Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10, 000 രൂപയുണ്ടോ കൈയ്യിൽ ? വ‍ജ്രം പതിച്ച കുഞ്ഞൊരു ലോക്കറ്റ് റെഡി!

x-default

ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയാണു ഡയമണ്ടിന്റെ കുഞ്ഞു തരികളും. മിന്നി മിന്നി കൊതിപ്പിക്കും. കൈ എത്തിപ്പിടിക്കാമെന്നു കരുതിയാൽ തെന്നി മാറും. ഉയരങ്ങളിലേക്ക്. ഇതു കേൾക്കുമ്പോൾ ചിലരെങ്കിലും നെറ്റി ചുളിക്കുന്നില്ലേ. അത്ര ഉയരത്തിലാണോ ഡയമണ്ട്? അല്ല എന്നു തീർത്തു പറയാം. കഴിഞ്ഞ വാലന്റയിൻ ദിനത്തിൽ ജ്വല്ലറിക്കാർ പ്രണയിനികൾക്കായി ഒരുക്കിയ ഡയമണ്ട് ആഭരണങ്ങളും സ്‌പെഷ്യൽ ഓഫറുകളും മാത്രം മതി ഡയമണ്ടിന് സാധാരണക്കാരുടെ ജീവിതത്തിലുള്ള സ്വാധീനം മനസിലാക്കാൻ.

ഒരു പവൻ സ്വർണം വാങ്ങുന്ന പണം കൊണ്ട് ഡയമണ്ട് ആഭരണം വാങ്ങാം. അല്ലെങ്കിൽ കല്യാണത്തിനു സ്വർണം വാങ്ങാൻ മാറ്റി വച്ച പണം കൊണ്ട് നെക്‌ലേസ്‌, കമ്മൽ, വള, മോതിരം സെറ്റ് വാങ്ങാം. വിവാഹവാർഷികം മുതൽ കാതുകുത്തിനു വരെ ഡയമണ്ട് സമ്മാനം കൊടുക്കുന്നതും ഇന്നു ട്രെൻഡ്. ഏതാണ്ട് അയ്യായിരം രൂപയ്‌ക്ക് കൊച്ചു വൈരക്കല്ലു പതിപ്പിച്ച മുക്കുത്തി വാങ്ങാം. വൈരക്കല്ലു തിളങ്ങുന്ന കുഞ്ഞൊരു ഹാർട്ട് ലോക്കറ്റ് നെഞ്ചോടു ചേർത്തിടണമെന്നുണ്ടോ. പതിനായിരം രൂപ മുടക്കിയാൽ മതി.

യുവാക്കൾ പെൻഡന്റ്, സ്‌റ്റഡ്, മൂക്കുത്തി തുടങ്ങിയവയൊക്കെ തേടി പോകുമ്പോൾ നവരത്ന മോതിരത്തിലാണ് മുതിർന്നവർക്കു താൽപര്യം. അതേസമയം വജ്രമോതിരത്തിൽ ലേസർ ഉപയോഗിച്ച് പേര് പതിപ്പിക്കുന്നതിനാലാണു വധൂവരന്മാർക്കു താൽപര്യം. വൈവിധ്യങ്ങളുടെ അമൂല്യനിധി ഒരുക്കി കൂടുതൽ ജനകീയമാവുകയാണ് ഡയമണ്ട്.

‘കട്ട്’ അതല്ലേ എല്ലാം

ഖനികളിലെ ഡയമണ്ട് കണ്ടാൽ ആരും തിരിഞ്ഞു പോലും നോക്കില്ല. അപകടത്തിൽപെടുന്ന ബസിന്റെ ചില്ല് പൊട്ടി കിടക്കുന്നതു പോലെയിരിക്കും റഫ് ഡയമണ്ട് കണ്ടാൽ. പോളിഷിങ്ങും കട്ടിങ്ങുമാണ് വജ്രത്തെ ശോഭയുള്ളതാക്കുന്നത്, ഒപ്പം വിലയുള്ളതാക്കുന്നതും. ഡയമണ്ടിന്റെ മാറ്റ് അറിയാൻ നാല് സി നോക്കിയാൽ മതി. കട്ട്, ക്ലാരിറ്റി , കളർ, കാരറ്റ് എന്നിവയാണു ഡയമണ്ടിന്റെ മൂല്യം നിർണയിക്കുന്നത്.

കട്ട്: കട്ടിലെ പ്രത്യേകത ഡയമണ്ടിന്റെ ഗുണനിലവാരം അളക്കുന്ന പ്രധാന ഘടകമാണ്. ഓരോ കട്ടും ഡയമണ്ടിനു കൊടുക്കുന്നത് ഓരോ ആകൃതിയാണ്. ഓരോന്നിനും വ്യത്യസ്‌ത വിലയും കൊടുക്കണം. റൗണ്ട് ബ്രില്യന്റ് എന്ന 57 കട്ടുള്ള ഷെയ്‌പ്പാണ് ഇതിൽ ഏറ്റവും വിലയുള്ളത്. താഴേക്കു കൂർത്തും മുകൾഭാഗത്ത് ഏതാണ്ട് വട്ടത്തിലും ഉള്ള ഇതിന്റെ രൂപമാകും വജ്രമെന്നു പറയുമ്പോൾ തന്നെ പലരുടെയും മനസ്സിലേക്കെത്തുക. ഹൃദയാകൃതിയിലുള്ള ഹാർട്ട്, സമചതുരാകൃതിയിലുള്ള പ്രിൻസസ്, ദീർഘ ചതുരാകൃതിയിലുള്ള റേഡിയന്റ്, തലയണ പോലെയുള്ള കുഷ്യൻ, ഓവൽ, രണ്ടറ്റവും അൽപം കൂർത്ത മാർക്വിസ്, മഴത്തുള്ളി പോലെയുള്ള പിയർ എന്നിവ സാധാരണയായി കണ്ടുവരുന്ന കട്ടുകളാണ്. ഒരു ആഭരണം ഒരേ ഷേപ്പിലുള്ള കല്ലുകൾകൊണ്ടു തീർത്തതാവാം. ചിലപ്പോൾ ഈ കട്ടുകളെല്ലാം വരാം. ഏതു കട്ടാണെങ്കിലും വെളിച്ചം കടക്കുമ്പോൾ നക്ഷത്രങ്ങൾ പോലെ മിന്നി മിന്നിത്തിളങ്ങും.

ക്ലാരിറ്റി: ഡയമണ്ടിന്റെ പരിശുദ്ധിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഖനിയിൽനിന്നു കിട്ടുന്ന ഡയമണ്ട് മാലിന്യങ്ങൾ (ഇൻക്ലൂഷൻ) ഒഴിവാക്കി ഓരോ കോണുകളായാണു കട്ട് ചെയ്യുക. പക്ഷേ എത്ര ഒഴിവാക്കിയാലും ചിലപ്പോൾ മാലിന്യങ്ങൾ കടന്നുകൂടും. മാലിന്യങ്ങളുടെ അളവ് കണക്കാക്കിയാണു പരിശുദ്ധി നിർണയിക്കുന്നത്. ഒരു പൊടി പോലും കണ്ടുപിടിക്കാനില്ലെങ്കിൽ അത് ഐഎഫ് (ഇന്റേണലി ഫ്ലോലെസ്) എന്ന വിഭാഗത്തിൽ പെടും. അതാണു ക്ലാരിറ്റിയിൽ മുൻപൻ. ഈ ഇനത്തിൽപ്പെടുന്ന വജ്രത്തിൽ ഒരു ചെറിയ തരി ഉണ്ടാവില്ല. വെരി വെരി സ്‌മോൾ ഇൻക്ലൂഷൻ (വിവിഐ), സ്‌മോൾ ഇൻക്ലൂഷൻ (എസ്‌ഐ) എന്നിങ്ങനെയാണു മറ്റിനങ്ങൾ.

