Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഖമായി ഉറങ്ങാം, ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ

sleep-tips

പകലുമുഴുവൻ അധ്വാനിച്ച് അവശനായി വന്ന് കട്ടിലിലേക്കു വീണിട്ടും ഉറക്കം വന്നില്ലെങ്കിലെന്താണ് അവസ്ഥ. കഷ്ടം തന്നെയല്ലേ. തിരിഞ്ഞും മറിഞ്ഞും കിടന്ന് രാത്രിയിലും കഷ്ടപ്പാട്. ഒടുവിൽ ക്ഷീണത്തോടെ തന്നെ അടുത്ത ദിവസത്തെയും വരവേൽക്കേണ്ടിവരും. കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറക്കമില്ലായ്മ പരിഹരിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഉറങ്ങാൻ നേരത്ത് വ്യായാമം വേണ്ട

ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് കഠിന വ്യായാമത്തിൽ ഏർപ്പെടുന്നത് ഉറക്കത്തെ ഓടിച്ചുവിടും. വ്യായാമശേഷം ശരീരം ശാന്തമാകാനും ഹൃദയമിടിപ്പ് സാധാരണമാകാനും സമയമെടുക്കുന്നതുകൊണ്ടാണിത്. എന്നാൽ യോഗ, സെക്സ് തുടങ്ങി മനസ്സിനെ ശാന്തമാക്കുന്ന പ്രവർത്തനങ്ങൾ ഉറക്കത്തെ മോശമായി ബാധിക്കില്ല.

വയറുനിറച്ച് കഴിക്കരുതേ

ഉറക്കത്തിനു മുൻപ് ‘ഭീകരമായി’ ഭക്ഷണത്തെ നേരിടുന്നവർ ഉറക്കത്തെ ആട്ടിയോടിക്കുകയാണത്രെ. ഭക്ഷണം ദഹിക്കാൻ ഏറ്റവും സഹായകം നിന്നുകൊണ്ട് എന്തെങ്കിലും ചെയ്യുമ്പോഴാണ്. കൂടുതൽ ഭക്ഷണം കഴിച്ചാൽ അത് ദഹിക്കാനും സമയമെടുക്കും. കിടന്നിട്ടുകാര്യമില്ല, ദഹിച്ച ശേഷമേ ഉറക്കത്തിന് ശക്തിവെക്കുകയുള്ളൂ. അതിനാൽ ഭക്ഷണത്തിന് ദഹിക്കാൻ സമയംകൊടുത്ത ശേഷം മാത്രം കിടക്കുന്നതാണ് ഉചിതം.

ഫോണിനെ ഓടിച്ചുവിടുക

ഇന്നത്തെ കാലത്ത് ഗാഡ്ജറ്റുകളെയും കൂടെക്കൂട്ടി ഉറങ്ങുന്നവരാണല്ലോ കൂടുതൽ. ലാപ്‌ടോപ്പോ മൊബൈൽഫോണോ തലയുടെ അടുത്തുതന്നെ കാണും. ഈ ശീലം ഉറക്കത്തിനു നല്ലതല്ലെന്നാണു വിദഗ്ധാഭിപ്രായം. ഒന്നാമതായി ഇവ ഉറങ്ങാനുള്ള ശ്രമങ്ങളെ ശല്യം ചെയ്യും. ഇവയുടെ വെളിച്ചവുമറ്റും പ്രശ്‌നമാണ്. തന്നെയുമല്ല ശ്രദ്ധ ഫോണിലാണെങ്കിൽ അത് ഉറക്കം കളയും. ഉറക്ക വിദഗ്ധൻമാർ പറയുന്നത് അവർ ഗാഡ്ജറ്റുകളെ ഉറക്കമുറിയിൽ കയറ്റുകയേ ഇല്ല എന്നാണ്.

ടിവിയും വില്ലനാണ്

രസികൻ പരിപാടികളും കോമഡി ഷോയുമൊക്കെ നല്ലതെങ്കിലും മനസ്സിനെ സ്വൈരമായിരിക്കാൻ വിടാത്ത പരിപാടികൾ ഒഴിവാക്കുന്നതാണു നല്ലത്. പരിപാടി കണ്ട് പിരിമുറുക്കത്തിൽപെട്ട് ഹൃദയമിടിപ്പു കൂടിയാൽ അത് സാധാരണഗതിയിലെത്തി സ്വസ്ഥമായ ശേഷമേ ഉറക്കം വരികയുള്ളുവത്രെ.

മദ്യപാനം

വെള്ളമടിച്ചാൽ നല്ല ഉറക്കം കിട്ടുമെന്ന് മദ്യപാനികൾ പലരും പറയാറുണ്ടെങ്കിലും മറിച്ചാണ് സത്യമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഉറക്കം മുറിയുമെന്നു മാത്രമല്ല കൂർക്കം വലിക്കും സാധ്യതയേറെയാണ്. ഉറക്കം ഗാഢമായിരിക്കുകയുമില്ല.

കാപ്പിയും വേണ്ട

രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഉൻമേഷത്തിന് നല്ലതാണ്. എന്നാൽ ഇത് വൈകിട്ട് പ്രശ്‌നമാകും. ശരീരം ഉണർന്നിരിക്കുമ്പോൾ ഉറക്കമെങ്ങനെ വരും. കഫീനുമായുള്ള പ്രവർത്തനത്തിന് ശരീരത്തിന് കൂടുതൽ സമയം ആവശ്യമുള്ളതാണ് കാരണം. അതിനാൽ കഫീനടങ്ങിയ പാനീയങ്ങൾ വൈകിട്ട് കഴിച്ചാൽ ഉറക്കത്തിന് വേണ്ട ബലം കിട്ടില്ല.

ലൈറ്റ് ഓഫാക്കാൻ മറക്കല്ലേ

ചെറിയ നൈറ്റ് ലൈറ്റുകൾ ഉറക്കത്തിനു വിഷയമല്ല. എന്നാൽ ആർഭാട ലൈറ്റുകൾക്കിടയിൽ കിടന്ന് ഉറങ്ങാമെന്നു കരുതേണ്ട. കൂടുതൽ വെളിച്ചം ശരീരത്തെ ആശയക്കുഴപ്പത്തിലാക്കും. ശാന്തനാകാൻ ശരീരത്തിന് ഇരുണ്ട അവസ്ഥയാണ് ആവശ്യം.