Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരം കുറയില്ലെന്നോ.... ഇവരോടു പറയല്ലേ!

Michael Fassbender മൈക്കിൽ ഫാസ്ബെന്റർ

ഭക്ഷണരീതിയും ജീവിതശൈലിയും സമ്മാനിച്ച അമിതവണ്ണം കുറയ്ക്കാൻ പെടാപ്പാടു പെടുകയാണ് നമ്മുടെ ജനതയിൽ നല്ലൊരു ശതമാനം. ഓട്ടം, ചാട്ടം, യോഗ, ജിംനേഷ്യത്തിൽ ചെലവിടുന്ന മണിക്കൂറുകൾ... അങ്ങനെ നീളുന്നു അമിതവണ്ണത്തിൽ നിന്നു രക്ഷ നേടാനുള്ള യത്​നങ്ങൾ. എന്നാൽ ഇതു കൊണ്ടു വണ്ണം കുറയുന്നുണ്ടോ എന്നു ചോദിച്ചാൽ പലരുടെയും മുഖത്തു നിന്നുതന്നെ ഉത്തരം വായിച്ചെടുക്കാം. എങ്കിൽ ഇതാ ഹോളിവുഡ് സിനിമകളിൽ കഥാപാത്രത്തിനാവശ്യമായ രീതിയിൽ അവിശ്വസനീയമാം വിധം തൂക്കം കുറച്ച് ജനശ്രദ്ധ പിടിച്ചു പറ്റിയ ചിലർ

മൈക്കിൽ ഫാസ്ബെന്റർ (കുറച്ചത് 19 കിലോ) രണ്ടു മാസം

സ്വതന്ത്ര അയർലൻഡിനു വേണ്ടി ഇംഗ്ലണ്ടിനെതിരേ പോരാടിയിരുന്ന പ്രൊവിഷനൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി എന്ന തീവ്രവാദ സ്വഭാവമുളള സംഘടനയിലെ അംഗങ്ങൾക്ക് ബ്രിട്ടണിലെ തടവറയിൽ നേരിടേണ്ടി വരുന്ന കൊടിയ പീഡനങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 2008 ൽ പുറത്തിറങ്ങിയ 'ഹംഗർ'. ജയിൽ അധികൃതരുടെ ക്രൂരതകൾക്കെരിരേ 66 ദിവസം ദിവസം നിരാഹാര സമരം നടത്തി മരണം വരിക്കുന്ന ബോബി സാന്റാസ് എന്ന കഥാപാത്രമായി രൂപാന്തരം പ്രാപിക്കുന്നതിന് ഫാസ്ബെന്റർ ആഹാരക്രമം ഇങ്ങനെയാക്കി ; പ്രഭാതഭക്ഷണം സ്ട്രോബെറി, വാൽനട്ട്, ആൽമണ്ട്. ഉച്ചയ്ക്ക് ഭക്ഷണമില്ല. രാത്രിയിൽ ഗ്രയിൻ ബ്രെഡ്! ഇടയ്ക്കൊക്കെ ഓരോ മത്തിയും രുചിച്ചു നോക്കും. മസിലുകളുടെ ഘടന നഷ്ടമാകാതിരിക്കാൻ പ്രതിദിനം നാല് മൈൽ നടപ്പും യോഗയും വേറേ! 300 ലെ കിടിലൻ സിക്സ് പാക്ക് ബോഡി പ്രകടനത്തിന്റെ തൊട്ടടുത്ത വർഷമാണ് കക്ഷി ഇപ്പരുവത്തിലായത്.

ക്രിസ്റ്റ്യൻ ബെയിൽ (കുറച്ചത് 28 കിലോ) നാലു മാസം

Christian Bale

2004ൽ പുറത്തിറങ്ങിയ 'ദി മെഷീനിസ്റ്റ്' എന്ന ചിത്രത്തിനു വേണ്ടി ബെയിൽ ശരീരഭാരം 78 ൽ നിന്ന് 50 കിലോയിലെത്തിച്ചു. ഉറക്കമില്ലായ്മ രോഗം ബാധിച്ച ട്രവർ റസ്നിക്ക് എന്ന ഫാക്ടറി ജീവനക്കാരനായാണ് ചിത്രത്തിൽ ബെയിൽ വേഷമിട്ടത്. ഉറക്കമില്ലായ്മ ബാധിച്ചവരുടെ ശരീരഭാരത്തിൽ കാര്യമായ കുറവു വരുമെന്നതിനാലാണ് കഥാപാത്രത്തിനായി ഇത്തരത്തിൽ തയ്യാറെടുപ്പു വേണ്ടിവന്നത്. ദിവസം ഒരു ക്യാൻ ട്യൂണ മത്സ്യവും (കേരളത്തിലെ ചൂര) ഒരു ആപ്പിളുമായിരുന്നു ഇക്കാലയളവിൽ ഭക്ഷണം. ഇതിനു പുറമേ കഠിനമായ വ്യായാമ മുറകളും. പോരാത്തതിന് ധാരാളമായി സിഗരറ്റും വലിച്ചിരുന്നു. ശരീരഭാരം 45 കിലോയിലെത്തിക്കാനാണ് ബെയിൽ താത്പര്യപ്പെട്ടതെങ്കിലും ജീവനു തന്നെ ആപത്താകും എന്ന് ‍ഡോക്ടർ നിർദ്ദേശിച്ചതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തീർന്നില്ല, 2005 ൽ പുറത്തിറങ്ങിയ 'ബാറ്റ്മാൻ ബിഗിൻസ്' എന്ന ചിത്രത്തിൽ ബാറ്റ്മാനെ (ബ്രൂസ് വിൽസ്) അവതരിപ്പിക്കുന്നതിന് അടുത്ത ആറു മാസത്തിനിടെ 100 പൗണ്ട് (45 കിലോ) വീണ്ടെടുത്ത് ബെയിൽ വീണ്ടും കയ്യടി നേടി.

ടോം ഹാങ്ക്സ് (കുറച്ചത് 23 കിലോ) നാലു മാസം

Tom Hanks

2000 ൽ പുറത്തിറങ്ങിയ 'കാസ്റ്റ് എവേ' എന്ന ചിത്രത്തിന്റെ ഒടുവിൽ ഹാങ്ക്സിനെ കാണുന്നവർ മൂക്കത്തു വിരൽ വച്ചു പോകും! മെലിഞ്ഞുണങ്ങി, താടിയും, മുടിയും നീട്ടി പ്രാകൃത രീതിയിലാണ് ഹാങ്ക്സ് സ്ക്രീനിലെത്തുന്നത്. പ്ളെയിൽ തകർച്ചയിൽ നിന്നു രക്ഷപ്പെട്ട് പെസഫിക്ക് സമുദ്രത്തിലെ ആൾപ്പാർപ്പില്ലാത്ത ദ്വീപിൽ അഭയം തേടുന്ന 'ചക്ക് നൊളാൻ‍ഡ്' എന്ന സിസ്റ്റംസ്എൻജിനീയർ നാലു വർഷക്കാലം ഏകനായി ദ്വീപിൽ കഴിഞ്ഞു കൂടുന്നതാണ് ചിത്രത്തിന്റ പ്രമേയം. തൂക്കം കുറയ്ക്കുന്നതിനായി ഇകാലയളവിൽ ഹാങ്ക്സ് കഴിച്ചിരുന്നത് പ്രധാനമായും നാളികേരവും തേങ്ങാപ്പാലും ഞണ്ടുകളെയുമാണ്. വിശക്കുമ്പോൾ പച്ചക്കറികളും. ജിമ്മിൽ പ്രതിദിനം ചെലവിട്ടിരുന്നതു രണ്ടു മണിക്കൂർ. ഈ ഭക്ഷണക്രമം പിന്നീട് 'കാസ്റ്റ് എവേ ഡയറ്റ്' എന്ന പേരിൽ പ്രസിദ്ധമായി. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്കാർ പുരസ്കാരത്തിനും ഹാങ്ക്സ് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

മാത്യ മക്ക്നഹെ (കുറച്ചത് 21 കിലോ) ആറു മാസം

Matthew Maknae

എയിഡ്സ് രോഗം സ്ഥിരീകരിച്ച് 30ദിവസത്തെ ആയുസ്സ് മാത്രം വൈദ്യശാസ്ത്രം വിധിയെഴുതിയ 'റോൺ വുഡ്രൂഫ്' എന്ന ഇലക്ടീഷ്യൻ ഏഴു വർഷക്കാലം ജീവിക്കുന്നതാണ് 'ഡലാസ് ബയേഴ്സ് ക്ലബ്' എന്ന ചിത്രത്തിന്റ പ്രമേയം. എയിഡ്സ് രോഗിയുടെ ശരീര പ്രകൃതി രൂപപ്പെടുത്തിയെടുക്കുന്നതിനായി മക്ക്നോഹെ ചില്ലറ പാടൊന്നുമല്ല പെട്ടത്! മുട്ടയുടെ വെള്ളക്കരുക്കള്‍, ഒരു ക്യാൻ ഡയറ്റ് കോക്ക്, ഒരു പീസ് ചിക്കൻ എന്നിവയിൽ ഒതുങ്ങും ഒരു ദിവസത്തെ ഭക്ഷണം. വിളറി വെളുത്തതായി തോന്നിക്കുന്നതിന് ആറുമാസക്കാലം സൂര്യപ്രകാശം ശരീരത്തു തട്ടാതിരിക്കുന്നതിനു ശ്രദ്ധിച്ചു. ശരീരം വല്ലാതെ ക്ഷീണിപ്പിച്ചതു മൂലം ചില സമയങ്ങളിൽ കാഴ്ച്ചശക്തി പോലും മങ്ങുന്നതായി ഇദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. “ അഞ്ചു പുഷ് അപ്പ് എടുക്കുകയോ 30 അടി നടക്കുകയോ ചെയ്താൽ കുഴഞ്ഞു പോകും" എന്നാണ് ഇക്കാലയളവിലെ ശരീര അവസ്ഥയെ ഇദ്ദേഹം ഒരിക്കൽ വിവരിച്ചത്. എന്തായാലും 2013 വർഷത്തെ മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം മക്ക്നോഹെക്കു നേടിക്കൊയുത്തത് ഈ പ്രകടനമാണ്.

50 സെന്റ്–കർട്ടിസ് ജാക്സൺ (കുറച്ചത് 24 കിലോ) രണ്ടു മാസം

Curtis Jackson

പാട്ടു പാടിയും ചുവടുവച്ചും ആളുകളെ കയ്യിലെടുക്കുന്നതുപോലെ തന്നെ ആയാസകരമായാണ് 2011 ൽ പുറത്തിറങ്ങിയ 'ഓൾ തിങ്സ് ഫാൾ എപ്പാർട്ട്' എന്ന ചിത്രത്തിനായി കർട്ടിസ് ജാക്സൺ തന്റെ ശരീരഘടനയിൽ ക്രമാതീതമായ മാറ്റം വരുത്തിയത്. കാൻസർ രോഗബാധിതനായ ഫുട്ബോൾ താരത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നതിനായി അതി കഠിനമായ വ്യായാമ മുറകളാണ് അഭ്യസിച്ചത്. ഉറച്ച മസിലുകലുള്ള ശരീരമായതിനാൽ പൂർണ്ണമായും ദ്രവ്യരൂപത്തിലുള്ള ആഹാരങ്ങളിലേക്കു ഭക്ഷണക്രമം മാറ്റി. പ്രതിദിനം മൂന്നു മണിക്കൂറാണ് ജിമ്മിൽ ചെലവിട്ടത്. അങ്ങനെ അധ്വാനത്തിലൂടെത്തന്നെ മെലിഞ്ഞെടുത്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.