Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിസ്മയക്കാഴ്ചകൾ

photo-muse-exibition ഫൊട്ടോമ്യൂസിന്റെ ഓപൺ ഒറിജിൻസ് ഓപൺ എൻഡ്സ് ഫോട്ടോപ്രദർശനത്തിൽ നിന്ന്

കാഴ്ചകളുടെ വിസ്മയലോകമാണ് കൊച്ചിയിലെ ദർബാർ ഹാൾ ആർട് ഗാലറിയിൽ നടക്കുന്ന ഫൊട്ടോമ്യൂസിന്റെ ഓപൺ ഒറിജിൻസ് ഓപൺ എൻഡ്സ് എന്ന ഫൊട്ടോപ്രദർശനം. ദേശീയ- രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട 140 ഫൊട്ടോഗ്രഫർമാരുടെ 250 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കേരളത്തിലെ ആദ്യത്തെ ഫൊട്ടോഗ്രഫി മ്യൂസിയം കൂടിയാണ് ഫൊട്ടോമ്യൂസ്. 45,000 ലേറെ ചിത്രങ്ങളിൽ നിന്ന് ദേശീയ രാജ്യാന്തരതലത്തിൽ ശ്രദ്ധേയരായ ഫൊട്ടോഗ്രഫർമാർ ഉൾപ്പെട്ട ജ്യൂറിയാണ് ഈ ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ഇതിന് പുറമെ പ്രത്യേക ക്ഷണിതാക്കളുടെ വിഭാഗത്തിൽ 15 വിദേശ ഫൊട്ടോഗ്രഫർമാരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആർക്കൈവൽ പ്രിന്റിങ് ആയതിനാൽ രണ്ടു നൂറ്റാണ്ട് കഴിഞ്ഞാലും ചിത്രങ്ങൾ കേടു കൂടാതെ സൂക്ഷിക്കാകുമെന്ന പ്രത്യേകതയുമുണ്ട്. 

വ്യത്യസ്ത സാഹചര്യങ്ങളിൽ എടുത്ത വ്യത്യസ്ത അർഥതലങ്ങളുള്ള സ്വതന്ത്രമായി പിറന്ന ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. എന്നാൽ പ്രദർശനം കേന്ദ്രീകരിയ്ക്കുന്നത് വിവിധ ചിത്രങ്ങൾ സ്വരൂപിക്കുന്ന ആശയങ്ങളിലേക്കും ആ ആശയം കൈക്കൊള്ളുന്ന തുറന്ന നിലപാടുകളിലേക്കുമാണ്. 

രാത്രിയുടെ വശ്യതയും തീരങ്ങളിലെ ഏകാന്തതയും സ്ത്രീ സൗന്ദര്യവും വന്യമായ കാഴ്ചകളും പ്രകൃതിയുടെ മനോഹാരിതയുമെല്ലാം പ്രദർശനത്തിനുണ്ട്. നെതർലണ്ടുകാരായ തിയോ ബെറൻസ്, സാകെ എൽസിങ്, യുഎസ് സ്വദേശികളായ ഹെർബർട്ട് അഷേർമാൻ ജൂനിയർ, ഹലിം ഇന, ജർമൻ ഫൊട്ടോഗ്രഫർമാരായ ക്രിസ്റ്റൽ ലുക്ക്, എവാൾഡ് ലുക്ക്, സെബാസ്റ്റിൻ കൊപേക്, റെജീന വെക്, മാൻഫ്രഡ്‌ വെക് എന്നിവരുടെയും പ്രശസ്ത ഇന്ത്യൻ ഫൊട്ടോഗ്രഫർമാരായ ടി.എൻ. എ പെരുമാൾ, ദിൽവാലി, സുരേഷ് എളമൻ, ബി.ശ്രീനിവാസ, നന്ദകുമാർ മൂടാടി, നീലാഞ്ജൻദാസ് തുടങ്ങിയവരുടെ ചിത്രങ്ങളും ശ്രദ്ധേയമാണ്. 

അന്യം നിന്നു പോകുന്ന കലകളെക്കുറിച്ച് ഫൊട്ടോഗ്രാഫിയിലൂടെ പുതുതലമുറയ്ക്ക് അറിവുപകരാനും ഫൊട്ടോഗ്രഫിയെക്കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കാനും ലക്ഷ്യമിട്ടാണ് ഫോട്ടോമ്യൂസ് ഇത്തരം പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഡയറക്ടറും ക്യൂറേറ്ററുമായ ഡോ. ഉണ്ണികൃഷ്ണൻ പുളിയ്ക്കൽ പറഞ്ഞു. 

∙ ജൂലൈ 31 ന് ആരംഭിച്ച ചിത്രപ്രദർശനം ഓഗസ്റ്റ് നാലിന് സമാപിക്കും.

Your Rating: