Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തെ അവഹേളിച്ച് പെപ്സിയുടെ പരസ്യം

Pepsi Add

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ സ്ഥാനത്തേക്ക് ഗജേന്ദ്ര ചൗഹാനെ നിയമിക്കുന്നതിനെതിരെയുള്ള സമരം കൊടുമ്പിരി കൊള്ളുമ്പോൾ, പെപ്സിയുടെ പുതിയ പരസ്യചിത്രം വിവാദ കുരുക്കിലേക്ക്. 'പെപ്സി ദി, പീ ഗയാ' എന്ന ക്യാപ്ഷനോടെ എത്തിയ പുതിയ പരസ്യമാണ് പുണെയിൽ നടക്കുന്ന സമരത്തെ ആക്ഷേപിക്കുന്ന തരത്തിലാണെന്ന് പരാതി ഉയരുന്നത്.

ഒരു കൂട്ടം കോളജ് വിദ്യാർഥികൾ നടത്തുന്ന സമരമാണ് പരസ്യചിത്രത്തിൻറെ ഇതിവൃത്തം. പുണെയിൽ നടക്കുന്ന സമരത്തോട് വളരെ സാമ്യമുള്ള രീതിയിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് പരാതി. മാസങ്ങളായി കോളജിൽ ചൗഹാനെതിരെയുള്ള സമരം ആളിക്കത്തുന്നതിനു ഇടയ്ക്കാണ് ഈ പരസ്യം പുറത്തു വന്നത്. പരസ്യചിത്രത്തിൽ വിദ്യാർഥി നേതാവ് തങ്ങളുടെ ആവശ്യങ്ങൾ കോളജ് അധികാരികൾ പരിഗണിക്കും വരെ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന നാല് ദിവസ നിരാഹാര സമരം നീളുമെന്ന് ആവേശത്തോടെ ചാനൽ ക്യാമറകൾക്ക് മുൻപിൽ പറയുന്നു. കഴിഞ്ഞ കുറെ ആഴ്ചകളായി ധാരാളം ഫിലിം ഇൻസ്ടിട്യൂട്ട് വിദ്യാർഥികളും നിരാഹാരസമരത്തിലാണ്.

അടുത്ത നിമിഷം തന്നെ ഒരു പെപ്സിയുടെ കുപ്പി കണ്ട് സമരത്തിൽ പങ്കെടുക്കുന്ന ഒരു വിദ്യാർഥി ആകർഷിക്കപ്പെടുകയും, നേതാവ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അയാൾ അതെടുത്തു കുടിക്കുകയും ചെയ്യുന്നു. നേതാവ് അപ്പോഴും പറയുന്നത്, ഒരു കാരണവശാലും തങ്ങള് നിരാഹാര സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ്‌. ഏറ്റവും ഒടുവിൽ എല്ലാവരും പെപ്സി കുടിക്കുന്ന വിദ്യാർഥിയെ നോക്കുമ്പോൾ പെപ്സി കണ്ടു, അതുകൊണ്ട് കുടിച്ചു പോയി എന്ന് അയാൾ മറുപടി പറയുന്നു. ഇതോടെ അതുവരെ ഉണ്ടായിരുന്ന സമരത്തിന്റെ ശക്തി നഷ്ടമാകുന്നു, ടിവി റിപ്പോർട്ടർ സമരത്തെ കാര്യമാക്കാതെ റിപ്പോർട്ട്‌ ചെയ്യുക കൂടി ചെയ്യുന്നതോടെ പരസ്യചിത്രം അവസാനിക്കുന്നു.

പെപ്സിയുടെ മഹത്വം വർണ്ണിക്കാൻ ആണ് പരസ്യചിത്രം എടുത്തതെങ്കിലും ഇന്ത്യയിൽ പല ഭാഗങ്ങളിലായി നടക്കുന്ന സമരങ്ങളെ വില കുറച്ചു കാണിക്കുന്ന സമീപനമാണ് പെപ്സിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് യുവാക്കൾ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.അതേസമയം, പരസ്യത്തിലുള്ള സമരത്തിനു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ഒരു ബന്ധവുമില്ലെന്നും, തികച്ചും സാങ്കല്പ്പികമായ സന്ദർഭമാണ് ആവിഷ്കരിച്ചതെന്നും, തങ്ങളുടെ ഒരു പരസ്യചിത്രവും ആരെയും വേദനിപ്പിക്കുന്ന തരത്തിലുള്ളവ അല്ലെന്നും വിവാദങ്ങൾക്ക് മറുപടിയായി പെപ്സി അറിയിച്ചു. ഫീസ്‌ വർധനയ്ക്കെതിരെയുള്ള സമരം ആണതെന്ന് പ്ലക്കാർഡ് വ്യക്തമാക്കുന്നുണ്ടെന്നും പെപ്സി പറയുന്നു. ഇനി അങ്ങനെയാണെങ്കിൽ പോലും ഇന്ത്യൻ യുവത്വത്തിന്റെ ശക്തിയെ വില കുറച്ചു കാണുന്ന പെപ്സിയുടെ രീതി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്ന് യുവാക്കൾ അഭിപ്രായപ്പെട്ടു.