Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർത്താക്കന്മാരേ കണ്ണു തുറപ്പിക്കും ഈ പോസ്റ്റ്

Pakisthani Husband

ദിവസം തുടങ്ങുന്നതുമുതൽ ഭാര്യയുടെ കുറവുകൾ എണ്ണിയെണ്ണി പറയുന്ന ഭർത്താക്കന്മാർക്ക് ഭാര്യ നഷ്ടപ്പെട്ട ഒരു വൃദ്ധൻ നൽകിയ ഉപദേശം ഇപ്പോൾ വൈറൽ ആവുകയാണ്. ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ലോകമെമ്പാടുമുള്ള ഭർത്താക്കന്മാരെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്നത്. ഇരുപത്തിയേഴു വർഷവും 2 മാസവും ഒന്നിച്ചു ജീവിച്ച ഭാര്യ ഒരു ദിവസം ഈ ലോകം വിട്ടുപോയപ്പോഴാണ് താൻ എത്രമാത്രം അവളെ സ്നേഹിച്ചിരുന്നുവെന്ന് മനസിലാക്കുന്നതെന്ന് ആ വൃദ്ധൻ പറയുന്നു. രോഗം ബാധിച്ച് ഭാര്യ മരിച്ചപ്പോഴാണ് താൻ ഈ ലോകത്ത് എത്രമാത്രം ഒറ്റപ്പെട്ടുവെന്ന് മനസിലാക്കിയത്.

‘‘ ഇരുപത്തിയേഴു വർഷവും രണ്ടുമാസവും നീണ്ടതാണ് ഞങ്ങളുടെ വിവാഹബന്ധം. അവൾ രോഗിയായിരുന്നു. ഗൈനക്കോളജിസ്റ്റ് തന്റെ കഴിവിന്റെ പരമാവധി അവളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവൾക്ക് പോകേണ്ട സമയമായിരുന്നു. എന്റെ കുടുംബത്തിൽ നിന്നുള്ള മിക്ക ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരോട് മോശമായി പെരുമാറുന്നതു ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഞാൻ അങ്ങനെ ചെയ്തിട്ടില്ല. എനിക്കവളെ അത്രയും ഇഷ്ടമായിരുന്നു. എന്റെ കഴിവിന്റെ പരമാവധി ഞാൻ അവളെ നന്നായി പരിചരിച്ചിട്ടുണ്ട്. ഇപ്പോൾ അവളില്ലാതെ ഞാൻ തീർത്തും ഒറ്റക്കായി. പുരുഷന്മാരെ, നിങ്ങൾ നിങ്ങളുടെ ഭാര്യമാരെ നന്നായിതന്നെ നോക്കണം. നിങ്ങൾക്കറിയില്ല നിങ്ങൾ എത്രമാത്രം അവരെ ആശ്രയിച്ചു കഴിയുന്നുവെന്നും അവളുടെ അസാന്നിധ്യത്തിൽ അവരെ എത്രമാത്രം മിസ് ചെയ്യുമെന്നും.

മതമോ മനുഷ്യത്വമോ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറാൻ ഒരു പുരുഷന് അവകാശം നൽകുന്നില്ല. കുടുംബത്തിന്റെ സംരക്ഷകരാണ് ഓരോ പുരുഷന്മാരുമെന്നാണ് വിശുദ്ധ ഖുറാൻ പറയുന്നതെന്ന് അദ്ദേഹം പറയുന്നു. ഒരു സ്ത്രീ ജോലി ചെയ്ത് അത് മക്കൾക്കായി ചിലവാക്കുന്നുണ്ടെങ്കിൽ അത് മക്കളോടുള്ള അവളുടെ സഹാനുഭൂതി കൊണ്ടാണ് .മക്കളെ പോറ്റി വളർത്തുന്നതിന് അവൾക്ക് ഭർത്താവിനോട് പ്രതിഫലം ചോദിക്കാവുന്നതാണെന്നു പ്രവാചകനും പറഞ്ഞിട്ടുണ്ട്. പിന്നെ ഏതർത്ഥത്തിലാണ് ഭർത്താക്കന്മാർ തങ്ങൾ ഭാര്യമാരെക്കാൾ ഉത്തമനാണെന്നും അവരോട് അധികാരത്തോടെ പെരുമാറാനും അവകാശമുണ്ടെന്ന് കരുതുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ഇന്ന് കഴിയുന്നയത്രയും അവളെ ഒരു രാജ്ഞിയെപ്പോലെ നോക്കൂ എന്നാണ് എല്ലാ ഭർത്താക്കന്മാരോടും പറയാനുള്ളതെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഇതിനകം പതിനൊന്നായിരത്തിൽപ്പരം ഷെയറാണ് പോസ്റ്റിനു ലഭിച്ചിരിക്കുന്നത്.