കളർ: ഏറ്റവും ശുദ്ധമായ വജ്രം കളർലെസ് എന്നാണിത് അറിയപ്പെടുന്നത്. അതായത് പച്ചവെള്ളം പോലെ. പിന്നീടങ്ങോട്ട് അൽപം നിറം കൂടി ബ്രൗൺ ആയി മഞ്ഞ നിറം വരെയെത്തുന്നു. വജ്രത്തിലെ തരികളുടെ സാന്നിധ്യം കൂടുന്നതിനനുസരിച്ച് വെള്ള നിറം മാഞ്ഞുവരുന്നു. ചില വജ്രക്കല്ലുകൾ ചുവപ്പ്, നീല, പച്ച നിറങ്ങളിലും കിട്ടാറുണ്ട്. പ്രകൃതിദത്തമായി കിട്ടുന്നവയാണ് ഇവ.

കാരറ്റ്: വജ്രത്തിന്റെ വില നിർണയിക്കുന്നതിൽ പ്രധാന ഘടകം. വജ്രത്തിന്റെ ഭാരമാണ് കാരറ്റിലൂടെ പറയുന്നത്. ഒരു കാരറ്റെന്നാൽ 200 മില്ലി ഗ്രാം അല്ലെങ്കിൽ 100 സെന്റ്. ഭാരം കൂടുന്തോറും സ്വാഭാവികമായി വിലയും കൂടുന്നു. സ്വർണത്തിന്റെ കാര്യത്തിൽ കാരറ്റ് ഉപയോഗിക്കുന്നത് അതിന്റെ പ്യൂരിറ്റി പറയാനാണ്. ഭാരം കൂടുന്തോറും സ്വാഭാവികമായി വിലയും കൂടുന്നു.

ഗുണനിലവാര പരിശോധന

വജ്രത്തിന്റെ ഗുണനിലവാരം അളന്ന് വില നിർണയിക്കുന്നതിനു ധാരാളം സ്വതന്ത്ര സ്‌ഥാപനങ്ങളുണ്ട്. സാധാരണ വജ്രാഭരണം വാങ്ങിക്കുമ്പോൾ ജ്വല്ലറിക്കാർ നൽകുന്ന ഒരു സർട്ടിഫിക്കറ്റ് ഉണ്ടാവും. ഇന്റർനാഷനൽ ജെമ്മോളജിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ജെമ്മോളജിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക എന്നിവയിൽ ഏത് ആഭരണം പരിശോധിച്ചും സർട്ടിഫിക്കറ്റ് വാങ്ങാം. കട്ട്, കളർ, ക്ലാരിറ്റി, ഏകദേശ തൂക്കം എന്നിവ ഇതിൽ രേഖപ്പെടുത്തിയിരിക്കും. അതേസമയം ആഭരണമാക്കിയ ശേഷം നൽകുന്ന ഈ സർട്ടിഫിക്കറ്റിൽ ഡയമണ്ടിന്റെ ഏകദേശ തൂക്കമാണു നൽകുക. ആഭരണമാക്കും മുൻപേ കല്ലുകൾ തൂക്കി അവയുടെ കൃത്യമായ തൂക്കമാണ് ചില ജ്വല്ലറിക്കാർ നൽകുന്നത്. സർട്ടിഫിക്കറ്റിൽ കൃത്യമായ തൂക്കം ഉണ്ടെങ്കിൽ പിന്നീട് വിൽക്കുമ്പോൾ ഉടമയ്‌ക്കു നഷ്‌ടം വരില്ലെന്നാണ് ഇവരുടെ അവകാശം. കട്ട്, കളർ, ക്ലാരിറ്റി, കാരറ്റ് കൂടാതെ കല്ലുകളുടെ എണ്ണം, സ്വർണവില, ഡയമണ്ട് വില എന്നിവയും ഈ സർട്ടിഫിക്കറ്റിൽ ഉണ്ടാവുമെന്ന് കൊച്ചിയിലെ സണ്ണി ഡയമണ്ട്‌സ് ഉടമ സണ്ണി. ഇനി നിങ്ങൾ പണ്ട് വാങ്ങിയ ഡയമണ്ടിന് ഇങ്ങനെ ഒരു സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അത് ഇപ്പോൾ വാങ്ങിക്കാവുന്നതേയുള്ളു. പിന്നീട് വിൽക്കേണ്ടി വരുമ്പോൾ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ നിങ്ങൾ കബളിപ്പിക്കപ്പെടില്ല എന്നോർക്കുക. എത്ര ചെറിയ വജ്രാഭരണം വാങ്ങിയാലും സർട്ടിഫിക്കറ്റ് ലഭിക്കും. അതു നോക്കി വജ്രത്തിന്റെ ഗുണനിലവാരം പരിശോധിക്കാവുന്നതാണ്.

18 കാരറ്റിന്റെ മികവ്

മിക്കപ്പോഴും 18 കാരറ്റ് സ്വർണത്തിൽ വജ്രക്കല്ലുകൾ പിടിപ്പിച്ച ആഭരണങ്ങളാണ് സ്‌റ്റോറുകളിൽ കിട്ടുന്നത്. അതു കൂടുതൽ ദൃഢമായിരിക്കും. വൈറ്റ് ഗോൾഡിലും പ്ലാറ്റിനത്തിലും വജ്രക്കല്ലുകൾ പിടിപ്പിച്ചും ആഭരണങ്ങൾ ഇറങ്ങുന്നുണ്ട്. വൈറ്റ് ഗോൾഡിനു സ്വർണത്തിന്റെയത്രയേ വിലയുള്ളൂ, പ്ലാറ്റിനത്തിനു സ്വർണത്തേക്കാൾ മൂന്നിരട്ടി വില നൽകണം. ആഭരണങ്ങളിൽ ഒരൊറ്റ വജ്രക്കല്ലോ അല്ലെങ്കിൽ ഒട്ടേറെ വജ്രക്കല്ലുകൾ പിടിപ്പിച്ചോ കിട്ടും. ഇതിനു പുറമെ ഭാഗ്യരത്നങ്ങൾ പതിപ്പിച്ച മോതിരങ്ങളുണ്ട്. ഓരോ നക്ഷത്രക്കാർക്കും ഓരോ തരം രത്നങ്ങൾ പതിപ്പിച്ച മോതിരങ്ങളാണ്. നവരത്നങ്ങൾ പതിപ്പിച്ച മോതിരവുമുണ്ട്. അയ്യായിരം രൂപയിൽ തുടങ്ങിയെങ്കിലും ഡയമണ്ടിനെ അത്ര കുറച്ചു കാണേണ്ട. ലക്ഷങ്ങൾ മുതൽ നാലോ അഞ്ചോ കോടി രൂപ വരെ വിലയുള്ള ആഭരണങ്ങളുണ്ട്.

സ്വർണം പോലെയല്ല ഡയമണ്ടിന്റെ കാര്യം. ഇന്നു വാങ്ങി നാളെ വിറ്റാൽ ലാഭം കിട്ടിക്കൊള്ളണമെന്നില്ല. വാങ്ങിയ വില തന്നെ കിട്ടുമായിരിക്കും. അതും അതേ ആഭരണശാലയിൽത്തന്നെ വിറ്റാൽ. എന്നാൽ വർഷങ്ങൾക്കു ശേഷമാണ് വിൽക്കേണ്ടി വരുന്നതെങ്കിലോ? അപ്പോൾ നിങ്ങളുടെ കയ്യിലുള്ള വജ്രത്തിന് എത്രമൂല്യം വരുമെന്നു നിങ്ങൾ കൃത്യമായി മനസ്സിലാക്കണം. പൊതുവെ വജ്രം തലമുറകളിലേക്കു കൈമാറുന്ന അമൂല്യ വസ്‌തുവായാണ് പലരും കണക്കാക്കുന്നത്.

Your Rating: