Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത കൂരിരുട്ടിൽ നിഴൽപോലെ അവൻ കണ്ടു ആ ഭീമൻ കൊലയാളിയുടെ രൂപം!

Raman Raghav Representative Image

ആഗസ്‍റ്റ് 22 :ബോറിവിലി മലകളുടെ താഴ്‌വരയിൽ നിരനിരയായി ചെറ്റക്കുടിലുകളാണ്. വൈകുന്നേരമായാൽ ദാരു(വാറ്റു ചാരായം)വിന്റെ ലഹരിയും ഗന്ധവും അവിടെയെങ്ങും നിറഞ്ഞുനിൽക്കും. ദാരുകുടിച്ചും ഉണക്കമത്സ്യം ചുട്ടുതിന്നും നാടോടി ഗാനങ്ങൾ പാടിയും പാതിരാത്രിയോളം കോളനിവാസികൾ കുടിലുകളുടെ മുറ്റത്ത് ആഘോഷത്തിമിർപ്പിലായിരിക്കും നവദമ്പതികളായ മാരുതിപവാറും സുഷമയും വൈകിയാണു ഉറങ്ങാൻ കിടന്നത്. അവർ ഒന്നു മയങ്ങിയതേയുള്ളൂ. എന്തോ അനക്കം കേട്ട് സുഷമ ഞെട്ടിയുണർന്നു. ജനാലയ്‌ക്കൽ എന്തോ അനങ്ങുന്നതുപോലെ. മുറിക്കുള്ളിൽ ആരെങ്കിലും കയറിപ്പറ്റിയിട്ടുണ്ടോ? അവൾ ഞെട്ടിപ്പിടഞ്ഞെണീറ്റു.‘

‘ബചായിയേ..... ബചായിയേ....’’ എന്നു ഉറക്കെ നിലവിളിച്ചതും കവിളെല്ലിനു മുകളിലായി എന്തോ ആഞ്ഞുപതിച്ചതും ഒന്നിച്ച്. ഒരു ഞരക്കത്തോടെ സുഷമ വീണു. അവളുടെ ഞരക്കം മാരുതിയെ ഉണർത്തി. കനത്ത കൂരിരുട്ടിൽ ഒരു നിഴൽപോലെ അവൻ കണ്ടു. ആയുധം ആഞ്ഞുവീശുന്ന കൊലയാളിയുടെ രൂപം. അലറിവിളിക്കാനൊരുങ്ങിയെങ്കിലും ഒരു ഇരുമ്പുദണ്ഡിന്റെ ആഘാതമേറ്റ് മാരുതി പവാറും വീണു. എന്നിട്ടും ഇരുകൈകളും വീശി അവൻ ചെറുത്തുനിന്നു.

‘‘രക്ഷിക്കണേ....’’ അവൻ ഉച്ചത്തിൽ നിലവിളിച്ചു. അതു കേട്ട് അയൽക്കാർ ഞെട്ടിയുണർന്നു. അവർ ടോർച്ചുകളുമായി ഒാടിയെത്തി. പക്ഷേ, അക്രമി അതിവിദഗ്ധമായി തെന്നിമാറി. ഗ്രാമീണർ മാരുതിയെ ഒരു കട്ടിലിലും സുഷമയെ മറ്റൊരു കട്ടിലിലും കിടത്തി ആശുപത്രിയിലേക്കു ഒാടി. ഭാഗ്യമെന്നു പറയട്ടെ, ആ ദമ്പതികൾ മരണത്തിൽനിന്നു രക്ഷപ്പെട്ടു.

അക്രമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടി പൊലീസെത്തി. പക്ഷേ, മാരുതിക്കും സുഷമയ്ക്കും ഒന്നും ഒാർത്തെടുക്കാനായില്ല. ഒാർമശക്തി നശിച്ചതുപോലെ. പൊലീസ് പാർട്ടി നിരാശരായി സ്‍റ്റേഷനിൽ തിരിച്ചെത്തിയപ്പോൾ അവിടെ അവരെ കാത്ത് നാലഞ്ചു തൊഴിലാളികൾ ! ദേവാബർവാദ് എന്നൊരു സാധുകച്ചവടക്കാരൻ വഴിയിൽ മരിച്ചുകിടക്കുന്നുവെന്നും കവിളെല്ലിനു മുകളിൽ തലയോട്ടി അടിച്ചുപൊട്ടിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടതെന്നും അവർ മൊഴി നൽകി. മാരുതിയുടെ കുടിലിൽനിന്നു രക്ഷപ്പെട്ടോടിയ കൊലയാളി വഴിയിൽ കണ്ട ദേവാബർവാദിനെ വകവരുത്തിയതാവണം – എസ്.ഐ. ഊഹിച്ചു. അദ്ദേഹം നേരെ പൊലീസുകാരെയും കൂട്ടി മൃതശരീരം കിടക്കുന്നയിടത്തേക്കു നീങ്ങി.

