Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രയിൽ ഒപ്പമൊരു പോൺ സ്റ്റാർ!!!.

yuhi ജാപ്പനീസ് നീലചിത്രനായിക യുഹി ഹത്താനോ

തയ്‌വാന്റെ തലസ്ഥാനമായ തായ്പെയിയിലെ മേയർക്ക് ഒരുനാൾ ഒരു തോന്നൽ. നഗരസഭയ്ക്ക് 40 ശതമാനം പങ്കാളിത്തമുള്ള ‘ഈസി കാർഡ്’ എന്ന കമ്പനിയുടെ വരുമാനം എങ്ങനെയെങ്കിലും കൂട്ടണം. ഏതൊക്കെ വഴികളിലൂടെ സ‍ഞ്ചരിച്ചായാലും വരുമാനം കൂട്ടിയിട്ട് ഇനി മുന്നിൽ വന്നാൽ മതിയെന്ന് മേയർ. ശരിയെന്ന് ഈസി കാർഡും. ഏതാനും ആഴ്ചകൾ കഴിഞ്ഞ് ഒരു ദിവസം പൊതുചടങ്ങുകളിലൊന്നിൽ പങ്കെടുത്തുകൊണ്ടിരിക്കെ മേയറോട് മാധ്യമപ്രവർത്തകരുടെ ചോദ്യം: ‘അല്ല മേയറേ, ഇതൊക്കെ താങ്കളുെടെ കൂടി അറിവോടും സമ്മതത്തോടെയുമാണോ നടക്കുന്നത്...?

എന്താണു സംഗതിയെന്നറിയാതെ അന്തംവിട്ടു നിന്ന മേയറോട് ചോദ്യം ഉന്നയിച്ചവർ തന്നെ കാര്യങ്ങൾ വ്യക്തമാക്കിക്കൊടുത്തു. അതായത്, വരുമാനം കൂട്ടാനായി ഈസി കാർഡ് കമ്പനി ഒരു മെട്രോ കാർഡ് പുറത്തിറക്കുകയാണ്. നഗരത്തിലെ ഗതാഗതസംവിധാനങ്ങളിലെല്ലാം സ്വൈപ് ചെയ്ത് ഉപയോഗിക്കാവുന്ന വിധമാണിത്. വാഹനങ്ങളിൽ മാത്രമല്ല കടകളിലും കാർഡ് ഉപയോഗപ്പെടുത്താം. ഇതിത്രയും വലിയ പ്രശ്നമാണോയെന്ന് ആലോചിച്ചുനിന്ന മേയർക്കു മുന്നിലേക്കാണ് അടുത്ത ബോംബ് വന്നുവീണത്. കാർഡെല്ലാം നല്ല തീരുമാനമാണ്, പക്ഷേ അതുവാങ്ങാൻ ജനങ്ങളെ ആകർഷിക്കാനായി അതിന്മേൽ ഒരു സുന്ദരിപ്പെൺകുട്ടിയുടെ ചിത്രം പതിയ്ക്കുന്നുണ്ട്. ആളു ജപ്പാൻകാരിയാണ്, നടിയാണ്, ഇരുപത്തിയേഴു വയസ്സായപ്പോഴേക്കും ലോകത്തിലെ ടോപ് ടെൻ ‘നടി’മാരിലൊരാളായി ഒരു വെബ്സൈറ്റിനാൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. എല്ലാം ഓക്കെ, പക്ഷേ അവർ അഭിനയിക്കുന്ന സിനിമകളാണു പ്രശ്നം–പോൺ സിനിമകളിലെ മിന്നും താരമായ യുഹി ഹത്താനോ ആണ് മെട്രോ കാർഡിലെ ചിരിക്കുന്ന മുഖമായെത്തുന്നത്. സംഗതി കേട്ട മേയർ പകച്ചു നിന്നുപോയി. തൊട്ടുപിറകെ പ്രഖ്യാപനവുമെത്തി– ‘ഈ കാർഡിലെ പെൺകുട്ടിയുമായോ ആ ചിത്രവുമായോ നഗരസഭയ്ക്ക് യാതൊരു പങ്കുമില്ല..’

yuhi-1 ജാപ്പനീസ് നീലചിത്രനായിക യുഹി ഹത്താനോയുടെ ചിത്രത്തോടെ തയ്‌വാനിൽ പുറത്തിറങ്ങിയ ഈസി കാർഡ്

പക്ഷേ സംഭവം വാർത്തയായതിനു പിറകെ രാജ്യത്തെ വനിതകളെ അപകീർത്തിപ്പെടുത്തുന്നതാണ് ഈ നീക്കമെന്നാരോപിച്ച് വനിതാസംഘടനകളും രാഷ്ട്രീയപാർട്ടികളുമെല്ലാം മുദ്രാവാക്യം വിളിച്ചെത്തി. അതോടെ കാർഡ് വിൽക്കാമെന്നേറ്റ കടകളും പിൻവാങ്ങി. വച്ച കാൽ പിന്നോട്ടെടുക്കാൻ ഈസി കാർഡ് തയാറായില്ല. 15.40 ഡോളർ വിലയുള്ള രണ്ട് കാർഡുകളടങ്ങിയ സെറ്റ് പ്രിന്റടിച്ചു റെഡിയാക്കി. സെപ്റ്റംബർ ഒന്നിന് അർധരാത്രി മുതൽ ഈ സ്പെഷൽ എഡിഷൻ കാർഡ് ആർക്കു വേണമെങ്കിലും ബുക്ക് ചെയ്യാമെന്ന് പരസ്യം കൊടുത്തു, കാത്തിരുന്നു. ഫോൺ വഴി ബുക്കിങ് തുടങ്ങി നാലു മണിക്കൂറിനകം ആകെ പ്രിന്റ് ചെയ്ത 30000 കാർഡുകളും വിറ്റുപോയതോടെ ഞെട്ടിപ്പോയത് ഈസി കാർഡ് സംഘം. പുലർച്ചെ 4.18നാണ് അവസാനത്തെ സെറ്റ് കാർഡ് വിൽപന നടന്നത്.

കാർഡിന്റെ അടുത്ത ഘട്ട വിതരണം എപ്പോഴാണെന്ന സംശയത്തിന് മറുപടി നൽകുന്ന തിരക്കിലാണ് കമ്പനിയിപ്പോൾ. ഏയ്ഞ്ചൽ, ഡീമൻ എന്നിങ്ങനെ രണ്ടുപേരുകളിലാണ് കാർഡ് പുറത്തിറക്കിയത്. പക്ഷേ പേടിച്ചതുപോലെയല്ല, രണ്ടിലും അത്യാവശ്യം മാന്യമായാണ് യുഹിയുടെ ഇരിപ്പ്. ഒപ്പം കക്ഷിയുടെ ഒപ്പുമുണ്ട്. എന്നിട്ടും യുഹിയുടെ നോട്ടം പ്രകോപനപരമാണെന്നു പറഞ്ഞ് ഒട്ടേറെ പേർ വാളെടുത്തു. അതിനിടെ യുഹിയെ പിന്തുണച്ച് കാർഡ് വാങ്ങണമെന്ന് ആഹ്വാനം ചെയ്ത് ആരോ തയാറാക്കിയ ഫേസ്ബുക്ക് പേജിന് അരലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്. കാർഡ് വിറ്റുകിട്ടിയ തുകയുടെ ഒരു പങ്ക് സന്നദ്ധപ്രവർത്തനങ്ങൾക്കു നൽകാനാണു തീരുമാനം. അതുവഴി തന്റെ പ്രതിച്ഛായ കൂടി നന്നാക്കാനുള്ള ശ്രമത്തിലാണത്രേ യുഹി.

പക്ഷേ കാർഡ് വാങ്ങിയവർ ഏറ്റവും വലിയ പ്രശ്നമായി പറയുന്നത് ഇതൊന്നുമല്ല. പഴ്സിലിരിക്കുന്ന കാർഡിലെ പെൺകുട്ടിയെ ചെറിയ കുട്ടികൾക്കൊന്നും കണ്ടുപരിചയമില്ല, പക്ഷേ ആളു വല്യ പുള്ളിയാണെന്നതുറപ്പ്. ആരാ അച്ഛാ ഈ ചേച്ചി...? എന്ന പിള്ളേരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാനാകാതെ കുടുങ്ങിയിരിക്കുകയാണ് പലരുമെന്നതാണ് ഏറ്റവും പുതിയ വാർത്ത.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.