Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടു പോലെ ഈ പാവാട

skirt

‘‘പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ...’’ എന്നു നായകൻ പാടുമ്പോൾ പേടിച്ചരണ്ട് മാൻപേടയെപ്പോലെ കണ്ണുകൾ ഇളക്കി ഓടിയ പുളളിപ്പാവാടക്കാരി പഴയകാലത്തിന്റെ ഓമനയാണ്. പുളളിപ്പാവാടക്കാരി, മാറോടടുക്കിപ്പിടിച്ച നോട്ടു പുസ്തകവും ചോറ്റുപാത്രവും ആ ഭയപ്പാടുമൊക്കെ പൊയ്പോയ വഴിയിൽ പുല്ലു പോലും മുളച്ചില്ല. പക്ഷേ, ഒരു സുപ്രഭാതത്തിൽ ആ പാവാട മാത്രം ‘കോൺഫിഡൻസോടെ’ ഇങ്ങു തിരിച്ചു വന്നു; പടിയിറങ്ങിപ്പോയ പഴയ പാവാടയായല്ല. ഈ പാവാടക്കുട്ടി അണിഞ്ഞൊരുങ്ങി മടങ്ങി വന്നപ്പോൾ കോട്ടയം ഭാഷയിൽ പറഞ്ഞാല്‍ ‘ എന്നാ വിരുന്നു സൽക്കാരമായിരുന്നു, നാട്ടുകാരുടെ വക!’ പാവാട അപ്പോഴേക്കും ലോകം മുഴുവൻ പ്രസിദ്ധയായിരുന്നു. സ്കർട്ട്, മിനി സ്കർട്ട്, അതിൽ തന്നെ കേരള കോൺഗ്രസ് പോലെ നൂറുകണക്കിന് ഉപവിഭാഗങ്ങൾ...

ബാഡ്മിന്റൺ കോർട്ടിൽ വന്ന പാവാടക്കാര്യം

സംഗതി കളിയല്ല; ഷട്ടിൽ ബാഡ്മിന്റൺ വനിതാ താരങ്ങൾ കോർട്ടിൽ പാവാട ധരിക്കണമെന്ന ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ നിർദേശം പല താരങ്ങളും എതിർത്തു. നീളം കുറഞ്ഞ പാവാട (സ്കർട്ട്) ധരിക്കണമെന്നും അങ്ങനെ കളിയെ കൂടുതൽ ആകർഷകമാക്കണമെന്നും ഫെഡറേഷന്‍ വാശിപിടിച്ചു. ‘ഉവ്വുവ്വേ....ഇതു കുറെ കേട്ടിട്ടുണ്ട്’ എന്നു ബുദ്ധിമതികളായ താരങ്ങൾ പ്രതികരിച്ചു. മരിയ ഷറപ്പോവ ടെന്നിസ് കോർട്ടിൽ പറന്നു കളിച്ചപ്പോൾ പാവാട പോയ പോക്ക് കണ്ടു കാലം അന്തം വിട്ടു. അതേസമയം ബ്രിട്ടനിൽ 2010 ൽ മിനി സ്കർട്ടിനു വിലക്ക് വന്നു. സതാംപ്റ്റൺ സിറ്റി കൗൺസിലാണു ‘കുട്ടിപ്പാവാട’ ധരിച്ച് സ്ത്രീകൾ ജോലിക്കെത്തരുതെന്നു മുന്നറിയിപ്പു നൽകിയത്. ഭരതന്റെ സൗന്ദര്യസങ്കൽപവും പാർവതിയുടെ നിറസൗന്ദര്യവും ചേർന്ന ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട’ത്തിലെ ആ ‘മഞ്ഞപ്പട്ടുപാവാട’ പൂവേണം പൂപ്പടവേണം’ എന്ന പാട്ടിൽ ആ മഞ്ഞ നിറയുമ്പോൾ അതിനു സന്ധ്യയുടെ സൗന്ദര്യമാണോ പുലരിയുടെ മഞ്ഞയാണോ എന്നറിയാതെ കണ്ണുരുട്ടിയ തലമുറയ്ക്ക് ഇപ്പോൾ നാൽപതിലേറെ പ്രായമായി. അത് ഒരു തലമുറയുടെ ശ്വാസം പിടിച്ചു നിർത്തിയ ‍ഡ്രസ് കോഡ് ആകാൻ താമസമുണ്ടായില്ല. എംടി കഥാപാത്രങ്ങളുടെ അഴകുമായി മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി വന്ന മോനിഷയു‍ടെ വിലകുറഞ്ഞ കോട്ടൺ പുളളിപ്പാവാടകളും ബാക്ക് ഓപ്പൺ പ്ലെയിൻ ബ്ലൗസും നിഷ്കളങ്കമായ പ്രണയങ്ങൾക്കു തിരികൊളുത്തി. പിന്നെ നല്ല പട്ടു പാവാടയിട്ടതു മഞ്ജുവാരിയരായിരാണ്. മഞ്ജുവിന്റെ പട്ടുപാവാടകൾക്കു മാന്ത്രികമായ ഒരു സൗന്ദര്യമുണ്ടാ യിരുന്നു; മഞ്ജുവിന്റെ അഭിനയം പോല.....‘കുളി കഴിഞ്ഞീറൻ മുടിയൊതുക്കി.... തുളസിക്കതിരൊന്നിറുത്തണിഞ്ഞ്....’ പാവാടയിട്ടു പോയ പെൺകുട്ടി. ഈ തലമുറകളുടെ സുന്ദരൻ പട്ടു പാവാടകൾ കണ്ടു മുൻതലമുറ അന്തം വിട്ടു– എന്തേ ഞങ്ങളുടെ ജയഭാരതിക്കും ഉണ്ണിമേരിക്കും ഷീലയ്ക്കുമൊക്കെ ഇതുപോലെ നല്ല സ്റ്റൈലൻ പാവാടകൾ നിങ്ങൾ തയ്ച്ചു കൊടുത്തില്ല എന്നും ചോദിച്ച് അവർ പരിഭവക്കാരായി. ഈ ശാലീനതയുടെ തിരയിളക്കങ്ങളിലും നല്ല സ്റ്റൈലൻ മിഡിയും ടോപ്പുമിട്ട് കാർത്തികയും പൂർണിമയും സലീമയും സ്റ്റൈൽ മന്നത്തികളായി. ചുരുക്കത്തിൽ പറഞ്ഞാൽ കാർത്തികാദിക ളുടെ മിഡിക്കും മോനിഷാദികളുടെ പാവാടകൾക്കും പിറന്ന ഓമനപ്പുത്രിയാണു പുതിയ താരമായ നമ്മുടെ സ്കർ‌ട്ടുകള്‍.

ഒരു പ്രാവിനെപ്പോലെ പറന്നു നടക്കാൻ സുന്ദരീമണികളെ സഹായിക്കുന്ന ഫ്ളെയറുകളുളള അംബ്രല്ല സ്കർട്ടുകളും ഔദ്യോഗിക ചടങ്ങുകളിൽ സഗൗരവം പ്രൗഢിയോടെ കുത്തനെയങ്ങു നിൽക്കുന്ന ‌ഫ്ളെയറേ ഇല്ലാത്ത പെൻസിൽ സ്കർട്ടുകളുമെല്ലാം അതിന്റെ ഉപോൽപന്നങ്ങളത്രേ. പക്ഷേ, പണ്ടു പാവാട, പാവം പിടിച്ച നായികമാരുടെ വസ്ത്രമായി രുന്നുവെങ്കിൽ ഇപ്പോഴത് സുന്ദരകുമാരിമാരുടെ സ്വന്തമാണെ ന്നു മാത്രം. പാർട്ടികളുടെ രാജകുമാരിയായ ഫിഷ് കട്ട് സ്കർട്ടുകളും കുട്ടിത്തം പലമടങ്ങു വിളിച്ചോതുന്ന പല തട്ടുളള പാവാടയുമെല്ലാമണിഞ്ഞ് അവൾ വരുമ്പോൾ ‘അവളെ പേടിച്ചാരും നേർവഴി നടപ്പീല’ എന്നു കവി പാടും.

എന്തെല്ലാം തരം സ്കർട്ടുകൾ... എന്തെല്ലാം തരം മെറ്റീരിയ ലുകളിൽ.....

മനുഷ്യനു ഫാഷൻ ഭ്രാന്തു പിടിച്ചാൽ കണ്ണു കാണില്ല. കാണുന്നതിലെല്ലാം സ്കർട്ട് ഉണ്ടാക്കി കാണാൻ തുടങ്ങും. അവയെല്ലാം ചന്തം കൊണ്ടു നിറയ്ക്കാൻ‌ തുടങ്ങും. എങ്കിലും അടിസ്ഥാനപരമായി അതു നമ്മുടെ പഴയ പാവാടയാണ് എന്നു മാത്രം – പാവം പിടിച്ച ആട !

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.