Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരൻ ചെക്കനൊപ്പം പ്രിയങ്കയുടെ ഉഗ്രൻ സെൽഫി!!! ഇപ്പോ കാര്യം പിടികിട്ടി!!

Priyanka With Vinay Rawat

കണ്മുന്നിൽ കാണുന്നതു പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ; എന്താക്കെയായിരുന്നു, സുന്ദരൻ ചെക്കൻ, അന്വേഷണമോടെ അന്വേഷണം, മെസേജുകൾ, ആശംസകൾ, കണ്ടുമുട്ടൽ, സെൽഫി.. ഒടുവിൽ പ്രേക്ഷകർ ശശിയായി! ഒന്നും മനസിലായില്ലേ, #cuteguyalert എന്ന ഹാഷ് ടാഗിൽ ട്രെൻഡ് ചെയ്ത ആ പ്രണയകഥ വെറും തട്ടിപ്പായിരുന്നിഷ്ടാ! ഒരു ഡേറ്റിങ് ആപ്പിന്റെ രസകരമായ ഒരു മാർക്കറ്റിങ് തന്ത്രമായിരുന്നു അതെന്നറിയാതെ ഇപ്പോഴും പ്രിയങ്കയ്ക്ക് അഭിനന്ദനം അറിയിക്കുന്നവർ നിരവധിയാണ്.

പ്രിയങ്ക ആർപി എന്ന യുവതി ഗുഡ്ഗാവിലെ എംജി റോഡിൽ നടന്നു പോകും വഴി കണ്ണിൽ ഉടക്കിയ പയ്യനെ അയാൾ പോലുമറിയാതെ തന്റെ മൊബൈൽ ഫോണ്‍ ക്യാമറയിൽ പടമാക്കി ട്വിറ്ററിൽ ഇട്ടതോടെയാണ് കളിക്ക് തുടക്കം കുറിച്ചത്. "ഒത്തിരി ക്യൂട്ടായ ഈ സുന്ദരനെ ഞാൻ എം ജി റോഡിൽ വെച്ച് കണ്ടു, ശരിക്കും ക്യൂട്ടല്ലേ ഇവൻ" എന്ന് ചോദിച്ചുകൊണ്ട് എടുത്ത പടമങ്ങ് ട്വിറ്ററിൽ കാച്ചി. ഒപ്പം രസകരമായ #cuteguyalert എന്നൊരു ഹാഷ് ടാഗും ഒപ്പം പൂശി, തീർന്നില്ലേ പൂരം!

ട്വിറ്ററിലെ പുതിയ പ്രണയകഥയ്ക്ക്‌ പിന്തുണയുമായി ഒത്തിരി ആളുകൾ സഹായത്തിനെത്തി, പ്രിയങ്ക പങ്കു വെച്ച ചിത്രം ട്വിറ്റർ മുഴുവൻ പടർന്നു. തന്നെയാണോ ഇനി പ്രിയങ്ക ഉദ്ദേശിച്ചതെന്നു ചോദിച്ച് കുറെ ചോക്ലേറ്റ് പയ്യന്മാരും ഹാഷ്ടാഗ് ഫീഡിൽ കൂടി. അതേസമയം ഫോട്ടോയിൽ കാണുന്ന പയ്യൻ ഒട്ടും ക്യൂട്ടല്ലെന്നും പറഞ്ഞ് പ്രിയങ്കയെ കളിയാക്കിയും ആളുകൾ രംഗത്ത് വന്നു, ഒടുവിൽ തന്റെ കണ്ണിൽ അവൻ എന്നും ക്യൂട്ട് ആയിരിക്കുമെന്ന് വിശദീകരണവുമായി പ്രിയങ്കയും ട്വീറ്റ് ചെയ്തു. അങ്ങനെ #cuteguyalert എന്ന ഹാഷ് ടാഗ് ട്രെൻഡ് ചെയ്യാനും തുടങ്ങി.

ഒടുവിൽ, ലോകം മുഴുവൻ തിരഞ്ഞ ആ ക്യൂട്ട് പയ്യനെ പ്രിയങ്കയ്ക്ക് കിട്ടി. കണ്ടുകിട്ടുക മാത്രമല്ല, ഇരുവരും കണ്ടുമുട്ടുകയും ഒന്നിച്ചിരുന്നു ഒരു കലക്കൻ സെൽഫിയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. വിനയ് റാവത്ത് എന്ന ന്യൂഡൽഹി സ്വദേശിയാണത്രേ ആ സുന്ദരൻചെക്കൻ.

അതോടെ ആ കലക്കൻ പ്രണയകഥയ്ക്ക് തിരശ്ശീല വീണു. സാധാരണ പരസ്യങ്ങൾ ചെയ്ത് കാശ് കളയുന്നവന്നർക്ക് മാതൃകയാക്കാവുന്നതാണ് ഈ ഡേറ്റിങ് ആപ്പിന്റെ മാർക്കറ്റിങ് ബുദ്ധി. മാർക്കറ്റിങ് മേഖലയിൽ റഫറന്‍സിനുപയോഗിക്കാവുന്ന ഒന്നാന്തരമൊരു ക്യാംപെയിനായി ഇതുവരെയുണ്ടായിരുന്നത് 'ഫോർ ലോറ' എന്ന വിഡിയോ ആയിരുന്നു. ( ഓർമയില്ലേ, ഭാര്യയ്ക്ക് സ്വത്തിന്റെ പാതി കൊടുക്കണമെന്ന കോടതിവിധിയെത്തുടർന്ന് കാറും ബൈക്കും മുതൽ ഐഫോൺ വരെ കൃത്യം പാതിയാക്കി മുറിച്ചു കൊടുക്കുന്ന ഭർത്താവിന്റെ വിഡിയോ )ഇതിപ്പോ അതിനെയും കടത്തി വെട്ടിയില്ലേ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.