Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിടിച്ചെടുത്തത് ഡ്യൂപ്ലിക്കെറ്റ് പടക്കം, പക്ഷേ പൊട്ടിയപ്പോഴോ!!!

Fireworks

‘ഇന്നെന്താ വിഷുവാണോ? പടക്കമൊക്കെ പൊട്ടണ ശബ്ദം കേൾക്കുന്നുണ്ടല്ലോ...’ എന്നും പറഞ്ഞ് മേലാകെ കരിയും വായിൽ നിറയെ പുകയുമായി പടക്കക്കടയിൽ നിന്ന് കരിഞ്ഞിറങ്ങി വരുന്ന ഇന്നസന്റിനെ ആരും മറക്കാനിടയില്ല. വിഷുവല്ലെങ്കിലും ചൈനയിലും അടുത്തിടെ ഇത്തരത്തിലൊരു അപ്രതീക്ഷിത പടക്കപ്പൊട്ടിക്കൽ നടന്നു. ആരും കരിഞ്ഞു പോകാഞ്ഞത് ഭാഗ്യം ഒന്നുകൊണ്ടു മാത്രം. ചൈനീസ് കലണ്ടർ പ്രകാരമുള്ള പുതുവൽസരാചരണത്തിന്റെ ഭാഗമായി രാജ്യമെങ്ങും പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നത് പതിവാണ്. ഇത്തവണയും അത് ഗംഭീരമായിത്തന്നെ കഴിഞ്ഞു. പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ദുഷ്ടശക്തികളും വീട്ടിലെ ദോഷങ്ങളുമെല്ലാം ഓടിപ്പോകുമെന്നാണ് ചൈനീസ് വിശ്വാസം. അതിനാൽത്തന്നെ പടക്കത്തിനൽപം ഒച്ച കൂടിയാലും ആൾക്കാർ വിചാരിക്കും ആ വീട്ടിൽ ദോഷങ്ങളും ദുഷ്ടാത്മാക്കളും കുറച്ചു കൂടുതലാണെന്ന്.

ചൈനക്കാരുടെ ഈ പടക്കപ്രേമം മുതലെടുത്ത് നിയമവിരുദ്ധമായും ‘കരിമരുന്നുകൗതുകങ്ങൾ’ നിർമിക്കുന്ന ഒട്ടേറെ ഫാക്ടറികളുണ്ട് രാജ്യത്ത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഇവിടങ്ങളിൽ അപകടരകരമായ രീതിയിലാണു പടക്കനിർമാണവും സംഭരണവുമെല്ലാം. ഇത്തരം അനധികൃത പടക്കക്കടകൾക്കു തീപിടിച്ച് ഓരോ പുതുവർഷ സീസണിലും വൻ അപകടങ്ങളും പതിവാണ്. ഇത്തവണ പക്ഷേ സർക്കാർ ഒന്നു പിടിമുറുക്കി, നാടു മുഴുവൻ റെയ്ഡ് നടത്തി. ഒൻപതു പേരെ പൊക്കി കേസുമെടുത്തു. ലൈസൻസില്ലാതെ നിർമിക്കപ്പെട്ട 3083 കെയ്സ് പടക്കങ്ങളും പിടിച്ചെടുത്തു.

Fireworks

പുതുവർഷാഘോഷമെല്ലാം കഴിഞ്ഞിരിക്കെ ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഷെന്യാങ്ങിലെ പ്രവിശ്യകളിലൊന്നിലെ മാലിന്യങ്ങൾ തള്ളുന്ന പ്രദേശത്തിനരികിൽ താമസിക്കുന്ന ജനം ദിഗന്തം മുഴങ്ങുന്നൊരു സ്ഫോടനം കേട്ട് ഞെട്ടിത്തരിച്ചു പോയി. പുറത്തിറങ്ങി നോക്കുമ്പോഴുണ്ട് ഒരിടത്ത് ആകാശത്തേക്ക് കുമകുമാ ഉയരുന്ന പുക. അതിനിടയിൽ ടമാർ പഠാർ ശബ്ദവുമായി പൊട്ടുന്ന പടക്കങ്ങൾ. മാനത്ത് പട്ടാപ്പകൽ വിരിഞ്ഞിറങ്ങുന്ന അമിട്ടുകൾ. അങ്ങനെ പൊട്ടലും ചീറ്റലുമൊക്കെയായി ആകെ ജഗപൊക. സംഭവം ഇത്രയേയുള്ളൂ, പിടിച്ചെടുത്ത പടക്കം മുഴുവനും പൊലീസ് കൂട്ടിയിട്ട് നശിപ്പിച്ചതാണ്. എല്ലാം കൂടി കൂട്ടിയിട്ട് കത്തിക്കാമെന്നു വിചാരിച്ചു തീകൊടുത്തു. ലൈസൻസില്ലാത്തതല്ലേ സംഗതി ഡൂപ്ലിക്കെറ്റാകുമെന്നും പടക്കം പൊട്ടില്ലെന്നും കരുതിക്കാണും. പക്ഷേ ചൈന പടക്കത്തിന്റെ കാര്യത്തിൽ ഒറിജിനാലിറ്റി കാണിച്ചു.

അതോടെ കണ്ടു നിന്നവർക്ക് വൻ ദൃശ്യവിരുന്ന്. ഭാഗ്യത്തിനു മാത്രമാണ് വൻ അപകടം ഒഴിവായതെന്ന് പൊലീസുകാർ തന്നെ പറയുന്നു. എന്തായാലും അപകടമൊന്നും ഉണ്ടാകാതിരുന്നതിനാൽ ഈ വെടിക്കെട്ടിന്റെ അടുത്തുനിന്നുള്ള കുറേ ഫോട്ടോകൾ പലരും എടുത്തു. രാജ്യാന്തര ന്യൂസ് ഏജൻസികളും സമൂഹമാധ്യമങ്ങളും ഫോട്ടോ പ്രചരിപ്പിച്ചതോടെ ചൈനീസ് വെടിക്കെട്ട് ഇന്റർനെറ്റിലും സൂപ്പർഹിറ്റ്!!

Fireworks
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.