Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയപാതയിലെ വീൽചെയർ

Rajalakshmi

ഒരു ജന്മം, രണ്ടു ജീവിതങ്ങൾ. ഒന്ന് സാധാരണ മനുഷ്യ സ്ത്രീയുടെയും, മറ്റൊന്ന് അംഗപരിമിതയുടെയും... ഇൗ ജീവിതം ഞാൻ ഏറെ ആസ്വദിക്കുന്നു, എന്റെ ജീവിതം എത്ര സുന്ദരമാണ്, ഞാൻ എത്ര അനുഗ്രഹിക്കപ്പെട്ടവളാണ്...

മനസ്സിൽ ആത്മവിശ്വാസത്തിന്റെ അഗ്നിയുള്ള ഒരാൾക്കു മാത്രം പറയാൻ കഴിയുന്ന വാക്കുകൾ. അതാണ് 29 വയസ്സുകാരിയായ എസ്.ജെ. രാജലക്ഷ്മിയെന്ന ദന്ത ഡോക്ടറെ വ്യത്യസ്തയാക്കുന്നതും. സന്തോഷം മാത്രം നിറഞ്ഞ ചുറ്റുപാടിൽ പൂമ്പാറ്റയെപ്പോലെ പാറിനടന്ന അവൾക്കു വിധി കാത്തുവച്ച സമ്മാനം കണ്ണീരായിരുന്നു. 2007ൽ അവൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതോടെ കഥ ആകെ മാറി. എല്ലാവർക്കും സന്തോഷം നൽകി ഓടിനടന്ന രാജലക്ഷ്മി അരയ്ക്കു താഴോട്ടു ചലനശേഷിയില്ലാത്തവളായി. കാലം മുന്നോട്ടുപോയി. വൈകല്യത്തെ കൂട്ടുപിടിച്ചു വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ അവൾ മുന്നോട്ടു പോയി, ഒത്തിരിദൂരം. ആ യാത്രയാണു രാജലക്ഷ്മിയെ വ്യത്യസ്തയാക്കുന്നതും.

വിധി വന്ന വഴി

2007ൽ ബിഡിഎസ് പരീക്ഷയിൽ ഏറ്റവും മാർക്കുവാങ്ങി സ്വർണ മെഡലുമായാണു ബെംഗളൂരു സ്വദേശി രാജലക്ഷ്മി വിജയിച്ചത്. ഇൗ നേട്ടം അവൾക്ക് ഇന്ത്യയിലെ വിദഗ്ധർ പങ്കെടുക്കുന്ന ദേശീയ ഡന്റൽ സെമിനാറിൽ പ്രഭാഷകയാകാനുള്ള അവസരം നൽകി. തമിഴ്നാട്ടിലെ വെല്ലൂരിലേക്കുള്ള ആ കാർ യാത്രയാണ് രാജലക്ഷ്മിയുടെ ജീവിതം തകിടംമറിച്ചത്. അപ്രതീക്ഷിതമായി ദൗർഭാഗ്യം അപകടത്തിന്റെ രൂപത്തിലെത്തി. ട്രക്കിൽ കാറിടിച്ചുണ്ടായ അപകടത്തിന്റെ ആഘാതം രാജലക്ഷ്മിയുടെ സുഷുമ്ന നാഡിയെ ബാധിച്ചു. അരയ്ക്കു താഴോട്ട് ചലനശേഷി നഷ്ടപ്പെട്ടു. നാളുകൾ നീണ്ട ആശുപത്രിവാസം അവളെ ശരിക്കും തളർത്തിക്കളഞ്ഞു. എല്ലാ കരുതലുമായി കുടുംബം കൂടെനിന്നു. പക്ഷേ, പുറത്തുനിന്നുള്ളവരുടെ പ്രതികരണം അവളെ കൂടുതൽ വിഷമത്തിലാക്കി. സ്നേഹവും കരുതലും നൽകുന്നതിനു പകരം സഹതാപ വാക്കുകൾക്കൊണ്ടു പൊതിയാനായിരുന്നു അവർക്കു തിടുക്കം. രാജലക്ഷ്മിക്കു കൈത്താങ്ങാകാൻ അവരിൽ ആരുമുണ്ടായിരുന്നില്ല... അപകടത്തിൽപ്പെട്ടു രോഗക്കിടക്കയിൽ കഴിയുന്നവരെ ആശ്വസിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല, അവരുടെ ആത്മവിശ്വാസം തകർക്കുന്ന വാക്കുകൾ പറയാതിരിക്കുന്നതാണ് അവർക്കായി ചെയ്യാവുന്ന ഏറ്റവും വലിയ ഉപകാരമെന്നു തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ രാജലക്ഷ്മി പറയുന്നു.

പിച്ചവച്ച് വീണ്ടും

അപകടമുണ്ടായി ആറുമാസത്തിനുശേഷമാണു രാജലക്ഷ്മിക്കു തനിയെ പിടിച്ച് എഴുന്നേറ്റ് ഇരിക്കാനെങ്കിലും കഴിഞ്ഞത്. വീൽ ചെയർ ഉപയോഗിക്കില്ലെന്നായിരുന്നു അവളുടെ തീരുമാനം. എല്ലാവരും നിർബന്ധിച്ചെങ്കിലും തീരുമാനം മാറ്റാൻ തയാറല്ലായിരുന്നു. ദിവസങ്ങൾ കടന്നുപോയി. അവളുടെ ജീവിതം വീടിനുള്ളിൽ ഒതുങ്ങി. സ്വന്തമായി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. തന്റെ ലോകം ആ വീടിന്റെ ഭിത്തികൾക്കുള്ളിലേക്കു ചുരുങ്ങുന്നതായി അവൾക്കു തോന്നിത്തുടങ്ങി. വീടിനു പുറത്തിറങ്ങിയില്ലെങ്കിൽ തന്റെ സ്വപ്നങ്ങൾ തന്നോടൊപ്പം ഒതുങ്ങുമെന്നും മനസ്സിലാക്കി. വീൽചെയർ ഉപയോഗിക്കാതെ സ്വപ്നങ്ങളുടെ അതിരുകൾ താണ്ടാൻ കഴിയില്ലെന്ന് അവൾ അറിഞ്ഞു. വീൽചെയർ ഉപയോഗിക്കാൻ അവൾ തീരുമാനിച്ചു. ‘വീൽ ചെയർ ഉപയോഗിക്കില്ലെന്ന പിടിവാശി ഞാൻ ഉപേക്ഷിച്ചു. അല്ലെങ്കിൽ ആരുമറിയാത്ത ഒരാളെപ്പോലെ വീടിനുള്ളിൽ നിരാശബാധിച്ചു കഴിഞ്ഞുകൂടേണ്ടി വന്നേനെ. ലോകം കാണാനും ജീവിതത്തിൽ വിജയിക്കാനും ഇൗ വീൽ ചെയർ വഹിച്ച പങ്കു ചെറുതല്ല. ഇന്ന് എന്റെ ഏറ്റവുമടുത്ത ചങ്ങാതിയാണു വീൽ ചെയർ’– രാജലക്ഷ്മി പറയുന്നു.

പഠനവും പോരാട്ടവും

അപകടത്തിന്റെ ആഘാതത്തിൽനിന്നു മോചിതയായി വരികയെന്നത് അത്ര എളുപ്പമായിരുന്നില്ല. ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിലും വെറുതെയിരിക്കാൻ ഒരുക്കമല്ലായിരുന്നു. പഠനം തുടരാൻ തീരുമാനിച്ചു. ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ എടുത്തു. തുടർന്ന് എംഎസ്‌സി സൈക്കോളജിക്കു റജിസ്റ്റർ ചെയ്തു. എംസിഎസ് പഠിക്കാൻ ബെംഗളൂരു ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചേർന്നു. വളരെയേറെ ബുദ്ധിമുട്ടിയശേഷമാണ് അവിടെ പ്രവേശനം ലഭിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അംഗപരിമിതർക്ക് മൂന്നു ശതമാനം സംവരണം നൽകണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ, മിക്കയിടത്തും അതു നടപ്പാക്കാറില്ല. ഇതിനെതിരെ കോടതിയിൽ കയറാനും രാജലക്ഷ്മി മടിച്ചില്ല. ഒടുവിൽ അനുകൂല വിധി നേടിയാണ് പ്രവേശനം ലഭിച്ചത്. എംഡി പരീക്ഷയിൽ കർണാടകയിൽ ഏറ്റവും കൂടുതൽ മാർക്കുവാങ്ങി വിജയിച്ചു.

ഡോക്ടറുടെ സേവനം

സർക്കാർ സംവിധാനത്തിൽ ദന്ത ഡോക്ടറായി ജോലി ചെയ്യണമെന്നായിരുന്നു രാജലക്ഷ്മിയുടെ ആഗ്രഹം. എന്നാൽ, നിയമപരമായ കടമ്പകൾ അതു വിലക്കി. സ്വന്തമായി ദന്താശുപത്രി തുടങ്ങിയാണ് രാജലക്ഷ്മി പ്രതികരിച്ചത്. ഡോക്ടർമാരായ മാതാപിതാക്കളുടെ സേവന പ്രവർത്തനങ്ങളാണു രാജലക്ഷ്മിയെ ആ വഴിയേ നടക്കാൻ പ്രേരിപ്പിച്ചത്. വീട്ടിൽത്തന്നെ ആശുപത്രി നടത്തിയിരുന്ന അവരെക്കാണാൻ എത്തിയിരുന്ന രോഗികളുടെ ദൈന്യതയും നല്ല ചികിൽസയും കരുതലും ലഭിക്കുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷവും രാജലക്ഷ്മിക്കു ഡോക്ടറാകണമെന്ന ആഗ്രഹത്തിന് വളമേകി. പത്താമത്തെ വയസ്സിൽ അച്ഛൻ ഡോ. ജനാർദൻ മൂർത്തി മരിച്ചു. പിന്നീട് അമ്മ ഡോ. ശോഭയുടെ തണലിലാണു രാജലക്ഷ്മി വളർന്നത്. സൗത്ത് ബെംഗളൂരുവിലെ ശ്രീനഗറിലെ ക്ലിനിക്കിൽ പാവപ്പെട്ടവർക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും പ്രത്യേക ഇളവുകളുണ്ട്. അവർക്കായി വളരെ കുറഞ്ഞ ചെലവിൽ ഏറ്റവും മികച്ച സേവനം നൽകാൻ രാജലക്ഷ്മി പരിശ്രമിക്കുന്നു.

സൗന്ദര്യം സാക്ഷാൽക്കാരം

ഡോക്ടറാകണമെന്ന ആഗ്രഹത്തിനൊപ്പം മറ്റൊരാഗ്രഹം കൂടി രാജലക്ഷ്മി മനസ്സിൽ കൂട്ടിയിരുന്നു. മോഡലിങ്ങിൽ നല്ലൊരു ഭാവി. അപകടത്തിന്റെ രൂപത്തിൽ വിധി ശരീരത്തെ തളർത്തിക്കളഞ്ഞിട്ടും ആ സ്വപ്നം പൊലിഞ്ഞുപോയിരുന്നില്ല. പഠനങ്ങൾക്കു ചെറിയ ഇടവേള നൽകി ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ എടുക്കാനുള്ള കാരണം അതാണ്. മുംബൈയിൽവച്ച് കഴിഞ്ഞ വർഷം നടന്ന മിസ് വീൽചെയർ മൽസരത്തിൽ പങ്കെടുക്കാൻ രാജലക്ഷ്മിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 250 പേർ പങ്കെടുത്ത മൽസരത്തിൽ സൗന്ദര്യറാണി പട്ടം നേടിയാണു രാജലക്ഷ്മി വിജയിച്ചത്. ഇൗ വർഷത്തെ മിസ് വീൽചെയർ മൽസരം ഡിസംബറിൽ ബെംഗളൂരുവിൽ നടക്കുമ്പോൾ മുഖ്യസംഘാടകയുടെ റോളിലാണു രാജലക്ഷ്മി.

തളരാതെ മുന്നോട്ട്

തനിക്കിനി ഒരിക്കലും എഴുന്നേറ്റു നിൽക്കാൻ കഴിയില്ലെന്നു രാജക്ഷ്മിക്ക് നന്നായി അറിയാം. പക്ഷേ, അതെന്നും ആ നിശ്ചയദാർഢ്യത്തെ തളർത്തുന്നില്ല. ഫിസിയോതെറപ്പിയുടെ ഫലത്തിൽ രാജലക്ഷ്മി ഇന്നു പൂർണ സ്വതന്ത്രയാണ്. കാർ ഓടിക്കാൻ വരെ രാജലക്ഷ്മിക്ക് ഇപ്പോൾ സാധിക്കും. യാത്രകളാണ് രാജലക്ഷ്മിയുടെ വിനോദം. കാറിൽ ഇന്ത്യയിലെങ്ങും കറങ്ങണമെന്നാണ് ആഗ്രഹം. പല സംസ്ഥാനങ്ങളും കണ്ടു കഴിഞ്ഞു. ഒട്ടേറെ വിദേശ യാത്രകളും രാജലക്ഷ്മി നടത്തിയിട്ടുണ്ട്. ഇനിയൊരു ജന്മമുണ്ടെങ്കിൽ ആരായി ജനിക്കാനാണ് ഇഷ്ടം, മിസ് വീൽചെയർ മൽസരത്തിൽ രാജലക്ഷ്മിയോടുള്ള ചോദ്യമായിരുന്നു. ഒട്ടും സങ്കോചമില്ലാതെയായിരുന്നു ഉത്തരം. എനിക്ക് ഇനിയും ഞാനായിത്തന്നെ ജനിക്കണം. കാരണം അംഗപരിമിതയെന്നത് എന്നെ ഒട്ടും അലട്ടുന്നില്ല. ആ അവസ്ഥയാണ് എന്നെ ഞാനാക്കി മാറ്റിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.