Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധൈര്യമുണ്ടോ ഇവിടെ പോകാൻ? പ്രേതത്തിന് പേരുകേട്ട ഏഴ് സ്ഥലങ്ങൾ!

Ghost Representative Image

സിനിമകളിലും കഥകളിലുമൊക്കെ നാം ധാരാളം പ്രേതങ്ങളെ കണ്ടിട്ടുണ്ട്. വെള്ളസാരിയു‌ടുത്തു നടക്കുന്ന തനിനാടൻ പ്രേതങ്ങൾ മുതൽ ഭീകരജീവികളായി മാറുന്ന പ്രേതങ്ങൾ വരെ.. ഇനി ശരിക്കും പ്രേതം ഉള്ളതാണോ? രാജസ്ഥാനിലെ ഈ ഏഴു സ്ഥലങ്ങൾ സന്ദർശിച്ചാൽ അവിടെയുള്ളവരെല്ലാം പറയും പ്രേതം ശരിക്കുമുണ്ടെന്ന്... പുരാതന കൊ‌ട്ടാരങ്ങൾക്കും കെട്ടിടങ്ങൾക്കും പേരുകേട്ട സ്ഥലമാണ് രാജസ്ഥാൻ. പ്രശസ്ത ടൂറിസ്റ്റ് സ്ഥലം കൂടിയായ രാജസ്ഥാനിലെ ചില സ്ഥലങ്ങൾ പേടിപ്പിക്കുന്നതാണത്രേ. രാജസ്ഥാനിലെ 7 പ്രധാന സ്ഥലങ്ങൾ പ്രേതകഥകൾക്കു പേരുകേട്ടതാണെന്നാണ് പൊതുവെ പറയുന്നത്. ‌പേടിക്കാൻ തയ്യാറാണെങ്കിൽ ആ സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് വായിച്ചു തുടങ്ങിക്കോളൂ.....

റാണാകുംഭ കൊട്ടാരം

ചിറ്റോർഗാറിലെ റാണകുംഭ െകാ‌ട്ടാരത്തിൽ പ്രേതസാന്നിധ്യമുണ്ടെന്നാണു കേട്ടുകേൾവി. ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജി കൊട്ടാരം ആക്രമിച്ച സമയത്ത് മഹാറാണി പത്മിനി എഴുന്നൂറോളം വനിതാ അനുയായികൾക്കൊപ്പം സ്വയം ജീവൻ ബലി കഴിച്ചിരുന്നുവത്രേ. അന്നുമുതൽ കൊട്ടാരം സന്ദർശിക്കുന്നവർ, ഈ രാജ്യം സംരക്ഷിക്കണമെന്നു പറഞ്ഞു കരയുന്ന സ്ത്രീശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നാണ് പറയുന്നത്. ഒരുവർഷം മുമ്പ് ഒരു കൂട്ടം സുഹൃത്തുക്കള്‍ കേട്ടുകേൾവിയുടെ നിജസ്ഥിതി പരിശോധിക്കാൻ സ്ഥലം സന്ദർശിക്കവേ ഒരു സ്ത്രീയുടെ നിലവിളി കേട്ടുവെന്നും തിരിഞ്ഞു നോക്കിയപ്പോൾ രാജവേഷത്തിൽ കത്തിയമർന്ന ഒരു സ്ത്രീയെ കണ്ടുവെന്നും പരക്കുന്നുണ്ട്.

എൻഎച്ച്-79 നിയർ ഡുഡു വില്ലേജ്

രക്തത്തിനു ദാഹിക്കുന്ന റോഡ് എന്നാണ് രാജസ്ഥാനിലെ ഈ അജ്മിർ-ഉദയ്പൂർ ഹൈവേ അറിയപ്പെടുന്നത്. കാലങ്ങൾക്കു മുമ്പ് ബാലവിവാഹം സാധാരണമായിരുന്ന സമയത്ത് അഞ്ചുദിവസം പ്രായമുള്ള പെൺകുഞ്ഞും മൂന്നുവയസുകാരനായ ആൺകുഞ്ഞുമായുള്ള വിവാഹം നടത്താൻ മുതിർന്നവർ തീരുമാനിച്ചു. എന്നാല്‍ പെൺകുട്ടിയുടെ അമ്മ ഇതിനെതിരായിരുന്നു. വിവാഹം തടുക്കാനായി സഹായം അഭ്യർഥിച്ച് ഹൈവേയിലെത്തിയ അമ്മയും കുഞ്ഞും തൽക്ഷണം വാഹനമിടിച്ച് മരിച്ചു. അന്നു തൊട്ട് സ്ഥലത്ത് വാഹനാപകടങ്ങൾ പതിവാണത്രേ.

നഹാർഗർ കോട്ട

ആരവല്ലി ഹിൽസിനു ഉച്ഛസ്ഥായിയിലാണ് നഹാർഗർ കോട്ട സ്ഥിതി ചെയ്യുന്നത്. കൊട്ടാരത്തിനകത്തുള്ളവരിൽ നിന്നും പുറംലോകവുമായി യാതൊരു ബന്ധവും പുലർത്താതിരിക്കാൻ ആകാശവലിപ്പത്തിലാണ് കോട്ടയുടെ മതിലുകൾ നിർമ്മിച്ചിരിക്കുന്നത്. സാവായ് രാജാ മാൻ സിംഗ് തന്റെ രാജ്ഞിമാര്‍ക്കു വേണ്ടി പണി കഴിപ്പിച്ചതായിരുന്നു കോട്ട. അദ്ദേഹം മരിച്ചതിനുശേഷം ആത്മാവ് കോട്ടയിലൂടെ ഇപ്പോഴും അലയുന്നുണ്ടെന്നാണ് പ്രദേശവാസികളു‌ടെ വിശ്വാസം.

ബ്രിജ്‍രാജ് ഭവൻ

ഒരു ഇംഗ്ലീഷ് പട്ടാളക്കാരന്റെ പ്രേതം അലഞ്ഞു നടക്കുന്ന മാന്ത്രിക ബംഗ്ലാവ് എ​ന്നാണ് രാജസ്ഥാനിലെ ബ്രിജ്‍രാജ് ഭവൻ അറിയുന്നത്. ശിപായി ലഹള സമയത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന മേജർ ബർട്ടണും കുടുംബവും ഇന്ത്യൻ പട്ടാളക്കാരാൽ കൊല്ലപ്പെട്ടു. ബർട്ടന്റെ ആത്മാവ് ഇന്നും ഗതികിട്ടാതെ ബ്രിജ്‍രാജ് ഭവനിലൂടെ അലയുന്നുണ്ടെന്നാണ് വിശ്വാസം.

കുൽദാര ഗ്രാമം

ആരും വിശ്വസിക്കാത്തൊരു കഥയാണ് കുൽദാര ഗ്രാമത്തിനു പറയാനുള്ളത്. ദുസ്വഭാവിയായിരുന്ന മന്ത്രി ഭരിച്ചിരുന്ന ഗ്രാമം ശാപം കിട്ടി മരുഭൂമി ആയെന്നാണ് പറയുന്നത്. ദുരാഗ്രഹിയായിരുന്ന മന്ത്രി ഗ്രാമത്തിലെ സുന്ദരിയായ ഒരു പെൺകുട്ടിയെ അവളുടെ ആഗ്രഹമില്ലാതെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ ഗ്രാമവാസികൾ അവിടം വിട്ടു പോവുകയും ശേഷം അവിടം തരിശുനിലമായെന്നുമാണ് കേട്ടുകേൾവി.

ജഗത്പുര

രാജസ്ഥാനിലെ ടൂറിസ്റ്റ് സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമാണ് ജഗത്പുര. ഇവിടുത്തെ രാജാവ് ദുരാഗ്രഹിയായിരുന്നെന്നും രാജാവിനെ ശപിച്ച് നിരവധി ജനങ്ങൾ പട്ടിണി കിടന്നു മരിച്ചുവെന്നും അവരുടെ ആത്മാക്കൾ ഗതികിട്ടാതെ അലയുകയാണെന്നുമാണ് കേൾവി. സ്ഥലം സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികളിൽ പലരോടും ഈ ആത്മാക്കൾ സഹായം അഭ്യർഥിച്ച സന്ദർഭങ്ങളുമുണ്ടായിട്ടുണ്ടെന്നാണ് കഥ. ജനങ്ങൾ ദുർമന്ത്രവാദികളോടൊപ്പം കഴിഞ്ഞിരുന്ന സ്ഥലവുമാണത്രേ ജഗത്പുര.

ഭാൻഗർ കോ‌ട്ട

പേടിപ്പിക്കുന്ന സ്ഥലങ്ങളുടെ പട്ടികയെടുത്താൽ ഏറ്റവും മുന്നിലാണ് ഭാൻഗർ കോട്ടയു‌‌െട സ്ഥാനം. േകാട്ടയുടെ രാജ്ഞി റാണി രത്‍നാവതിയെ സ്വന്തമാക്കാൻ ഒരു ദുർമന്ത്രവാദി ആഗ്രഹിച്ചിരുന്നുവെന്നും കോട്ടയില്‍ സ്ഥിരമായി ദുർമന്ത്രവാദം നടത്തിയിരുന്നുവെന്നുമാണ് ചരിത്രം. സംഭവം നടന്നു കാലങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും കോട്ട സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾക്ക് ദുർമന്ത്രവാദത്തിന്റെ ശബ്ദങ്ങളും സഹായം അഭ്യർഥിച്ചുകൊണ്ടുള്ള യുവതിയുടെ കരച്ചിലും കേൾക്കുന്നുണ്ടത്രേ.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.