Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും ഷോ അല്ല ഷോ ബിസിനസ്, ഞെട്ടിക്കൽസ്...

event-management

ഞെട്ടൽ വിറ്റ് ഞെട്ടിക്കുന്ന കാശ് വാങ്ങുന്നവരാണ് ഷോ ബിസിനസ് രംഗത്തുള്ളവർ. ബെർത്ഡേ തീം ഒരുക്കുന്നവരും ഫാഷൻ ഷോ നടത്തുന്നവരും സ്റ്റേജ് സംവിധാനം ചെയ്യുന്നവരും മുതൽ പ്രൈവറ്റ് മീറ്റിങ്, ഒഫിഷ്യൽ കോൺഫറൻസുകൾ, മാജിക് ഷോ , ഗെയിം ഷോ എന്നിവയൊക്കെ ഒരുക്കുന്നവരും വരെ യഥാർഥത്തിൽ ഉന്നം വയ്ക്കുന്നത് ഗെസ്റ്റുകളുടെ ഞെട്ടലാണ്. അനന്യ വിസ്മയം വിരുന്നുകാരിൽ തീർക്കുന്ന ആഹ്ലാദത്തിൽ നിന്നുദ്ഭവിക്കുന്ന ഞെട്ടൽ. സ്കിൽഡ് മാൻപവർ സപ്ലൈ ആണ് ഇവന്റ് മാനേജ്മെന്റ് രംഗത്തെ യഥാർഥ വിപ്ലവം.

ഡിജെ ഇവന്റ് ഒരുക്കുന്നവരും വിവാഹവേദിയിലേക്ക് ആങ്കർമാരെ വിടുന്നവരും യഥാർഥത്തിൽ മേഖലയിലെ അതിവിദഗ്ധരെയാണ് വിട്ടുകൊടുക്കുന്നത്, മാലോകരെ ആനന്ദിപ്പിക്കാൻ, ചിന്തിപ്പിക്കാൻ.. കോർപറേറ്റ് ഇവന്റ് സംഘടിപ്പിക്കുന്നവർ ആവശ്യപ്പെടുന്നത് ഹൈടെക് ഓഡിയോ വിഷ്വൽ അറേജ്മെന്റ് ചെയ്യുന്ന മിടുക്കരെയാണ്. ബെർത്ഡേ പാർട്ടി ഒരുക്കുന്നവർക്ക് വേണ്ടത് തീം ബേസ്ഡ് പാർട്ടി ഒരുക്കുന്നവരെയും കുട്ടികൾക്കായി ഗെയിം പ്ലാൻ തയാറാക്കുന്നവരെയുമാണ്. വിവാഹം കേവലം വേദിയൊരുക്കുന്നതിലോ റിട്ടേൺ ഗിഫ്റ്റ് തയാറാക്കുന്നതിലോ ഒതുങ്ങുന്നില്ല. അവിടെ വേണ്ടത് ബ്രൈഡ്സ്മെയ്ഡ്സ് മുതൽ കരോക്കെ സിംഗേഴ്സ് വരെയുള്ള കലാകാരൻമാരെ.

പ്രൈവറ്റ് ഗെറ്റ് ടുഗെദർ

കൂട്ടുകൂടിയിരുന്നു പഴയ അമളികൾ അയവിറക്കുന്ന ഗെറ്റ് ടുഗെദർ ഹൈ എൻഡ് ആയത് ബിസിനസ് ക്ലാസിനിടയിലാണ്. ഗെറ്റ് ടുഗെദറിനെത്തുന്നവർക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഒരുക്കുന്നത് മുതൽ ഗതകാല സ്മരണകൾ സർപ്രൈസ് ആയി കാണിക്കുന്ന വിഡിയോ ഫ്ലാഷ് ചെയ്യുന്നതുവരെ മാനേജ്മെന്റ് ഏജൻസികളുടെ ചുമതലയാണ്. സ്വകാര്യത ഒട്ടും ചോരാതെ ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യാൻ ദിവസങ്ങൾ നീളുന്ന കൂടിയാലോചനകൾ ഇവർ സംഘാടകരുമായി നടത്തുന്നു. ഒത്തുകൂടുന്നവരുടെ പഠനകാല, കുട്ടിക്കാല ഫൊട്ടോഗ്രാഫുകൾ മുതൽ മറവിയിലെവിടെയോ പോയ്മറഞ്ഞ ഇഷ്ടഡയലോഗോ മധുരസംഭവമോ ഒക്കെ വിഡിയോ ആയും മൊബൈൽ സ്ട്രീമിങ് ആയും കാട്ടിക്കളയും ഇവർ. അടുപ്പക്കാരന്റെ/ കാരിയുടെ മാസ്ക് ധരിച്ച അൻപതോ നൂറോ ആളുകളെ വേണമെങ്കിൽ അറേഞ്ച് ചെയ്ത് സംഭ്രമജനകമായ അവസ്ഥ സൃഷ്ടിക്കാനും ഇവർ റെഡി. മുൻകൂട്ടി ബുക്ക് ചെയ്ത റിസോർട്ടുകളിൽ മാത്രമല്ല ഫ്ലാഷ് മോബ് ശൈലിയിൽ മാളുകളിലോ റസ്റ്റോറന്റുകളിലോ ഇത്തരം സർപൈസ് ഒരുക്കാനും ആളെ കിട്ടും.

തീം ബർത്ഡേ

ഡിസ്നിലാൻഡ്, ആംഗ്രി ബേർഡ്, ബാർബി, ലയൺ കിങ് , ബീച്ച്, ജംഗിൾ തുടങ്ങിയ തീമുകളിലൊക്കെ പാർട്ടിയൊരുക്കി കുഞ്ഞുങ്ങളുടെ ബെർത് ഡേ വൻസംഭവമാക്കുന്നത് ഷോ ബിസ് രംഗത്തെ ഏറ്റവും ചെലവേറിയ ശാഖയാണ്. എത്ര വേണമെങ്കിലും മുടക്കാൻ മാതാപിതാക്കൾ മടിക്കില്ല എന്നതാണു കാരണം. ബെർത്ഡേ പാർട്ടികളുടെ ആങ്കർമാർക്ക് പ്രസംഗപാടവം മാത്രം പോരാ, കുട്ടികളെ കയ്യിലെടുക്കാനും മടുപ്പിക്കാതെ അവരെ കളിപ്പിക്കാനുമുള്ള മിടുക്കും വേണം. ഒട്ടും സങ്കീർണമല്ലാത്ത, എന്നാൽ നിസ്സാരമെന്ന് തോന്നിപ്പിക്കാത്ത കളികളും ക്വിസും കുട്ടികൾക്കായി ഒരുക്കണം. കുഞ്ഞിന്റെ പ്രത്യേകതകൾ, ഇഷ്ടാനിഷ്ടങ്ങൾ എന്നിവ സ്നിപ്പെറ്റുകളായോ കാർഡുകളായോ വിരുന്നുകാർക്കെത്തിക്കണം, കുഞ്ഞിന്റെയും കുടുംബത്തിന്റെയും സന്തോഷനിമിഷങ്ങൾ വിഡിയോ ആയി പ്രസന്റ് ചെയ്യണം, കുഞ്ഞിനായി സ്റ്റേജിൽത്തന്നെ തൊട്ടിലൊരുക്കണം, അതിൽ പ്ലേ ഏരിയ വേണം എന്നിങ്ങനെ പല അധികചുമതലകളും ബെർത്ഡേ പ്ലാനേഴ്സിന്റെ ചുമലിലുണ്ട്. ഏറ്റവും വിശേഷം കേക്ക് ഒരുക്കലാണ്. കുട്ടിയുടെ മനസ്സിലെ ഇഷ്ടരൂപങ്ങളോ കഥാപാത്രങ്ങളോ കേക്ക് ആയി അവരിപ്പിക്കുമ്പോൾ കാണികൾക്കായി കൊടുക്കുന്നത് പാൽക്കുപ്പിയുടെ ആകൃതിയുള്ള കപ്പ് കേക്ക് ആകാം. ഭാവനയുടെ അനന്തസാധ്യതകളുണ്ടിതിൽ.

സർപ്രൈസ് പ്ലാനിങ് ഗിഫ്റ്റുകൾ / സർപ്രൈസുകൾ എന്നിവ വരുന്ന വഴിയേതെന്ന് ഊഹിക്കാൻ പോലുമാകാതെ പ്ലാൻ ചെയ്യുകയാണ് വേറൊരു വിഭാഗം ബിസിനസിന്റെ ലക്ഷ്യം. വൗ മേക്കേഴ്സ് എന്ന് മൊത്തത്തിൽ പറയാം. ‘കൂട്ടുകാരൻ ഇപ്പോൾ ടെക്സസിലാണ്. വർഷങ്ങളായി അവനെക്കുറിച്ച് കോൺടാക്ടില്ല, ഇപ്പോഴാണ് അഡ്രസ് ലഭിച്ചത്, അവനെക്കുറിച്ചുള്ള ബാല്യകാല വിവരങ്ങൾ ഇതൊക്കെയാണ്, അവനിഷ്ടം ഇന്നതൊക്കെയാണ്, അവനെ വൈകാരികമായി ഓർക്കുന്ന ഞാൻ ഇങ്ങനെയാണ് അവനുമായി ബന്ധപ്പെട്ടിരിക്കുന്നത് ’എന്നൊക്കെയുള്ള ഡീറ്റെയിൽസ് കൊടുത്താൽ സർപ്രൈസ് പ്ലാനേഴ്സ് കൃത്യമായി അയാൾക്കിഷ്ടപ്പെട്ട സമ്മാനം സർപ്രൈസ് കത്ത് സഹിതം നാടകീയ മുഹൂർത്തത്തിൽ ടെക്സസിൽ എത്തിച്ചിരിക്കും. ഗിഫ്റ്റ് സാധനങ്ങളായി തന്നെയാകണം എന്നില്ല. കാൻഡിൽ ലൈറ്റ് ഡിന്നർ ആയോ മ്യൂസിക് ആൽബമായോ സ്വൽപം തരികിട സമ്മാനിക്കുന്ന രീതിയിൽ ‘പ്രാങ്ക്സ്’ ആയോ സമ്മാനം ഒരുക്കാം.

ചിയർ മേക്കിങ്

ഇവന്റുകൾക്ക് ഡാൻസ് പാർട്ടി ഒരുക്കുന്നവർ മുതൽ കല്യാണങ്ങൾക്ക് ഒരേ നിറത്തിൽ വസ്ത്രമണിഞ്ഞ് പഞ്ചാബി ഡാൻസ് കളിക്കുന്നവർ വരെ ചിയർമേക്കേഴ്സിൽ പെടും. മാജിക്കും അന്താക്ഷരി പോലുള്ള മൽസരങ്ങൾ കരോക്കെ വച്ച് നടത്തുന്നവരുമെല്ലാം ഈ വകുപ്പിലാണ്. മെഗാ ഇവന്റുകളുടെ ഡാൻസ് പാർട്ടികൾ പ്രഫഷനൽ ഗ്രൂപ്പുകളാണ്. ഇവരുമായി കരാർ ഉണ്ടാക്കുകയാണ് ഷോ ബിസ് രംഗത്തുള്ളവർ ചെയ്യുന്നത്. ഗ്രൂം ചെയ്തെടുത്ത ആർട്ടിസ്റ്റുകളെ ചിയറിങ് അപ്പിനായി അയയ്ക്കുന്നവരും ഉണ്ട്. വിവാഹത്തിന് ബ്രൈഡ്സ്മെയ്ഡ്സിന്റെ വസ്ത്രത്തിലോ അപ്പിയറൻസിലോ പ്രത്യേകത വേണമെന്നുണ്ടെങ്കിൽ ബന്ധുജനങ്ങൾക്ക് പകരം ഇത്തരം ചിയർമേക്കേഴ്സിനെ വിളിക്കാം. തലേദിവസത്തെ റിസപ്ഷനിൽ ഡാൻസ് കളിക്കുന്നതു മുതൽ വരനും വധുവും നടക്കുന്ന വഴിയിൽ പുഷ്പവൃഷ്ടി നടത്തി ഡാൻസ് കളിക്കുന്നതു വരെയുള്ള കാര്യങ്ങൾ ഇവർ നോക്കിക്കോളും.

മെഗാ ഇവന്റ്

ത്രിഡി സ്റ്റേജ് ഒരുക്കുന്നതു മുതൽ ഹൈടെക് ശബ്ദ, പ്രകാശ വിന്യാസം പിഴവില്ലാതെ നടത്തുന്നതുവരെ പല കാര്യങ്ങളുണ്ട് മെഗാ ഇവന്റുകളിൽ നോക്കാൻ. പ്രധാന കാര്യം ആർട്ടിസ്റ്റ് മാനേജ്മെന്റ് ആണ്. ഓരോ ഷോയും ആവശ്യപ്പെടുന്ന തരത്തിലുള്ള ആർട്ടിസ്റ്റുകളെ പിഴവില്ലാതെ സപ്ലൈ ചെയ്യണം. ആങ്കർ, ഡിജെ, ഓർക്കസ്ട്ര, കരോക്കെ എന്നിങ്ങനെ പലവിധ കാര്യങ്ങളും മാനേജ് ചെയ്യണം. വന്നുകൂടുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാസംവിധാനങ്ങളൊരുക്കണം. പെർഫോം ചെയ്യപ്പെടുന്ന ഷോകൾക്കനുസൃതമായി പ്രോപ്പർട്ടികൾ തയാറാക്കി വയ്ക്കണം. പങ്കെടുക്കുന്നവരെയും സംഘാടകരെയും സംഘർഷങ്ങളില്ലാത്ത രീതിയിൽ ഭംഗിയായി കൂട്ടിയിണക്കണം. പരമപ്രധാനമായി ഷോയുടെ മാർക്കറ്റിങ്/ പബ്ലിസിറ്റി കൈകാര്യം ചെയ്യണം,

ആക്ടിവിറ്റി പ്ലാനിങ്

കോർപറേറ്റ് ഇവന്റ് ആയാലും കല്യാണം ആയാലും ഇതര ആഘോഷങ്ങളായാലും വന്നുകൂടുന്ന ജനത്തിന് ആക്ടിവിറ്റികളില്ലെങ്കിൽ അവർക്ക് ബോറടിക്കും. ഇന്ററാക്ടിവ് മാജിക് ഷോ, ക്വിസ്, ബലൂൺ മോഡലിങ്, ഫെയ്സ് പെയിന്റിങ്, ടാറ്റൂ വർക്കിങ്, കിഡ്സ് പ്ലേ, മൈൻഡ് ഗെയിംസ്, മെഹന്ദി ഡിസൈനിങ് എന്നിവയൊക്കെ ആക്ടിവിറ്റികളിൽ വരും. ഇവ നടത്തുന്നർക്ക് അനൽപമായ ചാതുരിയും കൃത്യമായ ഗ്രൂമിങ്ങും വേണം. വിവാഹത്തലേന്ന് ഹെയർ ആൻഡ് മേക്കപ് ആർട്ടിസ്റ്റുകളെ വച്ച് റിസപ്ഷനു വരുന്നുവർക്കായി പിറ്റേദിവസത്തേക്കുള്ള ഗ്രൂമിങ് സെഷൻ ഒരുക്കുന്നതും ആക്ടിവിറ്റിയിൽ പെടും. പ്രഫഷനൽ മേക്കപ് ആർട്ടിസ്റ്റിന്റെ കയ്യിൽ നിന്ന് ടിപ്സ് പഠിക്കാം, മുടി കെട്ടാം, സൗന്ദര്യപ്രശ്നങ്ങൾക്കു മറുപടി ആരായാം...

കളിയല്ല, കാര്യമായി പഠിക്കണം

ഷോ ബിസ് രംഗം വൻ തൊഴിൽസാധ്യതകളും തുറന്നുതരുന്നു. നല്ല ആശയവിനിമയപാടവും ഗ്രൂമിങ്ങും ലഭിച്ച ചെറുപ്പക്കാർക്കിടയിൽ ഇത് പണംവാരിയായ ജോലിയാണ്. അൻപതു ഷോകൾ വരെ പ്രതിമാസ ചെയ്യുന്ന ഡിജെകളും ആങ്കർമാരും കൊച്ചിയിലുണ്ട്. വേണ്ടത് നല്ല ആത്മവിശ്വാസവും കുറേ നല്ല ബന്ധങ്ങളും ട്രെൻഡുകളെ കുറിച്ചുള്ള അറിവും. ഇവന്റ് മാനേജ്മെന്റും ഷോ ബിസും തൊഴിൽശാഖയായതോടെ അക്കാദമിക് പഠനവും അനിവാര്യമായി. 2000ലാണ് ഇന്ത്യയിൽ ഇവന്റ് മാനേജ്മെന്റ് പ്രധാന പഠനശാഖയായി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇവന്റ് മാനേജ്മെന്റ് മുംബൈ, പുണെ, നാഗ്പുർ, ജയ്പുർ, ഇൻഡോർ, സൂറത്ത്, ബറോഡ, അഹമ്മദാബാദ് എന്നിവിടങ്ങളിലുണ്ട്. ഹൈദരാബാദിലെ റാമോജി ഇന്റർനാഷനൽ സ്കൂൾ ഓഫ് ഇവന്റ് മാനേജ്മെന്റ്, അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ന്യൂഡൽഹി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്നിവയും പ്രമുഖ പഠനകേന്ദ്രങ്ങളാണ് 

Your Rating: