Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടുകാർ ആഹാരപ്രിയരാണെങ്കിൽ നിങ്ങൾക്കും വണ്ണം കൂടും

water-melon

നിങ്ങളുടെ കൂട്ടുകാർ ഭയങ്കര തീറ്റക്കാരാണോ? അതോ വളരെ കുറച്ചു മാത്രം ഭക്ഷണം കഴിക്കുന്നവരാണോ? മെൽബണിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിൽ നടന്ന പഠനം പറയുന്നത് കൂട്ടുകാരുടെ ഭക്ഷണശീലത്തിനു നിങ്ങളുടെ അമിതവണ്ണത്തിന്റെ കാര്യത്തിൽ നിർണായകമായ പങ്കുണ്ടെന്നാണ്. നേരിട്ടു ബന്ധമില്ലെങ്കിലും മാനസികമായി ഇതു നിങ്ങളുടെ ആഹാരരീതിയെ സ്വാധീനിക്കുമത്രേ.

അതായത്, നിങ്ങളുടെ കൂട്ടുകാർ അൽപാഹാരം കഴിക്കുന്നവരാണെങ്കിൽ നിങ്ങളും അവരെപോലെ അൽപം മാത്രം ഭക്ഷണം കഴിക്കുന്ന ശീലം തുടങ്ങുകയും ക്രമേണ നിങ്ങളുടെ അമിതവണ്ണം കുറയുകയും ചെയ്യുമെന്നാണ് സർവകലാശാലയിലെ ഗവേഷകർ അഭിപ്രായപ്പെടുന്നത്. റസ്റ്ററന്റിലും കോഫീഷോപ്പിലും മണിക്കൂറുകൾ ചെലവഴിക്കുന്ന പല ചെറുപ്പക്കാരും ഭക്ഷണം കഴിക്കുന്നത് കൂടെയുള്ളവർക്കു ഒരു കമ്പനി നൽകാമല്ലോ എന്നു കരുതിയാണ്. ആവശ്യത്തിൽ കൂടുതൽ ഭക്ഷണം അകത്തു ചെല്ലാൻ ഇതു കാരണമാകുന്നു.

ഇത്തരക്കാർ ദീർഘ സംഭാഷണങ്ങളും ചർച്ചകളും പരദൂഷണങ്ങളുമൊക്കെ നടത്തുന്നത് റസ്റ്റന്റിലെ ആവി പറക്കുന്ന തീൻമേശയ്ക്കു മുന്നിലിരുന്നുകൊണ്ടായിരിക്കും. സംസാരം കത്തിക്കയറുന്നതിനനുസരിച്ച് അകത്താക്കുന്ന ഭക്ഷണത്തിന്റെ അളവ് മറക്കുകയും ചെയ്യും. കൂടെയുള്ളവർ കഴിച്ചു തീരും വരെ നമ്മളും കഴിച്ചുകൊണ്ടേയിരിക്കും. എന്താ ശരിയല്ലേ? ഈ പ്രവണത പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ആണത്രേ കൂടുതലായി കണ്ടുവരുന്നത്.