Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടക്കം പൊട്ടിതുടങ്ങി, ഇടത്– വലത് പാർട്ടി നേതൃത്വങ്ങൾ നേർക്കുനേർ!

left right election

തങ്ങൾക്ക് ഭൂരിപക്ഷം കുറയാൻ കാരണം കോൺഗ്രസ് വോട്ടു വിറ്റതാണെന്ന ആരോപണവുമായി സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വം. ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിക്ക് ഇടതു മുന്നണിയെ കുറ്റം പറഞ്ഞ് ജില്ലാ കോൺഗ്രസ് കമ്മിറ്റി.

ഇതോടെ തിരുവനന്തപുരം ജില്ലയിലെ ഇടത്– വലത് പാർട്ടി നേതൃത്വങ്ങൾ നേർക്കുനേർ പോരിനിറങ്ങി. തിരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിച്ചതാണു തങ്ങൾക്കു തിളക്കമാർന്ന വിജയം ലഭിക്കാൻ കാരണമെന്നു പറ‍ഞ്ഞ് ബിജെപി നേതൃത്വവും കക്ഷിചേർന്നു.

കോർപറേഷനിൽ ബിജെപിക്കു വേണ്ടി കോൺഗ്രസ് വോട്ടുകൾ മറിച്ചുകൊടുക്കാൻ പ്രവർത്തിച്ചതു മന്ത്രി വി.എസ്. ശിവകുമാറാണെന്നും നഗരത്തിലെ പതിനാറോളം വാർഡുകളിൽ പണം വാങ്ങി ബിജെപിക്കു വേണ്ടി വോട്ട് മറിച്ചുകൊടുത്തതു കോൺഗ്രസ് ആണെന്നും സിപിഎം ജില്ലാ നേതൃത്വം ആരോപിച്ചു. കോർപറേഷനിൽ മികച്ച പ്രകടനം കാഴ്ചവച്ച ബിജെപി തങ്ങളുടെ വിജയത്തിനു നന്ദി പറയേണ്ടതു ശിവകുമാറിനോടാണ്. സിപിഎമ്മിനെ തോൽപ്പിക്കാൻ ശിവകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ കച്ചവടത്തിനു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മറുപടി പറയണമെന്നു സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. വിജയകുമാർ, വി. ശിവൻകുട്ടി എംഎൽഎ എന്നിവർ ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ മുഖ്യ എതിരാളി സിപിഎം അല്ല ബിജെപി ആണെന്ന് അരുവിക്കര തിരഞ്ഞെടുപ്പിൽ തന്നെ ഉമ്മൻ ചാണ്ടി പറഞ്ഞതാണ്. അതിനാൽ സിപിഎമ്മിനെ തോൽപ്പിക്കാൻ കോൺഗ്രസ് എന്തു കളിയും കളിക്കുമെന്ന് ഉറപ്പായെന്നും നേതാക്കൾ പറഞ്ഞു.

എന്നാൽ, നേതൃത്വത്തിന്റെ അറിവോടെയാണോ സിപിഎം ബിജെപിയെ സഹായിച്ചതെന്നു വ്യക്തമാക്കണമെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി തിരിച്ചടിച്ചു. കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതൃത്വം ബിജെപിക്കു വോട്ട് മറിച്ചുനൽകിയെന്ന വി. ശിവൻകുട്ടി എംഎൽഎയുടെ ആരോപണം തന്റെ രാഷ്ട്രീയ ജാള്യം മറയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നു ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്്ണപിള്ള പറഞ്ഞു. ഏറ്റവും വലിയ അഴിമതി ഭരണമെന്നു നഗരസഭാ ഭരണത്തിനെതിരെ ആരോപണം ഉന്നയിച്ചു ശിവൻകുട്ടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ വോട്ട് ബിജെപിക്കു ലഭിച്ചതു ശിവൻകുട്ടി പ്രതിനിധീകരിക്കുന്ന നേമം മണ്ഡലത്തിൽ നിന്നാണ്. 19,000 വോട്ടുകളാണു നേമത്തു ബിജെപി കൂടുതൽ നേടിയത്.

ഇപ്പോഴത്തെ നഗരസഭാ തിരഞ്ഞെടുപ്പിലും ബിജെപി ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയതു നേമം മേഖലയിൽ നിന്നാണ്. ഇതേക്കുറിച്ചു ശിവൻകുട്ടി ജനങ്ങളോടും സിപിഎം നേതൃത്വത്തോടുമാണ് ആദ്യം വിശദീകരിക്കേണ്ടതെന്നു കരകുളം പറഞ്ഞു. വോട്ട് കുറഞ്ഞതിനു കാരണം വോട്ട് കച്ചവടമെന്നാണു സിപിഎമ്മും പറയുന്നതെങ്കിൽ അരുവിക്കരയിൽ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണോ ബിജെപിക്കു വോട്ട്് മറിച്ചതെന്ന്് അറിയാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നടന്നത് ശിവകുമാർ-ശിവൻകുട്ടി ഗൂഢാലോചനയെന്ന് ബിജെപി

കോർപറേഷനിൽ ബിജെപിയെ തോൽപിക്കാൻ വേണ്ടി മന്ത്രി വി.എസ്.ശിവകുമാറും വി.ശിവൻകുട്ടി എംഎൽഎയും ചേർന്നു ഗൂഢാലോചന നടത്തിയെന്നും ഇതിനു കെപിസിസിയുടെയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും അനുമതി ഉണ്ടായിരുന്നുവെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് ആരോപിച്ചു.

തിരഞ്ഞെടുപ്പിനു മുമ്പ് ഇവർ മൂന്നു തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിക്കു ജയസാധ്യതയുള്ള വാർഡുകളിൽ പരസ്പരം വോട്ട് മറിക്കാനുള്ള ധാരണ രൂപപ്പെട്ടത് ഈ ചർച്ചയിലാണ്. ബിജെപിക്കെതിരെ സിപിഎം അക്രമം അഴിച്ചുവിട്ടതും ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്. പലയിടത്തും നടന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാനും ശ്രമമുണ്ടായി. എന്നാൽ ബിജെപി ഉയർത്തിയ വികസന മുദ്രാവാക്യം ജനം അർഹിക്കുന്ന രീതിയിൽ ഉൾക്കൊണ്ടു. എൽഡിഎഫിനും യുഡിഎഫിനും ബദൽ വേണമെന്ന ജനത്തിന്റെ ആഗ്രഹത്തിന്റെ ഫലമാണു ബിജെപിക്കുണ്ടായ വിജയം.

ജില്ലയിൽ 90% സീറ്റുകളിലും പാർട്ടി മൽസരിച്ചു. ചരിത്രനേട്ടമാണു പാർട്ടിക്ക് ഉണ്ടായത്. കോർപറേഷനിൽ നേടിയ 35 സീറ്റിനു പുറമെ പഞ്ചായത്തുകളിൽ 172 സീറ്റും പാർട്ടി നേടി. ഇതൊന്നും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഔദാര്യം കൊണ്ടല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നേടിയതിനെക്കാൾ 17,175 വോട്ടു പാർട്ടിക്ക് കൂടുതൽ ലഭിച്ചു.

സിപിഎം–കോൺഗ്രസ് ഗൂഢാലോചന ഫലിക്കാതെ പോയതിനാൽ ശിവൻകുട്ടി പിച്ചുംപേയും പറയുകയാണ്. ശിവൻകുട്ടി പന്തയം വച്ച പൊന്മോതിരം പാർട്ടിക്കു വേണ്ട. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സീറ്റായ നേമം ബിജെപി പിടിച്ചെടുക്കും.. കെ.മുരളീധരന്റെ വട്ടിയൂർക്കാവിലും വി.എസ്.ശിവകുമാറിന്റെ തിരുവനന്തപുരത്തും ജയം ബിജെപിക്കായിരിക്കും.

മേയർ സ്ഥാനാർത്ഥി ആരായിരിക്കണമെന്നു തീരുമാനിച്ചിട്ടില്ല. ബിജെപി നിർണായകമാകുന്ന സ്ഥലങ്ങളിൽ എന്തു നിലപാടു സ്വീകരിക്കണമെന്നു 13ന് എറണാകുളത്തു ചേരുന്ന പാർട്ടി ജില്ലാ പ്രസിഡന്റുമാരുടെ യോഗം തീരുമാനിക്കും. അതിന്റെ അടിസ്ഥാനത്തിൽ മേയർ തിരഞ്ഞെടുപ്പിലെ നിലപാടു തീരുമാനിക്കുമെന്നും സുരേഷ് പറഞ്ഞു.