Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാന്റ്സിലുമുണ്ടോ രാഷ്ട്രീയം?

Balram വി.ടി. ബൽറാം

എംഎൽഎ എങ്കെ? എംഎൽഎ ഇന്തമാതിരി അല്ലെ...? ജീൻസും ടീ ഷർട്ടും ഇട്ട് പാലക്കാടിനും കോയമ്പത്തൂരിനും ഇടയ്ക്കുള്ള സ്ഥലത്ത് ഒരു ചടങ്ങ് ഉദ്ഘാടനത്തിനു പോയ ഷാഫി പറമ്പിൽ എംഎൽഎയെ സംഘാടകർ തിരിച്ചറിഞ്ഞില്ലെന്നു മാത്രമല്ല കരുതിയിരുന്ന ബൊക്കെ കൊടുത്തു സ്വീകരിച്ചതുമില്ല. ഏറെനേരം ചോദ്യം ചെയ്യുകയും ചെയ്തു. ഞാനാണ് അന്ത എംഎൽഎ എന്ന് പറഞ്ഞു മനസ്സിലാക്കാൻ ഷാഫി ഐഡന്റിറ്റി കാർഡ് വരെ കാണിക്കേണ്ടിവന്നു. എംഎൽഎയാകാൻ പോട്ടെ രാഷ്ട്രീയക്കാരനാകാൻ മുണ്ടും ഷർട്ടും, കോൺഗ്രസാണെങ്കിൽ ഖദർ മുണ്ടും ഷർട്ടും, വേണമെന്നുണ്ടോ? പെട്ടെന്ന് പാന്റ്സും ഷർട്ടിലേക്കും മാറിയാൽ ഷാഫിക്കു പറ്റിയതുപോലെ ഐഡന്റിറ്റികാർഡ് കാണിച്ച് എംഎൽഎ ആകേണ്ടിവരും...

വി.ടി. ബൽറാം എംഎൽഎയ്ക്കും ഇങ്ങനെ പാന്റും ഷർട്ടും ഇട്ടുപോയപ്പോൾ പണികിട്ടി. ബൽറാം ഇറങ്ങിച്ചെന്നു കൈകൊടുക്കുകയും ചിരിക്കുകയും ഒക്കെ ചെയ്താലും പലരും കാറിനുള്ളിലേക്കു നോക്കിയിരിക്കും ഇപ്പോ ഇറങ്ങിവരും എംഎൽഎ എന്ന മട്ടിൽ. എന്തായാലും ജനപ്രതിനിധികൾക്കു പാന്റ്സും ഷർട്ടും തരുന്ന സ്വാതന്ത്ര്യം ചെറുതല്ലെന്നാണ് ഇരുവരുടെയും അഭിപ്രായം.
ചിലരൊക്കെ വന്നു ചെവിയിൽ പറയും. ഡേയ് ഇത് കെഎസ്‌യു പരിപാടിയല്ല. കുറച്ചുകൂടി ഗൗരവത്തിൽ മുണ്ടും ഷർട്ടും ഒക്കെ ഇട്ട് വരണമായിരുന്നുവെന്ന്. നിയമസഭയിലും പാന്റ് ഇട്ടുവരുന്ന കോൺഗ്രസ് എംഎൽഎമാരാണ് ഷാഫി പറമ്പിലും ബൽറാമും ഹൈബി ഇൗഡനും. ഖദറല്ല, കാഴ്ചപ്പാട് ആണ് രാഷ്ട്രീയക്കാരനാക്കേണ്ടതെന്ന് വിമർശകർക്കുള്ള മറുപടിയുണ്ട് മൂവർക്കും.

balram വി.ടി. ബൽറാം, ഷാഫി പറമ്പിൽ

മുണ്ടിലല്ല എംഎൽഎയുടെ ഗൗരവം വികസനത്തിലാണല്ലോ... പിന്നെ ചെറുപ്പക്കാർക്കൊക്കെ രാഷ്ട്രീയത്തോടു താൽപര്യം ഉണ്ടാകണമെങ്കിൽ അവരുടെ ഇടയിലെ ഒരാളെപ്പോലെ വസ്ത്രം ധരിക്കണം. ജനപ്രതിനിധിയാകാൻ മുണ്ടെന്ന യൂണിഫോം തന്നെ വേണമെന്നില്ലെന്ന കാഴ്ചപ്പാട് മെല്ലെ കേരളത്തിൽ വരുകയാണെന്നാണ് അവരുടെ വിശ്വാസം. ഖദർ ഉടുക്കുന്ന നേതാക്കളെ വിളിക്കുന്നത് 7 O clock രാഷ്ട്രീയക്കാരെന്നാണ്. ഷർട്ടും മുണ്ടും തേച്ചു വടിയാക്കി അല്ലാതെ ഉടുക്കില്ല. ഷർട്ടിന്റെ മുനയൊക്കെ കൊണ്ടാൽ അത്യാവശ്യം അടുത്തു നിൽക്കുന്നയാൾക്ക് ചെറിയൊരു മുറിവൊക്കെയുണ്ടാകണം. ബ്ലേയ്ഡ് പോലെ ഇരിക്കുന്നതുകൊണ്ടാണ് 7 O clock എന്ന് പേരുവീണത്. പാന്റ് കാലാവസ്ഥയ്ക്കു ചേരുമെന്നും ധരിക്കാൻ എളുപ്പമാണെന്നുമൊക്കെ പറയുമ്പോഴും രാഷ്ട്രീയ നേതാവായി കാറിൽ നിന്ന് ഇറങ്ങി അങ്ങോട്ട് ചെല്ലുമ്പോൾ ഖദർ മുണ്ടിന്റെയും ഷർട്ടിന്റെയും ഗമ ഇല്ലെങ്കിൽ പിന്നെ എന്ത്്? നടക്കുമ്പോൾ ചെറിയൊരു ശബ്ദം വരെയുണ്ട് ആ ഖദർ ഗമയ്ക്ക്. സിപിഎമ്മിൽ ഏറ്റവും നന്നായി വസ്ത്രവുമായി സഖ്യമുള്ളത് കെ. സുരേഷ് കുറുപ്പ് എംഎൽഎയ്ക്കാണ്. സുരേഷ് കുറുപ്പിനെ കണ്ടാൽ അതുപോലെ ഒരു രാഷ്ട്രീയക്കാരനാകാൻ മറ്റു രാഷ്ട്രീയക്കാർക്കുപോലും തോന്നുമത്രേ... നല്ല കളർ ഷർട്ടും കൈത്തറി മുണ്ടും. ഖദർ മുണ്ടല്ല. കൈത്തറിമുണ്ട് തന്നെ വേണം. പിന്നെ ഷർട്ടിന്റെ നിറമുള്ള കരയും കൂടി സംഘടിപ്പിക്കും. മുണ്ട് ഉടുക്കലും പരിപാലനവും ശ്രമകരമായ ദൗത്യമാണെങ്കിലും മലയാളഭാഷ പോലെ കൈത്തറി മുണ്ടും സംരക്ഷിക്കപ്പെടണമെന്നാണ് കുറുപ്പിന്റെ വാദം.

നല്ലതുപോലെ ആകർഷണിയമായി വസ്ത്രം ധരിക്കുന്ന എംഎൽഎ എന്ന വിശേഷണം ചരിത്രത്തിൽ കുറുപ്പിന് കിട്ടാതിരിക്കില്ല. കുറുപ്പ് മുണ്ടിന്റെ പക്ഷക്കാരനാണ്. വീട്ടിൽനിന്ന് കല്യാണത്തിനോ മരണത്തിനോ ഒക്കെ പോയിട്ടുവരുന്ന വീട്ടമ്മമാർ പറയുന്നതുകേട്ടിട്ടില്ലേ... കുറേ രാഷ്ട്രീയക്കാരൊക്കെ അവിടെ കൂടി നിൽപ്പുണ്ടായിരുന്നു.– എങ്ങനെയാണ് ഇൗ രാഷ്ട്രീയക്കാരെ തിരിച്ചറിഞ്ഞതെന്നു ചോദിച്ചാൽ ഖദർ മുണ്ടും ഷർട്ടും തന്നെയായിയിരിക്കും ഉറപ്പ്. പാന്റ്സും ടീ ഷർട്ടും ഇട്ട് മന്ത്രി മുനീറോ എ.പ്രദീപ് കുമാറോ ഒക്കെ കൈവീശി നിൽക്കുന്ന ഒരു പോസ്റ്റർ നമ്മൾ കോഴിക്കോട്ട് കണ്ടാലോ... ഇതാരാ ഇൗ പുതിയ പാർട്ടികൾ... എന്നു ചോദിച്ചുപോകില്ലേ. അതാണ് മുണ്ടിന്റെ ഒരു ഇത്!

ചിത്രത്തിനു കടപ്പാട്: ഫേസ്ബുക്ക്

Your Rating: