Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈ നഗരത്തെ ഞെട്ടിവിറപ്പിച്ച ആ കൊലയാളിയുടെ കേൾക്കാത്ത കഥ...

x-default

സമാനസ്വഭാവമുള്ള കൊലകൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവന്നപ്പോൾ മുംബൈനഗരം വിറച്ചു. അർധരാത്രിപോലും തിരക്കൊഴിയാത്ത മുംബൈയിലെ തെരുവുകൾ ഇരുട്ടുവീഴുന്നതോടെ വിജനമായി. ചേരിപ്രദേശങ്ങളായിരുന്നു കൊലയാളിയുടെ വിഹാരരംഗം. അർധരാത്രിയൊടടുത്തു നിഷ്ഠുരകൃത്യം ചെയ്തശേഷം കാലദൂതനെപ്പോലെ കൊലയാളി ഓടിമറയുകയായിരുന്നു. കൊലയാളിക്കു മാന്ത്രികശക്തികൊണ്ട് അടച്ചിട്ട വാതിലുകൾ തുറക്കാൻ ശക്തിയുണ്ടെന്നുപോലും പ്രചരിക്കപ്പെട്ടു. ഈ ഭീകരനെ പിടികൂടാൻ ആയിരക്കണക്കിനു പോലീസുകാരെ നിയോഗിച്ചെങ്കിലും അവർ മാസങ്ങളോളം ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ... വായിക്കാം മുംബൈ നഗരത്തെ ഞെട്ടിവിറപ്പിച്ച ആ കൊലയാളിയുടെ കേൾക്കാത്ത കഥകൾ....

ഇരുട്ടിൽ തലച്ചോറ് ചിതറി വീഴുന്നവർ...

‌1968 ജൂലൈ നാല്: മുംബൈയിലെ മലാഡിൽ ഉറുദു പഠിപ്പിക്കുന്ന നാൽപത്തിയെട്ടുകാരൻ അബ്ദുൽ കരീമിനു അന്നു ശമ്പളദിനം. ചില്ലറ കടങ്ങൾ തീർത്തു ശേഷിച്ച 262 രൂപ ജൂബയുടെ പോക്കറ്റിലിട്ടു. വീട്ടിലെത്തി ജൂബ ഉൗരി അയയിൽ തൂക്കി. പതിവുപോലെ ഡയറി എഴുതിവച്ചശേഷം നിസ്കാരവും കഴിഞ്ഞ് ഉറങ്ങാൻ കിടന്നു.
രാവിലെ ചായയുമായി വന്ന പയ്യൻ പലതവണ മുട്ടിവിളിച്ചെങ്കിലും കതകു തുറന്നില്ല. രണ്ടും കൽപിച്ചു വാതിൽ ബന്ധിച്ചിരുന്ന ചരടു വലിച്ചുപൊട്ടിക്കാനായി അവന്റെ ശ്രമം. പക്ഷേ, അതിനുമുൻപേ ആ വാതിൽ കരകരശബ്ദത്തോടെ മലർക്കെ തുറന്നു. ഒന്നേ നോക്കിയുള്ളൂ, അലറിവിളിച്ചുകൊണ്ട് അവൻ പുറത്തേക്കോടി. കരച്ചിൽ കേട്ട് ഒാടിയെത്തിയവരോടു സംസാരിക്കാൻ കഴിയാതെ അവൻ ആ ഭാഗത്തേക്കു വിരൽ ചൂണ്ടി.

വീട്ടിലെ കയറ്റുകട്ടിലിൽ പേടിപ്പെടുത്തുന്ന ഒരു കാഴ്‌ച അവരും കണ്ടു. മരിച്ചു മരവിച്ച അബ്ദുൽ കരീം മാസ്റ്റർ. വലത്തേ കവിളെല്ലിനു മുകൾഭാഗത്തായി തലയോട്ടി, ശക്തിയുള്ള ഏതോ ആയുധംകൊണ്ട് അടിച്ചുപൊട്ടിച്ചാലെന്നപോലെ ചിതറിത്തകർന്നിരിക്കുന്നു. ആ വിടവിലൂടെ തലച്ചോറും, മാംസവും, രക്തധമനികളും, പുറത്തേക്കു ചാടിയ നിലയിൽ. കട്ടിൽ നിറയെ രക്തം.

കൊലപാതകവാർത്ത മിനിറ്റുകൾക്കുള്ളിൽ മലാഡിലെങ്ങും പരന്നു. പൊലീസ് പാഞ്ഞെത്തി അന്വേഷണം തുടങ്ങി. കുടിൽ മുഴുവൻ കൊലയാളി അരിച്ചുപെറുക്കിയതിന്റെ ലക്ഷണങ്ങളാണ് അവർക്കു കാണാനായത്. ബന്ധുക്കളുടെ സഹായത്തോടെ, മോഷണം പോയ സാധനങ്ങളുടെ ഒരു പട്ടിക പൊലീസ് തയ്യാറാക്കി: ഒരു റിസ്റ്റ് വാച്ച്, ഒരു ടോർച്ച്‌ ലൈറ്റ്, ഒരു കുട, ഒരു ജൂബ. വധലക്ഷ്യം മോഷണംതന്നെ. സാക്ഷികളാരുമില്ല, തെളിവുകളൊന്നുമില്ല, കൊലയാളി അജ്‌ഞാതൻ; കൊല്ലപ്പെട്ടതു പാവപ്പെട്ടവൻ. ആദ്യദിവസം തന്നെ കോടതിയിൽ റഫർ ചെയ്‌തു തള്ളിക്കളയാൻ തക്കവണ്ണം കേസിന്റെ പേപ്പറുകൾ തയ്യാറാക്കി ശവം പോസ്റ്റ്‌മോർട്ടത്തിനയച്ചശേഷം പൊലീസ് സ്ഥലംവിട്ടു.

ഈ അരുംകൊലയുടെ ഞെട്ടൽ മാറും മുൻപേ ആയിരുന്നു മറ്റൊന്നുകൂടി – യാദവിന്റെ മരണം. അബ്ദുൽ കരീമിനെ പോലെതന്നെ തന്റെ കയറ്റുകട്ടിലിൽ കണ്ണു തുറിച്ചു മരിച്ചുകിടക്കുന്നു യാദവ് എന്ന 54കാരൻ. കവിളെല്ലിനു മുകളിൽ, പൊട്ടിത്തുറന്ന തലയോട്ടി, വിടവിൽ നിന്നു നിലത്തേക്ക് ഇറ്റിറ്റുവീഴുന്ന രക്തം, പുറത്തേക്കു ചാടിക്കിടക്കുന്ന തലച്ചോറും രക്തക്കുഴലുകളും... ബീഭത്സമായ കാഴ്‌ച. പൊലീസ് അവിടെയുമെത്തി. മോഷ്ടിക്കപ്പെട്ടത്, ഒരു സ്‍റ്റൗവും കുടയും ജൂബയും മാത്രം. ഈ മരണവും പൊലീസും പത്രങ്ങളും അവഗണിച്ചു.

ഓഗസ്‍റ്റ് 11 പുലർച്ചെ രണ്ടുമണി. ഒരു കുഞ്ഞിന്റെ ഞരങ്ങിക്കരച്ചിൽ കേട്ടാണു മാലുബായി ഞെട്ടിയുണർന്നത്. തൊട്ടടുത്ത ബന്ധുവിന്റെ വീട്ടിൽനിന്നായിരുന്നു ആ ശബ്ദം. വാതിലിൽ മുട്ടിയിട്ടും ആരും വിളി കേൾക്കുന്നില്ല. വാതിലൊന്നു തള്ളിയപ്പോൾ അതു താനേ തുറന്നു. നോക്കുമ്പോൾ ചോരയിൽ കുളിച്ചു പിടഞ്ഞുകരയുന്ന ചോരക്കുഞ്ഞ്. കുഞ്ഞിന്റെ തലയോടു പൊട്ടിച്ചിതറിയിരുന്നു. തൊട്ടടുത്തു കുഞ്ഞിന്റെ അമ്മ രൂപയും പിതാവ് കമ്മയും. അവരുടെയും ശിരസ്സ് തകർന്ന നിലയിലായിരുന്നു. രൂപയും കുഞ്ഞും ആശുപത്രിയിൽ മരിച്ചു. കമ്മ മരണത്തെ അതിജീവിച്ചെങ്കിലും തലയ്ക്കേറ്റ ആഘാതം അയാളുടെ ഒാർമശക്തി നഷ്ടപ്പെടുത്തിയിരുന്നു. വീടിനുള്ളിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്വർണനിറത്തിലുള്ള കൃത്രിമ മുത്തുകൾ ചിതറിക്കിടന്നിരുന്നതു കണ്ടെത്തി. സ്വർണമാണെന്നു കരുതി മോഷ്ടാവ് മുത്തുമാല വലിച്ചുപൊട്ടിച്ചതാകാമെന്നു പൊലീസ് കരുതുന്നു.

മുറ്റത്തുനിന്ന് ഒരു ഇരുമ്പുദണ്ഡ് കണ്ടെടുത്തു. അതിൽ ചോരപ്പാടുകളുണ്ടായിരുന്നു. കൊലയ്ക്കുപയോഗിച്ച ആയുധം അതു തന്നെയാണെന്നു പൊലീസിനു വ്യക്തമായി.

അന്വേഷണം കൂടുതൽ സജീവമായെങ്കിലും അജ്ഞാത കൊലയാളിയെ കണ്ടെത്താനായില്ല. എന്നാൽ നാലു ദിവസങ്ങൾക്കകം പൊലീസിനെ വെല്ലുവിളിച്ചുകൊണ്ടു മറ്റൊരു കൊലപാതകംകൂടി മുംബൈയിൽ അരങ്ങേറി. ഓഗസ്‍റ്റ് 15 രാത്രി. കാന്തിവിലി ഈസ്റ്റിലെ ഹനുമാൻ നഗറിൽ സ്വന്തം കുടിലിൽ ഏകാകിയായി താമസിച്ചിരുന്ന ഒരു പാവപ്പെട്ട അധ്യാപകനായിരുന്നു അജ്ഞാത കൊലയാളിയുടെ ഇത്തവണത്തെ ഇര. കവിളിനു മുകളിൽ പൊട്ടിത്തകർന്ന തലയോട്ടി, ഉണങ്ങി കട്ടപിടിച്ച രക്തം, മഞ്ഞനിറത്തിൽ പുറത്തേക്കു തള്ളി നിൽക്കുന്ന തലച്ചോറ്...അധ്യാപകന്റെ കുടിലിൽ നിന്നു മോഷണം പോയത് ഒരു റിസ്റ്റ് വാച്ചും രണ്ടു ഫൗണ്ടൻപേനകളും, ഒരു കുപ്പിനെയ്യും!

മുംബൈ സിറ്റി പൊലീസ് കമ്മീഷണർ ഇമ്മാനുവൽ സുമിത്രാ മൊഡാകിന്റെ നേതൃത്വത്തിലുള്ള സംഘം കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുക്കുന്നത് ഇതോടെയാണ്.