Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാർലിയിലെ ടെസ സ്റ്റൈലും ട്രെന്‍ഡിങ്

Parvathy

ഓരോ സിനിമകളിലും വ്യത്യസ്തമായ അവതരണം കൊണ്ടും സ്റ്റൈൽ കൊണ്ടും വ്യത്യസ്തയായ നടിയാണ് പാർവതി. നോട്ട്ബുക്കില്‍ കണ്ട നായികയെ ബാംഗ്ലൂർ ഡേയ്സിൽ കണ്ടപ്പോൾ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു ഇത് ആ പാർവതി തന്നെയോ? പിന്നീട് തമിഴകത്തെ വ്യത്യസ്ത രൂപഭാവങ്ങൾക്കൊടുവിൽ കാഞ്ചനമാലയിൽ നാടൻ സുന്ദരിയായി പാർവതി വന്നപ്പോഴും എല്ലാവരും പറഞ്ഞു പാർവതി വേറെ ലെവലാണെന്ന്. അതെ, ചാർലിയിലും പാർവതി എന്ന നടിയുടെ സ്റ്റൈൽ വ്യത്യസ്തം തന്നെയാണ്. സമീറ സനീഷ് എന്ന യുവ വസ്ത്രാലങ്കാരക ചാർലിയ്ക്കു വേണ്ടി ചെയ്തതൊന്നും വെറുതെയായില്ല. കാരണം ഇറങ്ങുംമുമ്പേ ഹിറ്റായ ദുൽഖറിന്റെ കുർത്തകൾക്കും മുണ്ടിനും ശേഷം ഇപ്പോൾ എല്ലാവരും പറയുന്നത് സിനിമയിലെ പാർവതിയുടെ ഫാഷനെക്കുറിച്ചാണ്. ചാർലിയിലെ ടെസയിലൂടെ ശ്രദ്ധിക്കപ്പെടുന്ന അഞ്ചു സ്റ്റൈലുകൾ

Parvathy

1)മൂക്കുത്തിപ്പെണ്ണാണു ടെസ

മൂക്കുത്തിയോട് മലയാളിയ്ക്കുള്ള പ്രിയം പണ്ടേ പറയേണ്ടതില്ലല്ലോ. പഴയകാല നായിക ശ്രീവിദ്യയുടെയും എഴുത്തുകാരി കമല സുരയ്യയുടെയുമൊക്കെ മൂക്കുത്തിയെ ആരാധിച്ച യുവത്വം ടേസയുടെ മൂക്കുത്തിയും ട്രെൻഡിങ് ആക്കുമെന്നതിന് യാതൊരു സംശയവുമില്ല. തീരെ കനം കുറഞ്ഞ ഡയമണ്ട് മൂക്കുത്തികൾ ട്രെൻഡിങ് ആയിരിക്കുന്ന ഈ കാലത്ത് വ്യത്യസ്തമായ രീതിയിൽ വലിയ മൂക്കുത്തി അവതരിപ്പിച്ചതാണു കൂടുതൽ ശ്രദ്ധേയം.

2)കാർകൂന്തൽ സൗന്ദര്യം

ഹെയർസ്റ്റൈൽ പരീക്ഷണത്തിന്റെ കാര്യത്തിൽ പാർവതിയോളം മിടുക്കുള്ള നടി മലയാള സിനിമയിൽ ഇല്ലെന്നു വേണം കരുതാൻ. ബാംഗ്ലൂർ ഡേയ്സിലെ സേറയുടെ ബോയ്കട്ടിനു ശേഷം കേരളത്തിലെ ഒട്ടുമിക്ക പെൺകുട്ടികളും അതേ ഹെയർസ്റ്റൈൽ പരീക്ഷിച്ചിരുന്നു. ഇപ്പോഴിതാ ചാർലിയിൽ ചുരുളൻ മുടികൊണ്ട് പ്രേക്ഷക മനം കവരുകയാണ് പാർവതി. മുഖത്തേക്കും തോളിനു ഇരുവശങ്ങളിലേക്കും പാറിക്കിടക്കുന്ന ചുരുളൻ മുടിയിൽ പാർവതി കൂടുതൽ സുന്ദരിയാവുകയാണ്.

Parvathy

3)നിറങ്ങളുടെ വസന്തം

ചാർളിയിൽ പാർവതിയുടെ വസ്ത്രങ്ങൾ നിറങ്ങളുടെ വസന്തം തീർക്കുകയാണെന്നു തന്നെ പറയാം. പിങ്ക്, ഗ്രീൻ, യെല്ലോ, ഓറഞ്ച് തുടങ്ങി കണ്ണുകളിൽ എടുത്തു കാണിക്കുന്ന നിറങ്ങളാണ് ഏറെയും. നീളൻ ടോപ്പുകളിലും പലാസോ പാന്റ്സുകളിലും പാർവതി തിളങ്ങി. ഇടയില്‍ മറ്റൊന്നുകൂടിയുണ്ട് കേട്ടോ, ചിത്രത്തിൽ താരം ചട്ടയും മുണ്ടും അണിഞ്ഞെത്തുന്നുണ്ട്. പറയാൻ പറ്റില്ല നാളെയിനി നമ്മുടെ പെൺകൊടികൾ ചട്ടയ്ക്കും മുണ്ടിനും പിന്നാലെയാവും.

4)ചെരിപ്പിന്റെ കാര്യത്തിൽ ടേസയ്ക്കു ജാഡയേയില്ല

ചിത്രത്തിൽ പാർവതിയുടെ ചെരിപ്പുകളും സംസാരവിഷയമാകുന്നുണ്ട്. കാര്യം മറ്റൊന്നുമല്ല കക്ഷിയ്ക്ക് അങ്ങനെ ജാഡയൊന്നുമില്ല. രണ്ടുകാലിലും രണ്ടു ചെരിപ്പിട്ടാണു പാർവതി ചുറ്റാനിറങ്ങുന്നത്. കാര്യം അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും നാളെ നമ്മുടെ യുവത്വം ഇതും ട്രെൻഡാക്കിക്കൂടെന്നില്ല. കാതിൽ രണ്ടു കമ്മലിട്ടു നടക്കാൻ ധൈര്യം കാണിക്കുകയും അതു തരംഗമാക്കുകയും ചെയ്ത സുന്ദരികളെ ഇനി രണ്ടു ചെരിപ്പുകളിൽ കണ്ടാൽ കളിയാക്കല്ലേ, ഇതു ടെസാ സ്റ്റൈല്‍ ആണ്.

Parvathy

5)കണ്ണിനിമയോലും കണ്ണട

കണ്ണട പണ്ടേ ചിലരുടെ വീക്നെസ് ആണ്. കാര്യം കണ്ണിനു വല്യ പ്രശ്നമൊന്നും ഇല്ലെങ്കിലും ചിലർ ബുജി സ്റ്റൈലിനു വേണ്ടി കണ്ണട വച്ചേ അടങ്ങൂ. ഇനി ചിലരാകട്ടെ ഔട്ടിങ്ങിനും മറ്റും പോകുമ്പോൾ ആഷ്പുഷ് ലുക്കിനു വേണ്ടി ഘടാഘടിയൻ കണ്ണടകൾ വരെ കൂട്ടുകാരനാക്കും. നമ്മുടെ പാർവതിയും ചിത്രത്തിൽ കണ്ണടക്കുട്ടിയാണ്. കണ്ണടകൾക്കിടയിലൂടെ കൺമഷിയിട്ട കറുത്ത മിഴികൾ കാണാനൊരു ചന്തം തന്നെയാണ്.

Parvathy
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.