Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാത്രി പാർട്ടിക്കിടെ ‌യുഎസിൽനിന്ന് ഒഴുകിയെത്തിയത് കാനഡയിൽ!

port-huron വർഷം തോറും നടക്കുന്ന പോർട്ട് ഹുറോൺ ഫ്ലോട്ട് ഡൗൺ പാർട്ടിയിൽ നൂറുകണക്കിന് ആളുകളാണു പങ്കെടുക്കാറുള്ളത്. മദ്യസൽക്കാരത്തിനിടെ ചങ്ങാടത്തിലും ട്യൂബുകളിലുമൊക്കെയായി നീന്തിക്കളിച്ചാണു പാർട്ടി. ചിത്രങ്ങൾക്ക് കടപ്പാട് -ഫെയ്സ്ബുക്ക്

നദിയിൽ രാത്രി ഉഗ്രൻ പാർട്ടി നടത്തിയ യുഎസ് പൗരന്മാർ ഒഴുകിയെത്തിയതു കാനഡയിൽ! രാജ്യം മാറിയെന്നറിഞ്ഞപ്പോൾ ആളുകൾ ആകെ പരിഭ്രാന്തരായി. രാത്രി പാർട്ടിക്കിടെ ആരും കയ്യിൽ പാസ്പോർട് എടുത്തിട്ടില്ലല്ലോ. പോരാത്തതിനു  രാത്രി അടിച്ചതിന്റെ കെട്ടു വിട്ടിട്ടുമില്ല. പലരും നദിയിൽ ചാടി തിരിച്ചു നീന്താനൊരുങ്ങി. ഒടുവിൽ കാനഡയിലെ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ എല്ലാവരെയും പിടിച്ചു ബസിൽ കയറ്റിവിട്ട് യുഎസിലെത്തിച്ചു. 

അവിശ്വസനീയമെന്നു തോന്നുന്നില്ലേ ഈ വാർത്ത. പക്ഷേ നദിയിലൂടെ ഒഴുകിയത് ഒന്നും രണ്ടുമല്ല ഏതാണ്ട് 1500 പേരാണ്! 

huron-port

അമേരിക്കയിലെ മിച്ചിഗണിനും കാനഡയുടെ ഒന്റാറിയോയ്ക്കും മധ്യത്തിലൂടെ ഒഴുകുന്ന സെന്റ് ക്ലെയർ നദിയിൽ ഞായറാഴ്ചയാണു സംഭവം. വർഷം തോറും നടക്കുന്ന പോർട്ട് ഹുറോൺ ഫ്ലോട്ട് ഡൗൺ പാർട്ടിയിൽ നൂറുകണക്കിന് ആളുകളാണു പങ്കെടുക്കാറുള്ളത്. മദ്യസൽക്കാരത്തിനിടെ ചങ്ങാടത്തിലും ട്യൂബുകളിലുമൊക്കെയായി നീന്തിക്കളിച്ചാണു പാർട്ടി. പക്ഷേ പ്രതീക്ഷിക്കാതെ വീശിയ കാറ്റിൽ ചങ്ങാടവും ട്യൂബുമൊക്കെ ഒഴുകിപ്പോയതു രാജ്യാതിർത്തി കടന്നു  കാനഡയുടെ തീരത്തേക്ക്.

port_huron

അകത്തും പുറത്തും വെള്ളമായതുകൊണ്ട് ആളുകൾക്ക് രാജ്യം വിട്ട കാര്യം മനസിലായതുമില്ല. നേരം വെളുത്തു നോക്കിയപ്പോൾ കോസ്റ്റ് ഗാർഡ് ആളുകളെ പിടിച്ചു തീരത്ത് കയറ്റുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു, അവർ അണിഞ്ഞിരിക്കുന്നത് അമേരിക്കൻ യൂണിഫോമല്ല, കാനഡയുടേതാണ്. അബദ്ധം മനസിലായ പലരും തിരിച്ചു നീന്താനൊരുങ്ങി. പക്ഷേ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ എല്ലാവരെയും കരകയറ്റി. ബസ് ഏർപ്പാടാക്കി എല്ലാവരെയും സ്വന്തം നാട്ടിലെത്തിച്ചു. തിരിച്ചെത്തിയ അമേരിക്കക്കാർ കാനഡയോടു ഫെയ്സ്ബുക്കിൽ നന്ദി അറിയിക്കാനും മറന്നില്ല.