Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരയാനും പഠിക്കണം

crying-1 ഫോട്ടോ:ശ്യാം ബാബു.

എല്ലാവരും ചിരിക്കുന്ന മുഖമുള്ളവരായി തീരുന്ന ലോകം. കരച്ചിലിനെ വില കുറച്ചു കാണുന്നു. സങ്കടം അടക്കി വയ്ക്കുമ്പോൾ നമ്മൾ ചെയ്യുന്നതു ശരിയോ? തെറ്റോ?

കാലത്ത് എഴുന്നേറ്റ് നടക്കാന്‍ പോകുമ്പോള്‍ അവന്‍റെ മുഖമാണ് മനസ്സില്‍. പാതി വഴി എത്തുമ്പോള്‍ അവന്‍ അവിടെ നില്‍പ്പുണ്ടാവും. വിടർന്ന കണ്ണുകളുമായി വഴിയരികിലെന്നും ....

ഇന്നും പതിവുപോലെ എന്നെ ദൂരെ നിന്നു കണ്ടതും ഒാടി വന്ന ലോറി...! അവന്റെ പേരുപോലും എനിക്കറിയില്ല, തെരുവിലുള്ള മറ്റേതൊരു നായയേയും പോലെ പേരില്ലാത്ത ഒരു നായ.

സംഭവം നടന്നിട്ട് ദിവസങ്ങളായി. വെറും ഒരു നായയുടെ പേരിൽ കരഞ്ഞാൽ വീട്ടുകൾ എന്തു വിചാരിക്കുമെന്നോർത്ത് കരച്ചിലടക്കി. എന്നിട്ടിപ്പോൾ ആ വഴി പോകുമ്പോഴൊക്കെ ഉള്ളിലൊരു കൊളുത്തിപ്പിടുത്തം.

‘‘അമ്മൂ, കുറേ ദിവസായി ഞാൻ ശ്രദ്ധിക്കുന്നു. എന്താ നിനക്കു പറ്റിയെ? ഏട്ടൻ ചോദിച്ചപ്പോൾ ആദ്യം ഒഴിഞ്ഞു മാറി. പിന്നെ ഏട്ടനെ കെട്ടിപ്പിടിച്ച് തോളിൽ ചാരിക്കിടന്നു കരഞ്ഞു കാര്യങ്ങൾ പറഞ്ഞു. പോട്ടെഡാ... നമുക്ക് പോയി വേറെ പട്ടിക്കുട്ടന്മാർക്ക് ഭക്ഷണം കൊടുക്കാം. അവന്റെ ഒാർമയ്ക്ക്.

എല്ലാ പറഞ്ഞു കരഞ്ഞു കഴിഞ്ഞപ്പോൾ അത്രയും നാൾകെട്ടിക്കിടന്നതൊക്കെ തെളിഞ്ഞതു പോലെ‌.. അമ്മു ചിരിച്ചു.

മഞ്ഞ സ്മൈലിയുടെ ചിരിപോലെ വരച്ച ചിരി മുഖത്തു വച്ചു നടക്കുന്നവരെ മാത്രം ഇഷ്ടപ്പെടുന്ന ലോകത്തിൽ നമ്മൾ കരയാൻ മറക്കാറുണ്ടോ? ഒരിറ്റു കണ്ണീരു തരുന്ന സുഖം നമ്മുടെ ജീവിതത്തിൽ നിന്നു തന്നെ മിസ് ആയി പോകുന്നുണ്ടോ??

ആശ്വസിപ്പിക്കാൻ അമ്മയുണ്ട്

അയ്യേ.. ആൺകുട്ടികൾ ഇങ്ങനെ കരയ്യോ? കണ്ണു തുടയ്ക്ക്. അയ്യേ.. ആരെങ്കിലും ഇങ്ങനെ കരയ്യോ? കണ്ണു തുടയ്ക്ക്.

ചില നേരം ആണുങ്ങൾക്കാണ് കരയാൻ വിലക്ക്. ചിലപ്പോൾ എല്ലാവർക്കും. കുഞ്ഞുനാൾ മുതൽ കുട്ടികളോടു കരയരുതെന്നും കരയുന്നവർ ദുർബലരാണെന്നും നമ്മൾ പറയാറുണ്ട്. ഇവിടെ തുടങ്ങുന്നു ആദ്യത്തെ പിഴവ്. കരച്ചിലിനു ഫുൾ സ്റ്റോപ് ഇടുമ്പോൾ വേദനകൾ പുറന്തള്ളുന്ന വാതിൽ വലിച്ചടയ്ക്കുകയാണെന്നു നാം അറിയാതെ പോകുന്നു.

വീട്ടിലിടുന്ന ഉടുപ്പല്ല നമ്മൾ പുറത്തു പോകുമ്പോൾ ഇടുന്നത്, വീട്ടിൽ സംസാരിക്കുന്നതു പോലെയല്ല പുറത്തു സംസാരിക്കുന്നത്. അതു പോലെയാണ് കരച്ചിലിന്റെ കാര്യവും. എന്നു കുട്ടിയോടു സൗമ്യമായി പറയാം. മറ്റുള്ളവർ ചുറ്റുമുള്ളപ്പോൾ, പൊതു ഇടങ്ങളിൽ ആർത്തലച്ചു കരഞ്ഞാൽ, മോൻ/മോൾ ചീത്തക്കുട്ടിയാണെന്ന ആളുകൾ കരുതുമെന്നു പറയുക.എന്നിരുന്നാലും വിഷമമുണ്ടായാൽ കരച്ചിലടക്കി വയ്ക്കാതെ കരയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കു നൽകണം.

ഇമോഷനൽ ഡവലപ്മെന്ററിന്റെ ഭാഗമാണ് കരച്ചിൽ. ‘എന്തു ചെയ്താലും മോൾ കരയില്ല’ എന്നു പറയുന്നവർ ഒരു നിമി‌ഷം കുട്ടിയുടെ മനസ്സിലേക്ക് താഴ്ന്നിറങ്ങി ചിന്തിക്കണം. കുഞ്ഞു മനസ്സിൽ വേദനകൾ കുഴിച്ചു മൂടിയിടാന്‍ അനുവദിക്കരുത്. വാൽസല്യത്തിന്റെ ഒരു ഉരുള ചോറായും മുടിയില്‍ തലോടുന്ന കൈകളായും അവരെ സ്വാന്ത്വനിപ്പിക്കുക. കരഞ്ഞു വിങ്ങൽ മാറിയാൽ കാര്യങ്ങൾ പിന്നെ തെളിഞ്ഞു കാണാം.

കൗമാരത്തിൽ കരച്ചിൽ മരുന്ന്

അവതാരകൻ പോലീസ് വേഷത്തിൽ. ആളുകളെ വിരട്ടി ‌വിരട്ടി അവസാനം ഒരു തേപ്പുകാരന്റെ അരികിലെത്തി അയാളോടും പണം ചോദിച്ചു. നടുങ്ങിപ്പോയ മനുഷ്യൻ കീറിയ കീശയിലെ ചില്ലറകള്‍ പെറുക്കി അയാൾക്കു കൊടുത്തിട്ട് ‘‘ഇതാണ് സാർ എന്റെ കൈയിൽ ആകെയുള്ളത്’’ എന്ന് പറയുന്നു.

ടിവിയിൽ വന്ന തമാശ പരിപാടി കണ്ട് ഹോസ്റ്റൽ സുഹൃത്തുക്കൾ എല്ലാവരും ചിരിക്കുന്നു. നസീബ് മാ‌ത്രം മുറിക്കുള്ളിലേക്കു വലിഞ്ഞു. ആ കാഴ്ച കണ്ണിൽ നിന്നും മായുവോളം മുറിയടച്ചു കരഞ്ഞു. ഇറങ്ങി വന്നപ്പോള്‍ സുഹൃത്തുക്കൾ കളിയാക്കിയെങ്കിലും നസീബിന് തൊണ്ടയിൽ കുരുങ്ങിയ ഭാരം അലിഞ്ഞു പോയ ആശ്വാസമായിരുന്നു. കഷ്ടപ്പെട്ടു ‍ജോലിയെടുത്തു പഠിപ്പിക്കാൻ വിട്ട ഉപ്പയുടെ മുഖമായിരുന്നു അവന്റെ മനസ്സിൽ.

‘വെറുതെ കരഞ്ഞു വില കളയണ്ട’എന്ന വാചകം ഏറ്റവും കൂടുതല്‍ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാലഘട്ടം ഒരു പക്ഷേ, കൗമാരമായിരിക്കും. ആളുകൾക്കു മുന്നിൽ ധൈര്യം അഭിനയിക്കാൻ പലരും കണ്ണീരെന്നൊരു കാര്യം തന്നെ നിഘണ്ടുവില്‍ നിന്നും മായ്ച്ചു കളയും. ഉള്ളിൽ എത്ര വിഷമം വന്നാലും കണ്ണീരിനു പകരം ചിരി. വാട്സ് ആപ്പിലും ഫെയ്സ് ബുക്കിലും സെഃ‌ന്റി പോസ്റ്റുകള്‍ ഷെയർ ചെയ്യുന്നതൊഴി‌ച്ചാൽ തനിച്ചിരുന്നെങ്കിലും കരയുന്നവർ വംശമറ്റു പോയോ എന്ന് സംശയം.

വിർച്വൽ സുഹൃത്തുക്കളുടെ എണ്ണം കൂടുമ്പോഴും സങ്കടം വന്നാൽ തോളില്‍ കിടന്നു കരയാനുളള ഇന്റിമസി കുറയുന്നു. അവസാനം മാനസിക നില തന്നെ താറുമാറായി പോകുന്ന സംഭവങ്ങളുമുണ്ട്. ഡിപ്രഷൻ അനുഭവിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതിനു കാരണം കണ്ണീരില്ലായ്മയാണോ എന്നു ചോദിക്കേണ്ടിയിരിക്കുന്നു.

മുതിർന്ന കുട്ടിയുടെ സ്വകാര്യത അപഹരിക്കാതെ തന്നെ മാതാപിതാക്കൾ അവരുടെ ഉറ്റ ചങ്ങാതികളായിരിക്കുക. യാതൊരു മടിയും കൂടാതെ ചെയ്യുന്ന കാര്യങ്ങള്‍ മാതാപിതാക്കളോടു തുറന്നു പറയാനുളള ആത്മവിശ്വാസം കുട്ടികളിൽ നിറയ്ക്കുക. ‘അവൻ / അവൾ എപ്പോഴും ഫോണിൽ കുത്തിയിരിക്കും. എന്നോടു സംസാരിക്കാൻ അവർക്കെവിടെ നേരം !’ എന്നു പരിഭവിക്കുന്ന അച്ഛനമ്മമാരുണ്ട് ധാരാളം. ഇതിൽ നിങ്ങളുടെ കൂടി തെറ്റുണ്ട് എന്നു പറയാതെ വയ്യ. ഓഫീസിലെ ടെൻഷനും വീട്ടു പണികളും എന്ന പേരിൽ സ്വന്തം കുട്ടികൾക്കു സമയം നൽകാതിരുന്നാൽ, അവരുടെ കണ്ണീരൊപ്പാതിരുന്നാൽ അവർ മറ്റു വഴികൾ തേടിപ്പോകും.

കുട്ടികളുടെ മുഖം വാടിയിരിക്കുന്ന നേരത്ത് അരികിലിരിക്കാം. വെറുതേ തോളത്തു കൈവച്ച് ഞാൻ നിനക്കൊപ്പമുണ്ടെന്നു പറയൂ.....പ്രായഭേദം മറന്ന് വിഷമം പറഞ്ഞ്, നിങ്ങളെ മുറുകെ പിടിച്ചു വിതുമ്പിക്കരഞ്ഞു തീരുമ്പോൾ തന്നെ അവർക്ക് ആശ്വാസം തോന്നി തുടങ്ങും. നിങ്ങൾക്കും.

ചിരിക്കാൻ എന്ന പോലെ കരയാനും ഒപ്പം

‘ഓഫീസിൽ ടെൻഷൻ, കുടുബത്തിൽ നിന്നും പ്രതീക്ഷിക്കാത്ത തിരിച്ചടികൾ, ‌ഭാര്യയോടുളള പിണക്കം’ ഇതൊക്കെ കരണ‌മായി പറഞ്ഞു മദ്യപിക്കുന്നവരുടേയും വഴക്കുണ്ടാക്കുന്നവരുടേയും എണ്ണം ദിനം പ്രതി കൂടി വരികയാണ്. എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം തരാനാവില്ലെങ്കിലും മനസ്സു ശാന്തമാക്കാൻ കരച്ചിലിനു കഴിയും എന്ന് മാനസിക വിദഗ്ധർ. ചിലപ്പോൾ കൗൺസലിങ്ങിനു വരുന്നവരെ മടി കൂടാതെ കരയാൻ വിടുമെന്ന് സൈക്കോളജിസ്റ്റുകൾ സമ്മതിക്കുന്നു. അടക്കി വച്ചിരുന്ന കണ്ണീർ ഒഴുകി പോകുമ്പോൾ തന്നെ അതിന് അവസരം നല്‍കിയ ഡോക്ടര്‍ക്കു പലരും നന്ദി പറയും.

‘സ്ട്രെസ് മനസ്സിനു സ്ഥിരതയില്ലായ്മയും അതിനു ശേഷമുളള കരച്ചിൽ സ്ഥിരതയും നൽകുന്നു.’ എന്ന് ന്യൂയോർക്കിലെ സൈക്യാട്രി വിഭാഗം നടത്തിയ പഠനത്തിൽ പറയുന്നു. കരച്ചിലിനു സെൻട്രൽ നെര്‍വസ് സിസ്റ്റത്തിലെ ടെൻഷനകറ്റാനുള്ള കഴിവുണ്ട്. മനസ്സിൽ സങ്കടം വന്നിട്ടും കരയാതിരിക്കുമ്പോൾ സമ്മര്‍ദ്ദം അതേപടി നിൽക്കാൻ കാരണമാകും.

ഓഫിസില്‍ ടെൻഷനടിക്കുമ്പോൾ ബാത്റൂമിൽ കയറി ബക്കറ്റ് പൊട്ടിക്കുക, അസഭ്യം പറയുക, നേരെ ബാറിലേക്ക് പായുക എന്നതിനൊക്കെ പകരം അടുത്ത സുഹ‍ൃത്തിനോടു പറഞ്ഞാൽ അല്ലെങ്കിൽ പങ്കാളിയോടോ മാതാപിതാക്കളോടോ ഫോണിലൂടെയെങ്കിലും സംസാരിച്ച് ഒന്നു തേങ്ങിക്കരഞ്ഞാല്‍ പ്രശ്നങ്ങൾ പാതി മാറും.

ഇതുവരെ നേരിട്ടു പറയാത്ത പ്രശ്നങ്ങൾ മനസ്സിലിട്ട് പുകച്ച് എന്നും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്ന ദമ്പതികൾ പരസ്പരം സംസാരിക്കേണ്ടത് അത്യാവശ്യമാണ്. തെറ്റും കുറ്റവും കണ്ണിൽ കണ്ണിൽ നോക്കി പറഞ്ഞു കഴിയുമ്പോൾ ഒരിറ്റു കണ്ണീരു പൊടിയും. അത്രയും നാൾ ഉരുണ്ടു കൂടിയതൊക്കെ കരഞ്ഞു കഴുകി കളയെന്നേ... കരയാനും അതിനുശേഷം ഒരുമിച്ചു ചിരിക്കാനും നിങ്ങൾക്ക് ചുറ്റും നൂറു കാരണങ്ങൾ ഉണ്ടല്ലോ ..അതൊക്കെ ആസ്വദിക്കൂ.

വിവരങ്ങൾക്കു കടപ്പാട്: ഡോ.സോമനാഥ്, കണ്‍സൾട്ടന്റ് സൈക്യാട്രിസ്റ്റ്, ലേക് ഷോർ, എറണാകുളം

ഡോ. ദിനേഷ്, പ്രഫസർ ഇന്‍ സൈക്യാട്രി, അമൃത ഹോസ്പിറ്റൽ, ഇടപ്പള്ളി

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.