Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിമ്പുലി മുതൽ ഫിറ്റുപുലി വരെ! 

പുലികളിക്കുള്ള തയ്യാറെടുപ്പ്. പുലികളിക്കുള്ള തയ്യാറെടുപ്പ്. ചിത്രങ്ങൾ : കെവിൻ മാത്യു റോയ്

ഓണത്തിന് പുലിയിറങ്ങുന്ന നാടാണ് തൃശൂർ. ഓണമില്ലെങ്കിലും തൃശ്ശൂരിന്റെ പലഭാഗത്തും പുലികളിറങ്ങാറുണ്ടെന്നത് വേറെ കാര്യം. പക്ഷെ അവക്കൊന്നും മൂന്നോണ ദിവസം വടക്കുംനാഥനെ വലംവെക്കാനിറങ്ങുന്ന പുലികളോട് മത്സരിക്കാനാവില്ല. ചുവടും താളവും ഒന്നാണെങ്കിലും പുലിക്കളിയിലെ പുലികൾ പലവിധക്കാരാണ്. അതിൽ പ്രധാനികളാണ് ഇനി പറയുന്നവർ. . 

പുലികളിക്കുള്ള തയ്യാറെടുപ്പ് പുലികളിക്കുള്ള തയ്യാറെടുപ്പ്. ചിത്രങ്ങൾ : കെവിൻ മാത്യു റോയ്

വയറൻ പുലി

ഉത്സവ സീസണിൽ ഏറ്റവും ഡിമാൻഡ് ഉള്ള കൂട്ടരാണ് കുട വയറന്മാർ. മാവേലിയാകാനും ക്രിസ്മസ് പാപ്പയാകാനും ഇവർ തന്നെ വേണം. ളോഹക്കടിയിൽ തലയണ ഒളിപ്പിച്ചു ക്രിസ്തുമസ് അപ്പാപ്പനെ രക്ഷിച്ചെടുക്കാമെങ്കിലും മാവേലിയുടെ കുമ്പ ഒറിജിനൽ തന്നെ വേണം. അതിലും ഒറിജിനാലിറ്റി വേണ്ട വിഭാഗമാണ് വയറൻ പുലികൾ. അവരുടെ കുടവയറാണ് വരക്കാരുടെ പ്രധാന ക്യാൻവാസ്. വായും പൊളിച്ചു നിൽക്കുന്ന പുലിയും കടുവയും സിംഹവുമൊക്കെ വിരിഞ്ഞു വിരാജിക്കുന്നത് ഈ വയറിലാണ്. ഏതൊരു പുലിക്കളി സംഘത്തിന്റെയും ഐശ്വര്യമാണ് വയറൻ പുലികൾ. ആദ്യകാലത്ത് അരമണി കെട്ടിയാടാൻ അവസരം കിട്ടിയിരുന്നത് ഈ വയറൻ പുലികൾക്കുമാത്രം. അര കുലുക്കി മണി കിലുക്കി ചുവടു വയ്ക്കുന്ന വയറൻ പുലികളാണ് പുലിക്കളി സംഘത്തിലെ സൂപ്പർ സ്റ്റാറുകൾ. 

പുലികളിക്കുള്ള തയ്യാറെടുപ്പ്. പുലികളിക്കുള്ള തയ്യാറെടുപ്പ്. ചിത്രങ്ങൾ : കെവിൻ മാത്യു റോയ്

ഫിറ്റു പുലി

ദേഹത്തെ രോമം മുഴുവൻ വടിച്ചു കളഞ്ഞു മണിക്കൂറുകളോളം പെയിന്റ് ചെയ്യപ്പെടാൻ നിന്ന് കൊടുക്കുകയും വെയിലായാലും മഴയായാലും മെയ്‌മറന്നു പുലി കളിക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് കൊണ്ട് തന്നെ പുലികളുടെ വീര്യമാണ് മദ്യം. അകത്തിരിക്കുന്ന മദ്യം പുലിക്കളിയുടെ താളം കൊഴുപ്പിക്കുമെന്ന് അവർക്ക് നന്നായറിയാം. പക്ഷെ സേവിക്കുന്ന അളവ് കൂടിയാൽ പുലിയിൽ നിന്ന് ഫിറ്റു പുലിയിലേക്കുള്ള പരിവർത്തനമായി. ഫിറ്റു പുലികളെ തിരിച്ചറിയാൻ ഇടറുന്ന ചുവടുകളാണ്  ഒരു ഫിറ്റു പുലിയുടെ മുഖമുദ്ര. താളം തെറ്റിയുള്ള കളിയും ഇടയ്ക്കു മൂക്ക് കുത്തി വീഴലുമൊക്കെയായി അരങ്ങു തകർക്കുന്ന ഫിറ്റു പുലിക്ക് സർക്കസ് കൂടാരത്തിലെ ബഫൂണിന്റെ സ്ഥാനമാണ്. പുലിക്കളി മത്സരം അവസാനിക്കാറാകുമ്പോഴേക്കും ഫിറ്റു പുലി മിക്കവാറും ലോറിയിൽ തൂങ്ങിപ്പിടിച്ചു ഇരിപ്പായിട്ടുണ്ടാകും. തീർച്ച.

പുലികളിക്കുള്ള തയ്യാറെടുപ്പ് പുലികളിക്കുള്ള തയ്യാറെടുപ്പ്. ചിത്രങ്ങൾ : കെവിൻ മാത്യു റോയ്

കുട്ടിപ്പുലി 

കന്നി അയ്യപ്പന്റെ സ്ഥാനമാണ് പുലിക്കളിയിൽ കുട്ടിപ്പുലിക്ക്‌. പുലിക്കളി കാണാൻ എത്തുന്ന സ്ത്രീജനങ്ങളുടെ കണ്ണിലുണ്ണികളാണവർ. പത്തു വയസ്സിനു താഴെയാണ് കുട്ടിപ്പുലികളുടെ ശരാശരി പ്രായം. പുലിക്കളി പ്രാന്തന്മാരായ അച്ഛന്റെയോ അമ്മാവന്റെയോ ആവേശത്തിന്റെ ഇരകളാണ് മിക്ക കുട്ടിപ്പുലികളും. വലിയ പെയിന്റിങ് ഒന്നും ഇവരുടെ മേൽ കാണില്ല. കുറച്ചു പുള്ളിയും വരകളും മാത്രം. ചുരുക്കം സമയത്തു റോഡിലിറങ്ങി കളിച്ചാൽ മതി. ബാക്കി സമയം ലോറിയിലെ തട്ടിലിരുന്നു സോഡാ കുടിച്ചും നാരങ്ങാ മിട്ടായി നുണഞ്ഞും സമയം കളയാം. ഓണപ്പൂട്ടൽ കഴിഞ്ഞു സ്കൂളിൽ എത്തുമ്പോളാണ് ഇവർ ശരിക്കും പുലികളായി മാറുന്നത്. ഹീറോ പരിവേഷമുള്ള യങ് സൂപ്പർ സ്റ്റാറുകൾ. 

പുലികളിക്കുള്ള തയ്യാറെടുപ്പ് പുലികളിക്കുള്ള തയ്യാറെടുപ്പ്. ചിത്രങ്ങൾ : കെവിൻ മാത്യു റോയ്

ചാവാലിപ്പുലി 

ചാവാലിപ്പുലികളില്ലാത്ത പുലിക്കളി സംഘമില്ല. ശരീരം കൊണ്ട് വയറൻ പുലികളുടെ വിപരീതക്കാരാണ് ഇവർ. പക്ഷെ ആവേശത്തിൽ മറ്റേതു പുലികളെക്കാളും കേമന്മാർ. മെയ് മറന്നു കളിക്കാൻ ഇവരെക്കഴിഞ്ഞേ മറ്റു പുലികൾക്ക് ത്രാണിയുള്ളൂ. ശരീരം മെലിഞ്ഞു പോയത് കൊണ്ട് തങ്ങളുടെ പ്രകടനം മോശമായിപ്പോകാതിരിക്കാൻ ഇവർ പ്രത്യേക കരുതലെടുക്കും. 'സമ്മർ സാൾട്ട്' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന തല കുത്തി മറിയാലാണ് ഇവരുടെ ഒരു പ്രധാന നമ്പർ. ഉലക്ക മേൽ കളിക്കാനും ഭാഗ്യം ലഭിക്കുന്നത് ചാവാലിപുലികൾക്കു തന്നെ. വയറൻ പുലികൾ തളർന്നു ഇരിപ്പാകുമ്പോഴും തുടക്കത്തിലെ  അതെ ആവേശത്തിൽ തന്നെ ചാവാലിപുലികൾ ചുവടു വെക്കുന്നുണ്ടാവും. ഒരു ക്ഷീണവുമില്ലാതെ. 

കരിമ്പുലി 

കരിമ്പുലികൾ പുലിക്കളി കാണാനെത്തുന്ന കുട്ടികളുടെ പേടി സ്വപ്നമാണ്. ദേഹമാസകലം കറുത്ത ചായം പൂശിയിറങ്ങുന്ന ഇവർക്ക് മറ്റു കളർ പുലികളെപ്പോലെ കൗതുകമില്ല. കാണികളിൽ ഭയം വിതച്ചു പാഞ്ഞു നടക്കുന്നവരാണിവർ. വായിൽ മണ്ണെണ്ണ നിറച്ചു തീയൂതുന്ന കരിമ്പുലികളാണ് ഈ ഗണത്തിലെ കൊടും ഭീകരർ. നിറം കൊണ്ട് മനം കവർന്നില്ലെങ്കിലും ക്രൗര്യം കൊണ്ട് ഓർമയിൽ മായാതെ നിൽക്കും ഈ കരിമ്പുലികളുടെ പ്രകടനം. 

മടിയൻ പുലി 

വയറൻ പുലികളുടെ തന്നെ മറ്റൊരു വകഭേദമാണ് മടിയൻ പുലികൾ. എന്നാൽ വയറൻ പുലികൾ മാത്രമല്ല മടിയൻ പുലികൾ. ചാവാലിപ്പുലികളും ഫിറ്റു പുലികളും കുട്ടിപ്പുലികളുമൊക്കെ ഈ കൂട്ടത്തിൽ ചേരും. മറ്റു പുലികൾ കൈമെയ് മറന്നു കളിക്കുമ്പോൾ മടിയൻ പുലി ലോറിയിൽ നിന്നിറങ്ങി ഒറ്റ ചുവടുപോലും വെക്കില്ല. വെറും കൈ കൊണ്ട് മാത്രമാണ് മടിയൻ പുലികളുടെ പ്രകടനം. അതിൽക്കവിഞ്ഞു ദേഹമിളകാൻ അവരുടെ മടി അവരെ അനുവദിക്കുന്നില്ലതാനും. 

പിന്നെയുമുണ്ട് പുലികൾ പതരം. കാലം മാറും തോറും പുലികളുടെ കോലവും മാറുന്നുണ്ട്. സാദാ പുലികളുടെ ഇടയിൽ കൂടുതൽ കളർഫുള്ളായി വിലസുന്ന ഫ്ലൂറസെന്റ് പുലികളും അവതാർ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു പുറത്തു വന്ന നീളൻ ചെവിക്കാരും സമത്വവാദത്തിന്റെ സന്ദേശവുമായി പെൺപുലികളും വരെ ഇപ്പോൾ പുലിക്കളിത്തട്ടിൽ അരങ്ങു വാണു തുടങ്ങിയിരിക്കുന്നു ഇപ്പോൾ. ഇനിയും പല തരം പുലികളും നിരത്തിലിറങ്ങുമെന്ന് ഉറപ്പാണ്. പക്ഷെ അപ്പോഴും വയറൻ പുലികളും ഫിറ്റു പുലികളും കുട്ടിപ്പുലികളുമൊക്കെത്തന്നെയായിരിക്കും യഥാർത്ഥ പുലികൾ.