Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ മകനെ കൊല്ലാൻ ഞാൻ തന്നെയാണ് പറഞ്ഞത്!!!

Margaret Minton with son Matty മാറ്റിയും അമ്മ മാർഗരറ്റ് മിന്റണും

ലോകത്ത് ഒരമ്മയ്ക്കും കഴിയില്ല മകന്റെ മരണം ആഗ്രഹിക്കാന്‍. പക്ഷേ മാർഗരറ്റ് മിന്റൺ എന്ന അമ്മ ആഗ്രഹിക്കുക മാത്രമല്ല കോടതിയോട് അപേക്ഷിക്കുകയും നപടപ്പിലാക്കുകയും ചെയ്തു. മകനെ അങ്ങേയറ്റം സ്നേഹിക്കുന്ന ആ മാതാപിതാക്കൾക്ക് നിർജീവമായ ആ ശരീരത്തോട് ചെയ്യാൻ കഴിയുന്ന ഏക കരുണയായിരുന്നു ദയാവധം. ജീവിക്കുകയാണെന്നു പോലും തിരിച്ചറിയാൻ കഴിയാത്തൊരു ജീവിതത്തില്‍ നിന്നും അവർ അവനു മുക്തി നൽകി. വർഷങ്ങൾ പിന്നിട്ടെങ്കിലും ആ അമ്മയ്ക്ക് അത് ഇന്നും ഇന്നലെ നടന്ന പോലെയാണ്.

പഠന പാഠ്യേതര വിഷയങ്ങളിൽ മത്സരിച്ചു മുന്നിട്ടു നിന്നിരുന്ന മാറ്റി എല്ലാവർക്കും പ്രിയങ്കരനായിരുന്നു. 1990ലാണ് മാർഗരറ്റിന്റെ മകന്‍ മാറ്റി ഒരു അപകടത്തിൽ പെട്ടത്. മദ്യപിച്ച് വണ്ടിയോടിച്ച ഒരു ഡ്രൈവറുടെ അശ്രദ്ധയാണ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്കു വരികയായിരുന്ന മാറ്റിയുട‌െ ജീവനെ‌ടുത്തത്. ബോണറ്റിൽ ഏതാണ്ട് അമ്പതു അടിയോളം മാറ്റിന്റെ ശരീരവുമായി കാർ നീങ്ങി. പുറകെ വന്ന വണ്ടിയിലുള്ളവരാണ് മാറ്റിയെ ആശുപത്രിയിലെത്തിച്ചത്. വീട്ടിൽ വിളിച്ച് അറിയിക്കുമ്പോഴും മാറ്റി പാതിമരിച്ച ശരീരവുമായാണ് ഇനി ജീവിക്കാൻ പോകുന്നതെന്ന് മനസിലായിരുന്നില്ല.

Margaret Minton with son Matty മാറ്റിയും സഹോദരി കാത്തിയും കുട്ടിക്കാലത്ത്, വലതുവശത്മാത്ത് മാറ്റിയുടെ മരണത്തെ ആസ്പദമാക്കി കാത്തി രചിച്ച പുസ്തകം

ഒന്നിനുപുറകെ ഒന്നായി സർജറികൾ നടത്തി, അപ്പോഴൊക്കെ മാറ്റി ഇനി പഴയപോലെ ജീവിച്ചിരിക്കുമെന്നു തന്നെയായിരുന്നു വിശ്വാസം. മകനെ പൂർണമായും ശ്രദ്ധിക്കാനായി ടാക്സ് ഇൻസ്പെക്ടർ പദവിയും രാജിവച്ചു. പഞ്ഞിക്കെട്ടുകൾക്കിടയിൽ യാതൊന്നും അറിയാതെ അവൻ കിടന്നു. ആ അമ്മ അവനോട് മണിക്കൂറുകൾ സംസാരിക്കുകയും എന്തെങ്കിലും പ്രതികരണം ഉണ്ടാകാനായി തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്തുനോക്കി. അവൻ എല്ലാം അറിഞ്ഞിരുന്നിരിക്കണം, പക്ഷേ, പ്രതികരിച്ചില്ല! ആഴ്ചകൾ കഴിഞ്ഞപ്പോൾ മാറ്റിക്ക് മേജർ അറ്റാക്ക് വന്നു, അതോടെ എല്ലാം തകിടംമറിഞ്ഞു. അവന്റെ രൂപം പോലും മാറി. പത്തുമാസം ആശുപത്രി കിടക്കയിൽ കിടന്നിട്ടും യാതൊരു മാറ്റവുമില്ലാതായതോടെ അവനെ വീട്ടിൽ കൊണ്ടുവന്നു.

ആറുവർഷം കഴിഞ്ഞതോടെ തീർത്തും ബോധ്യമായി ഇനി മാറ്റിക്കൊരു തിരിച്ചുവരവില്ലെന്ന്. അവന്റെ കിടപ്പ് കാണാനാവില്ലെന്ന് ഭർത്താവ് കെവിനും മകൾ കാത്തിയും പറഞ്ഞതോടെ ആ അമ്മ തകർന്നുപോയി. ദയാവധത്തെക്കുറിച്ച് അവരോട് പലരും പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. പിന്നീട്, ആലോചിച്ചപ്പോൾ മകനു വേണ്ടി ഇനി അതേ ചെയ്യാന്‍ കഴിയൂ എന്നു അവർക്കു ബോധ്യമായി. പക്ഷേ അവസാനമായി ഒരിക്കൽക്കൂടി ഡോക്ടറെ കണ്ട് അവന്റെ അവസ്ഥ അറിയണമായിരുന്നു. ഡോക്ടർ എന്നത്തെയും പോലെ അപ്പോഴും ഇനി യാതൊരു വഴിയുമില്ലെന്നു പറഞ്ഞപ്പോൾ ഗൗരവമായി ആലോചിച്ചു ദയാവധത്തെക്കുറിച്ച്. കോടതിയിൽ ദയാവധത്തിനെത്തുന്ന പതിന്നാലാമത്തെ കേസാണ് മാറ്റിയുടേതെങ്കിലും വീട്ടുകാർ തന്നെ അപേക്ഷിക്കുന്ന ആദ്യകേസായിരുന്നത്രേ ഇത്.

അങ്ങനെ 1998 ജൂൺ 16ന് അപേക്ഷ അംഗീകരിക്കുകയും ജൂൺ 23ന് മാറ്റിയെ ദയാവധത്തിന് അനുവദിക്കുകയും ചെയ്തു. മാറ്റിയുടെ മരണം യാചിച്ചതിൽ ഇന്നും തനിക്ക് കുറ്റബോധമുണ്ടെന്ന് ആ അമ്മ പറയുന്നു. എന്നാൽ, യുക്തിപരമായി ചിന്തിക്കുമ്പോൾ മനസിലാകുന്നുണ്ട് അതു മനുഷ്യത്വപരമായിരുന്നുവെന്ന്. ഇതിനിടെ സഹോദരനു വേണ്ടി ദ ലാസ്റ്റ് ആക്റ്റ് ഓഫ് ലവ് എന്ന പുസ്തകവും തയ്യാറാക്കി സഹോദരി കാത്തി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.