Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേക്ക് മോഷ്ടിച്ചു, എൻജിനീയർമാരുടെ പണി പോയി!

alibaba ചൈനയിലെ മിഡ് ഓട്ടം ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള പരമ്പരാഗത പലഹാരമാണ് മൂൺകേക്ക്. ആലിബാബയുടെ ഇന്റേണൽ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു 100 ബോക്‌സ് മൂൺകേക്ക് അടിച്ചു മാറ്റിയതിനാണ് പണി പോയത്. ചിത്രത്തിന് കടപ്പാട്- ഫെയ്‌സ്ബുക്ക്

ഇ കൊമേഴ്‌സ് രംഗത്തെ ഭീമൻ കമ്പനിയാണ് ആലിബാബ ഡോട് കോം. ലോകത്തെ തന്നെ മികച്ചവയിലൊന്നാണ് ഈ ചൈനീസ് കമ്പനി. അങ്ങനെയുള്ള കമ്പനി അടുത്തിടെ നാലു ജീവനക്കാരെ പറഞ്ഞു വിട്ടിരിക്കുകയാണ്. പണി മോശമായതുകൊണ്ടാണെന്നു കരുതിയെങ്കിൽ തെറ്റി. കേക്ക് മോഷ്ടിച്ചതിനാണ് നാല് സോഫ്റ്റ് വെയർ എൻജിനീയർമാരുടെ പണി പോയത്. 

മോഷ്ടിച്ചത് സാദാ കേക്കൊന്നുമല്ല, വിശേഷപ്പെട്ട മൂൺ കേക്കാണ്. ചൈനയിലെ മിഡ് ഓട്ടം ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള പരമ്പരാഗത പലഹാരമാണ് മൂൺകേക്ക്. എല്ലാ ജീവനക്കാർക്കും ആലിബാബ ഒരു ബോക്സ് കേക്ക് അവധിദിന സമ്മാനമായി നൽകുകയും ചെയ്തു. ആർക്കെങ്കിലും അധികം വേണമെങ്കിൽ 59 യുവാൻ കൊടുത്ത് ഒരു ബോക്‌സ് വാങ്ങാൻ കമ്പനി അവസരവും ഒരുക്കി.

moon-cakes ചിത്രത്തിന് കടപ്പാട്- ഫെയ്‌സ്ബുക്ക്

എൻജിനീയർമാർ പക്ഷേ എളുപ്പപ്പണിയാണ് നോക്കിയത്. ആലിബാബയുടെ ഇന്റേണൽ വെബ്‌സൈറ്റ് അങ്ങ് ഹാക്ക് ചെയ്തു. ഒരു പുതിയ പ്രോഗ്രാം കടത്തിവിട്ട് 100 ബോക്‌സ് മൂൺകേക്ക് അടിച്ചു മാറ്റി. പക്ഷേ കട്ടതു തിന്നാൻ നേരം കിട്ടും മുൻപു തന്നെ കള്ളി വെളിച്ചത്തായി. നാലിന്റേയും പണി പോയിക്കിട്ടി.  സംഗതി വളരെ ദൗർഭാഗ്യകരമായിപ്പോയെന്നും പുറത്താക്കപ്പെട്ടവർക്കെല്ലാം നല്ലൊരു ഭാവി നേരുന്നുവെന്നും പറഞ്ഞ് ആലിബാബ പ്രസ്താവനയും ഇറക്കി. ആരുടെയും പേരുവിവരങ്ങൾ വെളിപ്പെടുത്താതെയായിരുന്നു പ്രസ്താവന.

ഏതായാലും ആശംസ വെറുതെയാകുന്ന ലക്ഷണമില്ല. ചൈനീസ് സോഷ്യൽ മീഡിയ സംഭവം ഏറ്റെടുത്തു. എല്ലാവരും എൻജിനീയർമാരുടെ പക്ഷത്തായിരുന്നുവെന്നതാണു കൗതുകം. മറ്റു കമ്പനികൾ ഇപ്പോൾ ഇവർക്ക് ജോലി വാഗ്ദാനം ചെയ്തു മുന്നോട്ടു വന്നിരിക്കുകയാണ്. ആലിബാബയുടെ മുഖ്യശത്രുക്കളായ ജെഡിയിൽനിന്നുവരെ ഓഫറുണ്ട്. 

‘കംപ്യൂട്ടർ എൻജിനീയർമാർ അൽപം അസാധാരണ സ്വഭാവമൊക്കെ കാണിക്കും. ഇവർ സാങ്കേതിക വിദ്യകൊണ്ട് ദോഷമൊന്നുമുണ്ടാക്കിയില്ലല്ലോ’ ബെയ്ജിങ്ങിലെ ഒരു ആന്റി വൈറസ് കമ്പനി മാനേജർ ലിൻ വേയുടെ അഭിപ്രായമിതാണ്. വിവരമറിഞ്ഞയുടൻ ജോലി വാഗ്ദാനം ചെയ്യാനും ലിൻ മറന്നില്ല. കാര്യമെന്തായാലും കേക്കുകൊതികൊണ്ട് ജീവിതം മാറുന്നതിന്റെ അമ്പരപ്പിലാകും എൻജിനീയർമാർ.

Your Rating: