Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിരയും വിട്ടില്ല; കിട്ടി കലക്കനൊരു സെൽഫി

Selfie With Horse കുതിരയ്ക്കൊപ്പം ഒരു കിടിലൻ സെൽഫി

‘വെറുതെ പുല്ലും തിന്നോണ്ട് നിന്ന കുതിരയെപ്പിടിച്ച് വൈറലാക്കിയതും പോരാ ഇനി സമ്മാനത്തിന്റെ ഷെയറും വേണോ...?’ ഇതാണ് ഡേവിഡ് ബെല്ലിസ് എന്ന ബ്രിട്ടിഷ് യുവാവ് നിക്കോള മിഷേൽ എന്ന വനിതയ്ക്ക് നൽകിയ മറുപടി. ഈ മറുപടിയ്ക്കാകട്ടെ നെറ്റ്‌ലോകത്ത് ഇതിനോടകം കൈയ്യടികളേറെക്കിട്ടി. നിക്കോളയ്ക്കാകട്ടെ ചീത്തവിളിയുടെ ബഹളവും. എല്ലാറ്റിനും കാരണക്കാരനായ ബെറ്റി എന്ന കുതിരയാകട്ടെ ഫാമിൽ നിന്ന് ഒന്നുമറിയാതെ ഇപ്പോഴും പുല്ലുതിന്നുകയാകണം.

ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഈ തല്ലുപിടിത്തത്തിനെല്ലാം കാരണമായ സംഭവം. തോംപ്സൺ ഹോളിഡേ എന്ന ട്രാവൽ കമ്പനി ഒരു മത്സരം നടത്തി. ജനുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ച വർഷത്തിലെ ഏറ്റവും ‘ഡിപ്രസ്ഡ്’ ദിവസമാണെന്നാണ് പാശ്ചാത്യലോകത്തെ വയ്പ്. ആ ദിവസം സന്തോഷഭരിതമാക്കുന്നതിന് തോംസൺ ഒരു ഫൊട്ടോഗ്രഫി മത്സരം നടത്തി. ‘മെയ്ഡ് മി സ്മൈൽ’ എന്നായിരുന്നു പേര്. ആരു കണ്ടാലും ചിരിച്ചുപോകുന്ന ഒരു ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്യണം, അത്രയേയുള്ളൂ മത്സരം.

ഡേവിഡും മകൻ മൂന്നുവയസുകാരൻ ജേക്കബും പതിവുപോലെ നടക്കാനിറങ്ങിയതായിരുന്നു. സമീപത്തെ ഫാമിലെ കുതിരയ്ക്ക് തീറ്റ കൊടുക്കുന്നത് അവരുടെ പതിവുമായിരുന്നു. ആ ദിവസം ബെറ്റിക്കുതിരയെ കണ്ടപ്പോൾ കുഞ്ഞുജേക്കബിനൊരു ആഗ്രഹം, ഒപ്പം നിന്നൊരു സെൽഫിയെടുത്താലോ? അങ്ങനെ അച്ഛനും മോനും കുതിരയെ പശ്ചാത്തലമാക്കി സെൽഫിയെടുത്തു. ഫോട്ടോ നോക്കിയപ്പോഴാണ് ചിരിച്ചുമറിഞ്ഞത്–ഡേവിഡിനെയും ജേക്കബിനെയും കടത്തിവെട്ടിക്കൊണ്ട് പല്ലിളിച്ചു നിൽക്കുന്നു തൊട്ടുപിന്നിൽ ബെറ്റിക്കുതിര. ശരിക്കും ഒരു കാർട്ടൂൺ കഥാപാത്രത്തെപ്പോലെ. എന്തായാലും ആ ഫോട്ടോയെടുത്ത് ഡേവിഡ് ‘മെയ്ഡ് മി സ്മൈൽ’ മത്സരത്തിലേക്കയച്ചു. ഫലം വന്നപ്പോഴോ, 2000 ഡോളർ ചെലവിൽ കുടുംബത്തോടൊപ്പം ഒരു ഹോളിഡേ പാക്കേജ് സമ്മാനം. മാധ്യമങ്ങളിൽ ഈ വാർത്ത വന്നതോടെ കുതിരച്ചിരിസെൽഫിയും കയറിയങ്ങ് ഹിറ്റായി.

യാത്ര പോകാൻ ബാഗൊരുക്കുന്നതിനിടെയാണ് ഡേവിഡിനൊരു മെസേജ്–‘വല്ലാത്തൊരു ചെയ്ത്തായിപ്പോയി മേൻ..’ എന്ന മട്ടിൽ. എന്താണു സംഗതിയെന്നു തിരികെ ചോദിച്ചപ്പോഴാണ് പ്രശ്നത്തിന്റെ തുടക്കം. ബെറ്റിക്കുതിരയുടെ മുതലാളി നിക്കോളയാണ് അങ്ങേത്തലയ്ക്കൽ. സമ്മാനം കിട്ടിയതിന്റെ പകുതി തുക തനിക്കുവേണമെന്നായിരുന്നു ആവശ്യം. കാരണം തന്റെ കുതിരയാണല്ലോ സമ്മാനത്തിനു കാരണക്കാരി. തന്റെ അനുവാദമില്ലാതെ കുതിരയുടെ പടമെടുത്തതിന് ചീത്ത വേറെയും. പക്ഷേ കാശായിട്ടായിരുന്നില്ല സമ്മാനം, മറിച്ച് യാത്രാച്ചെലവ് കമ്പനി വഹിക്കുമെന്നതായിരുന്നു. എന്തായാലും നിക്കോളയും കുടുംബവും കൂടി തങ്ങൾക്കൊപ്പം വന്നോളൂ എന്നായി ഡേവിഡ്. പക്ഷേ നിക്കോളയ്ക്ക് അതൊന്നു പോരാ. അവർക്കു കൂടി എന്തെങ്കിലും സമ്മാനം കിട്ടിയേ മതിയാകൂ എന്ന മട്ട്.

ഈ വഴക്ക് എന്തായാലും മാധ്യമങ്ങൾ ഏറ്റുപിടിച്ചു. സമ്മാനം കൊടുക്കും മുൻപ് തോംസൺ ഹോളിഡേ കമ്പനിക്ക് നിയമസഹായം വരെ തേടേണ്ടി വന്നു. ഒടുവിൽ കമ്പനി പ്രഖ്യാപിച്ചു–സമ്മാനം ഡേവിഡിനു തന്നെ. കാരണം കുതിര നിന്നത് ഫാമിലാണ്, ഡേവിഡ് ഫോട്ടോയെടുത്തത് റോഡിൽ നിന്നും. ആരോടു ചോദിച്ചിട്ടാണ് കുതിര ഫോട്ടോയുടെ പിന്നിൽ വന്നു നിന്നതെന്നായി ആദ്യ ചോദ്യം. മാത്രവുമല്ല സെലിബ്രിറ്റികളോടു പോലും അനുവാദം ചോദിക്കാതെയാണ് പലരും ഫോട്ടോയെടുക്കുന്നത്. ബെറ്റി ഒരു സെലിബ്രിറ്റി പോലുമല്ല പിന്നെയെന്തിനാണീ കോലാഹലം എന്നു തിരിച്ചു ചോദ്യം. ഫൊട്ടോഗ്രാഫർക്കാണ് ചിത്രത്തിന്റെ കോപ്പിറൈറ്റ് എന്നും ഫോട്ടോയിലുള്ളവർക്ക് അതിനെ ചോദ്യം ചെയ്യാൻ അവകാശമില്ലെന്നു കൂടിയായതോടെ നിക്കോള ഫ്ലാറ്റ്!! ഡേവിഡും റിയാനും ജേക്കബും എന്തായാലും യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു, നിക്കോളയെയും കുടുബത്തെയും കൂടെ കൂട്ടാതെ തന്നെ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.