികളുടെ പ്രൊഫൈൽ ചിത്രങ്ങളിലും പലരും അഭിമാനത്തോടെ 2000 രൂപാ നോട്ടുയർത്തിപ്പിടിച്ച് പ്രഖ്യാപിക്കുന്നുണ്ട്-‘ഇതാ ഞങ്ങളുടെ സ്വന്തം നോട്ട്!!!’ അതിനിടയ്ക്കാണ് പിങ്ക് നോട്ടിന്റെ മറ്റൊരു കൗതുകമെത്തുന്നത്.

പിങ്ക് ഡോളറും പൗണ്ടും

പിങ്ക് നിറത്തിൽ വേറെ ഏതെങ്കിലും രാജ്യത്ത് കറൻസിയുണ്ടോയെന്ന കൗതുകത്തിൽ പലരും ഗൂഗിളിൽ പരതിയിരുന്നു. അപ്പോഴാണ് പിങ്ക് ഡോളറിന്റെയും പിങ്ക് പൗണ്ടിന്റെയും കഥയറിയുന്നത്. പക്ഷേ ഈ രണ്ടു കറൻസികളും ലോകത്ത് നിലവിലില്ല. എൽജിബിടി കമ്യൂണിറ്റിയുമായി ബന്ധപ്പെട്ടതാണിത്. പല രാജ്യങ്ങളിലെയും സ്വവർഗാനുരാഗികള്‍ക്കു മാത്രമായുള്ള ബിസിനസുകളുണ്ട്. കടകളും ഹോട്ടലുകളും നൈറ്റ്ക്ലബുകളും ടാക്സികളും എന്തിനേറെ പ്രത്യേകം ടൂറിസം പാക്കേജ് വരെ ഇതിലുൾപ്പെടും. ഇതുവഴി ലഭിക്കുന്ന വരുമാനത്തെ പൊതുവെ വിളിക്കുന്ന പേരാണ് പിങ്ക് മണി!!

Selfie പുതിയ 2000 രൂപ കിട്ടിയ ആവേശത്തിൽ സെൽഫിയെടുക്കുന്നവർ

ഇങ്ങനെയൊക്കെപ്പറയാമോ!

സംഗതി കള്ളപ്പണം വെളുപ്പിക്കാനും കള്ളനോട്ടടി ഇല്ലാതാക്കാനുമൊക്കെയായിരിക്കും എന്നുകരുതി കറന്‍സിയിൽ ഇങ്ങനെ അതിക്രമം കാണിക്കാൻ പാടുണ്ടോയെന്നാണ് ചിലർ ചോദിക്കുന്നത്. ഗാന്ധിജിയുടെ ചിത്രത്തിന് വന്ന സ്ഥാനഭ്രംശമാണ് പലരെയും ചൊടിപ്പിച്ചത്. 500, 2000 രൂപ നോട്ടിൽ ഗാന്ധിജി വശംതിരിഞ്ഞിരിക്കുന്നത് പുതിയ ദിശയിലേക്കായതോടെ ‘ഇതാദ്യമായി ഗാന്ധിജി പ്രൊഫൈൽ പിക് മാറ്റി’ എന്നായിരുന്നു ഏറെ പ്രചരിപ്പിക്കപ്പെട്ട തമാശ. മാത്രവുമല്ല പഴയ 1000 രൂപാനോട്ടിൽ ഡൽഹിയിലുള്ള ദണ്ഡിയാത്ര ശിൽപത്തിന്റെ ചിത്രമായിരുന്നു. പുതിയ നോട്ടിലാകട്ടെ മംഗൾയാന്റെ ചിത്രവും. ജിപിഎസും നാനോ ട്രാൻസ്മിറ്ററുമൊക്കെയുണ്ടെന്ന് പ്രചരിപ്പിക്കപ്പെട്ട പുതിയ കറൻസികൾക്ക് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സോളർ പാനലാണ് ആ മംഗൾയാനിലുള്ളതെന്ന് ഒരു വിരുതന്റെ കമന്റ്. സ്വച്ഛ്ഭാരത് എന്നെഴുതിയ ഒരു കണ്ണടയും 2000 രൂപ നോട്ടിന്റെ പിറകിലുണ്ട്. ഗാന്ധിജിയെ ഒഴിവാക്കി കണ്ണട മാത്രമാക്കിയത് ശരിയായില്ലെന്നു പറഞ്ഞുള്ള കമന്റുകളും ഏറെ. പക്ഷേ ഇങ്ങനെ രാഷ്ട്രപിതാവിനെ അപമാനിച്ചാൽ നിയമനടപടികൾ പിറകെ വരുമെന്നുള്ള ഭീഷണികളും കുറവല്ല നെറ്റ്‌ലോകത്ത്..!

Rupee കണ്ടിട്ട് കൊതിയാവ്ണൂ... കൊച്ചിയിലെ റിസർവ് ബാങ്ക് ഓഫിസിൽ പഴയകറൻസി നോട്ടുകൾ മാറി 2000 രൂപയുടെ പുതിയനേട്ടുമായി പുറത്തിറങ്ങിയ ആളെ നോക്കുന്ന വഴിയാത്രക്കാരൻ. ചിത്രം. ജോസ്കുട്ടി പനയ്ക്കൽ

ലുക്കൊക്കെയുണ്ട്, എന്നാലും!

കണ്ടാൽ ലുക്കൊക്കെയുണ്ടെങ്കിലും പലർക്കും 2000ത്തിന് അത്ര ‘കനമില്ലെന്ന’ പരാതിയുമുണ്ട്. ഇതെങ്ങാനും വെള്ളത്തിൽ വീണാൽ ബാക്കിവല്ലതും കിട്ടുമോ എന്ന സംശയക്കാരും ഏറെ. ലോട്ടറി ടിക്കറ്റാണെന്നു കരുതി പുതിയ നോട്ടെടുത്ത് മുത്തശ്ശി കത്തിച്ചു കളഞ്ഞ കോമഡിയും പറയുന്നുണ്ട് പലരും. എന്തായാലും ഒരു കാര്യം ഉറപ്പ്. ഇനി കൈയ്യിൽ കാശധികകാലം ഇരിക്കുമെന്നു തോന്നുന്നില്ല. ശമ്പളം കിട്ടുന്ന 1000 രൂപാനോട്ടുതന്നെ ഒന്നു ‘ചേഞ്ച്’ ആക്കിയെടുക്കാൻ പലർക്കും മടിയാണ്. പിന്നെ പടപടാ ചെലവായി പോകുെമന്നതാണു പ്രശ്നം. ഇനിയിപ്പോൾ 2000 രൂപാ ചേഞ്ച് ആക്കിയാൽ നഷ്ടം ഊഹിക്കാവുന്നതല്ലേയുള്ളൂ...അപ്പോഴാണ് പുതിയ വാർത്ത. അഞ്ചിന്റെയും പത്തിന്റെയും ഇരുപതിന്റെയും അൻപതിന്റെയും നൂറിന്റെയുമൊക്കെ പുതിയ കറൻസികളും അച്ചടിച്ചു വരാനിരിക്കുകയാണത്രേ! ഹൊ, നവജനം സെൽഫിയെടുത്ത് മടുക്കും...അക്കാര്യത്തിലൊരു തീരുമാനമായി.

ചിത്രങ്ങള്‍ക്കു കടപ്പാ‌ട്: ഫേസ്ബുക്

Your Rating: