Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കാനിങ് റിപ്പോർട്ടിൽ കുഞ്ഞിനടുത്ത് മരിച്ചു പോയ മുത്തശ്ശി!!!

Sacha Rigby സേഷയു‌ടെ മുത്തശ്ശി, സ്കാനിങ് റിപ്പോർട്ടിൽ കുഞ്ഞിനരികിൽ മുത്തശ്ശിയുടെ രൂപം

സേഷ റിഗ്ബിയെന്ന പെൺകുട്ടി തന്റെ കൗമാരത്തിൽ ഏറെ സമയവും ചെലവിട്ടത് അമ്മൂമ്മയ്ക്കൊപ്പമായിരുന്നു. ഇംഗ്ലണ്ടിലെ ബോൾട്ടനിൽ താമസിക്കവെ ഇരുവരും ഒരുമിച്ചാണ് പലപ്പോഴും ഷോപ്പിങ്ങിനു പോകലും ചുറ്റിക്കറക്കവുമെല്ലാം. അമ്മൂമ്മ മേയ് വർതിങ്ടണിന് കുട്ടികളെ വളരെ ഇഷ്ടമായിരുന്നു. കക്ഷി നാലു കുട്ടികളുടെ അമ്മയുമായിരുന്നു. അതുകൊണ്ടു തന്നെ ഇടയ്ക്കിടെ സേഷയോടു ചോദിക്കും: ‘എന്നാ നിന്റെ കൊച്ചുങ്ങളെയൊക്കെ ഓമനിക്കാൻ എനിക്കൊരു അവസരം ലഭിക്കുക..?’

വർഷങ്ങൾ കഴിഞ്ഞു. ഇരുപത്തിരണ്ടുകാരിയായ സേഷ മുപ്പത്തിയൊന്നുകാരനായ ഡാനിയേലിനെ വിവാഹം ചെയ്തു. പക്ഷേ നാളുകളേറെക്കഴിഞ്ഞിട്ടും ഇരുവർക്കും കുഞ്ഞുങ്ങളുണ്ടായില്ല. അങ്ങനെ ഡോക്ടർമാരുടെ നിർദേശ പ്രകാരം സേഷ വന്ധ്യതാചികിൽസയ്ക്കു വിധേയയാകാനിരിക്കുമ്പോഴായിരുന്നു കഴിഞ്ഞ വർഷം മാർച്ചിൽ അമ്മൂമ്മ മരിക്കുന്നത്. നാളുകൾ കഴിഞ്ഞു. പിന്നീട് ചികിൽസയ്ക്കായൊരുങ്ങുമ്പോഴാണറിയുന്നത്, സേഷ ഗർഭിണിയാണ്. ഡോക്ടർമാർക്കു പോലും മനസിലായിട്ടില്ല എന്തദ്ഭുതമാണു സംഭവിച്ചതെന്ന്. എന്തായാലും വരുന്ന ഓഗസ്റ്റിലാണ് സേഷയുടെ പ്രസവത്തിയ്യതി.

Sacha Rigby സേഷ റിഗ്ബി

ഡാനിയേൽ സേഷയെ പൊന്നു പോലെ നോക്കുകയാണ്, ഒപ്പം ഡോക്ടർമാരും. പക്ഷേ ഇവർക്കെല്ലാം ഉപരിയായി ഒരാൾ ആകാശത്തിരുന്ന് തന്റെ കൊച്ചുമോൾക്ക് പിറക്കാൻ പോകുന്ന കുരുന്നിനെ സംരക്ഷിക്കുന്നുണ്ടായിരുന്നുവെന്നതാണ് സത്യം. അല്ലെങ്കിൽപ്പിന്നെ സേഷയുടെ 4ഡി സ്കാൻ റിപ്പോർട്ടിൽ ഇത്തരമൊരു ചിത്രം പ്രത്യക്ഷപ്പെടുമോ? അടുത്തിടെ വയറ്റുവേദനയെത്തുടർന്ന് സേഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുഴപ്പമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. എന്തായാലും ഒരു 4ഡി അൾട്രാ സൗണ്ട് സ്കാനെടുക്കാമെന്നു തീരുമാനിച്ചു. പക്ഷേ റിപ്പോർട്ടിലെ ചിത്രം കണ്ട സേഷയും ഡാനിയേലും ഞെട്ടിപ്പോയി. കുഞ്ഞിന് തൊട്ടരികിൽ അവ്യക്തമായി അമ്മൂമ്മ മേയ്‌യുടെ മുഖം. അതും കുഞ്ഞിനെ കൊഞ്ചിക്കുന്ന പോലെ. അമ്മൂമ്മയുടെ പഴയൊരു ഫോട്ടോയുടെ 4ഡി സ്കാനിങ് പതിപ്പെന്ന പോലെയായിരുന്നു ആ ചിത്രം. ഇത്തരം കാര്യങ്ങളിലൊന്നും വിശ്വസിക്കാത്ത ഡാനിയേൽ പോലും തകർന്നു പോയി അതുകണ്ടിട്ട്.

കുഞ്ഞിനരികിൽ മരിച്ചയാളുടെ ‘പ്രേത’ത്തെ കണ്ടെന്ന രീതിയിലുള്ള സ്കാനിങ് റിപ്പോർട്ടുകൾ നേരത്തെയും വന്നിട്ടുണ്ട്. അടുത്തിടെ ചെകുത്താൻ മുഖമുള്ള രൂപം കുഞ്ഞിനടുത്തു നിൽക്കുന്ന ചിത്രവും വൈറലായിരുന്നു. പക്ഷേ സേഷ ഈ കാഴ്ച കണ്ട് സന്തോഷം കൊണ്ട് കരയുകയായിരുന്നു. അതോടെ അമ്മൂമ്മയുടെ അനുഗ്രഹമാണ് തന്റെ കുഞ്ഞെന്ന് ഉറപ്പിച്ചു സേഷ. മറ്റൊരു ആശ്വാസം കൂടിയുണ്ട്–ഇനി പ്രസവം വരെ തന്റെ കുഞ്ഞിന് ഒന്നും വരില്ലെന്നുറപ്പാണ്. തന്നെ പൊന്നുപോലെ നോക്കിയ അമ്മൂമ്മയല്ലേ പൊന്നോമയുടെ തൊട്ടരികത്തു തന്നെയുള്ളത്!!

Your Rating: