Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനി മാത്രമല്ല വീരപ്പനും ജപ്പാനിൽ താരം

Smugglers Soul

സ്റ്റൈൽ മന്നൻ രജനീകാന്ത് മാത്രമല്ല മറ്റൊരു തെന്നിന്ത്യൻ താരവും അങ്ങ് ജപ്പാനിൽ സൂപ്പർസ്റ്റാർ ആണ്. സിനിമയിലൊന്നും തലകാണിച്ചിട്ടില്ലെങ്കിലും കക്ഷി ആളൊരു കൊടുംഭീകരനാണ്. മറ്റാരുമല്ല കാട്ടുകള്ളൻ വീരപ്പൻ ആണ് ജപ്പാനിലെ മിന്നുംതാരം. തെന്നിന്ത്യ വിറപ്പിച്ച കൊമ്പന്‍മീശക്കാരന്‍ വീരപ്പനാണ് ജപ്പാനിലെ ഒരു വിലകൂടിയ പെർഫ്യൂമിന്റെ മോഡൽ. ഇരുപതു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബ്രിട്ടീഷില‌െ ലഷ് എന്ന കോസ്മെറ്റിക് കമ്പനിയാണ് വീരപ്പനെ മോഡലാക്കിയ പെർഫ്യൂം വിപണിയിലിറക്കിയത്.

വീരപ്പന്റെ ചരിത്രമൊക്കെ ജാപ്പനീസുകാർക്ക് നല്ല ധാരണയുണ്ട്. കാരണം പെർഫ്യുമിന്റെ പേര് തന്നെ സ്മഗ്ളേഴ്സ് സോൾ (കള്ളക്കടത്തുകാരുടെ ആത്മാവ്) എന്നാണ്. ജപ്പാനിലെ പ്രശസ്തവും വിലകൂടിയ പെർഫ്യൂമുകളിലൊന്നും ആണ് സ്മഗ്ളേഴ്സ് സോൾ. സൈസ് സീറോ സുന്ദരിമാർക്കും സിക്സ് പായ്ക്ക് മസിൽമാൻമാർക്കും മാത്രമല്ല കള്ളക്ക‌ടത്തിന്റെ രാജാക്കന്മാർക്കും മോഡലാകാമെന്നു ചുരുക്കം.കാട്ടുകള്ളൻ വീരപ്പന്റെ മുഖം ആലേഖനം ചെയ്ത ചന്ദനം മണക്കുന്ന പെർഫ്യൂമിന് ആരാധകരും ഏറെയാണ്.

ചന്ദനക്കാടുകളെ വിറപ്പിച്ച് 2004ല്‍ മരണമടഞ്ഞ വീരപ്പൻ ഇന്നു ജപ്പാനിലെ യുവത്വങ്ങള്‍ക്കിടയിൽ സുഗന്ധ പൂരിതമായ ഓർമയാവുകയാണ്. ഇന്ത്യൻ ചന്ദനവും വെളിച്ചെണ്ണയുമാണ് പെർഫ്യൂമിലെ പ്രധാന ഘടകങ്ങള്‍. തീർന്നില്ല, സെന്റില്‍ മാത്രം ഒതുങ്ങുന്നതല്ല വീരപ്പന്റെ താരപരിവേഷം. വീരപ്പൻ എന്ന പേരിൽ തന്നെ മീശയുടെ സംരക്ഷണത്തിനായി ഒരു mustache washഉം കമ്പനി പുറത്തിറക്കിയിട്ടുണ്ട്. വീരപ്പന്റെ ഹീറോ പരിവേഷത്തെ വിറ്റു കാശാക്കുന്ന ലഷിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും യാതൊരു കൂസലുമില്ലാതെ മുന്നേറുകയാണ് കള്ളക്കടത്തുകാരുടെ ആത്മാവ്.

Your Rating: