Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിശാചിനൊരു ദിനം; ഹാലോവീന്‍

Halloween

പണിതുകൊണ്ടിരിക്കുന്ന വീടിനും കൃഷിയിടത്തിനും കണ്ണ് തട്ടാതിരിക്കാന്‍ കണ്ണേറ് കോലം വെക്കുന്നതും ധനുമാസത്തിലെ തിരുവാതിരക്ക് തലേന്ന് രാത്രി വീടുകളില്‍ ഭൂതഗണങ്ങള്‍ വരുന്നതും നമ്മള്‍ മലയാളികൾക്ക് ‌ പരിചിതമാണ്. എന്നാല്‍ ‘ഹാലോവീന്‍’ എന്ന് കേട്ടിട്ടുണ്ടോ?

പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് സകല വിശുദ്ധരുടെയും തിരുന്നാളിന്റെ തലേന്നായ ഒക്ടോബര്‍ 31നു ഏറെ രാജ്യങ്ങളില്‍ കൊണ്ടാടുന്ന ഒരു വാര്‍ഷിക ഉത്സവമാണ് ‘ഹാലോവീന്‍’ അഥവാ ‘ഓള്‍ ഹൌലോസ് ഈവ്‌’. വിശുദ്ധന്‍ എന്നർഥമുള്ള ഹാലോ (hallow) വൈകുന്നേരം എന്നർഥമുള്ള ഈവനിംഗ് (evening) എന്നീ പദങ്ങള്‍ കൂടിച്ചേർന്നാണ് ഹാലോവീന്‍ രൂപം കൊണ്ടത്.

ഹാലോവീന്‍ ആഘോഷിക്കുന്ന ദിവസം വൈകുന്നേരം കുട്ടികളും മുതിർന്നവരും പൈശാചിക വേഷം ധരിക്കുകയും വീടിനു മുന്നില്‍ ഹാലോവീന്‍ രൂപങ്ങള്‍,അസ്ഥികൂടങ്ങള്‍ എന്നിവ തൂക്കിയിടുക, പൈശാചിക രൂപം കെട്ടി മറ്റു വീടുകളില്‍ പോയി ആളുകളെ പേടിപ്പിക്കുക എന്നീ കുസൃതികളും കാണിക്കുന്നു. എന്നാല്‍ ഒരു ദിവസത്തെ കുസൃതി എന്നതിനപ്പുറം ഹാലോവിനു ഒരു മറുപുറമുണ്ട്.

എല്ലാ വര്‍ഷവും ഒക്ടോബര്‍ 31നു ആഘോഷിക്കുന്ന ഈ ഉത്സവം യഥാർഥത്തില്‍ പൈശാചികമാണെന്നും അതിനാല്‍ മാതാപിതാക്കള്‍ കുട്ടികളെ ഈ ആഘോഷത്തില്‍ നിന്നും മാറ്റി നിര്‍ത്തി പകരം വിശുദ്ധരുടെ വേഷങ്ങള്‍ ധരിപ്പിച്ചു ഹാലോവീന്‍ ഉപേക്ഷിച്ചു ‘ഹോളിവീന്‍’ ആഘോഷിക്കണമെന്നും വത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഹാലോവീന്‍ പോലുള്ള ആഘോഷങ്ങള്‍ മൂലം ഒക്ടോബര്‍ മാസത്തില്‍ പൈശാചിക ശക്തികള്‍ മനുഷ്യരിലും പ്രകൃതിയിലും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നും സഭ അധികാരികള്‍ വ്യക്തമാക്കി.

2014ല്‍ വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിനു ശേഷം നടന്ന എക്സോർസിട്സ് സമ്മേളനത്തില്‍ പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്നവരായ ഏകദേശം 300ഓളം പേരാണ് ഹാലോവീനെതിരെ പങ്കെടുത്തത്.ഹാലോവീന്‍ പ്രവണതയില്‍ മുഴുകുന്നവരോട് ദയയോടെ പെരുമാറണമെന്നും പാപ്പ സമ്മേളനത്തോട് ആവശ്യപ്പെട്ടു.