Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോപ്പൻഹാഗനിലെ ഈ നിരത്ത് കണ്ടാൽ ആരും കൊതിച്ചുപോകും!

Copenhagen

രാവിലെ സമയങ്ങളിൽ നമ്മുടെ നിരത്തുകളിലെ വാഹത്തിരക്കിനു കൂടുതൽ വിശേഷണങ്ങൾ ഒന്നും ആവശ്യമില്ല. ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ ലഭിക്കാനായി നിർത്തിയിട്ടിരിക്കുന്ന നിരനിരയായ വാഹനങ്ങൾ, ഹോണ്‍അടി ശബ്ദം, വാഹനങ്ങളുടെ പുക എന്ന് വേണ്ട ആകെ ബഹളമാണ്. എന്നാൽ ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹാഗനിലെ തിരക്കേറിയ രാവിലെ സമയത്തെ നിരത്തുകൾ കണ്ടാൽ ആരും കൊതിച്ചുപോകും, ഇത്തരമൊരു അവസ്ഥ നമ്മുടെ നാട്ടിൽ വന്നിരുന്നെങ്കിലെന്ന്. കോപ്പൻഹാഗൻ സ്വദേശിയായ ജിം സ്ലേഡ്  പകർത്തിയ വീഡിയോയിൽ ആണ് കാറുകൾക്ക് വേണ്ടി തിരിച്ചിരിക്കുന്ന ലെയ്നുകൾ അക്ഷരാർഥത്തിൽ ശൂന്യമായിരിക്കുകയും, ബൈക്ക് ലെയ്നിൽ സൈക്കിളുകൾ ഒഴുകുന്നതുമായ കാഴ്ച കാണാൻ സാധിക്കുന്നത്.

സമീപത്തുള്ള റെസിഡെൻഷ്യൽ ഏരിയയിൽ നിന്നും ആളുകൾ നഗരത്തിലേക്ക് സൈക്കിളുകളിൽ എത്തുന്നതാണ് ജിം പകർത്തിയത്.  ഒരുകാലത്ത് കോപ്പൻഹാഗനിലെ ഏറ്റവും തിരക്കേറിയ ഒരു ജംക്ഷനിൽ ആണ് സംഭവം എന്നതാണ് പ്രധാനം. ഇന്നവിടെ ട്രാഫിക് കുരുക്കൾ ഇല്ലെന്നു തന്നെ പറയാം. നഗരത്തിലെ മിക്കയിടങ്ങളിലും സമാനമായ രീതിയിൽ സൈക്കിൾ/ബൈക്ക് ഉപയോഗം കാര്യമായി വർദ്ധിച്ചിട്ടുണ്ട്.

Copenhagen

പ്രകൃതിയോടു ഇണങ്ങി, ആരോഗ്യവും കാത്തുസൂക്ഷിക്കുക എന്ന സന്ദേശം കൂടി ഈ വീഡിയോയ്ക്ക് പിന്നിലുണ്ട്. ലാറി Vs ഹാരി എന്ന ബൈക്ക് സ്റ്റോറിന്റെ നാലാമത്തെ നിലയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയത്. സൈക്കിൾ ഉപയോഗത്തിൽ കോപ്പൻഹാഗൻ ഇപ്പോൾ പ്രസിദ്ധമാണ്. നഗരത്തിലെ തിരക്ക് കുറയ്ക്കാനുള്ള ഏറ്റവും നല്ല ഉപാധിയായിട്ടാണ് ബൈക്കുകളും സൈക്കിളുകളും രംഗത്ത് എത്തിയത്. കോപ്പൻഹാഗനൈസ് ഡിസൈൻ കമ്പനി എന്ന അർബൻ ഡിസൈൻ കണ്‍സൽട്ടൻസി ലോകത്തിലെ ഏറ്റവും മികച്ച ബൈക്ക് സിറ്റികളെ തെരഞ്ഞെടുത്തപ്പോൾ 2015 ൽ കോപ്പൻഹാഗനായിരുന്നു ഒന്നാമത്.  ആംസ്ട്ടർഡാം ആയിരുന്നു രണ്ടാം സ്ഥാനത്ത്.  

ഏകദേശം 400 കിലോ മീറ്റർ നീളത്തിൽ ബൈക്ക് ലെയ്നുകൾ ഇവിടെ നിർമ്മിച്ചിട്ടുണ്ട്. ഏകദേശം 40,000 ലധികം സൈക്കിളിസ്റ്റുകൾ ഇതുവഴി ഒരു ദിവസം കടന്നു പോകുന്നുണ്ടെന്നാണ് കണക്ക്.  ഇന്ന് ഏകദേശം 40% ലധികം കോപ്പൻഹാഗൻ നിവാസികളും ബൈക്ക് യാത്രക്കാരാണ്.

1960 കളിൽ കാറിനു പകരം ബൈക്ക് എന്ന സങ്കല്പം പോലും ആലോചിക്കാൻ കഴിയില്ലായിരുന്നു ഡെൻമാർക്കിലെ പല നഗരങ്ങളിലും. രാജ്യത്ത് നടന്ന ചില സംഭവ വികാസങ്ങൾ, പ്രത്യേകിച്ച് പരിസ്ഥിതി മുന്നേറ്റങ്ങളും, വിവാദമുണ്ടാക്കിയ ചില റോഡ്‌ പദ്ധതികളും വന്നതോടെയാണ് ഇതിനു വലിയ മാറ്റം ഉണ്ടാകുന്നത്. സൈക്കിൾ പാതകൾ പിന്നീട് 'ഡാനിഷ് മോഡൽ' ആയി തന്നെ അറിയപ്പെടുന്നു. ഇന്ന് കോപ്പൻഹാഗനിൽ നിവാസികളുടെ എണ്ണത്തേക്കാൾ കൂടുതൽ സൈക്കിളുകൾ ഉണ്ടത്രെ. രണ്ട് കുട്ടികൾ ഉള്ള ഏകദേശം 25 ശതമാനം വീടുകളിലും ഒരു കാർഗോ ബൈക്ക് ഉണ്ടെന്നാണ് കണക്ക് . ഡാനിഷ് രാഷ്ട്രീയ നേതാക്കൾ പോലും സൈക്കിൾ സവാരിയാണ്‌ താൽപര്യപ്പെടുന്നത്‌. ഏകദേശം 63% അംഗങ്ങളും ബൈക്കിലാണ് പാർലമെന്റിൽ വരുന്നതത്രേ. 2025 ൽ ലോകത്തിലെ ആദ്യ കാർബണ്‍ ന്യൂട്രൽ തലസ്ഥാനമെന്ന ബഹുമതി നേടാൻ തയ്യാറെടുക്കുകയാണ് കോപ്പൻഹാഗൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.