Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ പിന്നെയും മുഖ്യമന്ത്രിക്ക് അപരൻ

Looks alike Oommen Chandy

ഉമ്മൻചാണ്ടി എന്ന പേര് വേറെ ആർക്കും കാണില്ല. എന്നാൽ ലുക്കിൽ എതാണ്ട് ഉമ്മൻ ചാണ്ടിയെ പോലെ തന്നെയിരിക്കുന്ന ഒരാൾ അങ്ങ് കാനഡയിലെ ഒന്റേരിയോയിൽ ഉണ്ട്. ഒറ്റനോട്ടത്തിൽ കണ്ടാൽ നമ്മുടെ മുഖ്യമന്ത്രി അല്ലെന്ന് ആരും പറയില്ല. അതേ നീണ്ട മൂക്കും, അതേ വെള്ള തലമുടിയും, പൊക്കവും ഏതാണ്ട് ഒരേ പോലെ.

ആകെ ഒരു വ്യത്യാസം മാത്രം ഖദർ മുണ്ടും ഷർട്ടുമല്ല, കണ്ണാടിയുമില്ല. എന്നാലും കണ്ടാൽ ട്രാക്ക്സ്യൂട്ട് ഇട്ട് ഉമ്മൻചാണ്ടി നടന്നു വരികയാണെന്നേ പറയൂ. മലയാള മനോരമയുടെ മുൻ റിപ്പോർട്ടറായ വിനോദ് ജോൺ പകർത്തിയതാണ് ചിത്രം. ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി. യാദൃശ്ചികമായി കിട്ടിയ ഫോട്ടോ ആയതിനാൽ അപരന്റെ പേര് അറിയില്ല. പേര് ഏതായാലും ഉമ്മൻചാണ്ടി എന്ന് ആയിരിക്കില്ലെന്ന് വിചാരിക്കാം.

അപരനെ കണ്ടതിനെക്കുറിച്ച് വിനോദ് ജോൺ പറയുന്നത് ഇങ്ങനെ:

കാനഡയിലെ ഒന്റേരിയോ പ്രവിശ്യയിലെ ലണ്ടൻ നഗരത്തിൽനിന്ന് എടുത്ത ചിത്രം. വ്യാഴാഴ്ച പ്രാദേശിക സമയം പതിനൊന്നുമണിയോടെ. ഒരു ചെറിയ വഴിയിലൂടെ വെറുതെ കാറിൽ പോകുമ്പോഴാണ് എതിരെ വന്നയാളെ ശ്രദ്ധിച്ചത്. കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നല്ല രൂപസാദൃശ്യം. അപ്പോഴേക്കും കാർ അദ്ദേഹത്തെ കടന്നുപോയി. എന്തായാലും ഒരു ചിത്രം എടുക്കാമെന്നു കരുതി. അൽപദൂരം മുന്നോട്ടുപോയശേഷം തിരികെ ഓടിച്ച് എതിർദിശയിൽ ഒരിടത്ത് കാത്തുകിടന്നു.

Looks alike Oommen Chandy

ദൂരെനിന്നു നടന്നുവരുന്ന ഒരു ചിത്രമെടുത്തു. മുഖം ക്ലോസപ്പിൽ കിട്ടാനായി ശ്രമം. സ്റ്റീയറിങ് വീലിൽ പിടിച്ചിരുന്ന എന്റെ കയ്യിൽ ക്യാമറ കണ്ടോ എന്നു സംശയം. കാറിനു നേരേ എത്തിയപ്പോൾ എന്നെതന്നെയായി നോട്ടം. അധികം സംശയത്തിന് ഇടനൽകാതെ പെട്ടെന്ന് ഒരു ചിത്രംകൂടി എടുത്തു. അതാണ് ക്ളാരിറ്റി അൽപം കുറവ്. കടന്നുപോയശേഷം ഒന്നു രണ്ടു ചിത്രങ്ങൾക്കൂടി എടുത്തു. അതിനാകട്ടെ നല്ല കൃത്യതയുണ്ടുതാനും. അൽപദൂരം മുന്നോട്ടുപോയശേഷവും എന്നെ തിരിഞ്ഞുനോക്കി. പിന്നെ അധികം കാത്തുനിൽക്കാതെ ഞാൻ എതിർദിശയിലേക്കു കാറോടിച്ചുപോയി. വീണ്ടും തിരികെ വന്നു കുറച്ചു ചിത്രങ്ങൾക്കൂടി എടുക്കാമെന്നു കരുതി വന്നപ്പോഴേക്കും ആൾ അപ്രത്യക്ഷമായി. ഒന്നുകിൽ സമീപത്തെ മറ്റ് ഇടവഴിയിൽ എവിടേക്കെങ്കിലും നടന്നുപോയതാകാം. അല്ലെങ്കിൽ അവിടെ അടുത്തുള്ള വീടുകളിലൊന്നാകാം സ്വഭവനം.

പിന്നീട് സംഭവിച്ചത്. ഓഫിസ് ആവശ്യത്തിനായി ലണ്ടനിൽ എത്തിയ നല്ലപാതി നിഷയെ മീറ്റിങ് കഴിഞ്ഞ് കാറിൽ കയറിയ ഉടനെ ക്യാമറയിലെ ചിത്രം കാണിച്ചിട്ടു ചോദിച്ചു. അറിയുമോ ഈ ആളെ എന്ന്.ഉമ്മൻ ചാണ്ടിയെപ്പോലെയുണ്ടല്ലോ എന്നു മറുപടി കിട്ടി. സാധാരണ എനിക്ക് ഇങ്ങനെ സാമ്യം തോന്നുന്നവരെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും പുള്ളിക്കാരിക്ക് അത് തോന്നിയിട്ടില്ല. ഇതു കേട്ടതോടെ എനിക്ക് ആവേശമായി. വൈകുന്നേരം ഏഴു മണിയോടെ വീട്ടിലെത്തി. മക്കളെ രണ്ടുപേരെയും വിളിച്ചു ചിത്രം കാണിച്ചു. കണ്ടതും ഉമ്മൻ ചാണ്ടി എന്നു മൂത്ത മകളുടെ പ്രതികരണം. പിന്നെ ഒട്ടും ആലോചിച്ചില്ല. ഫേസ്ബുക്കിലേക്ക് പ്രമോഷൻ. പിന്നെ ലൈക്ക്, ഷെയർ, കമന്റുകൾ. നമ്മുടെ ആളുകളല്ലേ, കമന്റുകളിൽ നല്ലതും ചീത്തയുമുണ്ടെന്നു മാത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.