Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛൻ തീവണ്ടി

father's dy

**‘‘എവരി മാൻസ് ഡെത്ത് ബിഗിൻസ് വിത്ത് ദ് ഡെത്ത് ഓഫ് ഹിസ് ഫാദർ — അദർ കളേഴ്സ്, ഓർഹൻ പാമുക്ക്**

കുട്ടിക്കാലത്ത് അച്ഛൻ തീവണ്ടിയായിരുന്നു. പുറത്ത് എന്നെയുമിരുത്തി വീടിന്നകങ്ങളിലൂടെ അതു കൂകിപ്പാഞ്ഞു. എനിക്കു മാത്രം ഇടമുള്ള ആ തീവണ്ടിയുടെ ഒറ്റ കംപാർട്മെന്റിലെ ഇരിപ്പ് എനിക്കു സുഖിച്ചു. ചിലപ്പോൾ എനിക്കു പാപ്പാനാവാൻ മാത്രം അച്ഛൻ ആനയായി. ആ മുതുകിൽ നിന്നിറങ്ങേണ്ടി വരുന്നത് എനിക്കു സങ്കൽപ്പിക്കാനേ കഴിഞ്ഞില്ല. ജീവിതത്തിന്റെ പാളങ്ങളെല്ലാം അച്ഛനു തെറ്റിക്കൊണ്ടിരുന്ന കാലമായിരുന്നു അതെന്ന് അറിഞ്ഞതു വർഷങ്ങളേറെ കഴിഞ്ഞാണ്. കടംകയറി അച്ഛൻ വീട്ടിൽ വരാതായ കാലം ഇനിയും കഴിഞ്ഞിട്ടില്ലെന്നു തോന്നും. കടക്കാർ അച്ഛനെ തിരക്കി വന്നുകൊണ്ടേയിരുന്നു. അമ്മയും ഞാനും കരഞ്ഞുകൊണ്ടേയിരുന്നു. ‘കഥ, കഥ നായരേ... കസ്തൂരി നായരേ... കാഞ്ഞിരക്കാട്ടമ്പലത്തിൽ എന്ന പാട്ട് ഇനിയൊരിക്കലും ഉണ്ടാവില്ലെന്ന് ഞാൻ പേടിച്ചു. അച്ഛന്റെ കാലിന്റെ ഉൗഞ്ഞാൽ, മുതുകിന്റെ ആനപ്പുറം, പുറത്തിന്റെ തീവണ്ടി.. ഇതൊന്നും ഇനിയുണ്ടാവില്ലെന്ന്.

മഴക്കാല സന്ധ്യകളിൽ അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്ന് ചൂടുപിടിച്ച കാലം. അന്ന് അച്ഛന്റെ മണമായിരുന്നു എനിക്ക്. ബീഡിപ്പുകയുടെ, ആദ്യത്തെ മഴ മണ്ണിൽ വീഴുന്നതിന്റെ, തിളച്ച കഞ്ഞിയുടെ, വിയർപ്പിന്റെ, സ്നേഹത്തിന്റെ മണങ്ങളെല്ലാം കൂടിച്ചേർന്ന അച്ഛൻ മണം. മുതിർന്നു കടൽ കാണും വരെ ലോകാത്ഭുതമായിരുന്ന കുളത്തിൽ എന്നെയുമെടുത്ത് നീന്തുമായിരുന്നു അച്ഛൻ. കുളത്തിന്റെ അരികുകളിലിരുന്ന് നീർക്കോലികളും തവളകളും ഞങ്ങളെ സാകൂതം നോക്കി. അമ്മ കരുതലിന്റെ ഗ്രൗണ്ട്ഷോട്ടുകൾ മാത്രം കളിച്ചപ്പോൾ സ്നേഹത്തിന്റെ പടുകൂറ്റൻ ഷോട്ടുകൾ പറത്തിയ അച്ഛൻ കൂടുതൽ കൂടുതൽ പ്രിയപ്പെട്ടവനായി. എന്നെ മുന്നിലിരുത്തി അച്ഛന്റെ സൈക്കിൾ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഞങ്ങടെ ചെറിയ ഗ്രാമത്തിലെ പൊടിയൻ വഴികളിലൂടെ പാഞ്ഞു. കാവിലെ ഉൽസവത്തിന് അച്ഛന്റെ തോളിലിരുന്നു കണ്ട നാടകങ്ങളിലെ രംഗങ്ങൾ നനഞ്ഞു മാഞ്ഞുതുടങ്ങിയ ചില ജലച്ചായ ചിത്രങ്ങൾ പോലെ.

കാളകളെ പൂട്ടിയ പാടത്ത് വാശി പിടിച്ച് അച്ഛന്റെയൊപ്പം ഇറങ്ങിയപ്പോൾ അച്ഛാ, ഞാനൊരിക്കലും കരുതിയിരുന്നില്ല, ആ ചേറുമണം എത്ര കഴുകിയാലും പോകില്ലെന്ന്; മരിക്കുംവരെ എന്നെ പറ്റിപ്പിടിച്ചിരിക്കുമെന്ന്. മഴ തിരിമുറിയാതെ തിമിർത്ത്, പാടങ്ങളും കുളങ്ങളും തിരിച്ചറിയാനാകാതെ കൂടിക്കലരുമ്പോൾ, അച്ഛനും ഞാനും ഉൗത്ത വെട്ടാൻ ഒരു പോക്കുണ്ട്. ഒരു കയ്യിൽ ടോർച്ചും മറുകയ്യിൽ വെട്ടാനുള്ള കത്തിയുമായി അച്ഛൻ, രണ്ടടി പുറകിൽ ഞാൻ. എല്ലാവരും സഞ്ചി നിറയെ വെട്ടിക്കൂട്ടിയപ്പോൾ ഞങ്ങൾക്ക് ഒന്നോ രണ്ടോ വരാലോ മുഴിയുരിഞ്ഞിലോ കിട്ടിയാലായി. ഇരുട്ടും, തണുപ്പും ചാറ്റൽ മഴയും നീണ്ട പാടശേഖരത്തിന് അലുക്കു തുന്നിയതുപോലുള്ള ഞെക്കു വിളക്കു വെളിച്ചങ്ങളും ആ രാത്രികളെ മാഞ്ഞുപോകാത്തതാക്കി. ആ രാത്രികളെ ഓർമകൾ കൊണ്ടു ലാമിനേറ്റ് ചെയ്തത് ദൈവമായിരുന്നിരിക്കും. അച്ചാച്ചൻ മരിച്ചപ്പോൾ അച്ഛന്റെ കണ്ണു നിറഞ്ഞത് എനിക്കോർമയുണ്ട്. അച്ഛൻ കരയുന്നതെന്തിന് എന്നായിരുന്നു എന്റെ സംശയം. ഇപ്പോൾ എല്ലാം എനിക്കു മനസ്സിലാകുന്നുണ്ട് അച്ഛാ... ചൂരലിന്റെ നീലപ്പാടുകളും കോപത്തിന്റെ ലോഹലായിനികളും നീയെനിക്കു തന്നില്ല. തന്നത് നിറയെ സ്നേഹം.

അറിയാതെ ഞാൻ മുതിർന്നുപോയി. അച്ഛനിൽ നിന്ന് അകന്നകന്നു പോയി. ഇടയ്ക്കു കാണുമ്പോൾ സ്നേഹം ഉള്ളിലടക്കി നാം നിന്നു.‘അച്ഛനെപ്പോലെയാകരുത് എന്നായിരുന്നു കുട്ടിക്കാലം തൊട്ടേ എനിക്കു കിട്ടിയ ഉപദേശം. അഞ്ചുപൈസ പോലും സമ്പാദിക്കാത്ത, മറ്റുള്ളവർക്കു വേണ്ടി ജീവിച്ച അച്ഛനെപ്പോലെ ആകുകയില്ലെന്ന് ഞാനും തീരുമാനിച്ചിരുന്നു. പക്ഷേ, അച്ഛാ, ഓരോ ദിവസം കഴിയുന്തോറും ഞാൻ കൂടുതൽ കൂടുതൽ അച്ഛനെപ്പോലെയാവുകയാണ്. കണ്ണാടിയിൽ നോക്കുന്നത് അച്ഛന്റെ ഫോട്ടോയിലേക്കു നോക്കുമ്പോലെ. ചോരയ്ക്കു വെള്ളത്തേക്കാൾ കട്ടിയുണ്ട്.