Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തല നിറയെ നിറങ്ങളുമായി ഫ്രീക്കന്മാർ

Freaky Selfies

കളറുപൊടി തിന്ന ആരോ തലയിൽ വാളുവച്ച ലുക്ക്... ചില ഫ്രീക്കൻ ബോയ്സിന്റെ തല കാണുമ്പോൾ ആരായാലും അറിയാതെ ഇങ്ങനെയൊന്നു പറഞ്ഞു പോകും. മയിൽപ്പീലിയിൽ പോലുമുണ്ടാകില്ല ഇത്ര വെറൈറ്റി നിറങ്ങൾ–ആ മട്ടിലാണ് പലരും മുടിയ്ക്ക് കളർ കൊടുക്കുന്നതു തന്നെ. പക്ഷേ ഇന്റർനെറ്റ് ഇപ്പോൾ ഇത്തരക്കാരുടെ കൂടെയാണ്. പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാമും ഫെയ്സ്ബുക്കുമൊക്കെ. സ്വവർഗസ്നേഹികൾക്ക് അമേരിക്കയിൽ അനുകൂല ഉത്തരവു കൂടി വന്നതോടെ എല്ലാം പൂർത്തിയായി. അതോടെ എങ്ങും മഴവിൽ നിറങ്ങളുടെ പ്രളയം. എന്നാൽപ്പിന്നെ സ്വവർഗ സ്നേഹികൾക്കായി തങ്ങളുടെ താടിയും മുടിയുമെല്ലാം ഡെഡിക്കേറ്റ് ചെയ്തേക്കാമെന്ന ചിന്തയിലായി ലോകമെമ്പോടുമുള്ള ജാങ്കോസ്. അങ്ങനെയാണ് സമൂഹമാധ്യമങ്ങളിൽ പുതിയ സെൽഫി ട്രെൻഡ് പ്രത്യക്ഷപ്പെട്ടത്.

Freaky Selfies

മുടിയിലും താടിയിലും ലോകത്തിലിന്നേവരെ പരീക്ഷിക്കാത്ത തരം നിറങ്ങളടിച്ചുവിട്ട് സെൽഫിയെടുത്ത് പോസ്റ്റിയാണ് ഈ ട്രെൻഡിന്റെ പോക്ക്. #merman എന്ന ഹാഷ്ടാഗിലാണ് ഇതിന്റെ പ്രചാരം. മേർമേൻ എന്നാൽ മൽസ്യനരൻ എന്നാണർഥം. അതായത് മത്സ്യകന്യകയുടെ പുരുഷവശം. കണ്ടാലും മനുഷ്യനാണോ അതോ വേറെ എന്തോ ആണോ എന്നു തോന്നിപ്പോകുന്നതു കൊണ്ടാകണം പുതിയ ട്രെൻഡിന് ആ പേരുതന്നെയിട്ടത്. എന്തായാലും മുടിയിൽ കളറടിക്കാൻ പേടിച്ചിരുന്നവർ പോലും ഇപ്പോൾ മേ്ർമേന്റെ ബലത്തിൽ തലയിൽ പലതരം കളറടിച്ചു തുടങ്ങിയിരിക്കുന്നു. അതും ഫ്ലൂറസെന്റ് കളറുകള്‍ക്കാണ് മുൻഗണന. അതിൽത്തന്നെ നീലയ്ക്കും പച്ചയ്ക്കും മഞ്ഞയ്ക്കും പർപ്പിളിനും പിങ്കിനുമാണ് ആരാധകരേറെ.

Freaky Selfies

താടിയെയും മുടിയെയും വെറുതെ വിടുന്നില്ല ഈ ‘മത്സ്യകന്യകന്മാർ’. താടിക്ക് നീലനിറമാണെങ്കിൽ മുടിക്ക് പച്ചനിറം. മുടിക്ക് സാധാരണ പോലെ കളറിങ് നടത്തി താടിയിൽ ഫ്ലൂറസെന്റ് പ്രയോഗം നടത്തുന്നവരുമുണ്ട്. താടിയിലും മുടിയിലും പലതരം കളറുകളടിച്ച് തകർപ്പനാക്കിയവരും ഏറെ. റോക്ക് ബാൻഡുകളിലൂടെയും മറ്റും പാശ്ചാത്യരാജ്യങ്ങളിൽ നേരത്തേത്തന്നെ ഹിറ്റാണ് മുടിയിലെ ഫ്രീക്കൻ കളറിങ്. പക്ഷേ അത് സാധാരണക്കാരിലേക്ക് കടന്നുവന്നിരുന്നില്ല. അതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

Freaky Selfies

കിട്ടിയ അവസരം മുതലെടുത്ത് സകലരും മുടിയിൽ കളറടിക്കുന്നുവെന്നാണ് വാർത്ത. എന്താണിങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചാൽ പലർക്കും പല ഉത്തരമാണ്. ചിലർ പറയും, സ്വവർഗസ്നേഹികളുടെ റെയിൻബോ ഫ്ലാഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണെന്ന്. മറ്റു ചിലർ പറയുന്നു ലിറ്റില്‍ മേർമെയ്ഡായ ഡിസ്നിയുടെ ‘ഏരിയല്‍’ എന്ന മത്സ്യകന്യക കഥാപാത്രത്തോട് ആരാധന മൂത്താണെന്ന്. വേറെ ചിലർ പറയുന്നു വെറുതെ ഒരു രസത്തിനാണെന്ന്. എന്തായാലും മുടിയിലും താടിയിലും കളറടിച്ച ബ്രോസിന്റെ പൂരമാണിപ്പോൾ നെറ്റ്‌ലോകത്ത്...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.