Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പങ്കാളീ, ആരു പറഞ്ഞു ന്യൂജെൻ ഒരു തോൽവിയാണെന്ന്?

new generation language

‘ഇസ് ദുനിയാ മേ കോയി നഹി...’ (ഈ ദുനിയാവില് കോഴി ഇല്ല) ‘കോയി ബാത് നഹി...’ (കോഴി കുളിക്കാറില്ല...) രാഷ്ട്രഭാഷയൊക്കെയാണെങ്കിലും മലയാളി ഇങ്ങനെയേ ഹിന്ദി പഠിക്കൂവെന്നാണ് പൊതുവെ പലരും തമാശ പറയാറുള്ളത്. അത്രത്തോളം സ്വന്തം ഭാഷയെ ‘സ്നേഹിക്കുന്നവരാണ്’ നമ്മൾ. പക്ഷേ ഇടയ്ക്ക് ന്യൂജനറേഷൻ എന്നൊരു പുതിയ തരം തരംഗം വന്നതോടെ ‘സീൻ മൊത്തം കോൺട്ര’യായി. എല്ലാവരും പറഞ്ഞു, ന്യൂജനറേഷൻ പിള്ളേരും സിനിമാക്കാരും മലയാള ഭാഷയെ വലിച്ചുകീറി മതിലിലൊട്ടിക്കുകയാണെന്ന്. അതിന് ഉദാഹരമായി ചില കാര്യങ്ങളും വിമർശകർ മുന്നോട്ടുവച്ചു– അളിയാ എന്ന വിളി ബ്രോയും ഡൂഡുമായി, സംഗതി പ്രശ്നമാണെന്നത് മാറി ഡാർക് സീൻ ആയി, നിസ്സാരം സിംപിളിനു വഴിമാറി, അതികഠിനം പവർഫുള്ളായി...

പക്ഷേ ഉപ്പുമാവിനെ സോൾട്ട് മാംഗോ ട്രീ എന്നു വിളിച്ച ഒരു കാലമുണ്ടായിരുന്നുവെന്നത് ഓർക്കാതെയായിരുന്നു ഈ ആരോപണമെന്ന് ന്യൂജനറേഷൻ തിരിച്ചടിച്ചു. പാവം ഉപ്പുമാവിനെ അങ്ങനെ വിളിച്ചത് 30 വർഷം മുൻപിറങ്ങിയ ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയിലാണെന്നും പറഞ്ഞ് ഉദാഹരണവും കൊടുത്തു. തൊടുപുഴയെ ടച്ച്റിവറാക്കിയത് ആരാണെന്നും അവരുടെ മറുചോദ്യം. അവിടെയും തീർന്നില്ല. കൊല്ലുകയാണെന്ന് പറഞ്ഞ അതേ ആൾക്കാരെക്കൊണ്ടുതന്നെ മലയാളഭാഷയുടെ നല്ലതിനു വേണ്ടിയാണ് ഇവരുടെ പ്രവർത്തനമെന്നു പറയിപ്പിക്കാനും ന്യൂജനറേഷനായി. കാരണം ജീവശ്വാസമില്ലാതെ മരിക്കാൻ കിടന്ന പല ഭാഷാപ്രയോഗങ്ങളെയും പൊടിതട്ടി മിനുക്കിയെടുത്ത് ഇപ്പോൾ താരങ്ങളാക്കി മാറ്റിയിരിക്കുകയാണിവർ. സിനിമകളിലും മറ്റും ഓരോ ദിവസമെന്നവണ്ണം അത്തരം പ്രയോഗങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. എന്നുകരുതി തനിമലയാളമാണിതെന്ന് ആശ്വസിക്കരുത്. മലയാളത്തെ ‘അരിഞ്ഞു’ കൊല്ലുന്നതിനേക്കാൾ ഭേദമെന്നു പറയാം. ഉദാഹരണത്തിന്, പൊളിച്ചു എന്നാൽ തകർത്തു എന്നാണ് നല്ല മലയാളം. അതായത് അവിടെ എല്ലാം നാശമായെന്നർഥം. പക്ഷേ പൊളിച്ചു മച്ചാനേ എന്ന് ഇന്നാരെങ്കിലും പറഞ്ഞാൽ അവിടെ എല്ലാം ഭംഗിയായി എന്നു വായിക്കണം. ഇതൊക്കെ കേട്ട് മലയാള ഭാഷയെ ഇങ്ങനെ കൊല്ലരുതെന്ന് ഇവരോടിപ്പോൾ ആരും പറയുന്നുമില്ല. കാരണം ഇങ്ങനെ ചില പ്രയോഗങ്ങളുണ്ടെന്ന് ഇതുവഴിയെങ്കിലും നാലാളറിയട്ടെയെന്നാണ് വിമർശകരുടെ പോലും പക്ഷം. തിരക്കഥാകൃത്തുക്കളും ഫെയ്സ്ബുക്ക് പോസ്റ്റെഴുത്തുകാരും ട്രോളുകാരുമെല്ലാം ഇപ്പോൾ മലയാള ശബ്ദതാരാവലിയുടെ താളുകളിലൂടെ തലങ്ങും വിലങ്ങും പായുകയാണെന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല...

ഡൂഡ് മലയാളിയായപ്പോൾ...

അളിയാ, മച്ചാനേ എന്ന പേരുകളെ ബ്രോയും ഡൂഡുമൊക്കെ ആക്കി മാറ്റിയതിന്റെ സങ്കടം ന്യൂജനറേഷൻ പിള്ളേർ ശുദ്ധമായ മലയാളം കൊണ്ടാണ് തുടച്ചുമാറ്റിയത്. കൂട്ടുകാരനെക്കണ്ടാൽ ഇപ്പോൾ അഭിസംബോധന–ഹേയ് പങ്കാളീ...എന്നാണ്. സുഹൃത്തിന് പങ്കാളി എന്നതിലും നല്ല വാക്ക് വേറെ എവിടെ കിട്ടും? what's up bro...എന്ന പ്രയോഗത്തിനും വന്നിട്ടുണ്ടൊരു കുറവ്. പലയിടത്തും എന്തൂണ്ട്റാ ക്ടാവേ ആണ് ഇപ്പോൾ. ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾക്കു നേരെയുള്ള ‘Oh my GOD!!’ പ്രയോഗങ്ങളും ഏകദേശം പോയ മട്ടാണ്, പകരം ആ സ്ഥാനത്ത്–എന്റെ ഭാരതമാതാവേ...(കടപ്പാട്: എബിസിഡി സിനിമ) ആണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഡാർക് സീനും ഏകദേശം നാടുവിട്ട അവസ്ഥയാണ്–പകരം അവിടെ ദുരന്തം, ശോകം എന്നീ വാക്കുകൾ കയറി വന്നു. ഇതെന്താ ഇവിടെ ആകെ മൊത്തം ഒരു ശോകാവസ്ഥ? നീയൊക്കെ എന്തു ദുരന്തമാടാ...എന്നൊക്കെയായി സംസാരം. വീമ്പുപറച്ചിലും കിട്ടി പകരം ചില വാക്കുകൾ–എന്തൊരു ചളിയടിയാണേയ്...ഇവനിതെന്തൊരു തള്ളാണേ എന്നൊക്കെയാണ് പുത്തൻ പ്രയോഗങ്ങൾ. ഇഷ്ടപ്പെട്ട പെണ്ണിനോട് മുഖത്തു നോക്കി ആ ഇഷ്ടം തുറന്നു പറയാനുൾപ്പെടെ സാധിക്കാത്തവനോട് പണ്ടാണെങ്കിൽ പറയാം: ‘പോയി ചാവടാ...’ പക്ഷേ ഇന്നിന്റെ തലമുറ അതിനെ അൽപം കൂടി മലയാളീകരിച്ചു: നീ എന്തു പരാജയമാണെടാ...എന്നാക്കി. ഒന്നുകൂടെ കണ്ണിൽച്ചോരയില്ലാതെ പറഞ്ഞാൽ ‘നീ എന്തു തോൽവിയാണെടാ...’ എന്നുമാകാം. അതൊക്കെ കേട്ട് കണ്ണും തള്ളി നിൽക്കുന്നവരുടെ അവസ്ഥയ്ക്കു നേരെയുമുണ്ട് പുതുതലമുറ സിനിമാക്കാരുടെ വക ഒരു പ്രയോഗം– ‘പകച്ചു പോയീ ഞാൻ...’ ഇനി അതിലും വലിയ മലയാളം വേണമെങ്കിൽ അതുമുണ്ട്– ‘വിജൃംഭിച്ചു പോയി’

കൂട്ട്യാക്കൂടാണ്ടായ്...

പണ്ടാണെങ്കിൽ നിരാശാകാമുകൻ പറയും–Iam lost man...പക്ഷേ ഇന്നാണെങ്കിൽ പറയാം–‘ജീവിതം ഒരു നൗകയാണല്ലോ...നമ്മളെക്കൊണ്ട് കൂട്ട്യാക്കൂടില്ലാപ്പാ...’എന്ന്. എന്നെക്കൊണ്ട് ഒന്നിനും കൂട്ട്യാക്കൂടാണ്ടായി എന്ന് ഇതിനു മുൻപ് നമ്മൾ കേട്ടത് മുത്തശ്ശിമാരിൽ നിന്നാണെന്നും ഓർക്കണം. അന്ന് കുരുത്തക്കേട് കാണിക്കുമ്പോൾ കേട്ടിരുന്ന ‘അവിടെ നിക്കടാ വധൂരീ...’ എന്ന ചീത്ത പോലും ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നു. ഇംഗ്ലിഷ്ഗുളിക വിഴുങ്ങി ‘I‌'ll chop your head off, ya filthy scumbag...’ എന്നു പറഞ്ഞാൽ ‘ഇംഗ്ലിഷിൽ തെറി പറയുന്നോടാ ബ്ലഡി ഫൂൾ...’ എന്നു പറഞ്ഞ് തിരിച്ച് തല്ലുന്നതാണ് ന്യൂജനറേഷൻ സ്റ്റൈൽ. ബ്ലഡി ഫൂൾ ഇംഗ്ലിഷാണെങ്കിലും ഇപ്പോൾ അതിലും മെച്ചപ്പെട്ട പല ചീത്തവിളികളും വന്നുകഴിഞ്ഞു. കൂതറ മാറി ഊള വന്നു, അവരുടെ പ്രവർത്തനങ്ങളാകട്ടെ ഊളത്തരവും. വിളിക്കുന്നവർ അൽപം കൂടി ‘മാന്യന്മാരാണെ’ങ്കിൽ നീയിതെവിടുന്നു വന്നെടാ മരഭൂതമേ...ഡാ ഗിരിരാജൻ കോഴീ...പോടാ മരംകൊത്തിമോറാ എന്നൊക്കെയായി പ്രയോഗങ്ങൾ. ചുമ്മാ വായിട്ടലയ്ക്കുന്നവനെ ആരും ഇപ്പോൾ ഫൂൾ എന്ന് വിളിക്കുന്നില്ല. പകരം സലിംകുമാറിന്റെ ഡയലോഗ് കടം കൊണ്ടുപറയും– ‘പണ്ഡിതനാണെന്നു തോന്നുന്നു, എന്താ ജ്ഞാനം...’

ആപ്പ് മലയാളി, മലയാളം ട്രോൾ

നാട്ടുകാർക്ക് ചീത്തപ്പേരുണ്ടാക്കുകയാണ് ട്രോളുകാരുടെ ലക്ഷ്യമെന്ന് വിമർശിക്കുന്നുവരുണ്ട്, എന്നാൽ ഇംഗ്ലിഷിലെ പല വാക്കിനും പകരമായി മലയാളത്തിൽ സ്വന്തമായി പല പ്രയോഗങ്ങളും സൃഷ്ടിച്ചെടുത്തവരാണവർ. Meanwhile (അർഥം അതിനിടയിൽ) എന്ന വാക്ക് ട്രോളുകാരിലൂടെയൊന്നു കയറിയിറങ്ങിയപ്പോൾ സംഗതി ‘മീനവിയലാ’യി. (അങ്ങനെയൊരു സാധനമില്ലെങ്കിലും അവിടെയും സ്നേഹം മലയാളത്തോടാണെന്നോർക്കണം). മലയാളത്തിൽ ടൈപ്പ് ചെയ്യാനും മറ്റും തയാറാക്കിയിട്ടുള്ള ആപ്ലിക്കേഷനുകൾക്കുൾപ്പെടെ തനിമലയാളത്തിലാണ് പിള്ളേർ പേരിട്ടിരിക്കുന്നത്. പലതും പഴമയുടെ നനുത്തസ്പർശമുള്ളവ–മഷിത്തണ്ട്, മയിൽപ്പീലി, വരമൊഴി, ഓളം, പടം, ഓർമ, ഒറ്റമൂലി, കലപില, മാങ്ങാത്തൊലി...അങ്ങനെയങ്ങനെ പോകുന്നു അത്. മലയാളം ഡിക്​ഷനറികൾക്കുമുണ്ട് വ്യത്യസ്തത. എ–എഴുത്ത്, അ–അക്ഷരം, മ–മലയാളം എന്നിങ്ങനെയാണ് ആപ്പുകളുടെ പേരുകൾ. ഇംഗ്ലിഷിൽ എഴുതി അതിനെ മലയാളമാക്കുന്ന ടൂളുകൾക്ക് നൽകിയിരിക്കുന്ന പേര് ഇത്രയേ ഉള്ളൂ– ‘മ’. (അതായത് ‘മ for മംഗ്ലിഷ്’)

മലയാള ഭാഷയും പുതുതലമുറയും തമ്മിൽ ഇത്തരത്തിൽ അന്തർധാര ശക്തമായിരിക്കെ ഇവർ മലയാള ഭാഷയെ കൊല്ലുകയാണെന്ന് ഈ കേരളപ്പിറവി ദിനത്തിലെങ്കിലും നമുക്ക് പറയാതിരിക്കാം. മറിച്ച് അവരുടെ ഭാഷയിൽത്തന്നെ ഒന്നഭിനന്ദിക്കാം– ‘പൊരിച്ചു മച്ചാനേ...’