Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തിനുമാത്രം കാതോർക്കാൻ വേണ്ടി എഴുതിയതോ ആ വരികൾ?

Gloomy Sunday

Tonight I can write the saddest lines... 1924ൽ വിഷാദനീലിമ ചാലിച്ച് ഈ വരികൾ എഴുതിത്തീർക്കുമ്പോൾ, ലോകം വാഴ്ത്തിപ്പാടിയ പ്രണയത്തിന്റെയും മരണത്തിന്റെയും ഗായകൻ, പാബ്ലോ നെരൂദ ചിന്തിച്ചിരിക്കാനിടയില്ല, അതിലും ദുഃഖഭരിതമായ വരികൾ ലോകം ഇനി കേൾക്കാനിരിക്കുന്നതേയുള്ളുവെന്ന്. ഓരോ മൂളിച്ചയിലും മരണം മറനീക്കിയൊരു മാരകഗാനം. മരണത്തിനു മാത്രമാകും വിധം മാദകമായി ചിരിച്ച് അനേകരെ ജീവിതമൊടുക്കാൻ പ്രേരിപ്പിച്ച ഗാനം.

ഡാന്യൂബ് നദിയുടെ മരണച്ചുഴിയാഴങ്ങളിലേക്കു തനിയെ പിൻമറഞ്ഞ പെൺകുട്ടിയുടെ ചുരുട്ടിപ്പിടിച്ച കൈകളിൽ ആ പാട്ടുവരികൾ കുറിച്ച കടലാസുതാളുണ്ടായിരുന്നു. ബുഡാപെസ്റ്റിൽ ഉയരം കൊണ്ട് ആകാശം മുട്ടിയൊരു കെട്ടിടത്തലയ്ക്കൽനിന്നു താഴേക്കു ചാടി ആയുസ്സിന്റെ ആഴമളന്ന യുവാവിന്റെ ആത്മഹത്യാക്കുറിപ്പിലുമുണ്ടായിരുന്നു അതേവരികൾ. ലണ്ടനിൽ ഒരു വിഷച്ചില്ലുകോപ്പയിൽ ജീവിതത്തിന്റെ ഒടുക്കരുചി നുണ‍ഞ്ഞ യുവതി അവളുടെ മരണനേരത്ത് കാതോർത്തതും റെക്കോർഡിലൂടെ ഒഴുകിയെത്തിയ അതേ വരികൾക്കു തന്നെയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തപ്പെട്ടു.

അക്കാലത്ത് ലോകത്തിന്റെ പലയിടങ്ങളിലായി ജീവിതമൊടുക്കിയ വിഷാദികളുടെയെല്ലാം ചുണ്ടിൽ കയ്ച്ചും കരിനീലിച്ചും കിടന്നു ആ ചാവുപാട്ട്, ഗ്ലൂമി സൺഡേ, ലോകം കേട്ട ഏറ്റവും ദുഃഖാർദ്രമായ പാട്ടീണം.

ലോകമഹായുദ്ധം ഹംഗറിയിൽ അവശേഷിപ്പിച്ച ആഴമുറിപ്പാടുകളിൽ ചോരപ്പൂക്കൾ നൊന്തുവിടരുന്ന കാലം. കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മൂലം ലോകഭൂപടത്തിലെതന്നെ ഏറ്റവും വിഷാദഭൂമിയായി വിലപിച്ചാർക്കുന്ന ഹംഗറിയെ നോക്കി പിയാനോവാദകനായ റെസ്സോ സെറെസ് ആണ് ആ ഗാനം പാടിയത്. നാസികളുടെ കൊടുംഭീകരതകൾക്കു പ്രാണൻ പണയം നൽകി, ഭാഗ്യമൊന്നുകൊണ്ടും മാത്രം ജീവിതത്തിലേക്കും സംഗീതത്തിലേക്കും തിരിച്ചുവന്നൊരു കഥ പറയാനുണ്ടായിരുന്നു സെറെസിന്. നാടകങ്ങൾക്കുവേണ്ടിയും നാടോടികൾക്കുവേണ്ടിയും പാട്ടുകൾ ചിട്ടപ്പെടുത്തിയ സെറെസ് 1933ൽ ആണ് ‘ഗ്ലൂമി സൺഡേ’ എന്ന ഗാനം ആദ്യമായി തന്റെ പിയാനോയിൽ വായിക്കുന്നത്. പ്രണയത്തിന്റെ പാതിവഴിയിൽ പിൻനടന്ന കാമുകിയുടെ അനുരാഗശേഷിപ്പുകളോർത്ത് സെറെസ് പാടിയ ഗാനമാണ് ഗ്ലൂമി സൺഡേ എന്നും ചിലർ വിലയിരുത്തി.

സെറെസിന്റെ സുഹൃത്തും കവിയുമായ ലാസ്‍ലോ ജാവർ ആണ് ഈ വിഷാദരാഗത്തിനൊത്തു പിന്നീട് വരികളെഴുതിച്ചേർത്തത്. ജാവറിന്റെ പ്രണയനൊമ്പരങ്ങളുടെ നഷ്ടഗാനമായും ഈ പാട്ടിനെ വ്യാഖ്യാനിച്ചവരുണ്ട്. എന്തായാലും ലോകത്തിന്റെ പാട്ടുപുസ്തകത്തിൽ ആരാധകർ ഇത്രയും നൊമ്പരപ്പെട്ടുകേട്ട മറ്റൊരു ഗാനമില്ല.

ലോകമെമ്പാടുമുള്ള ഏകാകികളുടെയും വിഷാദികളുടെയും അവസാനനിശ്വാസങ്ങൾക്കുപോലുമുണ്ടായിരുന്നു ഈ പാട്ടിന്റെ പല്ലവിയീണം. ഹൃദയംകൊണ്ടു കേട്ടവരെല്ലാം ഈ പാട്ടിലേക്കു പിടഞ്ഞുമരിക്കുകയായിരുന്നു. അതുവരെ കേട്ട പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും സ്വരമധുരങ്ങളെല്ലാം ഗ്ലൂമി സൺഡേയുടെ നിരാശയിലേക്കും വിഷാദമൂകതയിലേക്കും കയ്ച്ചുവീഴുകയായിരുന്നു. അനേകരുടെ ആത്മഹത്യാ കുറിപ്പിലെ വരികൾ പോലും ഈ പാട്ടിലേതായിരുന്നു. പ്രാണന്റെ ഒടുക്കജനാലകൾപോലും കൊട്ടിയടച്ച് മരണത്തിനുമാത്രം സമ്മാനിക്കാൻ കഴിയുന്ന മാദകോന്മാദങ്ങളിലേക്ക് ഓരോ വിഷാദിയെയും ഈ പാട്ട് കൂട്ടിക്കൊണ്ടുപോയി. ആ വഴി പോയവരാരും പിന്നീട് തിരിച്ചുവരാത്തവിധം മടക്കവിളികളെ പോലും മരണം മൗനം പുതപ്പിച്ചുറക്കി.

ഒരുകവിൾ വിഷക്കയ്പിലോ ജലാശയത്തിന്റെ ആഴച്ചുഴിയിലോ ചുറ്റുകയറിന്റെ ഇത്തിരിനീളത്തിലോ തോക്കിന്റെ കാടൻവെടിയൊച്ചയിലോ... പ്രാണനൊടുക്കാൻ പലവഴികൾ തേടിയവരെയെല്ലാം മരണത്തിലേക്കു ക്ഷണിച്ചുകൊണ്ടുപോയി ഗ്ലൂമി സൺഡേ! അതുകൊണ്ടായിരിക്കണം ആ പാട്ടിന്റെ ദുർനിമിത്തമായതിൽ ഹംഗറി എന്ന രാജ്യം പോലും പിന്നീട് ക്ഷമാപണം നടത്തിയതും ആ ഗാനത്തിന് വിലക്ക് ഏർപ്പെടുത്തിയതും. ബിബിസി ഗ്ലൂമി സൺഡേയുടെ പ്രക്ഷേപണം നിർത്തിവച്ചു. ഇംഗ്ലിഷ് ഉൾപ്പെടെ മറ്റുഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയപ്പോഴും ഗ്ലൂമി സൺ‍ഡേയിലെ മരണവിളിയൊച്ചകൾ അനസ്യൂതം ആരാധകരെ കൊന്നൊടുക്കിക്കൊണ്ടുതന്നെയിരുന്നു.

വിഷാദവസന്തത്തിലേക്ക് ഇതൾവിടരുന്ന ലില്ലിപ്പൂമേടകൾ... നിഴലുകളോടുപോലും മരണം ഇണചേരുന്ന വിജനവഴിയോരങ്ങൾ... മെഴുകുതിരിനാളങ്ങളെപ്പോലും ഊതിക്കെടുത്തി വീശുന്ന ചുഴലിക്കാറ്റുകൾ...

ഗ്ലൂമി സൺഡേയുടെ പല്ലവിയനുപല്ലവികളിൽ തൂങ്ങിമരിച്ചുകിടന്ന മരണരൂപകങ്ങൾ അങ്ങനെയെത്രയേറെ... മരണത്തിനുമാത്രം കാതോർക്കാൻ വേണ്ടി എഴുതപ്പെട്ടതുകൊണ്ടാകാം ഒരു പാതി ജീവിതം കൊണ്ട് ആ പാട്ടു കേട്ടവരെല്ലാം മറുപാതി മരണത്തിലേക്ക് മാഞ്ഞുപോകുകയായിരുന്നു. ജീവിതത്തിന്റെ അവസാനശ്വാസക്കൊതിയിൽപോലും മരണത്തിന്റെ കൊടുംവിഷക്കാറ്റ് ഊതിനിറയ്ക്കുകയായിരുന്നു.

സെറെസ് പിയാനോയിൽ ആദ്യമായി ഗ്ലൂമി സൺഡേ വായിച്ചപ്പോൾ തന്നെ മരണം അതിന്റെ ആദ്യ കേൾവിക്കാരനായി അടുത്തിരുന്നു കാതോർത്തിരിക്കണം. പിന്നീട് മരണം അതിന്റെ ക്ഷണരാഗമായി ആ പാട്ട് കടമെടുത്തിരിക്കണം. അതുകൊണ്ടായിരിക്കാം ആ പാട്ട് ആസ്വദിച്ചവരെല്ലാം അവരുടെ മരണംകൂടി ആഘോഷിച്ചത്. ആ പാട്ട് കേട്ടവരെല്ലാം അവരുടെ മരണവിലാപം കൂടി കേട്ടത്. ആ പാട്ടിന് ഈ ഭൂമിയിൽ മറ്റ് അവകാശികൾ വേണ്ടെന്നു തോന്നിയതുകൊണ്ടായിരിക്കാം ഒടുക്കം പാട്ടുകാരനെക്കൂടി മരണം കൊണ്ടുപോയത്. അതെ, 1968ൽ ബുഡാപെസ്റ്റിലെ അപ്പാർട്ട്മെന്റിന്റെ ചില്ലുജനാലവഴി പുറത്തേക്കുചാടി സെറെസ് ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യയ്ക്കു തൊട്ടുമുൻപൊരു ദിവസം സെറെസ് എഴുതി:

‘ഈ പാട്ട് എനിക്ക് നൽകിയ ഭയാനകമായ പ്രശസ്തി എന്നെ മുറിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ലോകത്തോടു മുഴുവൻ തെറ്റുചെയ്തവനെപ്പോലെ ഞാനെന്റെ ശിരസ്സു കുനിക്കുന്നു.’ ഏറ്റവും വിഷാദഭരിത വരികൾക്ക് ഈണം നൽകിയതിന്റെ പേരിൽ അങ്ങേയറ്റം വിഷാദത്തോടെയാണ് സെറെസ് ജീവനൊടുക്കിയത്. ചാവുപാട്ടിന്റെ മരണത്തേര് പിന്നെയും അശ്വമേധം തുടർന്നു. അക്കാലത്തുതന്നെയാണ് വിഷം കഴിച്ചു മരിച്ചനിലയിൽ മറ്റൊരു പെൺകുട്ടിയെ കണ്ടെത്തിയത്. അവളുടെ കിടക്കവിരിയിലെ ഒറ്റവരി ആത്മഹത്യാക്കുറിപ്പിൽ വീണ്ടും അതേ മരണമൊഴി മാത്രം.

‘ഗ്ലൂമി സൺഡേ’ ആ പെൺകുട്ടി സെറെസിന്റെ കാമുകിയായിരുന്നു. കെട്ടുകഥകളും കേട്ടകഥകളും ശരിയാണെങ്കിൽ സെറെസിനെ ആ പാട്ടിലേക്കും പ്രണയത്തിലേക്കും മരണത്തിലേക്കും പ്രലോഭിപ്പിച്ച അനുരാഗസുന്ദരി...

GLOOMY SUNDAY

Sunday is gloomy,

My hours are slumber less.

Dearest, the shadows

I live with are numberless.

Little white flowers

Will never awaken you.

Not where the black coach

Of sorrow has taken you.

Angels have no thought

Of ever returning you.

Would they be angry

If I thought of joining you?

Gloomy is Sunday,

With shadows I spend it all.

My heart and I, have

Decided to end it all.

Soon there'll be candles

And prayers that are said, I know.

Let them not weep,

Let them know that I'm glad to go.

Death is no dream,

For in death I'm caressing you.

With the last breath of my soul,

I'll be bless in you.

Dreaming, I was only dreaming.

I wake and I find you asleep

In the deep of my heart, dear.

Darling, I hope that

My dream never haunted you.

My heart is telling you,

How much I wanted you.