Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡംബര ഉൽപ്പന്നങ്ങൾക്ക് ആഡംബരം അത്ര പോരാ...

luxury

ആഭരണം, വാച്ച്, മറ്റ് ആക്സസറികൾ തുടങ്ങിയവ ഇനങ്ങളിലെ ആഡംബര ഉൽപ്പന്നങ്ങളുടെ വിൽപ്പന കുതിച്ചുയരുന്നതാണ് ഇന്ത്യയിലെ കാഴ്ചയെങ്കിലും ലോക ആഡംബര വിപണിയിൽ ആവേശം കുറയുകയാണ്. കഴിഞ്ഞവർഷത്തെക്കാൾ ഒന്നോ രണ്ടോ ശതമാനം വർധനയേ ഇക്കൊല്ലം നേടാനാകൂ എന്നാണ് ഇതുസംബന്ധിച്ച പഠനത്തിൽ തെളിയുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ആറു മുതൽ 13 വരെ ശതമാനം വർധന നേടിയിരുന്ന വിപണിക്ക് ഇക്കുറി തിരിച്ചടിയായത് ചൈനയിലെയും റഷ്യയിലെയും സാമ്പത്തിക മാന്ദ്യലക്ഷണങ്ങൾ.

ആഡംബര ആക്സസറി വിപണി ഇക്കൊല്ലം ഒടുവിൽ 27700 കോടി ഡോളറിന്റേ(18 ലക്ഷം കോടി രൂപ)താകുമെന്നാണു ബെയിൻ ആൻഡ് കമ്പനി എന്ന കൺസൽറ്റൻസി സ്ഥാപനത്തിന്റെ നിഗമനം. ചൈനയിലും ഹോങ്കോങ്ങിലും വിൽപ്പന്ന താഴുന്നു. രാജ്യാന്തര ആഡംബര ഷോപ്പിങ് തലസ്ഥാനങ്ങളായ ദുബായ്, മിലാൻ എന്നിവിടങ്ങളിൽനിന്ന് ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടാൻ മുന്നിലുണ്ടായിരുന്ന റഷ്യക്കാരാകട്ട, അവരുടെ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതുകാരണം ഷോപ്പിങ് മാറ്റിവയ്ക്കുകയുമാണ്. ഏറ്റവുമധികം ആഡംബര ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ചൈനക്കാരാണെന്നാണു മുൻ കൊല്ലങ്ങളിലെ സ്ഥിതി. തൊട്ടു പിന്നിൽ റഷ്യക്കാരും. അവർ പിന്മാറുമ്പോൾ വിപണി ഇടിയുന്നതു സ്വാഭാവികം.

യൂറോപ്യൻ, അമേരിക്കൻ ഉൽപ്പന്നങ്ങളാണു വിപണിയിലെ താരങ്ങൾ. പക്ഷേ, യൂറോപ്പിലും അമേരിക്കയിലും ഇവയുടെ ഉപയോഗം കുറയുകയാണ്. വിദേശ വിപണികൾ ലക്ഷ്യമിട്ടു വലിയ വില ഈടാക്കുമ്പോൾ ആഭ്യന്തര വിപണിയിൽ ജനപ്രീതി കുറയുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മിക്ക ഉൽപ്പന്നങ്ങൾക്കും 30% മുതൽ 50% വരെ വില ഉയർന്നിട്ടുണ്ട്. ചൈനക്കാരെ മാത്രം ലക്ഷ്യമിടുന്ന ബ്രാൻഡുകൾ തങ്ങളെ അവഗണിക്കുകയാണെന്നു യൂറോപ്പിലെ സമ്പന്നർ വിലയിരുത്തിത്തുടങ്ങിയെന്നാണ് ഗവേഷകർ പറയുന്നത്. ഷോപ്പിങ്ങിൽനിന്ന് അകന്നുനിൽക്കാൻ ആ മനോഭാവം പ്രേരിപ്പിക്കുന്നു.

ചൈനയിൽ വിൽപ്പന കുറയുന്നത് ആഡംബര കാർ നിർമാതാക്കളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. അതേ ലക്ഷണങ്ങളാണു മറ്റ് ആഡംബര ഉൽപ്പന്നങ്ങളുടെ കാര്യത്തിലേക്കും വ്യാപിപ്പിക്കുന്നത്. മൊത്തം ആഡംബര വിപണിയുടെ 31% കയ്യാളുന്നത് ചൈനക്കാരത്രേ. യുഎസ് 24%, യൂറോപ്പ് 18% എന്നിങ്ങനെയാണു പങ്കാളിത്തം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.