Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണയാത്ത ദീപമാണച്ഛൻ, കാണുന്ന ദൈവമാണച്ഛൻ

Father

വലിയ ഗൗരവക്കാരനാ അച്ഛൻ! എന്നോട് ഒരുതരി സ്നേഹവും ഇല്ല. പറയുന്നത് കേൾക്കാനോ അതിന് മറുപടി പറയാനോ അച്ഛന് സമയമില്ല. കുറുമ്പ് കാട്ടി എന്തെങ്കിലും പറഞ്ഞാൽ ഒരു പുഞ്ചിരി മാത്രം! ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന് കാണാമറയത്തേക്ക് കണ്ണുംനട്ട് അച്ഛൻ ആരെയാണാവോ പ്രതീക്ഷിച്ചിരിക്കുന്നത് ... പക്ഷേ, അമ്മ അങ്ങനെയൊന്നുമല്ല, അച്ഛന്റെ സ്നേഹം കൂടി ചേർത്ത് അമ്മ തരും. അമ്മ എന്നെ താലോലിക്കും, വാരിപുണരും, മടിയിൽ കിടത്തി ഉറക്കും, പറയുന്നത് മുഴുവൻ കേൾക്കും... എന്റെ പുന്നാര അമ്മ!

ജൂൺ 21ന് ലോകപിതൃദിനം. അച്ഛൻ ഒന്നുമല്ല, അമ്മയാണ് എല്ലാമെന്ന്് പറയുമ്പോൾ ഈ പിതൃദിനത്തിനെങ്കിലും അച്ഛന് വേണ്ടി ഇത്തിരി സമയം മാറ്റിവയ്ക്കാം. ദു:ഖം വരുമ്പോൾ ഒന്ന് ഉറക്കെ കരയാൻ പോലും ആവാതെ എല്ലാം ഉള്ളിൽ ഒതുക്കി വയ്ക്കുന്ന അച്ഛൻ... പരാതിപെട്ടി തുറക്കുമ്പോൾ ഒരു നേർത്ത ചിരിയിൽ എല്ലാം ഒതുക്കി കടന്നുപോകുന്ന അച്ഛൻ... സ്നേഹത്തിന്റെ മൂർത്തിഭാവം... സങ്കടത്തിന്റെ നടുക്കടലിലും പതറാതെ എല്ലാവർക്കും ശക്തി നൽകി താങ്ങായി തണലായി നിൽക്കുന്ന അച്ഛൻ... പുറമെ ഗൗരവം കാണിക്കുന്ന അച്ഛന്റെ മനസിലെ അണയാത്ത സ്നേഹം തിരിച്ചറിയുന്നില്ലേ... മുറ്റത്തെ ചാരുകസേരയിൽ കാണാമറയത്തേക്ക് അച്ഛൻ വെറുതെ നോക്കിയിരിക്കുകയല്ലെന്ന് ഇനിയും മനസിലായില്ലേ? അച്ഛൻ ആലോചിക്കുകയാണ്, മക്കളുടെ ഭാവിയെ കുറിച്ച്...

അമ്മയുടെ സ്നേഹക്കടലിന്റെ ആഴം ആഘോഷിക്കുന്ന മാതൃദിനത്തിന്റെ അന്നായിരുന്നു പിതൃദിനത്തിന്റെ ആശയം ഉടലെടുത്തത്. 1909 ൽ മാതൃദിനാഘോഷം അരങ്ങേറിയ വേദിയിൽ തന്നെ. വാഷിങ്ടണിലെ സ്പേക്കേസിൽ മാതൃദിനാഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ സോനാറാ സ്മാർട് ഡോഡിന്റെ മുന്നിൽ തെളിഞ്ഞത് അമ്മയുടെ മുഖമല്ല, പകരം അച്ഛന്റെ മുഖം... അമ്മയുടെ അഭാവം അറിയിക്കാതെ അമ്മയായും അച്ഛനായും, തന്നെയും മറ്റ് അഞ്ച് സഹോദരങ്ങളെയും നെഞ്ചോട് ചേർത്തു വളർത്തിയ അച്ഛൻ വില്യം സ്മാർട്ടിന്റെ മുഖം... സ്നേഹസമ്പന്നനും ധീരനും നിസ്വാർത്ഥനും ത്യാഗശാലിയുമായ തന്റെ പിതാവ് വില്യം സ്മാർട്ടിനു വേണ്ടി സോനാറ ഒരു ദിനം സ്വപ്നം കണ്ടു. അതിനായ് അവർ ഏറെ പണിപ്പെട്ടു. ഒടുവിൽ 1916 ജൂൺ 19 ന് സോനാറയുടെ പിതൃസ്നേഹത്തിനുള്ള സമ്മാനമായി ആദ്യ പിതൃദിനം ആചരിക്കപ്പെട്ടു. ഔപചാരികമായി ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആചരിക്കുമെന്ന് അമേരിക്ക ഘോഷിച്ചതോടെ നാടൊട്ടുക്ക് ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായ് ആചരിക്കപ്പെട്ടു തുടങ്ങി...

സോനാറയുടെ അത്രയുമൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അച്ഛൻ ഉള്ളിൽ ഒളിപ്പിക്കുന്ന സ്നേഹം തിരിച്ചറിഞ്ഞ് ഇനിയെങ്കിലും അമ്മയുടെ ഒപ്പം അച്ഛനെയും കാണണമെന്ന് തോന്നുന്നില്ലേ? വിപണിയൊരുക്കുന്ന സ്നേഹക്കൂട്ടുകൾക്കിടയിലും അച്ഛൻ കൊതിക്കുന്ന ഒരു സമ്മാനം കൊടുക്കുവാൻ തോന്നുന്നില്ലേ? ഇനിയും താമസിച്ചിട്ടില്ല... പിതൃദിന ആശംസകൾ അച്ഛാ.. എന്നു പറഞ്ഞ് കെട്ടിപിടിച്ച് സ്നേഹത്തിന്റെ തൂവൽസ്പർശമായ് ഒരു ചുംബനം.

‘‘ അറില്ലെനിക്കേതു വാക്കിനാൽ അച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം അനുപമ സങ്കൽപ്പമച്ഛൻ അണയാത്ത ദീപമാണച്ഛൻ കാണുന്ന ദൈവമാണച്ഛൻ... ’’

പിതൃദിനത്തിൽ അച്ഛന് ആശംസ നേരാം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.