Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്ദി നഗരമേ, നീ തന്ന രഥവേഗങ്ങൾക്ക്…

marian-feast2

ഇനിയുള്ള മൂന്നു ദിനങ്ങൾ ഇറ്റാലിയൻ ദ്വീപായ സിസിലിയിലെ കൊച്ചുപട്ടണമായ  ആൾത്താവില്ലയ്ക്ക് ആരവങ്ങളിൽ മുങ്ങി നിവരാനുള്ളതാണ്. മെഡിറ്ററേനിയനിൽ നിന്ന് തിരമാലകൾ കരയിലേക്കു ചാടിക്കയറി കാതോർത്തു നിൽക്കുന്നത്ര ആരവങ്ങളുയരും ഈ ദിവസങ്ങളിൽ. മനുഷ്യനു മതിവരാത്ത ആഘോഷങ്ങളെക്കുറിച്ച് ഇത്തവണ വിശദീകരിക്കുന്നത് മറ്റൊരാളാണ്. കണ്ണുകൾ രഥവേഗങ്ങൾക്കൊപ്പം സഞ്ചരിക്കാനൊരുങ്ങുമ്പോൾ മൂക്കുകയർ മുറുകുന്ന വേദന പോലും മറന്ന് കാഴ്ചയുടെ വർത്തമാനങ്ങൾ ഈ രഥം വലിക്കുന്ന കാളകളിലൊരാൾ നിങ്ങളോടു പറയുന്നു. ആളകമ്പടികളിലും ആരവങ്ങളിലും മതിമറന്നു പോകാതെ മുന്നിൽ തെളിഞ്ഞു വരുന്ന ഓരോ കാഴ്ചകളൊന്നു പോലും ചോർന്നു പോകാതെ അവനൊപ്പിയെടുത്തു പങ്കു വെക്കുന്നു.....

അഭിമാനത്തേരിൽ

എത്രയോ വർഷങ്ങളായി ഞാൻ  ഇവിടെ പെരുന്നാളിന് രഥം വലിക്കാൻ വരുന്നു. അക്കാരണം കൊണ്ടുതന്നെ  പലപ്പോഴും കൂടെയുള്ള മറ്റു കാളകളുടെ അസൂയയ്ക്ക് ഞാൻ പാത്രമായിട്ടുണ്ട്. മൂക്കുകയറിനാൽ നിയന്ത്രിച്ചു ഈ  വാഹനത്തിന്റെ നാല് ഇരുമ്പ് ചുവരുകൾക്കിടയിൽ ശക്തമായ കയറുകൾ കൊ്ണ്ട് എന്റെ ലോകം ചുരുക്കുമ്പോഴും ഈ നാട്ടുകാരോട് എനിക്ക് അമർഷം തെല്ലുമില്ല. ഓരോ വർഷവും മൂന്നുനാൾ ഇവരുടെ ആഥിത്യം സ്വീകരിക്കാനും പരിശുദ്ധ മാതാവിന്റെ ഐതീഹ്യമുറങ്ങുന്ന അനുഗ്രഹീതമായ മണ്ണിലൂടെ രഥമുരുട്ടാനും  ഭാഗ്യം ലഭിക്കുമ്പോൾ മനസ്സ് സന്തോഷത്താൽ  തുള്ളിച്ചാടും. ഇവിടുത്തെ ഐതീഹ്യങ്ങളും ആചാരങ്ങളും എന്നുമാത്രമല്ല ഓരോ മുക്കും മൂലയും എനിക്ക് പരിചിതമാണ്. 

ചെറിയ കിളിവാതിലിലൂടെ ലോഹക്കൂടിന്റെ അന്ധതയിൽ നിന്നും പ്രകാശപൂരിതമായ പുറംലോകത്തേക്കു നോക്കുകയാണിപ്പോൾ. ദീപാലങ്കാരങ്ങളാൽ തിളങ്ങി ആൾത്താവില്ലായ്ക്ക് ഒരൽപം ഗർവൊക്കെ വന്നിട്ടുണ്ട്. 'വിയ ലോറെത്തോ'  എന്ന പ്രധാനവീഥി വിവിധ ദേശങ്ങളിൽ നിന്നുള്ള കച്ചവടക്കാർ  കൈയടക്കിയിരിക്കുന്നു. റോഡിനിരുവശവും നോക്കെത്താ ദൂരത്തോളം കരകൗശല വസ്തുക്കളും തുണികളും അലങ്കാര വിളക്കുകളും നിരത്തിവെച്ചിരിക്കുന്ന കടകൾ. കാർട്ടൂൺ കഥാപത്രങ്ങളുടെ രൂപത്തിൽ ആകാശത്ത് തത്തിക്കളിക്കുന്ന ബലൂണുകൾ. കളിപ്പാട്ടക്കടകളുടെ മുൻപിൽ ചിണുങ്ങുന്ന കുട്ടികൾ എല്ലാം പതിവ് കാഴ്ചകൾ തന്നെ.

കുറച്ചു വികൃതിപ്പയ്യന്മാർ കൂടിനടുത്ത് വന്നുനിന്ന് സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ട്. 'ഡാ ഈ കാളയ്ക്കു എന്റെ അപ്പനേക്കാൾ ഉയരമുണ്ട്. ഇതിന്റെ കൊമ്പിന് തന്നെ എന്റെ പൊക്കമുണ്ട് '  തമ്മിൽ അടക്കം പറയുന്നു. ചില പയ്യന്മാർക്ക് സംശയം ഈ കാളകളൊക്കെ എന്താണു തിന്നുന്നതെന്നാണ് വേറെ ചിലർ മുൻ വർഷങ്ങളിലെ ആഘോഷങ്ങളും ദീപാലങ്കാരങ്ങളുമായി താരതമ്യം ചെയ്യുന്നു. മറ്റു ചിലർ  വിമർശനങ്ങൾ ഉന്നയിക്കുന്നു, ഇത്രയും തുക മുടക്കി ഇത്തരം ചടങ്ങുകൾ നടത്തേണ്ടതുണ്ടോ എന്നാണു സംശയം.

രഥത്തിൽ താൽക്കാലികമായി ഉണ്ടാക്കിയ അൾത്താരയിൽ കുർബ്ബാന നടന്നു കൊണ്ടിരിക്കുകയാണ്. കുർബ്ബാന കഴിഞ്ഞാലുടൻ തന്നെ രഥഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. നാല് നൂറ്റാണ്ടുകളായി നടത്തിവരുന്ന മാതാവിന്റെ  എട്ടുനോമ്പ് പെരുന്നാളും എട്ടുദിവസം കൊണ്ട് തടിയിൽ പണി തീർക്കുന്ന 12 മീറ്റർ ഉയരമുള്ള രഥം ആറു കാളകൾ ചേർന്നു വലിച്ചു കൊണ്ടുള്ള നഗര പ്രദക്ഷിണവും ഓരോ ആൾത്താവില്ലക്കാരന്റെയും സ്വപ്‌നങ്ങളിൽ കാത്തിരിക്കുന്ന ദിവസങ്ങളാണ് 

പെരുന്നാൾ പെരുമ

marian-feast

നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടുന്ന പെരുന്നാൾ ചടങ്ങുകൾക്ക് താളവും വർണ്ണവും ലഹരിയും പറഞ്ഞാൽ  തീരാത്തത്രയുണ്ട്. കൃത്യമായി പറഞ്ഞാൽ  1636 ജൂലൈ 15നു ആൾത്താവില്ലയ്ക്ക് സമീപമുള്ള  കടലിൽ മീൻ പിടിക്കാൻ പോയ ഒരു മുക്കുവ സംഘത്തിനു മാതാവിന്റെ ഒരു എണ്ണച്ചായചിത്രം കടലിൽ നിന്ന് കിട്ടുന്നതിൽ തുടങ്ങുന്നതാണ്  ഈ പെരുന്നാളിന്റെ ചരിത്രം.

ആ ചിത്രവുമായി കരയിലെത്തിയപ്പോൾ  സംഘത്തിൽ ഉണ്ടായിരുന്ന സമീപ പട്ടണങ്ങളിൽ നിന്നുള്ളവർ തമ്മിൽ  അവകാശത്തർക്കമായി. ഒടുവിൽ അവരെല്ലാം കൂടി ആ ചിത്രം ഒരു കാളവണ്ടിയിൽ കെട്ടിവെച്ചു  സിസിലി ദ്വീപിന്റെ  തലസ്ഥാനമായ പലെർമോയിൽ നിന്നും ഓടിച്ചു വിട്ടു. ആ കാള ഓടിയോടി ആൾത്താവില്ലയിൽ വന്നു നിന്നു. അങ്ങനെ ആ ചിത്രം ആൾത്താവില്ലാ പള്ളിക്ക് അവകാശപ്പെട്ടതായി മാറി. ഈ സംഭവങ്ങളുടെ ഓർമ്മപ്പെടുത്തലായിട്ടാണ് എട്ടുനോമ്പ് കർമ്മങ്ങൾ തുടങ്ങുന്ന ഓഗസ്റ്റ് 29 ആം തിയ്യതി മുതൽ  രഥം നിർമ്മിക്കാൻ തുടങ്ങുന്നത്. 

സെപ്റ്റംബർ  അഞ്ചാം തീയതി എട്ടുനോമ്പ്  പ്രാർത്ഥനകൾ (ഒത്തോവാരിയോ) പൂർത്തിയായി  ദീപാലങ്കരങ്ങളിൽ തിളങ്ങി നിൽക്കുന്ന രഥവും  തയ്യാറാവുന്നതോടെ പെരുന്നാൾ ആഘോഷങ്ങൾ ആരംഭിക്കുകയായി..അന്ന് ഉറക്കമില്ലാത്ത രാത്രി എന്നർത്ഥം വരുന്ന 'വെളുത്ത രാത്രി' അല്ലെങ്കിൽ  'നോത്തേ ബിയാങ്ക' ആണ് ..രാത്രിമുഴുവനും ഈ കൊച്ചു പട്ടണത്തിലെ  സകല കടകളും റെസ്‌റ്റോറന്റുകളും ആകർഷകമായ വിലക്കുറവോടുകൂടി തുറന്നു പ്രവർത്തിക്കും.

ഗാനമേളകളും, ഓപ്പൺ ഡിസ്‌കോ ഡെക്കുകളും, വെടിക്കെട്ടും അങ്ങനെ ആകെമൊത്തം ഒരുത്സവ പ്രതീതിയായിരിക്കും.. തെരുവോര ഗായകർ ആട്ടിൻതോൽ കൊണ്ടുണ്ടാക്കുന്ന ഒരു പ്രത്യക ഉപകരണം കൊണ്ട് സിസിലിയൻ ഭാഷയിൽ പരിശുദ്ധ മാതാവിനെ പ്രകീർത്തിക്കുന്ന ഗാനം ആലപിച്ചു ഓരോ തെരുവിലൂടെയും നടക്കുന്നതും ഈ പെരുന്നാൾ ദിനങ്ങളിലെ പ്രത്യേകതയാണ്.

പ്രദക്ഷിണ വഴികൾ

marian-feast3

ആറാം തിയതി വെളുപ്പിന് നാലു മണിയാകുന്നതോടെ  എല്ലാവരും കാൽനടയായി കുന്നിറങ്ങാൻ തുടങ്ങും. താഴ്‌വരയിലെ റയിൽവേ സ്‌റ്റേഷനോടു ചേർന്നുള്ള ഗ്രോട്ടോയുടെ മുൻപിൽ നിന്നു കൊന്ത ചൊല്ലി  ആൾത്താവില്ലാ പള്ളിയിലേക്ക് പ്രദക്ഷിണമായി എത്തിച്ചേരും. കാലങ്ങൾക്ക് മുൻപ് ദൂരദേശങ്ങളിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും ട്രെയിൻ മാർഗ്ഗം പെരുന്നാൾ കൂടാനായി വെളുപ്പിനുള്ള ട്രെയിനിൽ എത്തിച്ചേരുമ്പോൾ  അവരെ സ്വീകരിക്കാനായി വിളക്കുകളുമേന്തി ബന്ധുക്കൾ സ്‌റ്റേഷനിൽ കാത്തുനിൽക്കും. തിരികെ എല്ലാവരും ഒന്നിച്ചു കൊന്ത ചൊല്ലി മലകയറും.

 മധുരമുള്ള ഓർമ്മകളുടെ പുതുക്കലാണ് രാവിലെ അഞ്ച് മണിക്ക് താഴെ നിന്നാരംഭിച്ചു പള്ളിയിലേക്ക്  പ്രദക്ഷിണമായി എത്തിച്ചേരുന്നത്. പള്ളിയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ബിഷപ് നയിക്കുന്ന കുർബ്ബാനയാണ്. കുർബ്ബാന കഴിഞ്ഞ് നേർത്ത തണുപ്പിൽ ജാക്കറ്റിന്റെ അരികുകൾ കൂട്ടിപ്പിടിച്ചു ക്ഷീണിതരായി വീട്ടിലേക്ക് മടങ്ങുന്ന ആളുകളെകാത്തു  നിറയെ  പ്രഭാത ഭക്ഷണ വിഭവങ്ങളുമായി ബാറുകൾ തയ്യാറെടുത്തിരിപ്പുണ്ടാവും. പ്രഭാതത്തിലെ സൂര്യ പ്രകാശത്തിൽ ബ്രിയോഷിന്റെയും കോർനെത്തോയുടെയും കാപ്പിയുടെയും സുഗന്ധം വമിക്കുന്ന നിരത്തിലൂടെ ഉറക്കച്ചടവോടെ വീടുകളിലേക്ക് അവർ നടന്നകലുന്നു.              

വൈകുന്നേരമാകുന്നതോടെ നഗരവീധികളിലൂടെ അലയടിക്കുന്ന ബാന്റുമേളം രഥ പ്രദക്ഷിണത്തിന്റെ  ആരംഭം സൂചിപ്പിക്കുകയായി. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ രഥത്തിനു ഒത്തമുകളിൽ സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെ ചിത്രത്തിനു മുൻപിൽ പുഷപചക്രം സമർപ്പിക്കുന്നതിനെ തുടർന്ന് ഇടവക വികാരിയുടെ നേതൃത്വത്തിൽ രഥത്തിൽ  താത്കാലികമായി ഉണ്ടാക്കിയ അല്ത്താരയിൽ വിശുദ്ധ ബലിയർപ്പണമാണ്. അതിനു ശേഷമാണ് താനുൾപ്പടെയുള്ള ആറുപേരെ വലിയ വടങ്ങളുപയോഗിച്ച് രഥത്തിൽ  ബന്ധിപ്പിക്കുന്നത്. ഇവിടുത്തെ ഓരോ സ്പന്ദനങ്ങളും എനിക്ക് ഹൃദിസ്ഥമാണ്. കൂടെയുള്ള പലരും പലപ്പോഴായി മാറി മാറി വന്നെങ്കിലും വർഷങ്ങളായി ആൾത്താവില്ലയിലെ പെരുന്നാൾ ഞാൻ മുടക്കാറില്ല. എനിക്കെത്ര വേദനിച്ചാലും എത്ര തവണ കാലിടറി വീണാലും ഇവിടുത്തുകാർ നൽകുന്ന സ്‌നേഹവും ആവേശവും സർവ്വോപരി മാതാവിന്റെ കരുണയും എനിക്ക് നൽകുന്ന ശക്തി പറഞ്ഞറിയിക്കാനാവില്ല.

അത്മായനങ്ങളുടെ അയവെട്ടൽ

ബാന്റുമേളം തുടങ്ങിയിട്ടുണ്ട്. കുർബ്ബാന കഴിഞ്ഞെന്നാണു തോന്നുന്നത്. കൂടിന്റെ  വാതിലുകൾ തുറക്കുന്ന ശബ്ദം. എന്റെ ഹൃദയമിടിപ്പ് കൂടി വരുന്നു. വാതിൽ മലർക്കെ തുറന്നു ട്രെയിനർ  കടിഞ്ഞാണിൽ പിടിമുറുക്കി. പതിയെ പുറത്തേയ്ക്ക്. അന്തി വെയിലിന്റെ ശക്തമായ കിരണങ്ങളാൽ കണ്ണുകൾ ചിമ്മിത്തുറന്നപ്പോൾ കണ്ണുകളിൽ തളം കെട്ടി നിന്ന ആനന്ദാശ്രുക്കൾ കവിളിണയിലൂടെ ഒലിച്ചിറങ്ങി. കൂർത്ത കൊമ്പുകൾ കുലുക്കി ലാടം പതിച്ച എന്റെ കാലുകൾ അനുഗ്രഹീതമായ ഈ മണ്ണിലേക്ക്...  

ആകാംക്ഷാഭരിതരായ പുരുഷാരം കൈയ്യടികളോടെ ഞങ്ങൾ ആറു പേരെയും സ്വീകരിച്ചു. ക്യാമറക്കണ്ണുകൾ  മിന്നിത്തെളിയുന്നുണ്ട്. ഇടയ്ക്കിടെ ശീൽ്ക്കാരമിട്ടു, തലകുലുക്കി, നടു നിവർത്തി, ചീകിയൊതുക്കിയ നീണ്ട വാൽ ഇടയ്ക്കിടെ ആട്ടി കൂട്ടത്തിൽ കറുമ്പനായ ഞാൻ  ഗർവ്വ് പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. വിരുന്നുകാർക്കു മുൻപിൽ ശ്രദ്ധ നേടാനായി ഒരു കൊച്ചുകുട്ടി കാണിക്കുന്ന അഭ്യാസപ്രകടനങ്ങൾ പോലെ. എന്റെ കണ്ണുകൾ  ആൾക്കൂട്ടത്തിനിടയിൽ പരിചിതമായ  മുഖങ്ങളെ തേടുകയായിരുന്നു. പണ്ട് കുട്ടികളായിരുന്നവർ, എന്റെ അടുത്ത് വന്നു കുറുമ്പ് കാണിച്ചു നടന്നവർ  ഇപ്പൊ കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ ആയി കാണുമ്പോൾ എന്റ കണ്ണുകൾ സന്തോഷാധിക്യത്താൽ നിറയുന്നു. ശ്വാസഗതികൾ ത്വരിതമാവുന്നു. ഹൃദയം ശരവേഗത്തിൽ മിടിക്കുന്നു.

പുറപ്പാടിന്റെ വഴിയേ

marian-feast4

കൂടെ പുതുമുഖങ്ങളായ രണ്ടു  പേരുള്ളത് കൊണ്ട് ട്രയിനർമാർ കുറച്ച് ജാഗ്രതയിലാണ്. മൂന്നു നിലക്കെട്ടിടത്തിന്റെ ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന രഥത്തിന് മുൻപിലേക്ക് ട്രയിനർമാരുടെ നിയന്ത്രണത്തിൽ ഞങ്ങൾ  ആറു കാളകളും കുടമണിയാട്ടി ലാടം പതിച്ച കാലടികളുടെ ടക് ടക് താളത്തിൽ പതിയെ വരി വരിയായി എത്തിച്ചേർന്നു. ഞങ്ങളുടെ ഉടമയായ സ്ത്രീ വേണ്ട നിർദ്ദേശങ്ങൾ നൽകികൊണ്ട് ഏറ്റവും മുൻപിൽ നിൽപ്പുണ്ട്. രഥത്തിന്റെ ഒത്ത മുകളിലായി മാതാവിന്റെ ചിത്രം അന്തിവെയിലിൽ തിളങ്ങുന്നു.

വൈദീകർ തിരുക്കർമ്മങ്ങൾ പൂർത്തിയായതിനാൽ തിരികെ പള്ളിയിലേക്ക് പോകാൻ തുടങ്ങുന്നു. ഗായകസംഘവും പെരുന്നാൾ കമ്മിറ്റി ഭാരവാഹികളും രഥത്തിനു മുകളിൽ തയ്യാറായി നിൽപ്പുണ്ട്. ആവേശക്കടലിളക്കി പല ഗ്രൂപ്പുകളായി മാറി മാറി ബാന്റുമേളം അനുപമമായ ശ്രാവ്യാനുഭൂതിയിൽ മുറുകുകയാണ്. ആയിരങ്ങൾ ആവേശമായി കൊട്ടിത്തിമിർക്കുന്ന മേളത്തിനുമുൻപിൽ മതിമറന്നു നിൽക്കുമ്പോൾ  വോളന്റിയർമാരും പോലീസും  ജാഗരൂകരായി ഓടി നടക്കുന്നു.

റോഡിനിരുവശവും ഇറച്ചിക്കടകൾക്ക് മുന്നിലായി പ്രത്യേക സ്റ്റാളുകളിൽ നിറയെ പല രൂപത്തിലും രീതികളിലും തയ്യാറാക്കപ്പെട്ട  മാംസ വിഭവങ്ങൾ നിരന്നിരിക്കുന്നു. അന്തരീക്ഷത്തിൽ പുകമണം പറത്തിക്കൊണ്ടു ഇറച്ചി ചുടാനുള്ള കനൽ കൂട്ടിയും തീൻ മേശകൾ തയ്യാറാക്കിയും  ഇടവഴികളിൽ താത്കാലികമായി തയ്യാറാക്കിയ ഭക്ഷണശാലകളിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ഞങ്ങൾ രഥം വലിച്ചു മുൻപോട്ടു പോയ്ക്കഴിഞ്ഞാൽ പിന്നെ ഈ ഭക്ഷണശാലകൾ ആളുകളെക്കൊണ്ട് തിങ്ങി നിറയും. റോഡരികിലുള്ള  ഓരോ വീടിന്റെയും ബാൽക്കണികളിലും ടെറസിലുമായി വിശറികൊണ്ട് ചൂടകറ്റി താഴെ നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുന്ന ആയിരക്കണക്കിന് ആകാംക്ഷാഭരിതമായ കണ്ണുകൾ. എന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള തിരക്കു കൂട്ടുകയാണ് ചുറ്റുമുള്ളവർ. ലൈവായി ചിത്രങ്ങൾ ടൈംലൈനിൽ നിറയ്ക്കാനുള്ള വ്യഗ്രതയിലാണ്  യുവജനങ്ങൾ ...

കൂട്ടത്തിൽ മുൻപരിചയമുള്ളതു കൊണ്ടാവും ഏറ്റവും മുന്നിലായി എന്നെ തന്നെയാണ് കെട്ടിയിരിക്കുന്നത്. വാണിംഗ് വിസിൽ മുഴങ്ങിയതും അന്തരീക്ഷം പെട്ടന്ന് തന്നെ നിശബ്ദമായി.  രഥചക്രങ്ങൾക്കിടയിൽ വെച്ചിരുന്ന ആപ്പ് എടുത്തു മാറ്റി. ഭാരം അത്രയും ഞങ്ങളുടെ ചുമലിലായി. ഞാനൊന്ന് പുറകോട്ടു വലിഞ്ഞു. പോലീസുകാർ  ആളുകളെ സുരക്ഷിതമായ അകലത്തിൽ നിർത്തി കൂടുതൽ ജാഗരൂകരായി. ട്രയിനർമാർ എന്റെ കഴുത്തിലെ പിടി മുറുക്കി. എനിക്ക് ചുറ്റിലും ആവേശം സ്ഫുരിക്കുന്ന കണ്ണുകൾ. ഉടൻ തന്നെ മുന്നോട്ടു കുതിക്കാനായി എന്റെ  പുറത്ത് വടിയമർന്നു ...ഞാൻ സർവ്വ ശക്തിയുമുപയോഗിച്ച് മുൻപോട്ട് കുതിച്ചു. ആ വലിയ പുരുഷാരം വാനോളമുയരുന്ന ആർപ്പുവിളികളോടെ സുരക്ഷിതമായ അകലത്തിൽ രഥത്തിന്റെ ഒപ്പം  ആൽത്തവില്ലായുടെ തെരുവിലൂടെ മുന്നോട്ട് കുതിക്കുകയാണ്, ആവേശത്തിരയിലമർന്നു ഒന്നാം ഘട്ടം പൂർത്തിയാക്കി.

നിറുത്താനായി നിശ്ചയിച്ച സ്ഥലങ്ങളിൽ എത്തുമ്പോഴോ  മുന്നിൽ എന്തെങ്കിലും തടസ്സങ്ങൾ വരുമ്പോഴോ  മണികിലുക്കം നിറുത്തും അപ്പോൾ ട്രെയിനർ എന്റ മൂക്കുകയറിൽ ശക്തിയായി പിടിച്ചു വലിക്കും. ഞങ്ങൾ സഡൻ ബ്രേക്കിട്ടു നിൽക്കും. തെരുവോരങ്ങളിലെ അലങ്കാര വിളക്കുകൾ രഥത്തിൽ തട്ടാൻ സാധ്യതയുള്ളതിനാൽ കൃത്യമായി വീഥിയുടെ ഒത്ത നടുവിലൂടെ തന്നെ വേണം രഥം വലിക്കാൻ. കുറച്ചുവർഷങ്ങൾക്ക് മുൻപ് വരെ 16 മീറ്റർ ഉയരത്തിലായിരുന്നു രഥം നിർമ്മിച്ചിരുന്നത്. വൈദ്യുതാലങ്കാരങ്ങളെയും തെരുവ് വിളക്കുകളെയും തട്ടി യാത്ര ബുദ്ധിമുട്ടായതിനാൽ  ഉയരം പിന്നീട് 12 മീറ്റർ ആക്കി കുറച്ചതാണ്. ഗായകസംഘം 'ആവേ മരിയ' എന്ന ഗാനം ആലപിച്ചു തീർന്നു. ചെവിയൊന്നു കുടഞ്ഞു അടുത്ത മണികിലുക്കത്തിനായി ജാഗ്രതയോടെ നിന്നു. 

ഇടവേള

പതിവുപോലെ അഞ്ചുഘട്ടങ്ങളിലായി  പാതിരാവോട് കൂടി പട്ടണത്തിന്റെ ഏകദേശം പകുതി വരെ രഥം എത്തിച്ചു. രഥചക്രങ്ങൾക്കിടയിൽ ആപ്പ് വെച്ച് ഉറപ്പിച്ചതിനു ശേഷം വടങ്ങൾ അഴിച്ചുമാറ്റി  ഞങ്ങൾ ആറുപേരും  സ്വതന്ത്രരായി. ചാണകവും മൂത്രവും വീണ വഴികളിലൂടെ ഞങ്ങൾക്കായി പ്രത്യേകം സജ്ജീകരിക്കപ്പെട്ട സ്ഥലത്തെയ്ക്ക് പതിയെ നടന്നു. നാളെ വൈകുന്നേരം രഥ പ്രദക്ഷിണം പുനരാരംഭിക്കുന്നതു വരെ ആൽത്താവില്ലാക്കാരുടെ  ആതിഥേയത്വം നുണഞ്ഞു രാജകീയ വാസമാണ്. ദീപാലങ്കാരങ്ങളാൽ തിളങ്ങി നിൽക്കുന്ന രഥം  ദൂരെ മാറി നിന്ന് കാണുമ്പോൾ പള്ളയിൽ ചാട്ടയടിയേറ്റു തിണർത്ത പാടുകൾ  അഹങ്കാരത്തിന്റെ ലാഞ്ചനയാൽ തിളങ്ങുന്നുണ്ടായിരുന്നു. പാതിരാവിൽ  അലങ്കരിച്ച കുതിര വണ്ടികളിൽ വർണ്ണദീപങ്ങളാൽ ജ്വലിച്ചുനിൽക്കുന്ന നഗരം ചുറ്റി കാണുന്നതിലും രഥത്തിനു മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിലും  റോഡിനിരുവശങ്ങളിലുമുള്ള കടകൾ തോറും കയറിയിറങ്ങി സാധനങ്ങൾ വാങ്ങിക്കുന്നതിലും മുഴുകിയ ജനസാഗരം. 

അന്തരീക്ഷത്തിൽ മാംസവിഭവങ്ങൾ കനലിൽ ചുടുന്നതിന്റെയും കെബാബിന്റെയും  മനം മടുപ്പിക്കുന്ന മണം. താത്കാലിക ഭക്ഷണ ശാലകൾ പാതിരാവിലും തിങ്ങി നിറഞ്ഞിരിക്കുന്നു. ശരത്കാലം ആരംഭിക്കാൻ പോകുന്നതിന്റെ മുന്നോടിയായി കൊഴുപ്പ് കൂടിയ മാംസവിഭവങ്ങൾ  കഴിച്ചു തുടങ്ങുന്നത് ഈ ആഘോഷത്തോട്  കൂടിയാണ്. ആടിന്റെ കുടൽ സവോളത്തണ്ടിൽ ചുറ്റി  കനലിൽ ചുട്ടെടുക്കുന്ന വിഭവമായ 'സ്റ്റിജ്ജിയോളെ'  ഈ പെരുന്നാളിന്റെ പ്രധാന ആകർഷണമാണ്.

ഏഴാം തിയതി രാവിലെ പ്രഭാതത്തിലെ പൊൻ കിരണങ്ങളേറ്റു ഊർജ്ജസ്വലമായ പുൽനാമ്പുകളെ ചവിട്ടി മെതിച്ചു നടക്കുന്ന ഞങ്ങളെ കാണാനും ചിത്രങ്ങളെടുക്കാനുമായി  മുതൽ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ കൌതുകം നിറഞ്ഞ കണ്ണുകളോടെ  മതിലിനു പുറത്ത് തടിച്ചു കൂടി. തൊട്ടപ്പുറത്തു ഒലിവു മരങ്ങൾക്കിടയിൽ രണ്ടു വെളുത്ത കുതിരകൾ കിന്നാരം പറഞ്ഞുകൊണ്ട്  ഉലാത്തുന്നു. കുറച്ചപ്പുറത്തായി കുട്ടികൾക്കായുള്ള താത്കാലിക പാർക്ക് ഉച്ചത്തിലുള്ള സംഗീതത്തോടെ പ്രവർത്തനം ആരംഭിച്ചു. വൈകുന്നേരമായതോടെ  നഗരത്തിലെ ഓരോ വീഥികളിളും ബാന്റു മേളത്തിന്റെ  അലയൊലികൾ ചടങ്ങുകൾ തുടങ്ങുന്നതിന്റെ സൂചന നൽകി. പരിശുദ്ധ കുർബ്ബാന കഴിഞ്ഞ ഉടനെ  ട്രെയിനർമാരുടെ നേതൃത്വത്തിൽ  രഥത്തിനു മുൻപിൽ  എത്തിച്ചേർന്നു. ആദ്യ ദിനത്തിന്റെ അത്ര ആവേശം ഇല്ലെങ്കിലും  രണ്ടാം ദിനം  രഥം വലിച്ചു നഗരത്തിന്റെ ഏറ്റവും ഉയരം കൂടിയ സ്ഥലത്ത് കൊണ്ടെത്തിച്ചു.

ആരവങ്ങളുടെ കുട ചൂടി

ഓരോ വളവുകൾ താണ്ടി രഥം അതിസമർത്ഥമായി മുന്നോട്ട് കൊണ്ട് പോകുമ്പോഴും ആർപ്പുവിളികളോടെയും കൈയ്യടികളോടെയും പ്രോത്സാഹിപ്പിക്കുന്ന ജനക്കൂട്ടം  ആവേശം വാനോളമുയർത്തി ഞങ്ങൾക്കു ചുറ്റിലുമായി നിലകൊണ്ടു. ചെറിയ കയറ്റം ആയതിനാൽ ചിലയിടങ്ങളിലോക്കെ പിന്നിൽ നിന്നു വലിക്കുന്ന കാളകളുടെ  കാലിടറുന്നുണ്ടായിരുന്നു.

നൂറ്റാണ്ടുകളായി നടത്തിവരുന്ന  ഈ ചടങ്ങുകൾ ഇക്കാലമത്രയും  ഒരു ചെറിയ അപകടം പോലും സംഭവിക്കാതെ പരിശുദ്ധ മാതാവിന്റെ കരങ്ങൾ സംരക്ഷിച്ചുകൊണ്ടേയിരിക്കുന്നു. രണ്ടാം ദിനത്തിലെ രഥ പ്രദക്ഷിണം അവസാനിക്കുമ്പോൾ ഓരോ വീഥിയും ജനങ്ങളാൽ തിങ്ങി നിറഞ്ഞു. പ്രദക്ഷിണം പൂർത്തിയാക്കി വടങ്ങൾ അഴിച്ചു മാറ്റിയപ്പോഴേക്കും രഥത്തിന് മുൻപിലും പുറകിലും നോക്കെത്താ  ദൂരത്തോളം നീണ്ടു കിടക്കുന്ന മനുഷ്യക്കടൽ..കാരണം  ഉടനെ  രഥത്തിൽ വെച്ച് ഇറ്റലിയിലെ  പ്രശസ്തയായ ഗായിക 'അന്ന തതാഞ്ഞെലോ' യുടെ സംഗീത നിശയാണ്. സൗന്ദര്യത്തിലും സ്വരമാധുരിയിലും ഏവർക്കും പ്രിയങ്കരിയായ  ആറടിയിലേറെ ഉയരമുള്ള  ഗായികയെ ഒരു നോക്ക് കാണാനും അവരുടെ ഗാനങ്ങൾ ആസ്വദിക്കാനുമായി എത്തിച്ചേർന്ന ആരാധകരാൽ  ഓരോ വീഥിയും  തിങ്ങി നിറഞ്ഞു ...വേനൽ മഴ പോലെ മനസ്സിനെ കുളിരണിയിക്കുന്നതാണ് ഈ ഉത്സവരാവുകൾ. പ്രായവ്യത്യസങ്ങളോ, വലിപ്പച്ചെറുപ്പങ്ങളോ ഇല്ലാതെ ആർദ്രമായ  സംഗീതം പോലെ  അലിഞ്ഞു ചേരുകയാണ് ഓരോരുത്തരും.                       

സെപ്റ്റംബർ  8 രാവിലെ തന്നെ ആൾത്താവില്ലാ പട്ടണം ജനസാഗരമായി . അമ്മമാർക്കും കുട്ടികൾക്കുമായുള്ള പത്തു മണിയുടെ പ്രത്യേക കുർബ്ബാനയ്ക്ക് ശേഷം പരമ്പരാഗത സിസിലിയൻ വേഷവിധാനത്തിൽ സ്ത്രീകളും  കുട്ടികളും ബാന്റുമേളങ്ങളുടെ  അകമ്പടിയോടെ  നഗരവീഥികളിലൂടെ പ്രദക്ഷിണമായി നീങ്ങുന്ന നയനാന്ദകരമായ കാഴ്ച പിന്നാലെ പരമ്പരാഗത വേഷത്തിൽ കുതിരപ്പുറത്തു പ്രദക്ഷിണത്തെ  അനുഗമിക്കുന്ന പുരുഷന്മാർ. എത്ര മോഡേൺ വസ്ത്രങ്ങളിട്ടാലും പരമ്പരാഗത വസ്ത്രങ്ങളിൽ മനുഷ്യരെക്കാണാൻ എത്ര ഭംഗിയാണ് .. പാരമ്പര്യത്തിന്റെ പ്രൌഡി വിളിച്ചോതുന്ന പ്രദക്ഷിണം കഴിയുന്നതോടെ അഥിതിസൽക്കാരത്തിനുള്ള ഒരുക്കങ്ങളിലെക്ക് കൂപ്പു കുത്തുന്നു ഓരോ വീടും.

നഗരപ്രദക്ഷിണം

ഉച്ചതിരിഞ്ഞ് മൂന്നു മണിയോട് കൂടി പെരുന്നാളിന്റെ പ്രധാന കർമ്മങ്ങൾ  ആരംഭിച്ചു. ബിഷപ്പിന്റെ നേതൃത്വത്തിൽ ആഘോഷമായ  കുർബ്ബാനയും തുടർന്ന് പള്ളിയുടെ അൾത്താരയിൽ സൂക്ഷിച്ചിരിക്കുന്ന കടലിൽ നിന്ന് ലഭിച്ച ഒറിജിനൽ ചിത്രവും വഹിച്ചു കൊണ്ടുള്ള 6മണിക്കൂർ നീണ്ടു നിൽക്കുന്ന ആഘോഷപൂർണ്ണമായ പ്രദക്ഷിണവുമാണ്. മാതാവിന്റെ ചിത്രം ആൾത്താവില്ലാ പള്ളിയിലാണ്  ഇരിക്കുന്നതെങ്കിലും ഈ പെരുന്നാൾ ചുറ്റുമുള്ള എല്ലാ പട്ടണങ്ങളുടെയും കൂടി ആഘോഷമാണ്. അതുകൊണ്ടുതന്നെ മറ്റു പട്ടണങ്ങളിലെ ഭരണാധികാരികളും നഗരവാസികളും വരിവരിയായി അതാതു പട്ടണങ്ങളുടെ പതാകയുമേന്തി പ്രദക്ഷിണത്തിനു ഏറ്റവും മുൻപിലായി നടക്കും.

ബാന്റുമേളങ്ങളുടെ അകമ്പടിയോടെ  കൊന്തചൊല്ലി നീങ്ങുന്ന  ജനസാഗരത്തിന് മധ്യത്തിലൂടെ  കടും ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു പെരുന്നാൾ ഭാരവാഹികൾ പുഷ്പാലംകൃതമായ  മാതാവിന്റെ ചിത്രവും തോളിലേന്തി റോഡിലൂടെ ഒഴുകുകയാണെന്നു തോന്നിപോകും.  മറ്റൊരു പ്രധാന ആകർഷണം  റോഡിനിരുവശവുമുള്ള കെട്ടിടങ്ങളിൽ ഉറപ്പിച്ച കയറിൽ തൂങ്ങിയിറങ്ങി വരുന്ന മാലാഖയുടെ വസ്ത്രങ്ങളണിഞ്ഞ  കുട്ടികൾ മാതാവിനെ പ്രകീർത്തിച്ചു ഗാനം ആലപിക്കുന്നതാണ് . ഈ കുട്ടികളുടെ  മാതാപിതാക്കൾ മാതാവിനുനേരുന്ന നേർച്ചയാണ് ഈ ചടങ്ങ്. 20 മിനിട്ടോളം ദൈർഘ്യമുള്ള  ഈ ഗാനം മൂന്നു പ്രധാന സ്ഥലങ്ങളിലായി രണ്ടു കുട്ടികൾ വീതം മാതാവിന്റെ ഇരു വശങ്ങളിലുമായി കയറിൽ തൂങ്ങി കിടന്നു ആലപിക്കുകയാണ. താഴെ വൻപുരുഷാരം അതേറ്റു പാടുന്നുമുണ്ട്. മാസങ്ങളോളം നീണ്ട പരിശീലനത്തിലൂടെയാണ്  കുട്ടികൾ സിസിലിയൻ ഭാഷയിലുള്ള ഈ ഗാനം സ്വായത്തമാക്കുന്നത് ഗാനാലാപനത്തിനു ശേഷം നീണ്ട കരഘോഷത്തോടെ കുട്ടികളെ പ്രോത്സാപ്പിച്ചു. മൂന്നു സ്ഥലങ്ങളിലും ചെറിയ വെടിക്കെട്ടിന് ശേഷം  പ്രദക്ഷിണം  നഗരത്തിലെ പ്രധാന വീഥികളിലൂടെ സഞ്ചരിച്ചു  11 മണിയോട് കൂടി പള്ളിയിൽ തിരികെ എത്തിച്ചേർന്നു. പ്രാർഥനാ നിർഭരമായ അന്തരീക്ഷത്തിൽ പെരുന്നാൾ ഭാരവാഹികൾ  മാതാവിന്റെ ചായാചിത്രം തിരികെ അൾത്താരയിൽ സ്ഥാപിച്ചു.

ഇനി രഥം നഗരപ്രദക്ഷിണം പൂർത്തിയാക്കുന്ന ചടങ്ങാണ്. പള്ളിയിലെ ചടങ്ങുകൾ അവസാനിച്ചതോടെ  ബാന്റുസെറ്റ്  രഥമിരിക്കുന്നമിരിക്കുന്ന സ്ഥലത്തേക്ക് വൻ ജനാവലിയുടെ അകമ്പടിയോടെ എത്തിച്ചേർന്നു. ഞങ്ങൾ ആറുപേരും രഥം വലിക്കാനുള്ള തയ്യാറെടുപ്പിലാണ് ...ഇനിയുള്ള യാത്ര ഒരു ഇറക്കം ആയതിനാൽ  താരതമ്യേന ശ്രമകരമാണ്. ഒരു മണിയോടെയാണ് രഥം തിരികെ അതിന്റെ  ഉത്ഭവ സ്ഥാനത്ത് കൊണ്ടെത്തിച്ചു. ഞങ്ങളുടെ പുറത്തുനിന്നും  വടം അഴിച്ചു മാറ്റി ക്കൊണ്ടിരിക്കുമ്പോൾ  പള്ളിയുടെ മുൻപിലായി എല്ലാവരും ആഘോഷങ്ങളുടെ കലാശക്കൊട്ടായ വെടിക്കെട്ടിനായി കാത്തു നിൽക്കുകയാണ്.

ഒരു മണിക്കൂറോളം നീണ്ടു നിൽക്കുന്ന ദിഗന്ദങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന താള വർണ്ണ വൈവിധ്യങ്ങളുടെ നീരാട്ടായ വെടിക്കെട്ട് പുലർച്ചെ മൂന്നു മണിയോടെയേ കഴിയൂ. ആഘോഷങ്ങൾ അവസാനിക്കുകയാണല്ലോ എന്ന ദുഖം എല്ലാവരിലും  തളം കെട്ടി നിൽക്കുന്നു. താളലയവിന്യാസത്തിൽ  ആറാടിച്ചു മൂന്ന് ആഘോഷദിനങ്ങൾ. ഒന്നിനും ഒരു കുറവുമില്ലാതെ ആഘോഷത്തിമിർപ്പിലും വർണ്ണ ശബളിമയിലും മുൻവർഷങ്ങളെ വെല്ലുന്ന പ്രൌഡിയിൽ ഇത്തവണത്തെ പെരുന്നാൾ.

വിട പറയുകയായി

marian-feast5

മൂന്നു മാസം നീണ്ടു നിന്ന വേനലവധി കഴിഞ്ഞ് അടുത്ത ആഴ്ച സ്‌കൂൾ തുറക്കുന്നതിന്റെ സങ്കടം കുട്ടികളുടെ മുഖത്ത് പ്രകടമായി തന്നെ കാണാം. ഇനിയൊരു ആഘോഷം  ക്രിസ്തുമസ് ആണല്ലോ എന്ന് അടക്കം പറഞ്ഞു മുൻപിലൂടെ കടന്നുപോകുന്ന  ആളുകൾ. ഞങ്ങളെ ഓരോരുത്തരെയായി വണ്ടികളിൽ ഘടിപ്പിച്ചിരിക്കുന്ന കൂട്ടിനുള്ളിലേക്ക് കയറ്റികൊണ്ടിരിക്കുകയാണ്. ഞാൻ ഒന്നുകൂടെ രഥത്തിന്റെ ഒത്ത മുകളിൽ സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെ ചിത്രത്തിലേക്ക് കണ്ണെത്തിച്ചു. വൈദ്യുത ദീപാലംകൃതമായ രഥത്തിന് മുകളിൽ പുഷ്പച്ചക്രത്തിനു പിന്നിലായി പുഞ്ചിരി തൂകി പരിശുദ്ധ മാതാവ്.

കടലിൽ നിന്നും വീശുന്ന തണുത്ത കാറ്റിലൂടെ മാതാവ് എന്നിൽ അനുഗ്രഹം ചൊരിയുന്നത് പോലെ എന്നെ ശക്തിപ്പെടുത്തുന്നത് പോലെ. കൂട്ടിൽ കയറി വാതിലുകൾ കൊട്ടിയടക്കപ്പെടുമ്പോൾ  ഇനി അടുത്തവർഷത്തെ പെരുന്നാളിന് പങ്കെടുക്കാൻ എനിക്ക് ഭാഗ്യം ലഭിക്കുമോ എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ. വർണ്ണങ്ങളിൽ കുളിച്ചു നിൽക്കുന്ന ജനസാഗരമായ ആൾത്താവില്ലാ പട്ടണത്തിലേക്ക് ചെറിയ കിളിവാതിലിലൂടെ  ഒന്നുകൂടെ നോക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പതിയെ കുന്നിറങ്ങി ഹൈവേയിലേക്ക് കയറുമ്പോൾ ആൾത്താവില്ല വർണ്ണങ്ങൾകൊണ്ട്പൂത്തു വിടരുകയായിരുന്നു. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ഞങ്ങളെ കയറ്റിയ വാഹനം ഹൈവേയിലൂടെ ഒഴുകി നീങ്ങുമ്പോൾ മാതാവിന്റെ രഥം വലിക്കാൻ കൂടുതൽ ഭാഗ്യം ലഭിച്ച കാളയെന്ന അഹങ്കാരവും എന്നെ വാരിപ്പുണർന്നു.

Your Rating: