Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൂരെ ദൂരെയൊരു കൂട് കൂട്ടാം, ഈ 'സഞ്ചാരി'ക്കൊപ്പം

Travel ഫേസ്ബുക്കിലെ സഞ്ചാരി എന്ന യാത്രികരുടെ കൂട്ടായ്മ

നമുക്കൊരു യാത്ര പോകാം, അങ്ങ് ദൂരേക്ക്... നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ താണ്ടി, കാടും മേടും കടന്ന്, പർവതങ്ങളും താഴ്‌വരകളും പിന്നിട്ട് ഭൂമിയുടെ ചൂരും ചൂടും സ്പന്ദനങ്ങളും തേടിയൊരു യാത്ര. ഈ യാത്രയിൽ നാം ഓരോരുത്തരും ഒറ്റയ്ക്കായിരിക്കും എന്നാൽ ലക്ഷക്കണക്കിന്‌ സഹസഞ്ചാരികളുടെ പിൻബലമുണ്ടാകും ഓരോ യാത്രയ്ക്കും. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് എന്നിരിക്കെ , ഇങ്ങനെയൊരു യാത്ര, ആരാണ് ആഗ്രഹിക്കാത്തത്? ഇത്തരത്തിൽ ഒരു യാത്രാനുഭവം തേടിയാണ് നിങ്ങൾ വന്നത് എങ്കിൽ, ലോഗ് ഇൻ ചെയ്യാം, ഫേസ്ബുക്കിലെ സഞ്ചാരി എന്ന യാത്രികരുടെ കൂട്ടായ്മയിൽ

യാത്രകളെ സ്നേഹിക്കുന്ന ഒരു പറ്റം കൂട്ടുകാരുടെ തലയില്‍ വിരിഞ്ഞ ആശയമാണ് ഫേസ്ബുക്കിലെ സഞ്ചാരി എന്ന പേജ്. എന്തിനും ഏതിനും ഫേസ്ബുക്ക് പേജുകൾ സജീവമാകുന്ന ഈ കാലത്ത് സഞ്ചാരിയെ വ്യത്യസ്തമാക്കുന്നത് തുടക്കം മുതൽ ഇന്നോളം കാത്തു സൂക്ഷിക്കുന്ന യാത്രാവിവരണ സ്വഭാവം തന്നെയാണ്. യാത്രാവിവരണങ്ങളും ദൃശ്യങ്ങളുമല്ലാതെ ഒന്നും തന്നെ ഈ പേജിൽ ഉണ്ടാകാറില്ല. വിനോദത്തോടൊപ്പം അറിവും ആകാംഷയും കൈകോർക്കുകയാണ് ഈ പേജിലൂടെ.

2014 നവംബർ 11 നു ആരംഭിച്ച പേജിൽ, ഒന്നര വർഷത്തിനിടെ ചേക്കേറിയത് 170000ൽ പരം സഞ്ചാരികളാണ്. കേരളത്തിൽ ആരംഭിച്ചതാണ് പേജ് എങ്കിലും നല്ലൊരു ശതമാനത്തോളം പ്രവാസികളായ അംഗങ്ങൾ പേജിനെ സജീവമായി നിലനിർത്തുന്നു. പ്രകൃതിക്കെതിരായ ഓരോ നടപടിയും പടികടത്തി, പ്രകൃതിയെ സ്നേഹിക്കുന്ന ഒരു ഭാവി തലമുറയെ വളർത്തുക എന്നതാണ് സഞ്ചാരി എന്ന ഈ പേജിന്റെ ലക്ഷ്യം. 

അധികം ആരും സഞ്ചരിച്ചെത്താത്ത സ്ഥലങ്ങൾ പരിചയപ്പെടുത്തുക, യാത്രകളിൽ സഹായങ്ങൾ വേണ്ടി വരുന്നവരെ സഹായിക്കുക, ടൂറിസം മൂലം നശിച്ച പ്രകൃതിയെ മാലിന്യ വിമുക്തമാക്കുക തുടങ്ങി നിരവധി ചുമതലകൾ ഉണ്ട് സഞ്ചാരി എന്ന ഈ കൂട്ടായ്മയ്ക്ക് . മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു യാത്രാവിവരണ  പേജിന് ആവശ്യമായ എല്ലാ ചേരുവകളും ശരിയായ അളവിൽ  സംയോജിപ്പിക്കുവാന്‍ കഴിഞ്ഞുവെന്നതാണ് സഞ്ചാരിയുടെ വിജയം.

യാത്രകളെ അത്രമാത്രം സ്നേഹിക്കുന്നതു കൊണ്ടാകാം ഈ പേജിന്റെ നിയമാവലിക്ക് എതിരായി അംഗങ്ങൾ ആരും തന്നെ ഒന്നും പോസ്റ്റ്‌ ചെയ്യാറില്ല, അതുകൊണ്ട് തന്നെ സഞ്ചാരിക്ക് അതിന്റേതായ മഹിമയും ഉണ്ട്. ഭൂമിക്കും ആകാശത്തിനും ഇടയ്ക്ക് കൗതുകമായി തോന്നുന്ന എന്തിനെപറ്റിയും സഞ്ചാരിയിൽ ലേഖനങ്ങൾ ഉണ്ട്. സമഗ്രവും ഉപകാരപ്രദവുമായ യാത്രാ വിവരണങ്ങള്‍ കൃത്യമായി പേജില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഒരിക്കൽ സഞ്ചാരിയിൽ അംഗമായാൽ പിന്നെ ആരും വിട്ടു പോകില്ല, അത്രക്ക് മനോഹരമാണ് സഞ്ചാരിയിലെ യാത്രാവിവരണങ്ങൾ. 

മറ്റു യാത്രാ ഗ്രൂപ്പുകളിൽ നിന്നും വിഭിന്നമായി വിവിധ സ്ഥലങ്ങളിലെ താമസ സൗകര്യങ്ങള്‍, ബന്ധപ്പെടുന്നതിനുളള ഫോണ്‍ നമ്പര്‍, റൂട്ടുകള്‍, ഒറ്റയ്ക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കുളള പ്രത്യേക കുറിപ്പുകള്‍ , സാഹസിക യാത്രകള്‍, തുടങ്ങിയവയെല്ലാം  സഞ്ചാരിയുടെ  പേജില്‍ ലഭ്യമാക്കിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ യാത്രയെ സ്നേഹിക്കുന്നവർക്കുള്ള ഒരു വിക്കിപീടിയ പേജാണ്‌ സഞ്ചാരി. 

റിയാസ് റഷീദ്, സലിം വെളിക്കാട്, സഹില്‍, ഉവൈസ്, ബേസില്‍ പി ദാസ്, ഷാഫി മോന്‍ ഉമ്മര്‍, എബി ജോണ്‍, സബീല്‍ അഹമ്മദ്, നവീന്‍ ഭാസ്‌കര്‍, എന്നവരടങ്ങിയ ഒന്‍പതംഗ സംഘമാണ് സഞ്ചാരിയെ നിയന്ത്രിക്കുന്നത്‌. പാവപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം, മാലിന്യ നിർമ്മാർജന കാംപയിൻ,  വന്യമൃഗ സംരംക്ഷണം, തുടങ്ങി നിരവധി പരിപാടികളിലൂടെയാണ്‌  സഞ്ചാരി ജനങ്ങൾക്കിടയിൽ സജീവമാകുന്നത്. 

അതുകൊണ്ട് തന്നെ, പറയാം, ഇതാവണം , ഇങ്ങനെ ആവണം ഒരു ഫേസ്ബുക്ക് പേജ്. വിനോദത്തിനു മാത്രമല്ല, വിജ്ഞാനത്തിനും സാമൂഹിക നന്മയ്ക്കും ഉതകുന്ന രീതിയിൽ. സഞ്ചാരി ഇനിയും യാത്ര തുടരട്ടെ..മുന്നിൽ തടസ്സങ്ങൾ ഇല്ലാതെ , സുദീർഘമായ യാത്ര.....