ദേവാബർവാദിന്റെ മൃതദേഹം മുനിസിപ്പൽ ആശുപത്രിയിലെ പോസ്റ്റുമാർട്ടം മുറിയിൽ മരവിച്ചുകിടക്കുമ്പോൾ തന്നെ പിറ്റേന്ന്, 23–ാം തീയതി രാത്രി അജ്‌ഞാതനായ കൊലയാളി വീണ്ടും വടക്കൻ മുംബൈയിൽ ചോരപ്പുഴയൊഴുക്കി. ജോഗേശ്വരിൽ, വെസ്റ്റേൺ എക്സ്‌പ്രസ്സ് ഹൈവേയുടെ കിഴക്കുഭാഗത്ത് ഒരു കൊച്ചു കുടിലിൽ ശാന്താഭായി എന്നൊരു സാധു സ്‌ത്രീയും അവരുടെ നാലും രണ്ടും വയസ്സുവീതമുള്ള രണ്ടു കുഞ്ഞുങ്ങളും, തലയോടു പൊട്ടിത്തകർന്നു മരിച്ചുകിടക്കുന്നു. 24–ാം തീയതി രാത്രിയും ആ സംഹാരതാണ്ഡവം തുടർന്നു. കാന്തിവിലിയിൽ ഒരു ചെറ്റക്കുടിലിൽ ഒറ്റയ്‌ക്ക് കഴിഞ്ഞിരുന്ന നാരായൻപട്ടീലിന്റെ തലയോട്ടിയാണ് ഇത്തവണ കൊലയാളിയുടെ ആയുധമേറ്റു തകർന്നത്. കാട്ടിൽനിന്നു പുല്ലുവെട്ടിയെടുത്ത് എരുമച്ചാപ്രകളിൽ വിറ്റ് ജീവിതം നയിച്ചുപോന്ന പട്ടീലിന്റെ മൃതദേഹം ഉച്ചയോടെയാണ് അയൽക്കാർ കണ്ടെത്തിയത്.

നഗരപ്രാന്തത്തിലുള്ളവർ ഇതോടെ ഉറങ്ങാതായി. പത്രവാർത്തകൾ അവരെ കൂടുതൽ ഭയപ്പെടുത്തി. കൊലയാളിക്ക് മനുഷ്യാതീതമായ മാന്ത്രികപ്രഭാവങ്ങളുണ്ടെന്ന മറ്റൊരു വാർത്തയും അതിനിടയിൽ പരന്നു. പിടികൂടാനിടയാകുന്ന സാഹചര്യം വന്നാൽ ഉത്തരക്ഷണത്തിൽ അവൻ പട്ടിയോ പൂച്ചയോ കുറുക്കനോ എരുമയോ ആയി രൂപം മാറുമെന്ന കഥ നഗരത്തിൽ വ്യാപകമായി പ്രചരിച്ചു.

ബോറിവിലിയിലെ ഒരു ഷെഡ്ഡിൽ പ്രായം ചെന്നൊരു സ്‌ത്രീ കിടന്നുറങ്ങുകയായിരുന്നു. ആ വഴി വന്ന ഒരു കുറുക്കൻ ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ ചെവി കടിച്ചുപറിച്ചു. ഞെട്ടിയുണർന്ന സ്‌ത്രീ അലമുറയിട്ടു. ജനം ഒാടിക്കൂടി. കൊലയാളി തന്നെ ആക്രമിക്കുന്നതായി അട്ടഹസിച്ചു. അയൽവീടുകളിൽനിന്ന് ജനം ഓടിക്കൂടി. അതിനിടയിൽ ആരോ ഒരാൾ ഷെഡ്ഡിന്റെ മുകളിലേക്കു ടോർച്ചടിച്ചു. പുരപ്പുറത്ത് ഒരു കുറുക്കൻ അള്ളിപ്പിടിച്ച് പതുങ്ങിയിരിക്കുന്നു. സ്‌ത്രീയുടെ നിലവിളിയും നാട്ടുകാരുടെ ആരവവും കേട്ട് പരിഭ്രാന്തനായ കുറുക്കൻ പ്രാണരക്ഷയ്‌ക്കുവേണ്ടി പുരപ്പുറത്തു ചാടിക്കയറിയതായിരുന്നു! ബഹളത്തിനിടയിൽ അതു ഓടി രക്ഷപ്പെടുകയും ചെയ്‌തു. അതോടെ, അതും ഒരു പ്രേതകഥയായി.

Your Rating: