Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫേസ്ബുക്കിൽ എന്തും പോസ്റ്റുന്നവർ ജാഗ്രതൈ!

fb-thief

‘‘പ്രിയ സുഹൃത്തുക്കളേ....ഞങ്ങളിപ്പോൾ കുടുംബസമേതം ഡെൽഹിയിലാണ്. അവധിക്കാലം അടിച്ചു പൊളിക്കുന്നു. കുറച്ചു സ്ഥലങ്ങൾ കൂടി സന്ദർശിച്ച ശേഷമേ നാട്ടിലെത്തൂ..അതു വരെ ഗുഡ് ബൈ....നിങ്ങളുടെ പ്രാർഥനകൾ ഉണ്ടാകുമല്ലോ?..’’– ഫെയ്സ് ബുകിൽ കമന്റിട്ട ശേഷം ‘സ്റ്റാറ്റസ്’ അപ്ഡേറ്റ് ചെയ്ത് താജ്മഹലിനു മുന്നിൽ നിൽക്കുന്ന കുടുംബാംഗങ്ങളുടെ സെൽഫി ചിത്രം കൂടി പോസ്റ്റു ചെയ്ത മെട്രോ നഗരത്തിലെ ഐടി കമ്പനിയിലെ യുവ എൻജിനീയർക്കുണ്ടായ അനുഭവം ഏതൊരു വ്യക്തിക്കും ഇന്റർനെറ്റിലെ പുതിയ ‘പാഠപുസ്തകമാണ്’. 

 ഫെയ്സ് ബുകിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തയുടൻ ഫ്രണ്ട്സ് ലിസ്റ്റിലെ സുഹൃത്തുക്കൾ എൻജിനീയർക്കു ആശംസകൾ നേരാൻ മത്സരിച്ചു. ലൈക്കുകളുടെ പെരുമഴ പെയ്തിറങ്ങി. കരുതലിന്റെ സന്ദേശങ്ങളും പിറന്നു വീണു പറന്നു. 

യാത്ര കഴിഞ്ഞ് എന്നു മടങ്ങിയെത്തുമെന്നു ഒരു സുഹൃത്ത് ചോദിച്ചപ്പോൾ ഒരാഴ്ച കഴിയുമെന്ന മറുപടി എൻജിനീയർ പോസ്റ്റ് ചെയ്തു.  ‘‘ശരിക്കും അടിച്ചു പൊളിക്കൂവെന്നും ഞങ്ങൾ ഇവിടെ അടിച്ചു പൊളിച്ചോളാം’’ എന്ന് ആശംസിച്ച് മറ്റൊരാൾ എൻജിനീയറുടെ ടൈംലൈനിൽ പോസ്റ്റിട്ടു.  യാത്ര കഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയപ്പോഴാണു ‘അടിച്ചു പൊളി’യുടെ ശരിക്കുള്ള അർഥം എൻജിനീയർക്കു മനസിലായത്. അടിച്ചു പൊളിച്ചോളാമെന്ന പോസ്റ്റിട്ടയാൾ വിവരം നാട്ടിലെ കള്ളനു കൈമാറിയപ്പോൾ ഒറ്റ രാത്രിയിൽ കള്ളൻ വീട്ടുപകരണങ്ങളും പണവും ‘കടത്തി’.

ഉടുവസ്ത്രങ്ങളൊഴികെയുള്ളതെല്ലാം കള്ളൻമാർ കൊണ്ടു പോയ കാഴ്ച. ഫ്രിഡ്ഡിലെ ഭക്ഷണ സാധനങ്ങളും കിടക്ക വിരിയും, സോഫയും വരെ തസ്ക്കരൻമാർ കൊണ്ടു പോയി.  പൊലീസ് എത്തിയെങ്കിലും അപമാനം ഭയന്ന് പരാതി നൽകാൻ എൻജിനീയർക്കു മടിച്ചു.  പക്ഷേ ഇതങ്ങനെ വിട്ടു കളയാൻ സൈബർ സെല്ലിലെ ഉദ്യോഗസ്ഥർക്കു മനസില്ലായിരുന്നു.  കേരളത്തിൽ റിപ്പോർട്ടു ചെയ്ത വീടുകവർച്ചകളുടെ പട്ടികയും, ഫെയ്സ് ബുക് ഉപയോഗിക്കുന്നവരുടെ എണ്ണവും തിരിച്ചെടുത്തു.  വിദൂര യാത്ര പോകുമ്പോൾ ഫെയ്സ് ബുകിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നവരുടെ വിവരവും ആ വീടുകളിൽ കവർച്ച നടന്നിട്ടുണ്ടോയെന്നും അന്വേഷിച്ചു. ഗൃഹനാഥൻമാർ ഫെയ്സ് ബുകിലൂടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത ചില വീടുകളിൽ കവർച്ചകൾ നടന്നതായും സൈബർ സെൽ കണ്ടെത്തി.  പിൻവാതിലിലൂടെയും ജനാലയുടെ അഴികൾ അറുത്തും മാത്രമല്ല, ഫെയ്സ് ബുകിൽ നിന്നും കള്ളൻമാർ കവർച്ച നടത്താൻ ഇറങ്ങി വരുന്നുണ്ടെന്ന നടുക്കുന്ന സത്യം അപ്പോഴാണു സൈബർ സെൽ അറിഞ്ഞത്.  ഫെയ്സ് ബുക് അക്കൗണ്ടുള്ള സുഹൃത്തുക്കളിൽ നിന്നു വിവരം ശേഖരിച്ചാണു തസ്ക്കരക്കൂട്ടം ആളില്ലാത്ത വീടുകളിൽ കണ്ണുവയ്ക്കുന്നതെന്നും സൈബർ കുറ്റാന്വേഷണ വിദഗ്ധർ തിരിച്ചറിഞ്ഞു.  

കള്ളൻമാർക്കു ‘കൈനീട്ടം’ നൽകുന്നവർ

ആറു മാസം മുൻപ് മലബാർ മേഖലയിലെ പൊലീസ് സ്റ്റേഷനിൽ ഒരു ഹൈടെക് കള്ളൻ വലയിലായി.  എത്ര ചോദിച്ചിട്ടും സത്യം പറയാത്ത കള്ളനെ നന്നായി പെരുമാറിയപ്പോഴാണു ഇന്റർനെറ്റിലെ പുതിയ ‘മീൻപിടുത്ത’ത്തെക്കുറിച്ച് പുറത്തു പറഞ്ഞത്. ഫെയ്സ് ബുകിലെ പോസ്റ്റുകൾ സ്ഥിരമായി നിരീക്ഷിച്ച ശേഷം ആളില്ലാത്ത വീടുകളുടെ പട്ടിക തയാറാക്കി ആ വീടുകളിൽ കവർച്ച നടത്തുന്നുവെന്നും ഉറ്റ സുഹൃത്തിന്റെ അക്കൗണ്ടിലൂടെയാണു ഇതു പരിശോധിക്കുന്നതെന്നും കള്ളൻ പറഞ്ഞപ്പോൾ സൈബർ സെല്ലിലെ ഉദ്യോഗസ്ഥർ അന്തം വിട്ടു.  സ്റ്റാറ്റസ് അപ്ഡേഷൻ പോസ്റ്റുകൾ സ്ഥിരമായി നോട്ടമിട്ടാൽ ആളില്ലാത്ത വീടുകളുടെ പട്ടിക താനെ കയ്യിൽ വരുമെന്നും ഹൈടെക് കള്ളൻ പറഞ്ഞു.  വീടുകളിലേക്ക് കയറി വരാൻ സ്വാഗതമോതി വീട്ടുകാർ തന്നെയല്ലേ ഫെയ്സ് ബുകിൽ സ്റ്റാറ്റസ് ഇടുന്നതെന്നു കൂടി ഇയാൾ പറഞ്ഞപ്പോൾ സൈബർ സെല്ലിലെ ഉദ്യോഗസ്ഥർക്കു മറുപടിയുണ്ടായിരുന്നില്ല.  മുന്നും പിന്നും നോക്കാതെ പോസ്റ്റുകളിടുന്നവർ ശരിക്കും വീടിന്റെ താക്കോൽക്കൂട്ടമാണു അപ്ഡേഷനിലൂടെ നൽകുന്നതെനനും സൈബർ കള്ളൻ വെളിപ്പെടുത്തിയപ്പോൾ ഹൈടെക് തട്ടിപ്പിന്റെ മറ്റൊരു രീതിയാണു പുറത്തായത്.  

സ്റ്റാറ്റസ് അപ്ഡേഷൻ ആരൊക്കെ കാണുന്നു?

എന്തു കണ്ടാലും കിട്ടിയാലും ഫെയ്സ് ബുകിൽ വിളമ്പുകയെന്ന മനോഭാവമാണ് ഇപ്പോഴത്തെ തലമുറയ്ക്ക്.  ഫെയ്സ് ബുകിൽ ഇടുന്ന ചിത്രങ്ങളും പോസ്റ്റുകൾ ആരൊക്കെ കാണുന്നു, പോസ്റ്റുകളിലെ പിഴവും പഴുതുമെന്തൊക്കെയാണെന്നും തിരിച്ചറിയാതെയാണു പലരും ഫെയ്സ് ബുകിൽ ചാറ്റുകയും ‘പോസ്റ്റുകയും’ ചെയ്യുന്നത്. ഇര വീഴാൻ കാത്തിരിക്കുകയാണ് ഇന്റർനെറ്റിന്റെ മറവിലിരിക്കുന്നവരെന്നതും പലർക്കും ഇപ്പോഴും അറിയില്ല. പോസ്റ്റ് ചെയ്യുന്ന ഓരോ വാക്കും വരിയും നെറ്റിലെ കള്ളൻമാർ അരിച്ചു പെറുക്കും.  ഫെയ്സ് ബുക് ഉപയോഗിക്കുന്നവർ ഏറെ ശ്രദ്ധിക്കണമെന്നും ഏറ്റവും അപകടകരമാണ് സ്റ്റാറ്റസ് അപ്ഡേഷനെന്നു ഇനിയെങ്കിലും തിരിച്ചറിയണമെന്നും കേരള പൊലീസിന്റെ ഹൈടെക് ക്രൈം എൻക്വയറി സെൽ അസിസ്റ്റന്റ് കമ്മിഷണർ എൻ. വിനയകുമാരൻ നായർ പറയുന്നു.   ഏറെ ഗൗരവത്തോടെയാണു ഇതിനെ കാണേണ്ടതെങ്കിലും പലരും ഇതിനെ നിസാരവൽക്കരിക്കുകയാണ്.  ഒരു നിമിഷത്തെ സന്തോഷം അല്ലെങ്കിൽ ആഹ്ലാദവേള ഫെയ്സ് ബുകിലൂടെ പങ്കുവയ്ക്കുമ്പോൾ നാട്ടിലെ വീടുകൾ അടച്ചിട്ടിരിക്കുകയാണെന്നും, അവിടെ ആളില്ലെന്നുമുള്ള സന്ദേശമാണു ഇതിലൂടെ കള്ളൻമാർക്കു ലഭിക്കുന്നത്.  ഫെയ്സ് ബുകിലെ ഇത്തരം അപ്ഡേഷനുകളിലൂടെ ചുരുങ്ങിയ ചെലവിൽ വൻ കവർച്ച നടത്താനുള്ള വിത്തുകൾ കള്ളൻമാർക്കെറിഞ്ഞു കൊടുക്കുകയാണ് യഥാർഥത്തിൽ ഓരോ വ്യക്തിയും ചെയ്യുന്നത്.  ഇതു തിരുത്തണോ വേണ്ടയോയെന്നു തീരുമാനിക്കേണ്ടത് അതതു വ്യക്തികൾ തന്നെയാണെന്നും അസി. കമ്മിഷണർ ചൂണ്ടിക്കാട്ടുന്നു. 

related stories
Your Rating: