Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേഷവും ഭാഷയും മലയാളമാക്കി മോദി

narendra-modi-dubai

"മലയാളി സഹോദരങ്ങൾക്ക് എന്റെ ഹൃദയംനിറഞ്ഞ പുതുവൽസര ആശംസകൾ, നമസ്കാരം" മോദി പറഞ്ഞുതീരും മുമ്പേ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരവം മുഴങ്ങി.  ജാതിഭേദമന്യേ തിങ്ങി നിറഞ്ഞ പതിനായിരക്കണക്കിനു പ്രവാസി മലയാളികൾ ആർപ്പുവിളിച്ചു. 

കസവുനിറത്തിൽ ഖാദി കുർത്തിയും തൂവെള്ള പാൻറും ധരിച്ചെത്തിയ മോദിയുടെ വേഷത്തിലും മലയാളത്തിനോടുള്ള സ്നേഹം പ്രകടമായി. മെറൂണും കസവും തുന്നിയ ഷോൾ കഴുത്തിൽ ചുറ്റിയ മോദിയുടെ സംസാരത്തിലുടനീളം കേരളക്കരയോടുള്ള സ്നേഹവും ആദരവും നിറഞ്ഞു. താലപ്പൊലിയും പഞ്ചവാദ്യവും കഥകളിയുമൊക്കെയായി ചടങ്ങിൽ അവതരിപ്പിച്ച കലാപരിപാടികൾക്കും മിഴിവേകിയതേറെയും  മലയാളികലാകാരൻമാർ.

34 വർഷത്തിനു ശേഷം തങ്ങളെ കാണാൻ സ്വന്തം നാട്ടിൽ നിന്നൊരു പ്രധാനമന്ത്രിയെത്തുന്നതു കൊണ്ടുതന്നെ പ്രവർത്തിദിനമായിരുന്നിട്ടുകൂടി നാലുമണിക്കൂർ മുമ്പുതൊട്ടേ ജനം സ്റ്റേഡിയത്തിലേക്ക് ഒഴുകി തുടങ്ങിയിരുന്നു. ഉരുകുന്ന ചൂടിലും പ്രവാസികൾ മോദിയുടെ പ്രസംഗം ആവേശത്തോടെ കേട്ടിരുന്നു.

ഇന്ത്യയിൽ മതവും രാഷ്ട്രീയവും പറഞ്ഞ് പോരടിക്കുന്ന കുറച്ചുപേർക്കെങ്കിലുമുള്ള മറുപടികൂടിയായിരുന്നു യുഎഇയിലെ ഇന്ത്യൻ സമൂഹം മോദിക്ക് നൽകിയ സ്വീകരണം. മോദിയുടെ പ്രസംഗത്തെ കരഘോഷത്തോടെ ഉൽസവമാക്കിമാറ്റിയത് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ മുസ്ലിം സഹോദരങ്ങൾ കൂടിയായിരുന്നുവെന്നതും ശ്രദ്ധേയം. 

യുഎയിൽ എത്തിയശേഷം ട്വിറ്ററിലൂടെയും  മലയാളികൾക്ക് മോദി പുതുവർഷം ആശംസിച്ചിരുന്നു. മലയാളികളുടെ പുതുവർഷ ദിനമായ ചിങ്ങം 1 ന് എല്ലാ മലയാളികൾക്കും സന്തോഷവും സമൃദ്ധിയുമുള്ള പുതുവർഷം ആശംസിക്കുന്നുവെന്നാണ് നമോയുടെ ട്വിറ്റർ ആശംസ. 

രണ്ടുദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി അബുദാബിയിലെ ഐക്കാഡ് ലേബര്‍ ക്യാമ്പും സന്ദര്‍ശിച്ചിരുന്നു.  ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു തൊഴിലാളികളോട് സംവദിക്കുന്നത്.