Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവന്‍  ഉലകം ചുറ്റും വാലിബന്‍, അടുത്ത ലക്ഷ്യം യൂറോപ്പ് 

Rohith Subrahmanian രോഹിത് സുബ്രമഹ്ണ്യം

ഒരേ രീതിയില്‍ ജീവിച്ചു ജീവിതം 24 മണിക്കൂര്‍ ക്ലോക്കിന്റെ അവസ്ഥയില്‍ ആക്കി മാറ്റിയവര്‍ പരിചയപ്പെട്ടിരിക്കണം രോഹിത് സുബ്രമഹ്ണ്യം എന്ന ഈ 22 കാരനെ. ചുമ്മാ അങ്ങനെ ഉറക്കവും ഭക്ഷണവും ജോലിയും ഒക്കെയായി ജീവിതമങ്ങ് കഴിച്ചു കൂട്ടുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നിയപ്പോഴാണ് കക്ഷി, തന്റെ പ്രിയപ്പെട്ട ബൈക്കില്‍ ഇന്ത്യയൊന്ന് ചുറ്റിക്കണ്ടാലോ എന്ന് ചിന്തിക്കുന്നത്. 2015 ന്റെ അവസാനമാണ് ഇങ്ങനൊരു ചിന്ത കക്ഷിയെ പിടികൂടിയത് എന്ന് ഓര്‍ക്കണം. ആദ്യം അതൊരു തമാശയായി സ്വയം തോന്നിയെങ്കിലും ഊണിലും ഉറക്കത്തിലും ഇന്ത്യന്‍ പര്യടനം വിടാതെ പിന്തുടർന്നപ്പോൾ പിന്നങ്ങ് ഉറപ്പിച്ചു ഇനി ഇന്ത്യ കണ്ടു കഴിഞ്ഞിട്ടു മതി വേറെന്തും.

പറയാന്‍ എളുപ്പമായിരുന്നു എങ്കിലും അതു പ്രാവര്‍ത്തികമാക്കുക എന്നത് വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. യാത്രയ്ക്ക് ആവശ്യമായ പണം തന്നെയായിരുന്നു പ്രധാന പോരായ്മ. 
പിന്നെ അടുത്ത ലക്ഷ്യം ഏതു വിധേനയും യാത്രയ്ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുക എന്നതായിരുന്നു. അതിനായി ഈ ന്യൂ ജെന്‍ പയ്യന്‍സ് കൂട്ടുപിടിച്ചത് ക്രൗഡ് ഫണ്ടിംഗ് എന്ന മാതൃകയും. അതിനായി ഫണ്ട് മൈ ഡ്രീം ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റ് രോഹിത് ഉണ്ടാക്കി. സമാന ചിന്തയുള്ള ധാരാളം യുവാക്കള്‍ രോഹിത്തിനു ആഗ്രഹ പൂര്‍ത്തീകരണത്തിന് കൂട്ടായെത്തി.

Rohith Subrahmanian രോഹിത് യാത്രയ്ക്കിടയിൽ

അങ്ങനെ അഞ്ച് ലക്ഷം രൂപ ഇങ്ങനെ  കണ്ടെത്തിയ ശേഷം ഇക്കഴിഞ്ഞ ജനുവരിയില്‍ രോഹിത് തന്റെ ഇന്ത്യന്‍ പര്യടനം ആരംഭിച്ചു. അതും ആഗ്രഹിച്ചതു പോലെ തന്റെ ബൈക്കില്‍ തന്നെ. 32000 കിലോമീറ്റർ ദൂരമാണ് ഇതിനോടകം രോഹിത് സഞ്ചരിച്ചത്. ജനുവരി 15ന് ചെന്നൈയില്‍ നിന്ന് തുടങ്ങിയ യാത്ര സംസ്ഥാനങ്ങള്‍ പിന്നിട്ട് ചെന്നൈയില്‍ തന്നെയാണ്  ജൂണ്‍ 14ന് അവസാനിച്ചത്. ഇന്ത്യ കണ്ടു കഴിഞ്ഞപ്പോള്‍ രോഹിത്തിനു ആത്മവിശ്വാസം വര്‍ദ്ധിച്ചു. അതുകൊണ്ടു തന്നെ, യാത്രയോടുള്ള തന്റെ അഭിനിവേശവുമായി മുന്നോട്ടു പോകാനാണ് കക്ഷിയുടെ തീരുമാനം. അടുത്ത ലക്ഷ്യം യൂറോപ്പാണ്. ആ യാത്രയും ബൈക്കില്‍ തന്നെ വേണമെന്നാണ് രോഹിത്തിന്റെ ആഗ്രഹം. 

താന്‍ സഞ്ചരിച്ച എല്ലാ സംസ്ഥാനങ്ങളിലും 7 ദിവസം താമസിച്ച്  സ്ഥലങ്ങള്‍ കണ്ടാണ്‌ രോഹിത് യാത്ര പൂര്‍ത്തിയാക്കിയത് . ഈ യാത്രക്കിടയില്‍ ഒറ്റ ദിവസം പോലും താന്‍ ഹോട്ടലില്‍ താമസിച്ചിട്ടില്ല എന്ന് ഈ സഞ്ചാരി പറയുന്നു. യൂറോപ്പ് സന്ദര്‍ശിക്കാനുള്ള ഒരുക്കങ്ങള്‍ രോഹിത് ആരംഭിച്ചു കഴിഞ്ഞു. 46 രാജ്യങ്ങളാണ് തുടക്കത്തില്‍ ഈ പയ്യന്‍സ് സന്ദര്‍ശിക്കുക. അതിനായി വിസക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണ് രോഹിത്.