Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെഗ്ഗിൻസിന് ബൈ ബൈ , ഇനി പലാസോ കാലം 

Palazo

ഒറ്റനോട്ടത്തിൽ പാന്റാണോ അതോ , പാവാടയാണോ എന്ന് തിരിച്ചറിയാൻ ആകാത്ത രൂപം.സൂക്ഷിച്ചു നോക്കിയാൽ മനസിലാകും പാന്റു തന്നെ. ഇനി പാന്റ് എന്നങ്ങാനും പറഞ്ഞു പോയാലോ, അപ്പോൾ വരും ന്യൂ ജെൻ വക തിരുത്ത്, ഇത് പാന്റ് അല്ല പലാസോയാണ്. 

അതെ, മഴക്കാലം ആരംഭിച്ചതോടെ ലെഗ്ഗിൻസിനും ജീൻസിനും എല്ലാം പെൺകുട്ടികൾ പതുക്കെ അവധി കൊടുത്ത് തുടങ്ങി. ഇപ്പോൾ അരങ്ങു വാഴുന്നത് ട്രൗസറുകളും പലാസോയുമാണ്‌. പഴയ ബെൽബോട്ടം രീതിയിലുള്ള പാന്റുകൾ ആണ് ഇന്നത്തെ പലാസോകൾ. കോട്ടൺ, ഷിഫോൺ, ലിനന്‍, ക്രേപ് തുടങ്ങി പല മെറ്റീരിയലുകളിലും പലാസോ ലഭ്യമാണ്.

ഇടാൻ എളുപ്പം, നനഞ്ഞാൽ ഉണങ്ങാൻ എളുപ്പം , ഇനി മഴവെള്ളം ആണ് പ്രശ്നമെങ്കിൽ അല്പം പൊക്കിപിടിക്കുകയുമാകാം. ഇതൊക്കെയാണ് മഴക്കാലത്ത് പലാസോ തരംഗമാകാൻ കാരണം. എന്നാൽ, ഇതൊന്നുമല്ല കളർഫുൾ ലുക്ക്‌ ആണ് പലാസോയിലേക്ക് തങ്ങളെ ആകർഷിച്ചത് എന്ന് കാമ്പസ് താരങ്ങൾ. ഫെമിനിന്‍ ലുക്ക് നല്‍കുന്ന വസ്തമാണ് പലാസോ എന്നതില്‍ ഭിന്നാഭിപ്രായമില്ല. 

ബെയ്ജ്, കാക്കി, വെള്ള, കറുപ്പ് തുടങ്ങിയ ന്യൂട്രല്‍ നിറങ്ങളിലെ പലാസോയ്ക്കാണ് ആവശ്യക്കാർ ഏറെ . എന്ന് കരുതി, നമ്മുടെ പ്രിന്റെഡ്‌ പലാസോകൾ വെറുതെയാണ് എന്നല്ല കേട്ടോ. വരുന്നതിലും വേഗത്തിലാണ് കടകളിൽ നിന്നും പലാസോകൾ വിറ്റുപോകുന്നത് എന്ന് കൊച്ചിയിലെ കടകൾ സാക്ഷ്യപ്പെടുത്തുന്നു.

ടെയ്‌ലേഡ് ഷര്‍ട്ടുകളോ ഫിറ്റഡ് ടോപ്പുകളോ ബോഡി ഹഗ്ഗിങ് ടീഷര്‍ട്ടുകളോ ആണ് പലാസോയ്ക്ക് ഒപ്പം ചേരുന്നത്. അയവുള്ള ടോപ്പുകൾ ഇതിനൊപ്പം ചേരില്ല. കോളേജിലെ പെൺകൊടികളെ കൂടുതൽ ആകർഷിക്കുന്നതാകട്ടെ സ്ലീവ്ലെസ്സ് ടോപ്പുകളും. ഉയരമുള്ളവർക്കാന് പലാസോ കൂടുതൽ ചേരുക. ഇനി ഉയരം അല്പം കുറഞ്ഞു എന്ന് കരുതി പലാസോ ധരിക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കണ്ട. ടക് ഇന് ചെയ്ത ടോപ്പുകൾക്കൊപ്പം ധരിച്ചാൽ ഈ പ്രശനം പരിഹരിക്കാം. 

ഒരേ സമയം മോഡേണ്‍ ലുക്കും പരമ്പരാഗത ലുക്കും നല്കുന്നു എന്നതാണ് പലാസോയുടെ മറ്റൊരു പ്രത്യേകത. അതുകൊണ്ട് ഇനി ഒട്ടും വൈകണ്ട, ലെഗിൻസിന് ബൈ ബൈ പറഞ്ഞ് പലാസോ യുഗത്തിലേക്ക് ചേക്കേറാം...